by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
മുംബൈ: തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 436 പോയിന്റ് ഇടിഞ്ഞതോടെ 85,000ല്‍ താഴെ എത്തി. 84,666 പോയിന്റിലാണ് സെന്‍സെക്സ് ക്ലോസ് ചെയ്തത്. 120 പോയിന്റ് താഴ്ന്ന നിഫ്റ്റി 25,900 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രധാനമായി ഐടി, ഓട്ടോ, മെറ്റല്‍, ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം റിയല്‍റ്റി, ടെലികോം, ക്യാപിറ്റല്‍ ഗുഡ്സ്, പിഎസ് യു ബാങ്ക് ഓഹരികള്‍ നേട്ടം ഉണ്ടാക്കി. ലാഭമെടുപ്പും വരാനിരിക്കുന്ന അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ പണ വായ്പ നയ പ്രഖ്യാപനവുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. കേന്ദ്രബാങ്കിന്റെ പ്രഖ്യാപനം വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇടപാടുകാര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്. ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ഡോ റെഡ്ഡീസ് ലാബ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ടൈറ്റന് കമ്പനി, ശ്രീറാം ഫിനാന്‍സ്, അദാനി എന്റര്‍പ്രൈസസ്, ഭാരത് ഇലക്ട്രോണിക്സ് ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 17 പൈസയുടെ നേട്ടത്തോടെ 89.88 എന്ന നിലയിലാണ് ഇന്നത്തെ രൂപയുടെ വ്യാപാരം അവസാനിച്ചത്.



by Midhun HP News | Dec 9, 2025 | Latest News, കേരളം
നടി ആക്രമിക്കപ്പെട്ട കേസിലെ വിധി വിശ്വസിക്കുന്നുവെന്ന് രമേശ് പിഷാരടി. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും തോന്നിയിട്ടില്ലെന്നും പിഷാരടി പറയുന്നു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് പിഷാരടി.
”നടിയെ ആക്രമിച്ച കേസിലെ വിധിയെക്കുറിച്ചുള്ള എന്റെ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നാണ് തോന്നുന്നത്. നീതിയെ സംബന്ധിച്ച് രണ്ട് കാര്യങ്ങളാണ്, ഞാനും നിങ്ങളും മാധ്യമങ്ങളുമൊക്കെ തീരുമാനിക്കുന്ന നീതിയുണ്ട്. ഇതുകൂടാതെ കോടതിക്ക് മുന്നില്‍ വരുന്ന തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടുന്ന നീതിയുമുണ്ട്. ഈ രണ്ട് നീതികളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാം, ഉണ്ടാകാതിരിക്കാം. എപ്പോഴും നമ്മള് ആഗ്രഹിക്കുന്ന വിധി കോടതിയില്‍ നിന്ന് വരണമെന്നില്ല” പിഷാരടി പറയുന്നു.
അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോടതി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കുക എന്നത് മാത്രമെ എനിക്ക് ചെയ്യാനുള്ളൂവെന്നും അദ്ദേഹം പറയുന്നു. അതേസമയം, ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹം വേട്ടയാടപ്പെടുകയാണ് ചെയ്തിട്ടുള്ളത്. അത് തെളിയിക്കേണ്ടത് അദ്ദേഹമാണെന്നും പിഷാരടി പരയുന്നു. വ്യക്തിപരമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ പ്രസക്തിയില്ലെന്നും താരം പറയുന്നു.
എനിക്ക് ഇവരൊക്കെയുമായി വ്യക്തി ബന്ധമുണ്ട്. ഞാന്‍ അതിജീവിതയ്ക്കൊപ്പമാണ് നില്‍ക്കുന്നത്. അവര്‍ക്ക് മാനസികമായ പിന്തുണ നല്കാനല്ലേ നമുക്ക് പറ്റുള്ളൂവെന്നും പിഷാരടി പറയുന്നു. ദിലീപ് കുറ്റക്കാരനാണെന്ന് ഒരു ഘട്ടത്തിലും എനിക്ക് തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നാനുള്ളതൊന്നും എന്റെ കയ്യില്‍ ഇല്ല. ദിലീപിനെതിരെ ആരോപണം ഉന്നയിച്ചയാളെ എനിക്ക് വ്യക്തിപരമായി പരിചയമില്ല. അപ്പോള്‍, ഇത് കേട്ടയുടനെ ഒരാള്‍ കുറ്റക്കാരനാണ് എന്നെനിക്ക് അനുമാനിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.



by Midhun HP News | Dec 9, 2025 | Latest News
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില കുറയുന്നു. മഴ മാറി നില്ക്കാന് തുടങ്ങിയതോടെ അതി രാവിലെയുള്ള തണുപ്പാണ് തിരിച്ചുവരുന്നത്. സംസ്ഥാനത്തു പൊതുവെ കുറഞ്ഞ താപനില 8 ഡിഗ്രി സെല്‍ഷ്യസിനും 25 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. പകല്‍ ചൂട് 30 നും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണെന്നും കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഒരു മാസത്തെ ഇടവേളക്ക് ശേഷം ഇന്ന് മൂന്നാറില്‍ കനത്ത തണുപ്പ് അനുഭവപ്പെട്ടു. താപനില വീണ്ടും പത്തില്‍ താഴെ രേഖപ്പെടുത്തി. 9.4 ഡിഗ്രി സെല്‍ഷ്യസ് ആണ് മൂന്നാറില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. നേരത്തെ നവംബര്‍ ഏഴിനായിരുന്നു അവസാനമായി പത്തില്‍ താഴെ രേഖപ്പെടുത്തിയത്. മൂന്നാറില്‍ പകല്‍ കൂടിയ ചൂട് 25.8 ഡിഗ്രി സെല്‍ഷ്യസ് ആണെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
കുണ്ടല ഡാമിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 7.5 ഡിഗ്രി സെല്‍ഷ്യസ്. വട്ടവടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 9.7 ഡിഗ്രി സെല്‍ഷ്യസ് ആണ്. വയനാട് ജില്ലയില്‍ കുറഞ്ഞ താപനില രേഖപ്പെടുത്തിയത് കബനിഗിരി ( 12.9) കരാപ്പുഴ ( 13.5) എന്നിവിടങ്ങളിലാണ്. കണ്ണൂര്‍- പെരിങ്ങോ (16.5), പത്തനംതിട്ട- കല്ലുങ്കല്‍ (17.6), പാലക്കാട്- പറമ്പിക്കുളം (17.9),കാസര്‍കോട്- പടന്നക്കാട് (18.4) തൃശൂര്‍- ഷോളയാര്‍ (18.6) തിരുവനന്തപുരം- പൊന്മുടി, പാലോട് (18.8, 18.9) കൊല്ലം- പുനലൂര്‍ (19.5) നിലമ്പൂര്‍ (20) എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില.



by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് ബിജെപി -സിപിഎം സംഘര്‍ഷം. വഞ്ചിയൂര്‍ ലൈബ്രറിക്ക് സമീപത്തെ ബൂത്തില്‍ സിപിഎം കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചതോടെയാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കമായത്.
വാക്കുതര്‍ക്കത്തിനിടെ വനിതാ പ്രവര്‍ത്തകയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാണ് ബിജെപിയുടെ ആക്ഷേപം. സംഭവത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
ട്രാന്‍സ് ജെന്‍ഡേഴ്സ് ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തെന്നാണ് ഇവരുടെ പേരുള്‍പ്പെടെ ഉയര്‍ത്തി ബിജെപി ഉന്നയിക്കുന്ന ആക്ഷേപം. ഇവരില്‍ ചിലര്‍ക്ക് കുന്നുകുഴി വാര്‍ഡില്‍ വോട്ട് ഉണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ കൂടുതല്‍ പൊലീസ് സ്ഥലത്ത് എത്തി. മര്‍ദനമേറ്റ സ്ത്രീയ്ക്കൊപ്പം ബിജെപി സ്ഥാനാര്‍ഥിയുള്‍പ്പെടെ നിലയുറപ്പിച്ചു. പ്രതിഷേധവുമായി സിപിഎം പ്രവര്‍ത്തകരും വഞ്ചിയൂര്‍ ജംഗ്ഷനില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
അതിനിടെ, മികച്ച പ്രതികരണമാണ് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഏഴ് ജില്ലകളില്‍ ഉണ്ടായിരിക്കുന്നത്. ഉച്ചയ്ക്ക് ഒരുമണി വരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 51.95 പേര് പേര് വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്താണ് (43.54%) ഏറ്റവും കുറവ് പോളിങ്. ആലപ്പുഴയിലാണ് (50.02%) ഏറ്റവും കൂടുതല്‍ പോളിങ്. കൊല്ലം (47.31%), പത്തനംതിട്ട 46.08%, കോട്ടയം (47.29%), ഇടുക്കി (45.45%), എറണാകുളം (50.01%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിങ് ശതമാനം.



by Midhun HP News | Dec 9, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് രണ്ടാം തവണയും താഴ്ന്നു. രണ്ടു തവണയായി 720 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 240 രൂപയും ഉച്ചക്കഴിഞ്ഞ് 480 രൂപയുമാണ് താഴ്ന്നത്. 94,920 രൂപയാണ് പുതിയ സ്വര്‍ണവില. ഗ്രാമിന് രണ്ടു തവണയായി 90 രൂപയാണ് കുറഞ്ഞത്. 11,865 രൂപയാണ് പുതിയ സ്വര്‍ണവില.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഈ മാസം ഇന്നലെ വരെ 95,000നും 96000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില.ഒരിടവേളയ്ക്ക് ശേഷം ഇന്നാണ് സ്വര്‍ണവില ആദ്യമായി 95,000ല്‍ താഴെയെത്തിയത്.
ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.



by Midhun HP News | Dec 9, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമിട്ട് ഏഴ് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കൂടുതല്‍ പോളിങ് രോഖപ്പെടുത്തിയത് എറണാകുളത്ത്. 50.83ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്- 44.50 ശതമാനം. കൊല്ലം – 48.43%, പത്തനംതിട്ട – 46.99%, ആലപ്പുഴ – 50.44%, കോട്ടയം – 48.36%, ഇടുക്കി – 46.79% എന്നിങ്ങനെയാണ് നിലവില്‍ മറ്റു ജില്ലകളിലെ പോളിങ് നില.
രാവിലെ ഏഴ് മണിക്ക് തന്നെ സുരേഷ് ഗോപി എംപിയും കുടുംബവും തിരുവനന്തപുരത്തെ ശാസ്തമംഗലം സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് വിഡി സതീശന് പറവൂരിലും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പത്തനംതിട്ടയിലും വോട്ട് രേഖപ്പെടുത്തി. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ജവഹര്‍ നഗര്‍ എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി സംസ്കൃത കോളജിലെ ബൂത്തില്‍ വോട്ട് ചെയ്തു.
മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ഫോര്‍ട്ട് സ്കൂളിലും മന്ത്രി വീണാ ജോര്‍ജും അമ്മയും സഹോദരിയും പത്തനംതിട്ട കുമ്പഴ എംഡിഎല്‍പി സ്കൂളിലും മന്ത്രി പി. പ്രസാദ് നൂറനാട് സിബിഎം സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. വി.എസ്.അച്യുതാനന്ദന്റെ ഭാര്യ വസുമതി, മകന് വി. എ അരുണ്‍കുമാര്‍ എന്നിവര്‍ പുന്നപ്ര വടക്ക് താലോലം ബഡ്സ് സ്കൂളില്‍ വോട്ട് ചെയ്തു. ശുചിമുറിയില്‍ വീണ് കാലിനു പൊട്ടിയ മുന്‍ മന്ത്രി ജി. സുധാകരന് വാക്കര്‍ ഉപയോഗിച്ച് പറവൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തി. നടന് വിജയരാഘവനും കുടുംബവും ഒളശ്ശ സിഎംഎസ് ഹൈസ്കൂളില്‍ വോട്ട് രേഖപ്പെടുത്തി.
അതേസമയം തിരുവനന്തപുരം കോര്‍പറേഷനില്‍ വിഴിഞ്ഞം വാര്‍ഡിലെയും എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂര്‍ വാര്‍ഡിലെയും ഇന്നത്തെ വോട്ടെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് രണ്ടിടത്തും വോട്ടെടുപ്പ് മാറ്റിവച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മറ്റന്നാളത്തെ വോട്ടെടുപ്പും സ്ഥാനാര്‍ഥിയുടെ മരണം മൂലം മാറ്റിവച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രണ്ടാം ഘട്ടം നടക്കുന്ന തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മറ്റന്നാളാണ് വോട്ടെടുപ്പ്. 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് പോളിങ് സമയം. വൈകിട്ട് ആറിനകം എത്തുന്നവരെ ടോക്കണ്‍ നല്കി ആറിനു ശേഷവും വോട്ടു ചെയ്യാന്‍ അനുവദിക്കും.



Recent Comments