by Midhun HP News | Feb 18, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാരാണ് മറാത്തകള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്. ‘പ്രത്യേക പിന്നാക്ക വിഭാഗം (എ)’ എന്നതില്‍ ഉള്‍പ്പെടുത്തി മുസ്ലീം വിഭാഗത്തിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയത്.
2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കുലറുകളും പിന്‍വലിച്ചതായി ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ വിഭാഗത്തിന് കീഴില്‍ മുസ്ലീങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകളും നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും നിര്‍ത്തിവച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.

by Midhun HP News | Feb 18, 2026 | Latest News, കേരളം
പത്തനംതിട്ട: സ്വകാര്യ സ്‌കൂളില്‍ റിസപ്ഷനിസ്റ്റായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഇതേ സ്‌കൂളിലെ പിആര്‍ഒ ആയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സുഹൈല്‍ അന്‍സാരി അറസ്റ്റില്‍. പത്തനംതിട്ട ഏനാത്ത് പൊലീസാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ അറസ്റ്റ് ചെയ്തത്. യുവതി എഴുതിയെന്ന് കരുതുന്ന മൂന്ന് ആത്മഹത്യാ കുറിപ്പുകളില്‍ ഒന്നില്‍ സുഹൈലിനെതിരേ ഗുരുതര പരാമര്‍ശം ഉണ്ടായിരുന്നു.

ഈ മാസം പതിനാലിന് പുലര്‍ച്ചെയാണ് പാണ്ടിമലപ്പുറം പറമലയിലുള്ള വീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ശരീരത്ത് മര്‍ദനമേറ്റ പാടുകളും ഉണ്ടായിരുന്നു. മുഹമ്മദ് സുഹൈല്‍ അന്‍സാരിയും യുവതിയും തമ്മില്‍ സുഹൃത്തുക്കളായിരുന്നു. ഇരുവരും തമ്മിലുള്ള സുഹൃദ് ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.
പൊലീസ് നടത്തിയ പരിശോധനയില്‍ യുവതി എഴുതിയ കുറിപ്പ് കണ്ടെത്തുകയായിരുന്നു. ഇതില്‍ മുഹമ്മദ് സുഹൈല്‍ അന്‍സാരിയുടെ പേര് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹൈല്‍ അന്‍സാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ ആത്മഹത്യയില്‍ നാട്ടുകാരും ബന്ധുക്കളും സംശയമുന്നയിച്ചതോടെ ആത്മഹത്യയക്ക് കാരണം ഭര്‍ത്താവാണെന്നായിരുന്നു പൊലിസിന്റെ നിഗമനം. പൊലിസ് ചോദ്യം ചെയ്തപ്പോള്‍ യുവതിയുടെ ഫോണ്‍ ഭര്‍ത്താവ് പോലീസിന് കൈമാറി. ഇതിലുണ്ടായിരുന്ന വാട്‌സ് ആപ്പ് ചാറ്റുകളാണ് സുഹൈലിലേക്ക് വഴി തെളിച്ചത്. സുഹൈല്‍ മുന്‍പ് അധ്യാപകനായി ജോലി നോക്കിയിരുന്നു. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപനം ഉപേക്ഷിച്ച് സ്‌കൂളില്‍ പിആര്‍ഓ ജോലി ചെയ്യുകയായിരുന്നു.

by Midhun HP News | Feb 18, 2026 | Latest News, കേരളം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് വിധി. ജാമ്യ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ.
തന്ത്രിക്ക് ജാമ്യം കിട്ടിയത് എസ്ഐടിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങൾ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാൽ തന്ത്രിക്ക് ശബരിമല സ്വർണ്ണക്കൊള്ളയുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കാൻ ഈ ഘട്ടത്തിൽ തെളിവുകൾ ഇല്ലെന്നാണ് കോടതി വിലയിരുത്തൽ. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്ത് സമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. പ്രതിയുടെ സാമ്പത്തിക സ്രോതസ്സ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമായിരുന്നു പ്രോസിക്യൂഷൻ്റെ ആവശ്യം. എന്നാൽ, ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.


by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും സുതാര്യതയും ഉറപ്പാക്കുന്നതിനായി അടിസ്ഥാന നിയമാവലിയിൽ മാറ്റങ്ങൾ വരുത്തിയത്.
14 ജില്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും വിരമിച്ച അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അസോസിയേഷൻ അംഗത്വം ഇനി മുതൽ വിരമിച്ച പുരുഷ-വനിതാ താരങ്ങൾ, അമ്പയർമാർ, സ്കോറർമാർ, ക്യൂറേറ്റർമാർ എന്നിവർക്ക് ഉൾപ്പെടെ ലഭ്യമാകുന്ന രീതിയിലാണ് ബൈലോ പരിഷ്കരിച്ചത്.
പുതിയ ഭേദഗതി നിലവിൽ വന്നതോടെ കേരള ക്രിക്കറ്റിന്റെ സമഗ്ര വികസനത്തിനായി പ്രവർത്തിച്ച വ്യക്തികൾക്കും അസോസിയേഷനിൽ വ്യക്തിഗത അംഗത്വം നൽകാൻ സാധിക്കും. ഇതിനുപുറമെ ക്രിക്കറ്റ് മേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയവർക്കായി ഓണററി മെമ്പർഷിപ്പ്, കെസിഎ ക്ലബ് ഹൗസ് മെമ്പർഷിപ്പ്, കെസിഎ സ്റ്റേഡിയം മെമ്പർഷിപ്പ് എന്നീ പുതിയ വിഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണപരമായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കെസിഎയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയായ അപ്പക്സ് കൗൺസിലിലെ അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഒൻപത് അംഗങ്ങളുള്ള കൗൺസിൽ ഭേദഗതിയോടെ വിപുലീകരിക്കും.

ക്രിക്കറ്റ് സമിതികളിലേക്കും സെലക്ഷൻ കമ്മിറ്റികളിലേക്കുമുള്ള മുൻ താരങ്ങളുടെ യോഗ്യതയിൽ വരുത്തിയ ഇളവാണ് മറ്റൊരു പ്രധാന ഭേദഗതി. മുൻപ് 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചവർക്ക് മാത്രം ലഭിച്ചിരുന്ന ഈ പദവികൾ ഇനി മുതൽ രഞ്ജി ട്രോഫി കളിച്ച എല്ലാ മുൻ താരങ്ങൾക്കും ലഭിക്കും.
കേരളത്തിലെ ക്രിക്കറ്റ് വികസനത്തിന് സംഭാവന നൽകിയവർക്കുള്ള അംഗീകാരമാണ് ഈ നിയമഭേദഗതിയെന്നും അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കൂടുതൽ പേർക്ക് ഇതിലൂടെ അവസരം ലഭിക്കുമെന്നും കെസിഎ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി നായർ പറഞ്ഞു.

by Midhun HP News | Feb 18, 2026 | Latest News, ദേശീയ വാർത്ത
ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പർ 8 പോരാട്ടങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സൂപ്പർ 8 ൽ ഇന്ത്യയുടെ എതിരാളികൾ ആരൊക്കെയാണെന്നും വ്യക്തമായിട്ടുണ്ട്. കരുത്തന്മാരായ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നി ടീമുകൾക്കൊപ്പം സിംബാബ്‌വേയുമാണ് ഇന്ത്യ അടുത്ത ഘട്ടത്തിൽ നേരിടേണ്ടി വരുക. അയർലണ്ടിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെയാണ് സിംബാബ്‌വേ സൂപ്പർ 8ലേക്ക് എത്തിയത്.
ഫെബ്രുവരി 22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരം. തുടർന്ന് ഫെബ്രുവരി 26ന് ചെന്നൈയിൽ സിംബാബ്‌വേയെ നേരിടും. മാർച്ച് 1ന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെ നേരിടുന്നതോടെ ഇന്ത്യയുടെ സൂപ്പർ 8 ഘട്ടം അവസാനിക്കും. എല്ലാ മത്സരങ്ങളും വൈകിട്ട് 7 മണിക്കാണ് ആരംഭിക്കുന്നത്.
അതേ സമയം, ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരം ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയും നെതർലാൻഡ്സും ഇതുവരെ ഒരിക്കൽ മാത്രമാണ് ഏറ്റുമുട്ടിയത്. 2022ലെ ടി20 ലോകകപ്പിൽ സിഡ്നിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.
സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം യുഎസ്എ, നമീബിയ, പാകിസ്ഥാൻ എന്നിവരെ തോൽപിച്ച ശേഷമാണ് ഇന്ന് കളത്തിലിറങ്ങുന്നത്. സീനിയർ താരങ്ങൾക്ക് ഇന്നത്തെ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കാനാണ് സാധ്യത.


by Midhun HP News | Feb 18, 2026 | Latest News, കേരളം
കണ്ണൂര്‍:ചരിത്രത്തെ വക്രീകരിക്കുന്നതിനെതിരായ ചെറുത്തുനില്‍പ്പാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംവാദങ്ങള്‍ ഇല്ലാതാക്കി ഏകാധിപത്യ പ്രവണതയിലേക്ക് രാജ്യത്തെ നയിക്കാനുള്ള പ്രതിലോമകരമായ ഇടപെടലുകള്‍ക്കെല്ലാം എതിരായ ചെറുത്തുനില്‍പ്പുകള്‍ കൂടിയാണ് ചരിത്രം ഓര്‍മിപ്പിക്കുന്ന മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പെരളശ്ശേരിയില്‍ എകെജി മ്യൂസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മ്യൂസിയങ്ങളെ വെറും പ്രദര്‍ശനശാലകളായി കാണുന്ന നയമല്ല എല്‍ഡിഎഫ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരസാങ്കേതിക വിദ്യയുടെ യുഗമാണിത്. അറിവുകള്‍ വേഗത്തില്‍ പകര്‍ന്നു നല്‍കപ്പെടുന്നുണ്ട്. നുണകളും വേഗത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. നുണകള്‍ക്കാണ് അതിവേഗത. ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരും ഇത്തരം നുണപ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുവെന്നത് അതീവ ഗൗരവതരമാണ്. ഇൗ സാഹചര്യത്തില്‍ മ്യൂസിയങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. നുണകളെ നേരിടാനുള്ള വിജ്ഞാന ശാലയാണ് മ്യൂസിയങ്ങള്‍. എകെജി അടക്കമുള്ളവരുടെ പോരാട്ടങ്ങളാണ് നമ്മുടെ നാടിനെ ഈ സ്ഥിതിയിലെത്തിച്ചത്.
എന്നാല്‍ അങ്ങനെയല്ലെന്ന് വരുത്തി തീര്‍ക്കുകയാണ് ചിലര്‍. ജന്‍മി നാടുവാഴിത്തത്തിനെതിരെയും സാമ്രാജ്യത്വത്തിനെതിരെയും നടന്ന പ്രക്ഷോഭങ്ങളെ തമസ്‌കരിക്കുകയാണിവര്‍. ബ്രീട്ടീഷ് പാദസേവകരായിരുന്നവരാണ് ഇതിനുപിന്നില്‍. പാര്‍ലിമെന്ററി ജനാധിപത്യത്തെയും ഇവര്‍ അപകടത്തിലാക്കുന്നു. ചര്‍ച്ചയില്ലാതെ ബില്ലുകള്‍ പാസാക്കുന്നതും വിമര്‍ശിക്കുന്ന അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്നതും അംഗങ്ങളെ വേട്ടയാടുന്നതുമെല്ലാം ഇത്തരം ഏകാധിപത്യ പ്രവണതയുടെ ലക്ഷണങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എകെജിയുടെ ജീവിതം ഒരു കാലഘട്ടത്തിന്റെ ചരിത്രമാണ്. വികസനത്തിന്റെ ഫലം എല്ലാവരിലേക്കും എത്തണമെന്ന് എകെജി തുടങ്ങിവച്ച കാഴ്ചപ്പാടാണ് സര്‍ക്കാര്‍ പിന്തുടരുന്നത്. അതിനാല്‍ അദ്ദേഹത്തിന് ജന്മനാട്ടില്‍ ഒരു ഉചിതമായ സ്മാരകം നിര്‍മിക്കുന്നത് പുതുതലമുറക്കുവേണ്ടിയുള്ള ചരിത്രത്തിന്റെ കരുതിവെപ്പ് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രണ്ടു നിലകളിലായി ആറ് ഗ്യാലറികളിലാണ് എ കെ ജി മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. എ കെ ജി യുടെ സമര പോരാട്ടങ്ങള്‍, പാര്‍ലമെന്റിലെ മികച്ച പ്രകടനങ്ങള്‍, സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍, പ്രക്ഷോഭങ്ങള്‍ എന്നിവ പുതുതലമുറയ്ക്ക് കൂടി പകര്‍ന്നു നല്‍കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള മിനി തിയറ്റര്‍, എകെജിയുടെ ദീര്‍ഘകായ പ്രതിമകള്‍, മിനിയേച്ചറുകള്‍, പ്രശസ്ത വ്യക്തികളുമായുള്ള അഭിമുഖം, സമരങ്ങളുടെ പുനരാവിഷ്‌കാരം എന്നിവയുടെ ദൃശ്യാവിഷ്‌കാരം, ഡോക്യുമെന്റേഷന്‍ സംവിധാനങ്ങള്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, ഭിന്നശേഷിക്കാര്‍ക്ക് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാണ് സജ്ജമായിരിക്കുന്നത്.
തലശ്ശേരി പള്ളിയത്ത് അഞ്ചരക്കണ്ടി പുഴയോട് ചേര്‍ന്ന് റവന്യൂ വകുപ്പ് ഏറ്റെടുത്ത 3.30 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം സ്ഥാപിച്ചത്. 12.06 കോടി രൂപയാണ് സ്ഥലം ഏറ്റെടുക്കുന്നതിന് ചെലവ്. കെട്ടിടം നിര്‍മ്മിക്കുന്നതിന് 6.44 കോടി രൂപയും പ്രദര്‍ശന സജ്ജീകരണങ്ങള്‍ക്കായി 4.82 കോടി രൂപയും ചെലവഴിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ പി എസ് മഞ്ജുള ദേവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിജു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ്, വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ചന്ദ്രന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എ. വി. ഷീബ, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് അംഗം എം. സി. രാഗസുധ, വേങ്ങാട് ഗ്രാമപഞ്ചായത്ത് അംഗം കെ . പ്രസാദ്,മുന്‍ എം. പി. കെ. കെ. രാഗേഷ്, മുന്‍ എം. എല്‍എ എം. വി. ജയരാജന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍ ഖോബ്രഗഡെ, പുരാവസ്തു വകുപ്പ് ഡയറക്ടര്‍ എ. ദിനേശന്‍, പുരാരേഖ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് എസ്. പാര്‍വതി, എം.കെ. മുരളി, ടി. പ്രകാശന്‍ മാസ്റ്റര്‍, എന്റെ. പി. ശ്രീധരന്‍, പി. പി. ദിവാകരന്‍, കെ. റൗഫ് മാസ്റ്റര്‍, എം. ജയപ്രകാശ്, വി. കെ. ഗിരിജന്‍, കെ. ശിവദാസന്‍ മാസ്റ്റര്‍, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയര്‍ ഏ. ജി. വിശ്വപ്രകാശ് എന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ എകെജിയുടെ മകള്‍ ലൈലയും പങ്കെടുത്തു.
Recent Comments