by Midhun HP News | Jan 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ മൂന്നെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 75,855 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എസ്ബിഐയും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 5.89 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ഉണ്ടായി. എസ്ബിഐയ്ക്കും ഇന്‍ഫോസിസിനും പുറമേ ഐസിഐസിഐ ബാങ്കുമാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എല്‍ ആന്റ് ടി ഓഹരികള്‍ നഷ്ടം നേരിട്ടു. വിപണി മൂല്യത്തില്‍ ഈ കമ്പനികള്‍ക്ക് ഒന്നടങ്കം 75,549 കോടി രൂപയാണ് നഷ്ടമായത്.
വിപണി മൂല്യത്തില്‍ എസ്ബിഐയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച എസ്ബിഐയുടെ വിപണി മൂല്യത്തില്‍ 39,045 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 9,62,107 കോടിയായാണ് എസ്ബിഐയുടെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 31,014 കോടി, ഐസിഐസിഐ ബാങ്ക് 5,795 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
വിപണി മൂല്യത്തില്‍ റിലയന്‍സിനാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത്. 23,952 കോടിയുടെ നഷ്ടമാണ് നേരിട്ടത്. എല്‍ ആന്റ് ടി 23,501 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 11,615 കോടി, ഭാരതി എയര്‍ടെല്‍ 6,443 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. എച്ച്ഡിഎഫ്‌സി ബാങ്കും ടിസിഎസുമാണ് തൊട്ടുതാഴെ.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ച നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് എസ് രാജേന്ദ്രന്‍ അംഗത്വം സ്വീകരിച്ചു. കാലങ്ങളായി പ്രവര്‍ത്തിച്ച് വന്നിരുന്ന പ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് രാഷ്ട്രീയ മാറ്റത്തിന് മുതിരുന്നത് എന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു.
ദീര്‍ഘകാല രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന താന്‍ കഴിഞ്ഞ നാലഞ്ച് വര്‍ഷമായി പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ പൊതു രംഗത്ത് ഉണ്ടായിരുന്നു. ഇക്കാലത്ത് വലിയ തോതില്‍ മാനസിക പ്രയാസങ്ങള്‍ ഉണ്ടായി. ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായ പ്രവര്‍ത്തിച്ചു എന്ന പേരില്‍ തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തു. എന്നാല്‍ സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ ഉള്‍പ്പെടെ എനിക്കെതിരെ ഒരൂ ആരോപണവും ഇതുവരെ ഉയന്നിട്ടില്ല. ഉപദ്രവിക്കരുത് എന്ന് പലപ്പോഴും ആവശ്യപ്പെട്ടു. പലതും സഹിച്ചെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.
ഹൈറേഞ്ചിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഇടപെടുമെന്ന് ബിജെപി അധ്യക്ഷനില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്. താനാരെയും ഒപ്പം ക്ഷണിച്ചിട്ടില്ല എന്നും രാജേന്ദ്രന്‍ പറഞ്ഞു. വിശ്വസിച്ച പ്രസ്ഥാനത്തെ ചതിച്ചിട്ടില്ല. പ്രസ്ഥാനത്തില്‍ നിന്ന് ആരേയും അടര്‍ത്തിമാറ്റാനില്ല. പലതും സഹിച്ചു, ഉപദ്രവിക്കരുതെന്ന് പറഞ്ഞു. പൂര്‍ണമായി ബിജെപിയില്‍ എന്ന് ഇപ്പോള്‍ പറയില്ലെന്നും രാജേന്ദ്രന്‍ പ്രതികരിച്ചു.
ഇടുക്കിയില്‍ നിന്നുള്ള സിപിഐ നേതാവ് ഗുരുനാഥന്‍, സിപിഎം പ്രവര്‍ത്തകന്‍ സന്തോഷ് എന്നിവരും രാജേന്ദ്രനൊപ്പം അംഗത്വം സ്വീകരിച്ചു. മൂന്നാറില്‍ എട്ടാം തീയ്യതി നടക്കുന്ന പൊതുപരിപാടിയില്‍ എസ് രാജേന്ദ്രന്റെ നേതൃത്വത്തില്‍ നൂറ് കണക്കിന് പേര്‍ അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.
2006, 2011, 2016 എന്നീ കാലയളവില്‍ ദേവികുളം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്നു എസ് രാജേന്ദ്രന്‍. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറെ കാലമായി സിപിഎമ്മിനോട് അകന്ന് നിന്നിരുന്ന എസ് രാജേന്ദ്രന്‍ ബിജെപിയോട് അടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞിട്ടും തിരികെ പാര്‍ട്ടിയില്‍ പ്രവേശിപ്പിക്കാത്തതിലും എസ് രാജേന്ദ്രന് അതൃപ്തി ഉണ്ടായിരുന്നു.


by Midhun HP News | Jan 18, 2026 | Latest News, കേരളം
മലപ്പുറം: കേരള കുംഭമേളയ്ക്കു നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കൊടിയുയര്‍ത്തും. ഇതിനുള്ള കൊടിയും കൊടിമരവും അങ്ങാടിപ്പുറം ആലിപ്പറമ്പ് കളരിയില്‍നിന്ന് ഇന്നു ഘോഷയാത്രയായി എത്തിക്കും. നാളെ രാവിലെ പതിനൊന്നിനാണ് ഗവര്‍ണര്‍ തിരുനാവായയില്‍ എത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്യാസിമാര്‍ നിളാ സ്‌നാനത്തിനായി തിരുനാവായയില്‍ എത്തിച്ചേരും. ഫെബ്രുവരി മൂന്നു വരെയാണ് മഹാമാഘ ഉത്സവം എന്ന പേരില്‍ കുംഭമേള നടക്കുന്നത്. തമിഴ്‌നാട്ടിലെ ത്രിമൂര്‍ത്തി മലയില്‍നിന്ന് ശ്രീചക്രവുമായുള്ള രഥയാത്രയും നാളെ തിരുനാവായയിലേക്കു പുറപ്പെടും.
ഇന്ന് മൗനി അമാവാസി ദിനത്തില്‍ തിരുനാവായയില്‍ കാലചക്രം ബലി എന്ന പൂജ നടക്കും. വൈകിട്ട് ആറു മുതല്‍ രാത്രി 11 വരെയാണ് പൂജ. ആചാര്യന്‍ കുഞ്ഞിരാമന്‍ പണിക്കരാണ് നേതൃത്വം നല്‍കുന്നത്. നൂറിലേറെ വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിളാതീരത്ത് ഈ പൂജ നടക്കുന്നത്. ഇന്നു രാവിലെ ആറു മുതല്‍ ശ്മശാന ശ്രാദ്ധം എന്ന പിതൃകര്‍മം നടക്കും. ഐവര്‍മഠത്തിലെ ആചാര്യന്‍ കോരപ്പത്ത് രമേശാണ് നേതൃത്വം നല്‍കുന്നത്.
ഇന്നലെ തിരുനാവായയില്‍ വേദശ്രാദ്ധ കര്‍മം നടന്നു. ചെറുമുക്ക് വൈദികന്‍ വല്ലഭന്‍ അക്കിത്തിരിപ്പാട് ആചാര്യനായി. കൂശ്മാണ്ഡി ഹോമവും ഇന്നലെ നടത്തി. യജുര്‍വേദ മന്ത്രങ്ങളോടെയാണ് കൂശ്മാണ്ഡി ഹോമം നടത്തിയത്. ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി നേതൃത്വം നല്‍കി. നാളെ മുതല്‍ നവകോടി നാരായണ ജപാര്‍ച്ചന തുടങ്ങും. ക്ഷേത്രങ്ങളില്‍ നിന്ന് ദീപവുമായി എത്തുന്ന ഭക്തസമിതികള്‍ക്കു മാഘവൃക്ഷവും അശ്വത്ഥ വൃക്ഷത്തൈയും പ്രസാദമായി നല്‍കും. വിവിധ പരമ്പരകളുടെ പ്രത്യേക അനുഷ്ഠാനങ്ങളും സത്സംഗങ്ങളും വിദ്വല്‍ സദസ്സുകളും കളരി യോഗ അനുഷ്ഠാനങ്ങളും കലാവതരണങ്ങളും മേളയുടെ ഭാഗമായി നടക്കും. ഇന്ന് മൗനി അമാവാസി ദിനത്തിലും നാളെ മാഘപ്രതിപദത്തിലും 22ന് ഗണേശ ജയന്തിക്കും 23ന് വസന്ത പഞ്ചമിക്കും 25ന് രഥ സപ്തമിക്കും 26ന് ഭീഷ്മാഷ്ടമിക്കും 27ന് മഹാനന്ദാനവമിക്കും 28ന് ഗുപ്തവിജയദശമിക്കും 29ന് ജയ ഏകാദശിക്കും ഫെബ്രുവരി ഒന്നിന് തൈപ്പൂയത്തിനും മൂന്നിന് മകത്തിനും പ്രത്യേക പൂജകള്‍ നടക്കും.
കേരള കുംഭമേളയ്ക്കു റവന്യു വകുപ്പും പൊലീസും ചേര്‍ന്ന് വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ 9 തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പൊലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതമടങ്ങുന്ന 2 ബാച്ചുകളായി തിരിഞ്ഞാണ് ഇവരുടെ സുരക്ഷാസേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും.


by Midhun HP News | Jan 18, 2026 | Latest News, കേരളം
തൃശൂര്‍: 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം അഞ്ചാം ദിനത്തിലേക്ക് കടന്നു. ഇന്ന് എട്ടു മത്സരങ്ങളാണ് നടക്കാനുള്ളത്. കലോത്സവത്തിലെ സ്വര്‍ണ്ണക്കപ്പിനായി വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. നിലവില്‍ കണ്ണൂര്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.
990 പോയിന്റാണ് കണ്ണൂരിനുള്ളത്. 983 പോയിന്റുമായി ആതിഥേയരായ തൃശൂര്‍ രണ്ടാമസ്ഥാനത്താണ്. 982 പോയിന്റുമായി പാലക്കാട് മൂന്നാമതുമാണ്. നേരത്തെ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ഇപ്പോള്‍ 981 പോയിന്റുമായി നാലാം സ്ഥാനത്താണ്.


by Midhun HP News | Jan 18, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ടിക്കറ്റ് റദ്ദാക്കാന്‍ പുതിയ പരിഷ്‌കരണത്തിന് ഉത്തരവിട്ട് ഇന്ത്യന്‍ റെയില്‍വെ. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകള്‍ക്കാണ് ഇത് ബാധകം. ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 8 മണിക്കൂര്‍ പോലുമില്ലാതെ ടിക്കറ്റ് റദ്ദാക്കിയാല്‍ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കില്ല. പുതുക്കിയ ഉത്തരവ് അനുസരിച്ച് ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുതല്‍ 8 മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റദ്ദാക്കിയാല്‍ 50 ശതമാനം കാന്‍സലേഷന്‍ ചാര്‍ജായി ഈടാക്കും.
ഇതിന് മുമ്പ് കണ്‍ഫേം ടിക്കറ്റുകള്‍, ട്രെയിന്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടയില്‍ റദ്ദാക്കിയാല്‍ 25 ശതമാനം കാന്‍സലേഷന്‍ ചാര്‍ജ് ഇടാക്കിയതിന് ശേഷം ബാക്കി റീഫണ്ട് നല്‍കുന്നതായിരുന്നു. വന്ദേഭാരതിന്റെ സ്ലീപ്പര്‍ ട്രെയിനുകളില്‍ ആര്‍എസി ഉണ്ടാവില്ലെന്നും മിനിമം ചാര്‍ജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്റര്‍ ആയിരിക്കുമെന്ന് റെയില്‍വെ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു. ഗുവാഹത്തി-കൊല്‍ക്കത്ത റൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 11-3 ടയര്‍ എസി കോച്ചുകള്‍, നാല് 2-ടയര്‍ എസി കോച്ചുകള്‍, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ 16 കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുള്ളത്. ആകെ 823 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനാകും.


by Midhun HP News | Jan 18, 2026 | Latest News, ജില്ലാ വാർത്ത
മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ റയല്‍ മാഡ്രിഡ് വിജയം തുടരുന്നു. ലെവാന്റയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്. പുതിയ പരിശീലകനായി ഡഗൗട്ടിലെത്തിയ ആല്‍വരോ ആര്‍ബലോവയുടെ റയല്‍ കോച്ചെന്ന നിലയിലുള്ള ആദ്യ ജയം കൂടിയാണിത്.
ആദ്യ പകുതിയ ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതിയിലാണ് റയല്‍ രണ്ട് ഗോളുകളും വലയിലിട്ടത്. 58ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലിട്ട് കിലിയന്‍ എംബാപ്പെയാണ് റയലിനെ മുന്നിലെത്തിച്ചത്. കിലിയൻ എംബാപ്പെ റയൽ ജേഴ്സിയിൽ നേടുന്ന 50ാം ഗോൾ കൂടിയാണിത്. 65ാം മിനിറ്റില്‍ അസെന്‍സിയോയിലൂടെ ലീഡുയര്‍ത്തി ലോസ് ബ്ലാങ്കോസ് ജയമുറപ്പിക്കുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ റയല്‍ ബെറ്റിസ് 2-0ത്തിനു വിയാറലയലിനെ വീഴ്ത്തി. മയ്യോര്‍ക്ക 3-2നു അത്‌ലറ്റിക്ക് ബില്‍ബാവോയേയും ഓസാസുന ഇതേ സ്‌കോറിനു ഒവെയ്‌ഡോയേയും വീഴ്ത്തി.


Recent Comments