by Midhun HP News | Feb 13, 2026 | Latest News, ദേശീയ വാർത്ത
അഗ്നിവീർ തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം ഇന്ത്യൻ ആർമി പുറത്തിറക്കി. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് ഒന്ന് (01-04-2026) ആണ്.
തസ്തിക, ശമ്പളം, പ്രായപരിധി എന്നിവ
തസ്തികയുടെ പേര്: അഗ്നിവീർ (ജിഡി, ട്രേഡ്സ്മാൻ, ക്ലർക്ക്, മറ്റ് തസ്തികകൾ)
തസ്തികകളുടെ എണ്ണം :25000+ (പ്രതീക്ഷിക്കുന്നത്)
ശമ്പളം
ഒന്നാം വർഷം : 30,000 രൂപ
രണ്ടാം വർഷം :33,000 രൂപ
മൂന്നാം വർഷം :36,500 രൂപ
നാലാം വർഷം : 40,000 രൂപ
പ്രായപരിധി : 17.5 വയസ്സു മുതൽ 21 വയസ്സ് വരെ
2005 ജൂലൈ 01 നും 2009 ജൂലൈ 01 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)
നിയമങ്ങൾ പ്രകാരം പ്രായപരിധിയിൽ ഇളവ് ബാധകമാണ്.
യോഗ്യത
യോഗ്യത: പ്ലസ്ടു, പത്താം ക്ലാസ്, എട്ടാം ക്ലാസ് (തസ്തിക അനുസരിച്ച് യോഗ്യതയിൽ വ്യത്യാസംവരും)
എട്ടാം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്
✲എട്ടാം ക്ലാസ് പാസായിരിക്കണം. മൊത്തം ശതമാനത്തിൽ നിബന്ധനയില്ല, പക്ഷേ ഓരോ വിഷയത്തിനും 33% മാർക്ക് നേടിയിരിക്കണം.
പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്.
✲അഞ്ച് അടിസ്ഥാന വിഷയങ്ങൾക്ക് ആകെ 45% മാർക്കും ആ അഞ്ച് വിഷയങ്ങളിൽ ഓരോന്നിനും കുറഞ്ഞത് 33% മാർക്കും നേടിയ പത്താം ക്ലാസ് / മെട്രിക് ക്ലാസ് പാസായിരിക്കണം. ഗ്രേഡിംഗ് സമ്പ്രദായം പിന്തുടരുന്ന ബോർഡുകൾക്ക്, മുകളിൽ പറഞ്ഞതുപോലെ ശതമാനത്തിന് ആനുപാതികമായ ഗ്രേഡുകൾ പരിഗണിക്കും.
✲പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ പങ്കെടുത്ത് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുന്നവർക്കും ആവശ്യമായ മറ്റ് എല്ലാ യോഗ്യതകളും നിറവേറ്റുന്നുണ്ടെങ്കിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. നിയമന പ്രക്രിയയുടെ രണ്ടാം ഘട്ടത്തിൽ യഥാർത്ഥ മാർക്ക്ഷീറ്റ് ഹാജരാക്കുമ്പോൾ മാത്രമേ ഇവരെ നിർദ്ദിഷ്ട തസ്തികകളിൽ നിയമിക്കുകയുള്ളൂ.
പ്ലസ്ടു യോഗ്യതയുള്ള തസ്തികകളിൽ അപേക്ഷിക്കുന്നവർക്ക് ലഭിച്ചിരിക്കേണ്ട മാർക്ക്അല്ലെങ്കിൽ ഗ്രേഡ്
✲ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് കുറഞ്ഞത് 50% മാർക്കും ഓരോ വിഷയത്തിനും 40% മാർക്കും നേടി സയൻസ് വിഷയങ്ങളിൽ 10+2/ഇന്റർമീഡിയറ്റ് വിജയം.
✲ആർട്സ്, കൊമേഴ്‌സ്, സയൻസ് എന്നീ വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കും മൊത്തം 60% മാർക്കും നേടി 10+2 / ഇന്റർമീഡിയറ്റ് പാസായിരിക്കണം. പന്ത്രണ്ടാം ക്ലാസിൽ ഇംഗ്ലീഷ്, കണക്ക്/അക്കൗണ്ട്സ്/ബുക്ക് കീപ്പിങ് എന്നിവയിൽ 50% മാർക്ക് നേടിയിരിക്കണം.
തസ്തികകളുസരിച്ച് പ്ലസ്ടു വിഷയങ്ങൾ മാറുന്നതാണ്.
അപേക്ഷാ ഫീസ്
എല്ലാ വിഭാഗങ്ങൾക്കും അപേക്ഷയ്ക്ക് 250 രൂപ.
പേയ്‌മെന്റ് മോഡ്: ഓൺലൈൻ (അപേക്ഷ സമയത്ത് വെബ്‌സൈറ്റ് വഴി).
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി :മാർച്ച് ഒന്ന് (01-04-2026)
വിജ്ഞാപനം ഇവിടെ വായിക്കാം
ഔദ്യോഗിക വെബ്സൈറ്റ് : www.joinindianarmy.nic.in
by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.


by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് തുറന്നു പറച്ചിലുമായി പരാതിക്കാരി ഡോക്ടര്‍ ആശ ആച്ചി ജോസഫ്. കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂര്‍വം ആയിരുന്നെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ചാനലുകളില്‍ വാര്‍ത്ത വരും വരെ പൊലീസ് എഫ്ഐആര്‍ ഇട്ടില്ലെന്നും അവര്‍ പറഞ്ഞു. മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചെന്നും ആശ ആച്ചി പറയുന്നു. സഹതാപമല്ല സമൂഹത്തിന്റെ ഐക്യദാര്‍ഡ്യം ആണ് വേണ്ടതെന്നും അവര്‍ മലയാള മനോരമ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

ലൈംഗികാതിക്രമത്തിനോ ബലാത്സംഗത്തിനോ ഇരയായിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീകളുടെ പേര് ഇര, അതിജീവിത, യുവതി എന്നൊക്കെയാണ്. എന്നാല്‍ ഈ പേരുകളൊന്നും വിളിച്ച് തന്നെ നിശബ്ദയാക്കാമെന്ന് ആരും കരുതേണ്ടെന്ന് പറഞ്ഞ് മുഖവും പേരും വെളിപ്പെടുത്തി തുറന്നുപറച്ചില്‍ നടത്തുകയാണ് ആശ.
തന്റെ ഐഡന്റിറ്റിയും ലൈംഗികാതിക്രമം നടത്തിയ ആളുടെ വിവരങ്ങളുമടക്കം പറഞ്ഞാണ് ആശ ദുരനുഭവം വിവരിക്കുന്നത്. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങള്‍ അവകാശപ്പെടുന്ന സാംസ്‌കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിര്‍വഹിക്കുമ്പോഴാണു താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.
അതിക്രമം തെറ്റിദ്ധാരണയുടെ ഭാഗമോ ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമോ അല്ലെന്നും സ്വന്തം പദവിയും അധികാരവും അതിന്റെ നേട്ടങ്ങളും എന്താണെന്നറിയുന്ന ഒരാള്‍ ബോധപൂര്‍വം ചെയ്ത പ്രവൃത്തിയാണെന്നും ആശ വ്യക്തമാക്കുന്നു. തന്നെക്കുറിച്ച് പറയാന്‍ ‘ഇര’, ‘അതിജീവിത’ എന്നീ പദങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വ്യക്തി എന്ന അടിസ്ഥാന അവകാശം പോലും മായ്ച്ചുകളയാന്‍ സമൂഹം ശ്രമിക്കുന്നതായി അനുഭവപ്പെടുന്നു. സംരക്ഷണത്തിന്റെയോ സുരക്ഷയുടെയോ പേരില്‍ സ്ത്രീ നിശബ്ദയാകാന്‍ പാടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നതുകൊണ്ടാണ് ഈ തുറന്നെഴുത്ത് എന്നും ആശ വിവരിക്കുന്നു.
പങ്കാളിയോടും മകളോടും സഹോദരങ്ങളോടുമൊക്കെ സംഭവം പങ്കുവയ്ക്കാന്‍ തനിക്കു സമയം വേണ്ടിവന്നെന്നും കേട്ടപ്പോള്‍ പരാതി കൊടുക്കുന്നില്ലേ എന്നായിരുന്നു മകളുടെ ആദ്യ ചോദ്യമെന്നും ആശ പറയുന്നു. എല്ലാം പരാതിയില്‍ ഒതുങ്ങുമോ എന്ന ചോദ്യം ഭയപ്പെടുത്തി. നിരാശയ്ക്കിടയിലും ഉത്തരവാദിത്തബോധത്തോടെ നവംബര്‍ 24ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ എല്ലാ കാര്യങ്ങളും വിവരിച്ചിരുന്നുവെന്നും ആശ പറയുന്നു.
ഐഎഫ്എഫ്‌കെിലേക്കുള്ള സിനിമകളുടെ തെരഞ്ഞെടുപ്പിനായുള്ള ജൂറി ചെയര്‍മാനായിരുന്നു പി ടി കുഞ്ഞുമുഹമ്മദ്. കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷനിടെ ജൂറി അംഗമായ ആശ ആച്ചിയോ ഹോട്ടല്‍ മുറിയില്‍ വച്ച് മോശമായി പെരുമാറിയെന്നാണ് കേസ്. ചലച്ചിത്രമേളയിലേക്കുള്ള സിനിമകളുടെ സെലക്ഷന് വേണ്ടിയുള്ള കമ്മിറ്റിയില്‍ ആശയുമുണ്ടായിരുന്നു. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ജൂറി അംഗങ്ങള്‍ താമസിച്ചിരുന്നത്. സ്‌ക്രീനിംഗിന് ശേഷം ഹോട്ടലില്‍ തിരിച്ചെത്തിയ സമയത്ത് കുഞ്ഞുമുഹമ്മദ് മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആശയുടെ പരാതി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് ഇവര്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. ഈ പരാതി മുഖ്യമന്ത്രി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസിനോടും ആശ പരാതി ആവര്‍ത്തിച്ചു. പരാതിയില്‍ പറയുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പൊലീസ് കേസെടുത്തത്. അതേസമയം, പരാതി കുഞ്ഞുമുഹമ്മദ് നിഷേധിക്കുകയായിരുന്നു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നും അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നും പിടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. പൊലീസിനോട് ഇത് തന്നെയാണ് പിടി കുഞ്ഞുമുഹമ്മദ് ആവര്‍ത്തിച്ചത്. സംഭവത്തില്‍ പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയത്.

by Midhun HP News | Feb 13, 2026 | Latest News, കേരളം
കൊല്ലം: ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ മകനും സംവിധായകന്‍ ഷാജി കൈലാസും രഞ്ജി പണിക്കരും അടക്കമുള്ളവര്‍ ചേര്‍ന്ന് അഷ്ടദിക്പാലക ശില്‍പങ്ങളിലും ഒട്ടിച്ചുവെന്ന് സുരേഷ് ഗോപി പറഞ്ഞു.
വാജി വാഹനത്തില്‍ ഞാന്‍ തന്നെയാണ് സ്വര്‍ണം ഒട്ടിച്ചത്. എന്റെ കൂടെ വന്ന ഷാജി കൈലാസും എന്റെ മകനും രഞ്ജിപണിക്കരുമടക്കമുള്ളവര്‍ അഷ്ടദിക്പാലകരിലും ഒട്ടിച്ചു. ഇതറിഞ്ഞ് മോഹന്‍ലാല്‍ എന്നെ ഇങ്ങോട്ട് വിളിച്ചു. മോനെ… എന്റെ രണ്ടുപവന്‍ തരാം. അതും ഒന്ന് കൊടുക്കണമെന്ന്. ഇതെല്ലാം അവിടെ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ഇതിനൊന്നും രസീത് വാങ്ങാന്‍ നിന്നിട്ടില്ല. കാരണം, ഇത് ഞാന്‍ ഭഗവാന് അര്‍പ്പിച്ചതാണ്. ഹുണ്ഡിയില്‍ ഇടുന്ന കാശിന് ആര്‍ക്കെങ്കിലും രസീത് കിട്ടുമോ?
അജയ് തറയിലും പ്രയാര്‍ ഗോപാലകൃഷ്ണനുമൊക്കെ അന്ന് അവിടെ ഉണ്ടായിരുന്നു. അന്ന് ഭക്തിയോടെയുള്ള അന്തരീക്ഷമായിരുന്നു അവിടെ. സ്വര്‍ണം തന്നവരുടെ പേര് വിവരങ്ങള്‍ എഴുതിയ ശേഷമാണ് സ്വര്‍ണം അടിച്ച് ഷീറ്റാക്കിയത്.
300-400 വര്‍ഷം നിലനില്‍ക്കാനുള്ള കൊടിമരമാണെന്ന് പറഞ്ഞപ്പോള്‍ എന്റെ തലമുറയ്ക്ക് അവകാശപ്പെടാന്‍ എന്റെ വിയര്‍പ്പിന്റെ അംശം അതിലുണ്ടാകണം എന്നാഗ്രഹിച്ചു. വീട്ടില്‍നിന്നുള്ള സ്വര്‍ണം കൊടുത്താണ് 24 കാരറ്റ് സ്വര്‍ണമാക്കിയത്. പോകുന്ന സമയത്ത് അറിഞ്ഞവരൊക്കെ വന്ന് പങ്കാളികളായെന്നും സുരേഷ് ഗോപി പറഞ്ഞു.


by Midhun HP News | Feb 13, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) നിന്ന് ഇതുസംബന്ധിച്ച അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 120 ഹ്രസ്വദൂര മിസൈലുകളും 168 ദീര്‍ഘദൂര മിസൈലുകളും ഫാസ്റ്റ് ട്രാക്ക് പ്രൊസീജിയര്‍ വഴിയാണ് വാങ്ങുന്നത്.

ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും വെടിവച്ചിടാന്‍ എസ്-400 സംവിധാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ആ സമയത്ത് തീര്‍ന്നുപോയ സ്റ്റോക്ക് നികത്താനാണ് പുതിയ നീക്കം. നിലവില്‍ കരാറൊപ്പിട്ട രണ്ട് എസ്-400 മിസൈലുകള്‍ കൂടി ഈ വര്‍ഷം ജൂണിലും നവംബറിലുമായി ഇന്ത്യയ്ക്ക് ലഭിക്കും.
പാന്റ്‌സിര്‍ ഷോര്‍ട്ട് റേഞ്ച് സിസ്റ്റത്തിനൊപ്പം റഷ്യയില്‍ നിന്ന് അഞ്ച് എസ്-400 സംവിധാനങ്ങള്‍ കൂടി വാങ്ങണമെന്ന് വ്യോമസേന ആവശ്യപ്പെട്ടിരുന്നു. സായുധ ഡ്രോണുകളെയും കാമികേസ് ഡ്രോണുകളെയും നേരിടുന്നതില്‍ റഷ്യന്‍ മിസൈല്‍ സംവിധാനം ഫലപ്രദമാണ്. അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വരുന്ന വ്യോമ നീക്കങ്ങളെ ഫല്വപ്രദമായി പ്രതിരോധിക്കാന്‍ എസ്-400, പാന്റ്‌സിര്‍ മിസൈല്‍ സംവിധാനങ്ങളെ ഇരട്ടപാളികളുള്ള പ്രതിരോധ സംവിധാനത്തിന് കഴിയും.
വ്യോമസേനയ്ക്കായി 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ഏകദേശം 3.60 ലക്ഷം കോടി രൂപയുടെ വിവിധ പ്രതിരോധ പദ്ധതികള്‍ക്ക് ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരിക്കുന്നത്.

by Midhun HP News | Feb 13, 2026 | Latest News, ജില്ലാ വാർത്ത
പത്തനംതിട്ട: പമ്പയില്‍ നടന്ന ആഗോള അയ്യപ്പസംഗമത്തില്‍ നടന്നത് വന്‍ ക്രമക്കേടുകളെന്ന് റിപ്പോര്‍ട്ട്. അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജന്‍സിന്റെ പേരില്‍ എട്ടു ലക്ഷത്തിന്റെ ബില്‍ കണക്കില്‍പ്പെടുത്തി. എന്നാല്‍ ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവര്‍ എത്തുകയോ ചെയ്തിട്ടില്ല. സംഗമം നടന്ന ദിവസം രാവിലെ ഭക്തിഗാന സദസ്സാണ് നടന്നത്.

എന്നാല്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേരാണ് കാണിച്ചിരിക്കുന്നത്. പമ്പയിലോ സന്നിധാനത്തോ ഇതുവരെ പരിപാടികള്‍ അവതരിപ്പിച്ചിട്ടില്ലെന്ന് നന്ദഗോവിന്ദം ഭജന്‍സിന്റെ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഗായകന്‍ ഇഷാന്‍ദേവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭക്തിഗാനസദസ് അവതരിപ്പിച്ചത്. അവര്‍ക്ക് എത്ര രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. കലാപരിപാടിക്ക് രണ്ടുലക്ഷം രൂപയുടെ ബജറ്റാണ് നിശ്ചയിച്ചിരുന്നത്.
ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് ചെയ്ത കണക്കും ഹൈക്കോടതിയുടെ മുന്നിലാണ്. സംഗമത്തിന്റെ അന്ന് വൈകീട്ട് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് കുമാര്‍ എന്നിവരുടെ അയ്യപ്പഭക്തിഗാനമേള നടന്നിരുന്നു. എന്നാല്‍ ഇതിന്റെ ചെലവും കണക്കുകളില്ല. അയ്യപ്പ സംഗമത്തിനായി മൊത്തം 10.99 കോടി രൂപ ചെയലവായെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ടാക്‌സി ചാര്‍ജ് ഇനത്തില്‍ 10.57 ലക്ഷവും സുരക്ഷാ വേലിക്കായി 3.24 ലക്ഷവും, മുഖ്യമന്ത്രിയുടെ വിശ്രമത്തിന് കട്ടിലും മെത്തയും വാങ്ങിയ ഇനത്തില്‍ ഒരു ലക്ഷം രൂപയും ചെലവായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള അയ്യപ്പ സംഗമ നടത്തിപ്പിലെ കണക്കുകളിലെ പൊരുത്തക്കേടുകള്‍ വ്യക്തമായതോടെ, വിവാദങ്ങളില്‍ നിന്നും തലയൂരാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. ചൊവാഴ്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിര്‍ണായക യോഗം ചേരും. മുഴുവന്‍ കണക്കുകളുമായി എത്താന്‍ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഊരാളുങ്കലിന് കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് മുഴുവന്‍ കണക്കുകളുമായി എത്താന്‍ നിര്‍ദേശം നല്‍കിയത്. ഓഡിറ്റിംഗ് നടത്തിയ വിജയന്‍ ആന്‍ഡ് അസോസിയേറ്റ് എന്ന സ്ഥാപനവും യോഗത്തില്‍ പങ്കെടുക്കും.

Recent Comments