by Midhun HP News | Apr 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വീട്ടുകാര്‍ അറിയാതെ കിടപ്പുമുറിയില്‍ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ചു. കട്ടിലിനടിയില്‍ നവജാത ശിശുവിനെ തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ഡപത്തിന്‍കടവ് പൂഴനാട് പ്ലാവിളപുത്തന്‍വീട്ടില്‍ അല്‍ത്താഫ് ഷാനിന്റെ ഭാര്യ ഷമീന(23) പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ജോലി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ ഷമീനയുടെ ഭര്‍ത്താവാണ് കിടപ്പുമുറിയില്‍ രക്തം വാര്‍ന്ന നിലയില്‍ അവശയായി കിടക്കുന്ന ഭാര്യയെ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിനുവേണ്ടി തുണി എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് കട്ടിലിനടിയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. തുടര്‍ന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. രണ്ടുവര്‍ഷം മുമ്പാണ് അല്‍ത്താഫിന്റെയും ഷമിനയുടെയും വിവാഹം നടന്നത്. ഇവര്‍ക്ക് രണ്ടുവയസ്സുള്ള ഒരു കുഞ്ഞുണ്ട്. എന്നാല്‍ രണ്ടാമത് ഷമീന ഗര്‍ഭിണിയായ വിവരം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. യുവതിയെ ചികിത്സയ്ക്കായി എസ്എടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.


by Midhun HP News | Apr 6, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഴയ്‌ക്കൊപ്പം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്.
വ്യാഴാഴ്ച വരെയാണ് ഇടിമിന്നലോട് കൂടിയ മഴ പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
by Midhun HP News | Apr 6, 2026 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനം ഇനി ആര് ഭരിക്കും? ജനവിധി അറിയുന്നതിനുള്ള വോട്ടെടുപ്പിന് ഇനി 3 നാള്‍ മാത്രം. വോട്ട് ഉറപ്പിക്കാന്‍ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികള്‍. നാളെയാണ് കലാശക്കൊട്ട്.
ഓരോ പാര്‍ട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തില്‍ പങ്കാളിയാവുന്നുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കന്‍ കേരളത്തില്‍ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തില്‍ തുടരുകയാണ്. ഇന്നലെ ബേപ്പൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ ഉള്‍പ്പെടെ പ്രചാരണത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു.
അതേസമയം, ഇടത് സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. മൂന്ന് മണിക്ക് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശ്ശേരിയില്‍ നടക്കും. കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്‍ ഇന്ന് പാലക്കാടെത്തും.
by Midhun HP News | Apr 6, 2026 | Latest News, കേരളം
വാഷിംഗ്ടണ്‍: ചൊവ്വാഴ്ചത്തെ സമയപരിധി അവസാനിക്കുന്നതിന് മുമ്പ് സമാധാന കരാറില്‍ എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാന്‍ എന്ന രാജ്യത്തെ പൂര്‍ണ്ണമായും തകര്‍ക്കുമെന്ന് ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ പൊതുജനം ആശ്രയിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.ഇതിന് മറുപടിയായി ഇസ്രയേലിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും സമാനമായ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
‘അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇറാനുമായി സമാധാന കരാറില്‍ എത്തിയില്ലെങ്കില്‍, ഞങ്ങള്‍ ആ രാജ്യം മുഴുവന്‍ തകര്‍ക്കും. സമാധാന കരാറിന് നല്ല സാധ്യതയുണ്ട്. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഞാന്‍ അവിടുത്തെ സകലതും തകര്‍ക്കും,’- ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
ഇറാന്‍ ഇപ്പോള്‍ത്തന്നെ നശിച്ചുകൊണ്ടിരിക്കുകയാണെന്നും ഓരോ ദിവസം കഴിയുന്തോറും സ്ഥിതി വഷളാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ‘ഓരോ ദിവസവും അവര്‍ക്ക് കൂടുതല്‍ പാലങ്ങളും പവര്‍ പ്ലാന്റുകളും മറ്റും നിര്‍മ്മിക്കേണ്ടി വരും. ഇത്രയധികം പ്രഹരമേറ്റ മറ്റൊരു രാജ്യം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല,’- ട്രംപ് പറഞ്ഞു.
തന്റെ നടപടികള്‍ മൂലം ഉണ്ടായേക്കാവുന്ന വന്‍തോതിലുള്ള ആള്‍നാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ ട്രംപ് തള്ളിക്കളഞ്ഞു. സര്‍ക്കാരിനെ എതിര്‍ക്കുന്ന ആളുകള്‍ ഭരണകൂടത്തെ ദുര്‍ബലപ്പെടുത്തുന്ന ഇത്തരം ആക്രമണങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഭയത്തിലാണ് കഴിയുന്നത്. യുദ്ധത്തിന്റെ പാതിവഴിയില്‍ ഞങ്ങള്‍ പിന്മാറുമെന്ന് അവര്‍ ഭയപ്പെടുന്നു, എന്നാല്‍ ഞങ്ങള്‍ പിന്മാറില്ല,’ – അദ്ദേഹം പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിന് പകരമായി വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നിവ മുഖേന കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയും ഇറാനും പരോക്ഷ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
by Midhun HP News | Apr 5, 2026 | Latest News, ജില്ലാ വാർത്ത
വർക്കല: വിനോദസഞ്ചാര കേന്ദ്രമായ വർക്കല പാപനാശം ക്ലിഫിൽ സെൽഫി എടുക്കുന്നതിനിടെ വിനോദസഞ്ചാരി 60 അടി താഴ്ചയിലേക്ക് വീണു. തമിഴ്‌നാട് തിരുനെൽവേലി സ്വദേശിയായ ശരവണനാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
ഹെലിപാഡിന് സമീപമുള്ള ക്ലിഫ് ഭാഗത്ത് സുഹൃത്തുക്കൾക്കൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരവണൻ നിയന്ത്രണം വിട്ട് താഴേക്ക് പതിച്ചത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറികടന്ന് കുന്നിന്റെ അറ്റത്ത് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായത്. അപകടസമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് ഫയർഫോഴ്സ് അധികൃതർ സൂചിപ്പിച്ചു.
ഏകദേശം 60 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് ഇയാൾ വീണത്. ഉടൻ തന്നെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വലയുപയോഗിച്ച് ഇയാളെ സുരക്ഷിതമായി മുകളിലെത്തിച്ചു. പരിക്കേറ്റ ശരവണനെ ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ നിലവിൽ അപകടാവസ്ഥ തരണം ചെയ്തതായാണ് വിവരം.


by Midhun HP News | Apr 5, 2026 | Latest News, ജില്ലാ വാർത്ത
സൈക്കിളിൽ സാധനം വാങ്ങാൻ പോയ കൃഷ്ണലാലിനെ കാറിടിച്ചു. മരണത്തിലും തളരാതെ കുടുംബം. 5 പേർക്ക് അവയവങ്ങൾ ദാനം ചെയ്ത് ആ കൃഷ്ണലാല്‍ യാത്രയായി.
തിരുവനന്തപുരം: മരണത്തിന് ശേഷവും 5 പേർക്ക് പുതുജീവൻ നൽകി കൃഷ്ണലാൽ (33) യാത്രയായി. മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ ഹൃദയമടക്കമുള്ള അഞ്ചോളം അവയവങ്ങളാണ് ബന്ധുക്കൾ ദാനം ചെയ്തത്.
വെൽഡിംഗ് തൊഴിലാളിയായ കൃഷ്ണലാൽ ഇക്കഴിഞ്ഞ ഒന്നാം തീയതി രാത്രി സാധനങ്ങൾ വാങ്ങാനായി സൈക്കിളിൽ പോകുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണലാൽ സഞ്ചരിച്ച സൈക്കിളിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെയോടെ മസ്തിഷ്കമരണം സംഭവിക്കുക ആയിരുന്നു.
പ്രിയപ്പെട്ടവന്റെ വേർപാടിലും മറ്റുള്ളവർക്ക് ജീവൻ നൽകാനുള്ള കുടുംബത്തിന്റെ തീരുമാനം മാതൃകാപരമായി. അദ്ദേഹത്തിന്റെ അവയവങ്ങൾ താഴെ പറയുന്ന രീതിയിലാണ് കൈമാറുന്നത്.
ഹൃദയം: കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കായി നൽകും. കിംസ് ആശുപത്രിയിൽ നിന്നും ഗ്രീൻ ചാനൽ വഴി ഹൃദയം കോട്ടയത്തേക്ക് എത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. വൃക്കകൾ: ഒന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനും മറ്റൊന്ന് കിംസ് ആശുപത്രിയിലെ രോഗിക്കും നൽകും. കരൾ: കിംസ് ആശുപത്രിയിലെ രോഗിക്കായി നൽകും. നേത്രപടലങ്ങൾ: തിരുവനന്തപുരം കണ്ണാശുപത്രിക്ക് കൈമാറും.


Recent Comments