മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും മാത്രമാണ് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിരുന്നത്. പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഈ രണ്ടു ജില്ലകള്‍ക്ക് പുറമേ കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

മറ്റു ജില്ലകളില്‍ ഇന്ന് നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. നാളെ മുതല്‍ ഒരു ജില്ലയിലും ശക്തമായ മഴ മുന്നറിയിപ്പ് ഇല്ല. എന്നാല്‍ വരും ദിവസങ്ങളിലും നേരിയതും ഇടത്തരവുമായ മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം- റെഡ് അലര്‍ട്ട്

കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത. സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് നാളെ വൈകീട്ട് 05.30 വരെ 1.1 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

തുണിക്കച്ചവടത്തിന്റെ മറവിൽ എംഡിഎംഎ കടത്ത്; അമ്മയും മകനും അടക്കം നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: തുണിക്കച്ചവടത്തിന്റെ മറവിൽ മയക്കുമരുന്ന് കടത്ത് നടത്തിയ അമ്മയും മകനും അടക്കം നാലുപേർ പിടിയിൽ. തിരുവനന്തപുരം ഈഞ്ചക്കൽ സ്വദേശികളായ കിരൺ, അമ്മ ബീന, കിരണിന്റെ സുഹൃത്തുക്കളായ സന്ധ്യ, അക്ഷയ് എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 125 ഗ്രാം എംഡിഎംഎയും കടത്താൻ ഉപയോഗിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

നെയ്യാറ്റിന്‍കരയിലെ ആറാലുംമൂട്ടില്‍ ഇന്ന് പുലര്‍ച്ചെ നടത്തിയ വാഹനപരിശോധനയിലാണ് ഇവർ കുടുങ്ങിയത്. മഹീന്ദ്രാ സൈലോ വാഹനത്തില്‍ ബെംഗളൂരുവില്‍ നിന്നുമായിരുന്നു ഇവര്‍ സിന്തറ്റിക് ഡ്രഗ്ഗുകള്‍ കടത്തിയിരുന്നത്. തുണിക്കച്ചവടമാണ് എന്ന് തോന്നിക്കുന്ന നിലയിൽ കുറച്ചു വസ്ത്രങ്ങൾ വാങ്ങി വാഹനത്തിൽ സൂക്ഷിച്ച ശേഷമാണ് ലഹരി കടത്തിയിരുന്നത്. സ്റ്റീരിയോ സിസ്റ്റത്തിനുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് ആണ് സംഘത്തെ പിടികൂടിയത്. ഈഞ്ചക്കൽ കേന്ദ്രീകരിച്ച് ‘ഹോം ഗാർമെന്റ്‌സ്’ എന്ന പേരിൽ തുണിക്കച്ചവടം നടത്തുന്നതിന്റെ മറവിലാണ് ഇവർ ലഹരി വിൽപന നടത്തിയിരുന്നത്. പൊലീസിന് സംശയം തോന്നാതിരിക്കാനായി എട്ടു വയസ്സുള്ള മകളെയും, വനിതാ സുഹൃത്ത് തമിഴ്‌നാട് തിരുനെൽവേലി സ്വദേശിനി സന്ധ്യയെയും കിരൺ കൂടെ കൂട്ടിയിരുന്നു.

ബന്ധുക്കളെ വിളിച്ചു വരുത്തി എക്സൈസ് ഉദ്യോ​ഗസ്ഥർ കുട്ടിയെ എൽപ്പിച്ചു. കിരണിന്റെ ഭാര്യ വേർപിരി‍ഞ്ഞ് താമസിക്കുകയാണ്. കിരണിന്റെ അമ്മ ബീനയുടെ ഫോൺ വഴിയാണ് ലഹരിക്കച്ചവടം നടത്തിയിരുന്നതെന്ന് എക്സൈസ് സൂചിപ്പിച്ചു. ഇവർ സഞ്ചരിച്ച മഹീന്ദ്ര സൈലോ കാർ എക്സൈസ് പിടിച്ചെടുത്തു. പ്രതികൾക്കു ബെംഗളൂരുവിലെ ലഹരിമാഫിയയുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് അധികൃതർ അറിയിച്ചു.

ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

ഒരു ലക്ഷത്തിലേറെ ബോണസ്; ഇത്തവണയും കോളടിച്ച് ബെവ്‌കോ ജീവനക്കാര്‍

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ) ജീവനക്കാര്‍ക്ക് ഇത്തവണയും റെക്കോര്‍ഡ് ബോണസ്. ഓണത്തിന് ബെവ്‌കോ സ്ഥിരം ജീവനക്കാര്‍ക്ക് പരമാവധി 1,05,000 രൂപ വരെ ബോണസ് ലഭിക്കും.

കഴിഞ്ഞ തവണ നല്‍കിയ ബോണസ് തുകയേക്കാള്‍ 2500 രൂപ കൂടുതലാണ് ഇത്തവണത്തേത്. എക്‌സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ തവണ 1,02,500 രൂപയായിരുന്നു പരമാവധി ബോണസ്. 2024ല്‍ ഇത് 95,000 രൂപയും 2023ല്‍ 90,000 രൂപയും ആയിരുന്നു സ്ഥിരം ജീവനക്കാര്‍ക്കുള്ള പരമാവധി ബോണസ്.

പൂവനി കൃഷി ഉത്സവമാക്കി ‘സൗഹൃദ’ വനിതാ കൂട്ടായ്മ-പൊതു ജനത്തിന് സൗജന്യ പ്രവേശനം

പൂവനി കൃഷി ഉത്സവമാക്കി ‘സൗഹൃദ’ വനിതാ കൂട്ടായ്മ-പൊതു ജനത്തിന് സൗജന്യ പ്രവേശനം

കല്ലമ്പലം: ഓണക്കാല വിളവെടുപ്പ് ലക്ഷ്യമാക്കി സർക്കാർ സഹായത്തോടെ മണമ്പൂർ പഞ്ചായത്ത്‌ അഞ്ചാം വാർഡിലെ ഒൻപതു വനിതകൾ പ്രയത്നിച്ചപ്പോൾ അവരുടെ കൃഷി രീതി നാടിന് മാതൃക ആയി വസന്തം വിരിയിച്ചു. ഈ വർഷത്തെ മികച്ച കർഷക കൂട്ടായ്മയായി മണമ്പൂർ ഗ്രാമ പഞ്ചായത്ത് കർഷകദിനത്തിൽ അവരെ ആദരിച്ചു.

ബെന്ദി, വാടാമല്ലി എന്നീ പുഷ്പങ്ങളും: വെണ്ട, വഴുതന, തക്കാളി, മുളക്, മീറ്റർ പയർ, വെള്ളരി, ചോളം, ചീര എന്നീ പച്ചക്കറികളും ഇവർ ശാസ്ത്രീയമായി കൃഷി ചെയ്തു വരുന്നു. പൊതു ജനങ്ങൾക്ക്‌ അവർ വിരിയിച്ച പൂക്കൾ നേരിട്ട് കാണുവാൻ ബുധൻ മുതൽ ഞായർ വരെ വൈകുന്നേരം 4 മുതൽ 6 മണി വരെ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും.

സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു. 90 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് പുലർച്ചെ ഒന്നരയ്ക്ക് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. എൻ ജി ജോൺ എന്നാണ് ഔദ്യോഗിക നാമം. എന്നാൽ ജിയോ കുട്ടപ്പൻ എന്ന പേരിലാണ് സിനിമാലോകത്ത് അറിയപ്പെട്ടിരുന്നത്.

ആദ്യകാല സിനിമാ നിർമാണ-വിതരണക്കമ്പനിയായ ജിയോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. എഴുപതുകളിലെയും എൺപതുകളിലെയും ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു ജിയോ പിക്ചേഴ്സ്. ജിയോ കുട്ടപ്പൻ നിർമിച്ച മിക്ക സിനിമകളും തിയറ്ററുകളിൽ സൂപ്പർഹിറ്റായി മാറി. ജിയോ കുട്ടപ്പൻ നിർമിച്ചവയിൽ ഏറെയും ഐ വി ശശി സിനിമകളാണ്.

ഐ വി ശശിയുടെ ഇനിയും പുഴയൊഴുകും, ഏഴാം കടലിനക്കരെ, മീൻ, ഇന്നല്ലെങ്കിൽ നാളെ, ഈനാട്, ഇനിയെങ്കിലും, ഇത്രയും കാലം എന്നീ ചിത്രങ്ങൾ നിർമിച്ചു. ജെ. ശശികുമാറിന്റെ മിനിമോൾ, എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത രജനീഗന്ധി, ഭദ്രന്റെ ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ, സുകുമാരനും മോഹൻലാലും പ്രധാന വേഷങ്ങളിലെത്തിയ മണിരത്‌നത്തിന്റെ മലയാള ചിത്രം ഉണരൂ തുടങ്ങി സിനിമകളുടെയും നിർമാതാവാണ്.

മലയാള സിനിമാ ചരിത്രത്തിലെ ആദ്യകാല വിതരണക്കാരിൽ ഒരാളായ എൻ.എക്‌സ്. ജോർജിന്റെ മകനാണ് ജിയോ കുട്ടപ്പൻ എന്ന എൻ ജി ജോൺ. എൺപതുകളുടെ അവസാനത്തോടെ ജിയോ പിക്ചേഴ്സ് സാമ്പത്തികമായി തകർന്നും. ഇതോടെ ചലച്ചിത്ര നിർമാണവും വിതരണവും പൂർണമായും അവസാനിപ്പിച്ച് കൊച്ചിയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

മലയാളസിനിമയുടെ വിതരണ നിർമ്മാണ രംഗത്തെ ഏഴുപതിറ്റാണ്ടിന്റെ അനുഭവങ്ങൾ ക്രോഡീകരിച്ചതാണ് എൻ.ജി. ജോണിന്റെ ” സിനിമയും ഞാനും – 70 വർഷങ്ങൾ ” എന്ന പുസ്തകം. ആറ് വർഷം ഫിലിം ചേബർ പ്രസിഡണ്ടായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഇ​ടപ്പള്ളി പൈപ്പ്​ലൈൻ റോഡ് തോപ്പിൽ മേരി ക്യൂൻസ് പള്ളി സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരത്ത് പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി

നീലേശ്വരം: പുഴയിൽ വീണ് കാണാതായ വീട്ടമ്മയുടെ മൃതദേഹം തിരച്ചിലിനൊടുവിൽ കണ്ടെത്തി. നീലേശ്വരം കണിച്ചിറയിലെ ഓട്ടോറിക്ഷ ഡ്രൈവർ അജീവന്റെ ഭാര്യ നദിയെ (48) ആണ് മരിച്ചത്. കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

ബുധനാഴ്ച രാവിലെ വീടിനടുത്തുള്ള പുഴക്കടവിൽ പാത്രം കഴുകുന്നതിനിടെയാണ് നദിയെ അബദ്ധത്തിൽ പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ടത്. രാവിലെ നടത്തിയ തിരച്ചിലിൽ ഇവരുടെ മൊബൈൽ ഫോൺ പുഴയിൽനിന്ന് ലഭിച്ചിരുന്നുവെങ്കിലും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് നീലേശ്വരം പൊലീസും അഗ്നിരക്ഷാ സേനയുടെ സ്കൂബ ടീമും നാട്ടുകാരും ചേർന്ന് പുഴയിൽ ഊർജ്ജിതമായ തിരച്ചിൽ നടത്തുകയായിരുന്നു. പകൽ പതിനൊന്ന് മണിയോടെയാണ് കടിഞ്ഞുമൂല പാലത്തിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. തുടർനടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.