by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
മികച്ച പ്രതികരണങ്ങളുമായി മുന്നേറുകയാണ് സന്ദീപ് പ്രദീപ് നായകനായ എക്കോ. കിഷ്‌കിന്ധാ കാണ്ഡത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍-ബാഹുല്‍ രമേശ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമ മേക്കിങ് കൊണ്ടും കഥ പറച്ചില്‍ കൊണ്ടും വിസ്മയമായി മാറുകയാണ്. പടക്കളത്തിന് ശേഷം വീണ്ടും സന്ദീപ് പ്രദീപ് ഹിറ്റടിക്കുമ്പോള്‍ മലയാള സിനിമയുടെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയരുകയാണ്.
എക്കോയില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിഗൂഢതകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ആദ്യ ദിവസം 80 ലക്ഷം നേടിയ സിനിമയ്ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇതോടെ കളക്ഷനില്‍ വലിയ കുതിപ്പാണ് ചിത്രം കാഴ്ചവച്ചത്. 80 ലക്ഷത്തില്‍ നിന്നും കോടികളേക്കാണ് പിന്നീടുള്ള ദിവസങ്ങളിലുള്ള എക്കോയുടെ സഞ്ചാരം.
ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം എക്കോ ഇതിനോടകം ഇന്ത്യയില്‍ നിന്ന് മാത്രമായി 11.66 കോടിയാണ് നേടിയിരിക്കുന്നത്. ആഗോള മാര്‍ക്കറ്റിലെ സിനിമയുടെ കളക്ഷന്‍ 20.5 കോടിയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ആദ്യ ആഴ്ച പിന്നിടുമ്പോഴേക്കും വന്‍ വിജയമായി മാറിയിരിക്കുകയാണ് എക്കോ. ബുക്ക് മൈ ഷോയിലെ എക്കോയുടെ ബുക്കിങും ശക്തമായി മുന്നോട്ട് പോകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം ബുക്ക് ചെയ്യപ്പെട്ടത് 44040 ടിക്കറ്റുകളാണ്.

നവംബര്‍ 21 നാണ് എക്കോ തിയേറ്ററിലെത്തിയത്. ദിന്‍ജിത്തിന്റേയും ബാഹുലിന്റേയും ആനിമല്‍ ട്രയോളജിയിലെ മൂന്നാം ഭാഗമാണ് എക്കോ. കിഷ്‌കിന്ധാ കാണ്ഡവും കേരള ക്രൈം ഫയല്‍സ് സീസണ്‍ 2വുമാണ് മറ്റ് രണ്ട് ഭാഗങ്ങള്‍. കിഷ്‌കിന്ധ കാണ്ഡത്തില്‍ ഒപ്പമുണ്ടായിരുന്ന മുജീബ് മജീദ് തന്നെയാണ് എക്കോയുടേയും സംഗീതം. മുജീബിന്റെ സംഗീതം എക്കോയുടെ ആത്മാവാണ്. സന്ദീപ് പ്രദീപിനൊപ്പം ബിയാനാ മോമിന്‍, നരേന്‍, വിനീത്, സൗരഭ് സച്ച് ദേവ, ബിനു പപ്പു, അശോകന്‍ തുടങ്ങിയവരും എക്കോയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


by Midhun HP News | Nov 28, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ പദ്ധതി വൈകുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളവും കെട്ടിട വാടകയുമുൾപ്പെടെ 4 കോടി രൂപ കുടിശിക ആവശ്യപ്പെട്ട് പദ്ധതി നിർവഹണ ഏജൻസിയായ കൊങ്കൺ റെയിൽവേ വിഴിഞ്ഞം തുറമുഖ കമ്പനിക്കു (വിസിൽ) കത്ത് നൽകി. പദ്ധതിയുടെ കരാർ നടപടികൾക്കുണ്ടായിരുന്ന തടസ്സങ്ങൾ നീക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും ഭൂമി ഇതുവരെ ലഭ്യമാക്കിയിട്ടില്ല. 193 കോടി രൂപ റവന്യു വകുപ്പിന്റെ കൈവശമുണ്ടെങ്കിലും പദ്ധതി തുടങ്ങേണ്ട ബാലരാമപുരം മേഖലയിൽ ഇതുവരെ ഭൂമി കൈമാറുകയോ നഷ്ടപരിഹാരം നൽകുകയോ ചെയ്തിട്ടില്ല.

റെയിൽ പാതയ്ക്കായുള്ള ഭൂമിയിൽ ഔട്ടർ റിങ് റോഡ് അലൈൻമെന്റ് കടന്നു പോകുന്നതിനാൽ അത് ഒഴിവാക്കി ബാക്കി ഏറ്റെടുക്കാമെന്ന് തീരുമാനിച്ചെങ്കിലും തുടർ നടപടി ഇഴയുകയാണ്. പാതയുടെ ഡിപിആർ 2022ൽ കൊങ്കൺ റെയിൽവേ പൂർത്തിയാക്കിയിരുന്നു. കേരളത്തിന്റെ വീഴ്ച മൂലമാണു ഇതുവരെ പണിയൊന്നും ചെയ്യാനില്ലാതെ കൊങ്കൺ റെയിൽവേ കെട്ടിടവാടകയും ഉദ്യോഗസ്ഥർക്കു ശമ്പളവും നൽകി വരുന്നത്. 10.76 കിലോമീറ്ററാണ് വിഴിഞ്ഞം – ബാലരാമപുരം റെയിൽപാത.
വിഴിഞ്ഞം പാതയ്ക്കും നേമം– നെയ്യാറ്റിൻകര റെയിൽ പാത ഇരട്ടിപ്പിക്കലിനും 2022 ഓഗസ്റ്റിലും നവംബറിലുമായി ചെറിയ ഇടവേളയിലാണ് ഭൂമിയേറ്റെടുക്കാനുള്ള 2 വിജ്ഞാപനം പുറപ്പെടുവിച്ചത്. പാത ഇരട്ടിപ്പിക്കലിൽ പണി തുടങ്ങിയിട്ടും വിഴിഞ്ഞം പാതയ്ക്കായി ഉടമകളിൽ നിന്ന് ഭൂമിയുടെ രേഖകൾ പോലും ശേഖരിച്ചിട്ടില്ലെന്നു വിഴിഞ്ഞം റെയിൽ കണക്ടിവിറ്റി ആക്‌ഷൻ കൗൺസിൽ കൺവീനർ ആർ.ജി.അശോക് കുമാർ പറഞ്ഞു. കലകട്റേറ്റിൽ പ്രവർത്തിക്കുന്ന ലാൻഡ് അക്വിസിഷൻ യൂണിറ്റ് അടിയന്തരമായി നേമത്തേക്കു മാറ്റണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.


by Midhun HP News | Nov 28, 2025 | Latest News, കേരളം
തിരുവനന്തപുരം: ശ്രീലങ്കൻ തീരത്തിന് സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി ഡിറ്റ് വാ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. വടക്ക് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച്, ശ്രീലങ്ക തീരവും സമീപ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും വഴി നവംബർ 30 രാവിലെയോടെ വടക്കൻ തമിഴ്നാട് –പുതുച്ചേരി, തെക്കൻ ആന്ധ്രാ പ്രദേശ് തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് സൂചിപ്പിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നു നാലു ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നി ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (നവംബർ 29) രാത്രി 11.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ) ജില്ലകളിലെ തീരങ്ങളിൽ 0.4 മുതൽ 0.7 മീറ്റർ വരെയും; ഇന്ന് (നവംബർ 28) രാത്രി 11.30 വരെ കന്യാകുമാരി തീരങ്ങളിൽ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി -SIDBI) 14 കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 14 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തത്.സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി -SIDBI) 14 കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് തസ്തികയിൽ 14 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

പ്രതിമാസം ഒന്നേകാൽ ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപയിലേറെ വരെ പ്രതിമാസം ലഭിക്കുന്ന നിലയിലാണ് ശമ്പള പാക്കേജ്. ശമ്പളവും ആനുകൂല്യങ്ങളും യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമായാകും വ്യത്യാസപ്പെടുക.
ഡിസംബർ നാലിനകം അപേക്ഷിക്കണം.
പട്ടികജാതി, പട്ടികവർഗം, സാമ്പത്തികമായി പിന്നാക്കമുള്ള മുന്നോക്കക്കാർ, ഭിന്നശേഷിയുള്ളവർ എന്നിവർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളാണിത്.
താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് സിഡ്ബി (SIDBI) യുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ഫോം ഉപയോഗിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ നാല് ( 04-12-2025) ആണ്
വിദ്യാഭ്യാസ യോഗ്യത സിഎ / സിഎംഎ / എംബിഎ (ഫിനാൻസ്) / പിജിഡിഎം (ഫിനാൻസ്) / ഫിനാൻസിൽ മാസ്റ്റർ ബിരുദം / ഫുൾടൈം എംബിഎ / പിജിഡിഎം.പരമാവധി പ്രായപരിധി- 2025ഒക്ടോബർ31ന് (31.10.2025) 28 വയസ്സ് കവിയാൻ പാടില്ല.
പ്രായപരിധിയിലെ ഇളവ്- എസ്‌സി/എസ്ടി-അഞ്ച് വയസ്സ് | ഒബിസി-മൂന്ന് വയസ്സ് | പിഡബ്ല്യുബിഡി-10 വയസ്സ്
ശമ്പളം- വാർഷിക സിടിസി: 15.00 ലക്ഷം രൂപ മുതൽ 20.00 ലക്ഷം രൂപ വരെ (പരിചയം, യോഗ്യത, നിയമന സ്ഥലം എന്നിവയെ ആശ്രയിച്ച്)


by Midhun HP News | Nov 28, 2025 | Latest News, ദേശീയ വാർത്ത
ഇന്ത്യയിലെ വിദ്യാഭാസ മേഖലയിൽ വലിയൊരു മാറ്റത്തിന് തുടക്കമിട്ടതായിരുന്നു അശോകാ യൂണിവേഴ്സിറ്റിയും ലോധാ ഫൗണ്ടേഷനും ചേർന്ന് സ്കൂൾ കുട്ടികൾക്കായി ആരംഭിച്ച ദ് ലോധാ ജീനിയസ്- അശോകാ യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് പ്രോഗ്രാം (LG-AUP).
ഒൻപതു മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസ്സുകളിലെ പ്രതിഭയുള്ള കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി,അശോകാ യൂണിവേഴ്സിറ്റിയുടെയും ലോധാ ഫൗണ്ടേഷന്‍റെയും സംയുക്ത സംരംഭമാണ് എൽ ജി – എ യുപി. നിലവിൽ എട്ടാം ക്ലാസ് മുതൽ 11 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം.
ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾക്കായി പൂർണമായും ധനസഹായമുള്ള ഈ സ്കോളർഷിപ്പ്, പ്രോഗ്രാം കാലയളവിലെ വിദ്യാർത്ഥികളുടെ എല്ലാ ചെലവുകളും വഹിക്കുന്നു. 2023-ൽ 100 വിദ്യാർത്ഥികളുമായി തുടങ്ങിയ പദ്ധതിയിൽ 2025-ൽ രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള 300 വിദ്യാർത്ഥികൾ പങ്കെടുത്തു.

ചെറുപ്രായത്തിൽത്തന്നെ,വിദ്യാർത്ഥികളുടെ അന്വേഷണ,ഗവേഷണ താൽപ്പര്യം വർധിപ്പിക്കുന്നതിനുള്ള വേദികളും സാഹചര്യങ്ങളും ഒരുക്കുകയും വിവിധ വിഷയങ്ങളിൽ അറിവും വിജ്ഞാനവും നേടുന്നതിനുമുള്ള അവസരമാണ് എൽ ജി – എ യുപി (LG-AUP) ഒരുക്കുന്നത്.
അശോകാ യൂണിവേഴ്സിറ്റി കാമ്പസിൽ നാലാഴ്ചത്തെ (ഒരു മാസം നീണ്ടുനിൽക്കുന്ന) റസിഡൻഷ്യൽ പ്രോഗ്രാം,ഒരു വർഷത്തെ തുടർ പഠന ഗവേഷണത്തിനുള്ള അവസരം എന്നിവയാണ് ഈ പ്രോഗ്രാമിന്‍റെ പ്രധാന സവിശേഷത.
സ്കുൾപഠനവും സർവകലാശാല തലത്തിലുള്ള ഗവേഷണവും തമ്മിലുള്ള അന്തരം കുറക്കാനും കുട്ടികളിൽ ഗവേഷണ താൽപ്പര്യം വർദ്ധിപ്പിക്കുന്നതും ലക്ഷ്യമാക്കിയുള്ള 2026 ലേക്കുള്ള ‘ദ് ലോധാ ജീനിയസ്-അശോകാ യൂണിവേഴ്സിറ്റി പ്രോഗ്രമിൽ (LODHA GENIUS -ASHOKA UNIVERSITY PROGRAMME LG-AUP) പങ്കെടുക്കാൻ താൽപ്പര്യുള്ള വിദ്യാർത്ഥികൾക്ക് ഡിസംബർ ഒന്നു മുതൽ അപേക്ഷ സമർപ്പിക്കാം.
പഠനഘടനകൾ
ഈ പദ്ധതിക്കു രണ്ട് പ്രധാന ഘടനകളാണുള്ളത്:
● അശോക സർവകലാശാലയിൽ നാല് ആഴ്ചത്തെ റെസിഡൻഷ്യൽ ഓൺ ക്യാമ്പസ് പരിപാടി
● പഠനത്തിലും ഗവേഷണത്തിലും വിദ്യാർത്ഥികളുടെ തുടർച്ചയായ പങ്കാളിത്തം ഉറപ്പാക്കാൻ രൂപകൽപ്പനചെയ്‌ത, ഒരുവർഷം നീളുന്ന തുടർപഠന ഇടപെടൽ.
നാലാഴ്ചത്തെ റസിഡൻഷ്യൽ പ്രോഗ്രാമിൽ വിവിധ വിഷയങ്ങളിലെ പഠന,പരിശീലനത്തിനുള്ള അവസരം,പ്രോജക്ട് വർക്ക്,ഫീൽഡ് ട്രിപ്പ്,മെന്‍റർഷിപ്പ് എന്നിവയുണ്ടാവും.
വിദ്യാർത്ഥികൾക്ക് അവരുടെ പഠനയാത്രയുടെ പ്രാരംഭഘട്ടത്തിൽ ഗവേഷണം, ഇന്നൊവേഷൻ, ഇന്റഡിസ്പ്ലിനറി പഠനം എന്നിവയക്കുള്ള വഴികൾ സൃഷ്ടിക്കുന്നതിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
എ ഐ,റോബോട്ടിക്സ്,ഡിസൈൻ തിങ്കിങ്,അസ്ട്രോണമി,സിന്തറ്റിക് ബയോളജി,തുടങ്ങിയവയിൽ മികച്ച അധ്യാപകരുടെ മേൽനോട്ടത്തിൽ ക്ലാസ്സുകളും പരിശീലനവും ലഭിക്കും.അശോകാ യൂണിവേഴ്സിറ്റിയുടെ മികച്ച ലാബ് സൗകര്യവും വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാവും.
വിദ്യാർത്ഥികളുടെ ഗ്രേഡ് നിലവാരവും പഠനതാൽപ്പര്യങ്ങളും അടിസ്ഥാനമാക്കി മൂന്ന് അക്കാദമിക് ട്രാക്കുകളിലൂടെയാണ് ക്യാമ്പസിലെ കോഴ്സുകൾ നൽകുന്നത്.
ജൂനിയർ ട്രാക്ക് (Junior Track) ഗ്രേഡ് 9-10: സയൻസ്,മാത്സ്,സോഷ്യൽ സയൻസ്,ആർട്സ് എന്നീ വിഷയങ്ങളിൽ ഒരാഴ്ച വീതം നീളുന്ന വർക്ക് ഷോപ്പുകളിൽ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
സയൻസ് ട്രാക്ക് (Science Track) ഗ്രേഡ് 11- 12: വിദ്യാർത്ഥികൾക്ക് ഒരു സയൻസ് പ്രോജക്ട് തെരഞ്ഞെടുത്ത് അവയിൽ ഗവേഷണം,പരിശീലനം,അവതരണം എന്നിവ നടത്താം.
മാത്തമാറ്റിക്സ് ട്രാക്ക് (Mathematics Track) ഗ്രേഡ് 11- 12: മാത്സിൽ ഗവേഷണത്തിനും കൂടുതൽ പഠനത്തിനും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കായി തയാറാക്കിയിട്ടുള്ള പാഠ്യപദ്ധതിയാണിത്.
എൽ പി ജി കണ്ടിന്യൂഡ് ലേണിങ്ങ് (LPG Continued Learning)-ഒരു വർഷത്തെ തുടർ ഓൺലൈൻ പഠന പദ്ധതി
അസ്ട്രോ ഫിസിക്സ്,ഇക്കോളജി,ചിപ്പ് ഡിസൈൻ ടു ഫോറൻസിക് സയൻസ്,എജ്യൂക്കേഷൻ,ലിറ്ററസി ആൻഡ് ജസ്റ്റിസ്,മോഡലിങ് ഇൻ ബയോളജി,തുടങ്ങിയ 13 കോഴ്സുകളാണ് ഇതിൽ വിഭാവനം ചെയ്തിരിക്കുന്നത്.
ഓൺലൈൻകോഴ്സ്,റിസർച്ച് മൊഡ്യൂൾസ്,ഇന്‍റേൺഷിപ്പ്,കോമ്പറ്റീഷൻ എന്നിവ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ആഗോള തലത്തിലുള്ള അവസരങ്ങളിലും ഗവേഷണത്തിലുമുള്ള പങ്കാളിത്തവും .
LGP അനുഭവപരിചയപഠനത്തിനും ഇന്റേൺഷിപ്പുകൾക്കുമായി അന്താരാഷ്ട്ര പങ്കാളിത്തങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്.
● കലിഫോർണിയ സർവകലാശാല, സാന്താക്രൂസ് (UCSC):
● സയൻസ് ഇന്റേൺഷിപ്പ് പ്രോഗ്രാം (SIP), ഷാഡോ ദ് സയന്റിസ്റ്റ് എന്നിവ ഗവേഷണത്തിനും ശാസ്ത്രജ്ഞരുമായി സംവദിക്കാനും നിരീക്ഷിക്കാനുമുള്ള അവസരം.
● CERN (യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്)
● വിദ്യാർത്ഥികൾ CERN മാസ്റ്റർക്ലാസിൽ പങ്കെടുക്കാൻ അവസരം .
● യൂറോപ്യൻ ടൂർണമെന്റ് ഓഫ് എന്തൂസ്യാസ്റ്റിക് അപ്രന്റീസ് മാത്തമാറ്റീഷ്യൻസ് (ETEAM) മത്സരം
പ്രധാന തീയതികൾ
● ഓൺലൈൻ ആപ്ലിക്കേഷൻ – ഡിസംബർ 1 മുതൽ ജനുവരി 15 വരെ
●● ഫെബ്രുവരി 7 – ഓൺലൈൻ നാഷണൽ ലെവൽ അഡ്മിഷൻ ടെസ്റ്റ്
●●● മാർച്ച്/ഏപ്രിൽ -ഓൺലൈൻ ഇൻ്റർവ്യൂ
●●●● മെയ് 15 – ജൂൺ 16 – അശോക യൂണിവേഴ്സിറ്റിയിൽ ക്യാമ്പസ് മൊഡ്യൂൾ


by Midhun HP News | Nov 28, 2025 | Latest News
പത്തനംതിട്ട: ശബരിമലയില്‍ അന്നദാനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (ഡിസംബര്‍ 2) മുതല്‍ ഭക്തര്‍ക്ക് കേരളീയ സദ്യ നല്‍കും. ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍, അച്ചാര്‍, തോരന്‍, പപ്പടം, പായസം എന്നിങ്ങനെ ചുരുങ്ങിയത് ഏഴ് വിഭവങ്ങള്‍ ഉണ്ടാകുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.

ദിവസവും ഉച്ചയ്ക്ക് 12 മുതല്‍ 3 വരെയാണ് സദ്യ വിളമ്പുക. സ്റ്റീല്‍ പ്‌ളേറ്റും സ്റ്റീല്‍ ഗ്ലാസുമാണ് ഉപയോഗിക്കുക. സദ്യയിലെ പായസം ഓരോ ദിവസവും മാറി മാറി നല്‍കും. നിലവില്‍ 4000 ത്തോളം ഭക്തരാണ് ദിവസവും അന്നദാനത്തില്‍ സംബന്ധിക്കുന്നത്. സദ്യ വിളമ്പി തുടങ്ങുന്നതോടെ എണ്ണം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ ഒരു സമീപനത്തിന്റ ഭാഗമായാണ് ഭക്തര്‍ക്ക് സദ്യ വിളമ്പി തുടങ്ങുന്നത്. ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനെയും ഞങ്ങള്‍ പരിഗണിക്കുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഈ സമീപനം ശബരിമലയുടെ മറ്റ് എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. കെ ജയകുമാര്‍ വ്യക്തമാക്കി.


Recent Comments