യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ​ഗൂഢാലോചനയെന്ന് ദിലീപ്

യഥാർത്ഥത്തിൽ തനിക്കെതിരെ ആയിരുന്നു ​ഗൂഢാലോചനയെന്ന് ദിലീപ്

കൊച്ചി: ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് നടി മഞ്ജു വാര്യര്‍ പറഞ്ഞതില്‍ നിന്നാണ് തനിക്കെതിരെ ഗൂഢാലോചന ആരംഭിച്ചതെന്ന് നടന്‍ ദിലീപ്. അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു സംഘം ക്രിമിനല്‍ പൊലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നെന്നും ദിലീപ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശേഷം കോടതിയില്‍ നിന്ന് പുറത്തുവന്ന ദിലീപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

പൊലീസ് തനിക്കെതിരെ കള്ളക്കഥ മെനയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. യഥാര്‍ത്ഥത്തില്‍ തനിക്കെതിരെ ആയിരുന്നു ഗൂഢാലോചന നടന്നത്. തനിക്കെതിരായ ഗൂഢാലോചന കോടതിയില്‍ പൊളിഞ്ഞെന്നും ദിലീപ് വ്യക്തമാക്കി. കേസില്‍ വെറുതെ വിട്ട ശേഷം ആരാധകര്‍ക്ക് നേരെ കൈവീശി ആത്മവിശ്വാസത്തോടെയാണ് ദിലീപ് കോടതിയില്‍ നിന്ന് പുറത്തേയ്ക്ക് വന്നത്.

സര്‍വശക്തനായ ദൈവത്തിന് നന്ദിയെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ദിലീപിന്റെ ആദ്യ പ്രതികരണം. സത്യം തെളിഞ്ഞു. തനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച കോടിക്കണക്കിന് പേര്‍ക്ക് നന്ദിയെന്നും ദിലീപ് പറഞ്ഞു. ഒന്‍പത് വര്‍ഷത്തോളം അഹോരാത്രം തനിക്ക് വേണ്ടി വാദിച്ച അഭിഭാഷകരോട് നന്ദി പറയുന്നു. അഡ്വ കെ രാമന്‍പിള്ളയുടെ അടക്കം പേരെടുത്ത് പറഞ്ഞായിരുന്നു നന്ദി പറച്ചില്‍. എന്നെ സപ്പോര്‍ട്ട് ചെയ്ത് ഒന്‍പത് വര്‍ഷക്കാലം ജീവിപ്പിച്ച ഒരുപാട് പേരുണ്ട് വിവിധ മേഖലകളില്‍. അവരോട് നന്ദി പറയുന്നു. പേരെടുത്ത് പറഞ്ഞാല്‍ തീരില്ല. അവരോടെല്ലാം ആത്മാര്‍ഥമായി നന്ദി പറയുന്നുവെന്നും ദിലിപ് വ്യക്തമാക്കി.

പിഎഫില്‍ മാതാപിതാക്കള്‍ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

പിഎഫില്‍ മാതാപിതാക്കള്‍ നോമിനി, വിവാഹശേഷം അസാധുവാകുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: ജനറല്‍ പ്രൊവിഡന്റ് ഫണ്ടില്‍ മാതാപിതാക്കളെ നോമിനിയാക്കിയത് ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീംകോടതി. ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരന്‍ മരിച്ചപ്പോള്‍ പിഎഫിലെ തുക ഭാര്യക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ വ്യക്തമാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

2000ലാണ് ജീവനക്കാരന്‍ ജോലിക്കുചേര്‍ന്നത്. അന്ന് അമ്മ ആയിരുന്നു നോമിനി. 2003ല്‍ വിവാഹിതനായപ്പോള്‍ കേന്ദ്ര ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, ഗ്രാറ്റ്വിറ്റി എന്നിവയില്‍ നിന്ന് അമ്മയുടെ പേരുമാറ്റി ഭാര്യയെ നോമിനിയാക്കി. പക്ഷേ, പിഎഫിലെ നോമിനിയെ മാറ്റിയിരുന്നില്ല. 2021 ല്‍ ജീവനക്കാരന്‍ മരിച്ചതിനെത്തുടര്‍ന്നാണ് തര്‍ക്കം ഉടലെടുത്തത്.

ഭാര്യക്കും അമ്മയ്ക്കും തുല്യമായി പിഎഫ് തുക നല്‍കാനാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചത്. എന്നാല്‍, അമ്മയുടെ പേര് നോമിനിയില്‍നിന്ന് മാറ്റിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഭാര്യക്ക് പിഎഫ് നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. എന്നാല്‍ ജീവനക്കാരന്‍ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി നടപടി.

ദിലീപ് കുറ്റവിമുക്തൻ, ആദ്യ ആറു പ്രതികൾ കുറ്റക്കാർ‌

ദിലീപ് കുറ്റവിമുക്തൻ, ആദ്യ ആറു പ്രതികൾ കുറ്റക്കാർ‌

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്ടത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിൽ ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്. കുറ്റം തെളിഞ്ഞതായി കണ്ടെത്തിയ പ്രതികളുടെ ജാമ്യം റദ്ദാക്കി.

കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു. ഗൂഢാലോചന, കൂട്ട ബലാത്സംഗം എല്ലാം നിലനിൽക്കുമെന്നും കോടതി വിധിയിൽ. ‌‌കേരളത്തെ നടുക്കിയ കേസിൽ ഏഴര വർഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി പറയുന്നത്. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിൽ നടി ആക്രമിക്കപ്പെട്ടത്.

ശിക്ഷാവിധിയിൽ വാദം 12 ന് നടക്കും.ദിലീപ് അടക്കം 7 മുതൽ 10 വരെയുള്ള പ്രതികളെയാണ് വെറുതെ വിട്ടത്.

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; പ്രൊഫസർ തസ്തികയിൽ 35 ഒഴിവുകൾ; 3,05,000 രൂപ വരെ ശമ്പളം

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ; പ്രൊഫസർ തസ്തികയിൽ 35 ഒഴിവുകൾ; 3,05,000 രൂപ വരെ ശമ്പളം

രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ (RGSSH) പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നടത്തുന്നു. അകെ 35 ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഹോസ്പിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി 15-12-2025.

വിവിധ ഡിപ്പാർട്മെന്റുകളിൽ പ്രൊഫസർ, അസ്സോസിയേറ്റ് പ്രൊഫസർ,അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് നിയമനം നടത്തുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 1,95,000 രൂപ മുതൽ 3,05,000 രൂപ വരെ ശമ്പളം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് എം.ബി.ബി.എസ്, എം.ഡി/എം.എസ് അല്ലെങ്കിൽ തത്തുല്യമായാ യോഗ്യതയും എൻ.എം.സി മാനദണ്ഡങ്ങൾ അനുസരിച്ച് സൂപ്പർ സ്പെഷ്യാലിറ്റി വിഷയങ്ങൾക്ക് ഡി.എം./എം.സി.എച്ച് ആവശ്യമാണ്.

പ്രൊഫസർ – ഒഴിവുകൾ
ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്

ജി.ഐ. സർജറി – 1 ഒഴിവ്

നെഫ്രോളജി – 1 ഒഴിവ്

യൂറോളജി – 1 ഒഴിവ്

റേഡിയോളജി – 1 ഒഴിവ്

അസ്സോസിയേറ്റ് പ്രൊഫസർ – ഒഴിവുകൾ
എൻഡോക്രിനോളജി – 1 ഒഴിവ്

ഗാസ്ട്രോഎന്ററോളജി – 1 ഒഴിവ്

ജി.ഐ. സർജറി – 1 ഒഴിവ്

നെഫ്രോളജി – 1 ഒഴിവ്

യൂറോളജി – 1 ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ – ഒഴിവുകൾ
ബയോകെമിസ്ട്രി – 2 ഒഴിവ്

എൻഡോക്രിനോളജി – 1 ഒഴിവ്

ക്ലിനിക്കൽ ഹേമറ്റോളജി – 1 ഒഴിവ്

ക്രിട്ടിക്കൽ കെയർ – 4 ഒഴിവ്

ഗാസ്ട്രോഎന്ററോളജി – 4 ഒഴിവ്

ജി.ഐ. സർജറി – 3 ഒഴിവ്

നെഫ്രോളജി – 3 ഒഴിവ്

റ്യൂമറ്റോളജി – 1 ഒഴിവ്

യൂറോളജി – 2 ഒഴിവ്

റേഡിയോളജി – 4 ഒഴിവ്

കൂടുതൽ വിവരങ്ങൾക്ക് https://health.delhi.gov.in/ അല്ലെങ്കിൽ https://rgssh.delhi.gov.in/ സന്ദർശിക്കുക.

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

എസ്‌ഐആറില്‍ തടവുകാര്‍ പുറത്ത്, കേരളത്തിലെ ജയിലുകളിലുള്ളത് 10,053 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുരോഗമിക്കുന്ന തീവ്രവോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ (എസ്എഐആര്‍) ജയില്‍ അന്തേവാസികള്‍ക്ക് പരിഗണനയില്ല. കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പതിനായിരത്തില്‍ അധികം തടവുകാർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവും. എസ്‌ഐആര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ജയില്‍ അന്തേവാസികളെ പരിഗണിക്കുന്നതിനെ കുറിച്ച് പരാമര്‍ശം ഇല്ലാത്തതാണ് പ്രശ്‌നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.

തടവുകാരനായി തുടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളെ സാധാരണ താമസക്കാര്‍ ( ഓര്‍ഡിനറി റെസിഡന്റ്) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നാണ് ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. തടവുകാര്‍ക്ക് ജയില്‍ മോചിതരായ ശേഷം വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടറായി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്‍കാന്‍ സാധിക്കും. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് ( ഇആര്‍ഒ) ആയിരിക്കും എന്നാണ് സിഇഒ നല്‍കുന്ന വിശദീകരണം.

ഒക്ടോബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ജയിലുകളിലായി 10,053 അന്തേവാസികളുണ്ട്. ഇതില്‍ 9802 പുരുഷന്‍മാരും 251 സ്ത്രീകളുമാണ്. 4,598 റിമാന്‍ഡ് തടവുകാരും, 1130 വിചാരണ തടവുകാരും ഉള്‍പ്പെടുന്നു. 4,004 പേരാണ് ശിക്ഷിക്കപ്പെട്ട് കഴിയുന്നത്.

എസ്‌ഐആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ സാധാരണ താമസക്കാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുക. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മതിയായ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ ഇടം നേടാനും സാധിക്കും. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, എല്ലാ തടവുകാരും എസ്‌ഐആര്‍ നടപടികളില്‍ നിന്ന് പുറത്താണ്. ‘ഒരാള്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാറില്ല. പക്ഷേ, എസ്‌ഐആറിലെ സാഹചര്യം വ്യത്യസ്തമാണ് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍, തടവുകാരെ എസ്‌ഐആറിന് പരിഗണിക്കാത്തത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്ന വിമര്‍ശനവും ശക്തമാണ്. ഒരാള്‍ ജയിലിലാണെങ്കില്‍ പോലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം ഒരു നാട്ടില്‍ തടവുകാരന്‍ എന്നതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിരക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

കേരളം ഉറ്റുനോക്കിയ വിചാരണ, ജഡ്ജി ഹണി എം വര്‍ഗീസ് കേസിലേക്ക് വന്ന വഴി

കൊച്ചി: കേരളം ഏറെ ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ്. ഇപ്പോഴത്തെ ഹൈക്കോടതി ജഡ്ജിയും അന്നത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുമായിരുന്ന ഡോ. കൗസര്‍ എടപ്പഗത്താണ് വിചാരണ നടപടികള്‍ തുടങ്ങിയത്. അതിനിടെ വിചാരണയ്ക്കായി വനിതാ ജഡ്ജി വേണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി കോടതിയില്‍ ഹര്‍ജി നല്‍കി. തുടര്‍ന്ന് നടിയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

അന്ന് എറണാകുളം ജില്ലയിലെ ഏക വനിതാ ജഡ്ജിയായിരുന്നു അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ്. നടിയുടെ ആവശ്യപ്രകാരം ജസ്റ്റിസ് ഹണി എം വര്‍ഗീസിന്റെ കോടതിയിലേക്ക് വിചാരണ മാറ്റുകയായിരുന്നു. വളരെ നാടകീയ സംഭവവികാസങ്ങളാണ് വിചാരണയ്ക്കിടെ അരങ്ങേറിയത്. വനിതാ ജഡ്ജിയെ നിയമിച്ച് കേസില്‍ വിചാരണ നടപടികള്‍ തുടരുന്നതിനിടെ, ജഡ്ജിക്കെതിരെ അതിജീവിതയായ നടിയും സംസ്ഥാന സര്‍ക്കാരും രംഗത്തെത്തി. ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നു എന്നായിരുന്നു ആരോപണം.

ജഡ്ജിയെ മാറ്റണമെന്നും മറ്റൊരു കോടതിയിലേക്ക് കേസ് മാറ്റണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരിയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. വിചാരണയ്ക്കിടെ ജഡ്ജി ഹണി എം വര്‍ഗീസിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. തുടര്‍ന്ന് നടിയെ ആക്രമിച്ച കേസും പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ നടക്കുന്നതിനിടെയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ കേസിന്റെ ഗൂഢാലോചനയിലേക്ക് വെളിച്ചം വീശുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ബാലചന്ദ്രകുമാറിന്റെ മൊഴികള്‍ ദിലീപിനെയും ഒപ്പമുള്ളവരെയും പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. അതോടെ സാക്ഷിവിസ്താരം നിര്‍ത്തിവെച്ചു. തുടരന്വേഷണം നടത്താന്‍ കോടതി അനുവദിച്ചു. ഈ അന്വേഷണത്തിലാണ് ദിലീപിന്റെ സുഹൃത്തും ആലുവയിലെ വ്യവസായിയുമായ ശരത് ജി നായര്‍ അടക്കം പ്രതിയാകുന്നത്. തുടര്‍ന്ന് കുറ്റപത്രം പുതുക്കിയാണ് വിചാരണ പുനഃരാരംഭിക്കുന്നത്. 438 ദിവസം നീണ്ടുനിന്ന വിസ്താരത്തില്‍ 261 സാക്ഷികളെയാണ് വിസ്തരിച്ചത്. സിപിഎം തൃശൂര്‍ മുൻ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മകളാണ് ജഡ്ജി ഹണി എം വര്‍ഗീസ്.