ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സിനിമാതാരങ്ങള്‍ സംഭാവന നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സിനിമാതാരങ്ങള്‍ സംഭാവന നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: ശബരിമല കൊടിമര പ്രതിഷ്ഠയ്ക്ക് സിനിമാതാരങ്ങളും വ്യവസായികളുമെല്ലാം വന്‍തോതില്‍ സ്വര്‍ണം നല്‍കി. ശബരിമലയിലേക്ക് സിനിമാക്കാരായ സുരേഷ് ഗോപി, സംവിധായകന്‍ ഷാജി കൈലാസ്, തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍ എന്നിവര്‍ സ്വര്‍ണം സംഭാവന നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. 2017 ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് നല്‍കിയ ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

കൊടിമരം സ്വര്‍ണം പൂശാന്‍ വിശ്വാസികളായ വിവിധ ആളുകളില്‍ നിന്നും സ്വര്‍ണം ഇത്തരത്തില്‍ വാങ്ങിയിരുന്നു. 2017 ജൂണ്‍ അഞ്ചാം തീയതി പമ്പയില്‍ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. സ്വര്‍ണം പൂശാനോ, പാളി ഉണ്ടാക്കാനോ പറ്റുന്ന തരത്തില്‍ സ്വര്‍ണത്തകിടുകളാണ് സംഭാവനയായി സ്വീകരിച്ചത്. അന്ന് 80.49 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നാണ് ദേവസ്വം രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജൂണ്‍ 10 ന് 246 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നും ദേവസ്വം രേഖകളില്‍ പറയുന്നു.

ഈ സ്വര്‍ണം സംഭാവന ചെയ്തത് ഒരു സിനിമാ നിര്‍മ്മാതാവ് ആണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടന്മാരും വ്യവസായികളും അടക്കം സ്വര്‍ണം സംഭാവന ചെയ്തവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതെയും, ഇവര്‍ക്ക് രസീതു നല്‍കാതിരുന്നതിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിശ്വാസികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം സംഭാവനയായി ലഭിച്ചിട്ടുണ്ട്. കൂടാതെ 9 കിലോയോളം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ സ്വര്‍ണം പൂശിയതില്‍ ഏതാണ്ട് 30 പവനോളം സ്വര്‍ണം മിച്ചം വന്നു. ആ സ്വര്‍ണം എവിടെയെന്ന് കൃത്യമായ കണക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു.

ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യഹര്‍ജിയിൽ നാളെ വിധി

ശബരിമല സ്വര്‍ണക്കൊള്ള; ജാമ്യഹര്‍ജിയിൽ നാളെ വിധി

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുൻ കമ്മീഷണറും പ്രസിഡന്‍റുമായ എൻ വാസുവിന്‍റെ ജാമ്യ ഹര്‍ജിയിൽ നാളെ കൊല്ലം വിജിലന്‍സ് കോടതി വിധി പറയും. റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് സ്വഭാവിക ജാമ്യം തേടി പ്രതി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ സ്വഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യ ഹര്‍ജി നൽകിയത്. എസ്ഐടി കേസിൽ കുറ്റപത്രം സമര്‍പ്പിക്കാത്തതും പ്രതിഭാഗം ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ചൂണ്ടിക്കാട്ടി.

ഇന്ന് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാദം കോടതിയിൽ വാദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തിൽ വിവേചനം കാണിക്കാൻ പറ്റില്ലെന്നും നാളെ ജാമ്യഹര്‍ജിയിൽ വിധി പറയുമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാന്‍ഡ് ചെയ്തത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്.

ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്. തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്.

ഇതിനിടെ, ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ് അയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്.

‘ബിജു മേനോനെതിരെ നിയമനടപടി’, നഷ്‍ടക്കണക്കുകളും വെളിപ്പെടുത്തി നിര്‍മാതാവ് അനൂപ് കണ്ണൻ

‘ബിജു മേനോനെതിരെ നിയമനടപടി’, നഷ്‍ടക്കണക്കുകളും വെളിപ്പെടുത്തി നിര്‍മാതാവ് അനൂപ് കണ്ണൻ

കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ രംഗത്ത് എത്തിയിരുന്നു. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ് എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്ന് നിര്‍മാതാവ് അനൂപ് കണ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നുവെന്നും അനൂപ് കണ്ണൻ പറഞ്ഞു.

ബിജു മേനോനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ്. നടപടി എടുക്കാമെന്ന് നേരത്തെ പ്രൊഡ്യൂസർസ് അസോസിയേഷൻ ഉറപ്പ് നൽകിയിരുന്നു. 25 ലക്ഷം നഷ്ടമുണ്ടായി എന്നും നി‍ർമാതാവ് അനൂപ് കണ്ണൻ വ്യക്തമാക്കി. ബിജു മേനോൻ പങ്കെടുത്തത് ആകെ മൂന്ന് മണിക്കൂർ പ്രമോഷൻ പരിപാടിയിൽ മാത്രം. ബിജു മേനോൻ പ്രമോഷന് വരാമെന്ന് സമ്മതിച്ചതാണ്. ബിജു മേനോനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല എന്നും അനൂപ് കണ്ണൻ വ്യക്തമാക്കി.

ബി ഉണ്ണികൃഷ്‍ണൻ ഇന്നലെ പറഞ്ഞത്

ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ. നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞും വിമര്‍ശനവുമായി ബി ഉണ്ണികൃഷ്‍ണൻ. കരാര്‍ പ്രകാരമുള്ള സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ല. നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണ്. ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി.

മലയാള സിനിമയിലെ പ്രധാനപ്പെട്ട നടൻ പ്രമോഷന് പോവാത്തതുകൊണ്ട് ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്ന് കിട്ടാനുള്ള തുകയില്‍ നിന്ന് കുറഞ്ഞത്. ആ നിര്‍മാതാവ് ഒരു സംവിധായകനുമാണ്. ഞങ്ങളുടെ അംഗമാണ്. അതേ നടൻ ജീത്തു ജോസഫ് സംവിധാനം ചെയ്‍ത സിനിമയുടെ പ്രമോഷനും പോയിട്ടില്ല. ഞാൻ ബിജു മേനോനെ കുറിച്ചാണ് സംസാസരിക്കുന്നത്. പേരുപറയാൻ മടിയുള്ള ആളല്ല ഞാൻ. പ്രമോഷൻ എന്നത് പ്രൊഡ്യൂസേഴ്‍സ് അസോസിയേഷന്റെ കരാറിലുള്ള കാര്യമല്ലേ എന്നും ബി ഉണ്ണികൃഷ്‍ണൻ ചോദിച്ചു.

പടം പ്രൊമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിട്ട ശേഷം പോവാതിരിക്കുക. അതിനെത്തുടര്‍ന്ന് നിര്‍മാതാവിന്റെ 25 ലക്ഷം രൂപ നഷ്‍ടപ്പെടുക. ഇപ്പോള്‍ വന്ന സിനിമയിലും അത് തന്നെയാണ് സംഭവിക്കുന്നതെന്നും ബി ഉണ്ണികൃഷ്‍ണൻ ചൂണ്ടിക്കാട്ടി.

അടുത്തിടെ ഇറങ്ങിയ വലതുവശത്തെ കള്ളൻ സിനിമയുടെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല. ജീത്തു ജോസഫായിരുന്നു വലതുവശത്തെ കള്ളൻ സംവിധാനം ചെയ്‍തത്. പൊലീസ് വേഷത്തിലായിരുന്നു ബിജു മേനോൻ ചിത്രത്തില്‍ അഭിനയിച്ചത്. ജോജു ജോര്‍ജും നിര്‍ണായക വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന് ഇഡി സമൻസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് ഇഡി സമൻസ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകി. ഇന്നലെ ആണ് നോട്ടീസ് അയച്ചത്. അടുത്ത ആഴ്ച ഹാജരാകണമെന്നാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തിലാണ് നടപടി.

ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതിൽ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമൻസ് ജയറാമിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് നടന് സമൻസ് ലഭിച്ചത്. അടുത്ത ആഴ്ചയായിരിക്കും ചോദ്യം ചെയ്യൽ നടക്കുക. സ്വർണക്കൊള്ളയിൽ പ്രതികൾക്കപ്പുറത്തേക്ക് 12 പേർക്കാണ് ഇഡി തുടക്കത്തിൽ സമൻസ് അയച്ചിരിക്കുന്നത്. ഇതിൽ 3 പേർ മാത്രമാണ് എസ്ഐടിയുടെ പ്രതിപ്പട്ടികയിലുള്ളത്.

നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിട്ടുണ്ട്. ഇതിന്റെ പേരിൽ പണം വാങ്ങിയിട്ടുണ്ട്. ശബരിമലയിലെ ഇത്തരം വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിലെത്തിച്ചാൽ ഐശ്വര്യമുണ്ടാകും എന്നതടക്കം ധരിപ്പിച്ചുകൊണ്ടാണ് പലയിടത്തും പൂജ ചെയ്തത്. പോറ്റിയുമായുള്ള ചെന്നൈയിലെ പരിചയത്തിന്റെ പേരിലാണ് ശബരിമലയിലെ വിശേഷപ്പെട്ട വസ്തുക്കൾ വീട്ടിൽവെച്ച് പൂജ നടത്തിയതെന്ന് ജയറാം നേരത്തെ അറിയിച്ചിരുന്നു.

‘ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ’; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

‘ബലാത്സംഗ രം​ഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ആൾ’; ടി ജി രവിയോടുള്ള ചോദ്യത്തിൽ മീരക്ക് വിമർശനം

ഒരുകാലത്ത് ക്രൂരനായ വില്ലൻ ഇമേജിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടനാണ് ടി ജി രവി. ബാലൻ കെ നായരോടൊപ്പം ടി ജി രവി ചെയ്ത വില്ലൻ വേഷങ്ങൾ ഇപ്പോഴും മലയാള സിനിമാ പ്രേക്ഷകർ ചർച്ചയാക്കാറുണ്ട്. അവതാരക മീര ടി ജി രവിയോട് ചോദിച്ച ഒരു ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

“സാർ പണ്ട് ഏറ്റവും കൂടുതൽ ബലാത്സംഗങ്ങൾ മനോഹരമായി സ്‌ക്രീനിൽ ചെയ്ത ഒരാളാണ്, അന്ന് ഇൻസ്റ്റ​ഗ്രാമില്ല, യൂട്യൂബില്ല, ട്രോളൻമാരില്ല ഒന്നുമില്ല. ആ സമയത്ത് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എന്തായേനെ?” എന്നായിരുന്നു മീരയുടെ ചോദ്യം. ഇതിന് ടി ജി രവി പറഞ്ഞ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. “എനിക്ക് മമ്മൂട്ടിയേക്കാൾ ആരാധകർ ഉണ്ടായേനെ” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എന്നാൽ മീരയുടെ ഈ ചോദ്യത്തിനെതിരെ ഒരു വിഭാ​ഗം പ്രേക്ഷകർ വിമർശനവുമായെത്തിയിരിക്കുകയാണ്. ക്രൂരമായ ഒരു കുറ്റകൃത്യത്തെ, ഗൗരവകരമായ ഒരു വിഷയത്തെ ഇത്ര ലാഘവത്തോടെയും നിലവാരമില്ലാതെയും എങ്ങനെയാണ് ഒരാൾക്ക് ചോദിക്കാൻ കഴിയുന്നത് എന്നാണ് പലരും കുറിക്കുന്നത്.

അഭിനയത്തെയും സിനിമയിലെ കഥാപാത്രങ്ങളെയും വിലയിരുത്തുമ്പോൾ പാലിക്കേണ്ട മിനിമം മര്യാദ ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ബലാത്സംഗം പോലുള്ള ഒരു ക്രൂരതയെ സ്‌ക്രീനിൽ കാണിക്കുന്നത് കലയുടെ ഭാഗമായിരിക്കാം, എന്നാൽ അതിനെ മനോഹരമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നത്.

ഇത്തരം നിലവാരമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നവർ സ്വയം ഒന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.- എന്നാണ് ചിലർ കുറിക്കുന്നത്. ആസാദിയാണ് ടി ജി രവിയുടേതായി ഒടുവിൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

കൊച്ചി: നടി ശേഭന ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് ഡി ലിറ്റ് ബിരുദം നല്‍കുമെന്ന കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ പ്രഖ്യാപനം ഇതുവരെ നടപ്പായിട്ടില്ല. മുമ്പ് ഗവര്‍ണറുടെ സമയം ലഭിച്ചിട്ടില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ചടങ്ങിന്റെ സാമ്പത്തിക ചെലവ് വഹിക്കാന്‍ സര്‍വകലാശാലയ്ക്ക് ശേഷിയില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം.

ചടങ്ങ് നടത്താന്‍ 15 ലക്ഷം രൂപ വേണമെന്ന് സര്‍വകലാശാല വിസി ഡോ. കെ കെ ഗീതാകുമാരി പറഞ്ഞു. സര്‍വകലാശാല സാമ്പത്തിക ബുദ്ധിമുട്ടു നേരിടുകയാണ്. അതുകൊണ്ടുതന്നെ ഇതേപ്പറ്റി ചിന്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഒരുയോഗവും ചേര്‍ന്നിട്ടില്ല. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ഡി ലിറ്റ് നല്‍കുന്നതിനെപ്പറ്റി ആലോചിക്കുമെന്നും വിസി വ്യക്തമാക്കി.

2021 ഒക്ടോബര്‍ 8 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് ശോഭന, സംസ്‌കൃത പണ്ഡിതനും സര്‍വകലാശാല മുന്‍ വിസിയുമായ ഡോ. എന്‍ പി ഉണ്ണി, ശാസ്ത്രീയ സംഗീതജ്ഞന്‍ ഡോ. ടി എം കൃഷ്ണ എന്നിവരെ ഡി ലിറ്റ് നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് അക്കാദമിക് കൗണ്‍സില്‍ അതിന് അനുമതിയും നല്‍കി. കഴിഞ്ഞദിവസം ഒരു ചടങ്ങിനെത്തിയ ശോഭന സൗഹൃദ സംഭാഷണത്തിനിടെ ഇക്കാര്യം സൂചിപ്പിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്.

ഭരതനാട്യത്തിലും ചലച്ചിത്ര രംഗത്തും നൽകിയ സംഭാവനകള്‍ പരിഗണിച്ചാണ്​ ശോഭനയ്ക്ക് ഡി ലിറ്റ് നല്‍കുന്നതെന്നാണ് സർവകലാശാല പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു തവണ ശോഭന നേടിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്. സംസ്‌കൃത സാഹിത്യത്തിലും ഗവേഷണത്തിലുമുള്ള സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഡോ. എന്‍ പി ഉണ്ണിക്കും, ശാസ്ത്രീയ സംഗീത രംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച്​ ടി എം കൃഷ്ണയ്ക്കും ബഹുമതി പ്രഖ്യാപിക്കുകയായിരുന്നു.