‘പാലക്കാടിന് വേണ്ടി ജീവിതം ഉഴി‍ഞ്ഞു വച്ചിരിക്കുകയാണ്’; ‘പിഷാരടിയുടെ വാക്കുകൾ തന്നെയാണ് ആകർഷിച്ചത്’, പിന്തുണച്ച് നടിമാർ

‘പാലക്കാടിന് വേണ്ടി ജീവിതം ഉഴി‍ഞ്ഞു വച്ചിരിക്കുകയാണ്’; ‘പിഷാരടിയുടെ വാക്കുകൾ തന്നെയാണ് ആകർഷിച്ചത്’, പിന്തുണച്ച് നടിമാർ

കൊച്ചി: പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ പിന്തുണച്ച് നടിമാരായ തെസ്നി ഖാനും പ്രിയങ്ക അനൂപും. രമേഷ് പിഷാരടി സ്ഥാനാർത്ഥിയായതിന് ശേഷം പറഞ്ഞ ചില വാക്കുകൾ ആണ് തന്നെ ഏറെ ആകർഷിച്ചത് എന്ന് തെസ്നി ഖാൻ പറഞ്ഞു.

”പാലക്കാടിന് വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ചിരിക്കുകയാണ്” എന്നാണ് രമേഷ് പിഷാരടി പറഞ്ഞത്. മണ്ഡലത്തിൽ വിജയിച്ചു കഴിഞ്ഞാൽ തന്റെ എല്ലാവിധ വർക്കുകളും നിർത്തും. അഭിനയവും സ്റ്റേജ് ഷോകളും നിർത്തി പൂർണമായും രാഷ്ട്രീയത്തിലേക്ക് സജീവമാകും എന്നാണ് അദ്ദേഹം പറഞ്ഞത്.

“രമേഷിന്റെ ഈ വാക്കുകൾ ആണ് എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. ഏതായാലും രമേഷ് പിഷാരടി പൂർണമായും ഒരു രാഷ്ട്രീയ നേതാവായി കഴിഞ്ഞു എന്നാണ് എനിക്ക് മനസിലാവുന്നത്. അദ്ദേഹത്തിന് എല്ലാവിധ വിജയാശംസകളും.”, ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചുകൊണ്ട് തെസ്നി ഖാൻ പറഞ്ഞു.

നടി പ്രിയങ്ക അനൂപും ഇതേ അഭിപ്രായം പങ്കുവെച്ച് രമേഷ് പിഷാരടിയെ പിന്തുണച്ച് രംഗത്തെത്തി. ”ഇപ്പോഴത്തെ പിഷാരടിയുടെ രീതി വെച്ച് പറയുകയാണെങ്കിൽ നല്ലൊരു രാഷ്ട്രീയ പ്രവർത്തകനാകുന്ന രീതിയിലാണ് പിഷാരടിയുടെ പോക്ക്. സംസാരിക്കുന്നതാണെങ്കിലും ആളുകളോട് പെരുമാറുന്നതാണെങ്കിലുമൊക്കെ.ഞാൻ ജയിച്ചാൽ സിനിമാഭിനയം നിർത്തും, ഇവിടുത്തെ കാര്യങ്ങൾക്കു വേണ്ടി കൂടുതൽ സമയം കണ്ടെത്തും സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്യില്ല എന്നാണ് പിഷാരടി പറഞ്ഞത്. ആ പറഞ്ഞതിനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു. പുള്ളിയുടെ ജീവിതമാണത്.

അദ്ദേഹത്തിന് അന്നം കൊടുത്ത മേഖലയാണ്. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യും എന്നുള്ളതുകൊണ്ടാണ് പിഷാരടി അങ്ങനെ പറഞ്ഞത്. നാളെ സിനിമയിൽ അഭിനയിക്കുമോ എന്നൊന്നും നമുക്കറിയില്ല. പക്ഷേ, അദ്ദേഹം പറ‍ഞ്ഞ ഈ കാര്യം നമ്മൾ പോസിറ്റീവായി എടുക്കണം”. -പ്രിയങ്ക അനൂപ് പറഞ്ഞു.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SJ 293778 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ SH 402878 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. SB 800774 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചുലക്ഷം രൂപ.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില.ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

SA 362618

SB 362618

SC 362618

SD 362618

SE 362618

SF 362618

SG 362618

SH 362618

SK 362618

SL 362618

SM 362618

4th Prize Rs.5,000/-

1563 1795 2215 3019 3133 3207 4204 4523 4725 4848 5167 5539 6534 6535 7102 7129 8270 8822 9341

5th Prize Rs.2,000/-

0878 3178 4042 4213 5601 6963

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

എന്താണ് സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതി? ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കുറുക്കുവഴിയെന്ന ആക്ഷേപം എന്തുകൊണ്ട്?

എന്താണ് സിബിഎസ്ഇയുടെ ത്രിഭാഷാ പദ്ധതി? ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കുറുക്കുവഴിയെന്ന ആക്ഷേപം എന്തുകൊണ്ട്?

2023 ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട്, 2020 ലെ ദേശീയ വിദ്യാഭ്യാസ നയം എന്നിവയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) സെക്കന്‍ഡറി സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ പ്രധാന മാറ്റങ്ങള്‍ അവതരിപ്പിച്ചിരുന്നു. ബഹുഭാഷാ നയത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ത്രിഭാഷാ നയം ആര്‍ 1, ആര്‍ 2, ആര്‍ 3 എന്നിങ്ങനെ മൂന്നു തലത്തിലായാണ് സിബിഎസ്ഇ അവതരിപ്പിക്കുന്നത്. 2026-27 അദ്ധ്യയനവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന നയപ്രകാരം ആര്‍ 3 അഥവാ മൂന്നാം ഭാഷ ക്ലാസ് 6 മുതല്‍ നിര്‍ബന്ധമാക്കും. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കേണ്ടത് നിര്‍ബന്ധമാക്കുകയാണ് ഇതിലൂടെ.

ഭാഷാ തലങ്ങള്‍:

ആര്‍ 1 (ഒന്നാം ഭാഷ): സിബിഎസ്ഇ അനുവദിക്കുന്ന ഏതെങ്കിലും ഒരു ഭാഷ

ആര്‍ 2 (രണ്ടാം ഭാഷ): ആര്‍ 1ല്‍ നിന്നും വ്യത്യസ്തമായ ഒരു ഭാഷ

ആര്‍ 3 (മൂന്നാം ഭാഷ): ആര്‍ 1, 2 തലങ്ങളില്‍ ഉള്‍പ്പെടാത്ത മറ്റൊരു ഭാഷ.

തെരഞ്ഞെടുക്കുന്ന ഭാഷകളില്‍ മൂന്നില്‍ രണ്ടു ഭാഷകളെങ്കിലും ഇന്ത്യന്‍ ഭാഷകളായിരിക്കണമെന്ന നിര്‍ബന്ധമുണ്ട്. ഒരേ ഭാഷതന്നെ ഒന്നിലധികം തവണ തെരഞ്ഞെടുക്കാനാവില്ല. ഇതില്‍ ആദ്യ രണ്ടു ഭാഷകളുടെയും പാഠപുസ്തകം നിലവിലുള്ളതുതന്നെ തുടരുമെന്നും സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.

2026 – 2027 അധ്യയനവര്‍ഷം ആറാം ക്ലാസ്സില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളായിരിക്കും മൂന്നാം ഭാഷ പഠിക്കേണ്ടി വരുന്നത്. അടുത്ത അധ്യയനവര്‍ഷം 6, 7 ക്ലാസ്സുകളിലേക്കും അതിനടുത്ത വര്‍ഷം 6,7,8 ക്ലാസ്സുകളിലേക്കും മൂന്നാം ഭാഷ കടന്നുവരും. 2030 – 2031 അധ്യയനവര്‍ഷമാകും പത്താം ക്ലാസ് പരീക്ഷയില്‍ മൂന്നാം ഭാഷ ഉള്‍പ്പെടുക.

ബഹുഭാഷാ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2023ലെ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിലും, 2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിലും ത്രിഭാഷാ നയം ഉള്‍പ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും നിര്‍ബന്ധമാക്കുന്നതിലൂടെ, വൈജ്ഞാനിക, ആശയവിനിമയ കഴിവുകള്‍ വര്‍ദ്ധിപ്പിക്കുകയും സാംസ്‌കാരിക ധാരണ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് സിബിഎസ്ഇ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ 1964 ല്‍ ആരംഭിച്ച ത്രിഭാഷാ നയത്തെ ചൊല്ലിയുള്ള സംവാദങ്ങള്‍ക്ക് ഇതോടെ ചൂടേറുകയാണ്.

ത്രിഭാഷാ നയം :

കോതാരി കമ്മീഷന്‍ എന്നറിയപ്പെടുന്ന വിദ്യാഭ്യാസ കമ്മീഷന്‍ ആണ് 1964-1966 കാലഘട്ടത്തില്‍ ത്രിഭാഷാ ഫോര്‍മുല ആദ്യമായി നിര്‍ദ്ദേശിച്ചത്. 1968-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കീഴില്‍ ദേശീയ വിദ്യാഭ്യാസ നയമായി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു. 1986-ല്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കീഴില്‍ വന്ന അടുത്ത ദേശീയ വിദ്യാഭ്യാസ നയത്തില്‍ ത്രിഭാഷാ ഫോര്‍മുല വീണ്ടും സ്ഥിരീകരിക്കുകയും ഭാഷാ വൈവിധ്യവും ദേശീയ ഐക്യവും പ്രോത്സാഹിപ്പിക്കുന്നതിനായി 1992-ല്‍ നരസിംഹറാവുവിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് പരിഷ്‌കരിക്കുകയും ചെയ്തു.

കോതാരി കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം പഠിക്കേണ്ട 3 ഭാഷകള്‍ :

1 മാതൃഭാഷയോ ഏതെങ്കിലുമൊരു പ്രാദേശിക ഭാഷയോ

2 രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ

3 മേല്‍പ്പറഞ്ഞ രണ്ടിലും ഉള്‍പ്പെടാത്ത മറ്റൊരു ആധുനിക ഇന്ത്യന്‍ ഭാഷയോ യൂറോപ്യന്‍ ഭാഷയോ

1968-ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ ഒരു ആധുനിക ഇന്ത്യന്‍ ഭാഷ പഠിപ്പിക്കണം. പ്രത്യേകിച്ചും ഒരു ദക്ഷിണേന്ത്യന്‍ ഭാഷ. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ ഹിന്ദി, അവരുടെ പ്രാദേശിക ഭാഷ, ഇംഗ്ലീഷ് എന്നിവ ഉള്‍പ്പെടുത്തണം. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന ഭാഷകളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും അധ്യാപകരെ എത്തിക്കുന്നതടക്കം റിസോഴ്‌സുകള്‍ എത്തിക്കുന്നത് പ്രാവര്‍ത്തികമല്ലെന്ന് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയിരുന്നു.

തമിഴ്‌നാട്ടിലെ എതിര്‍പ്പ് :

സിബിഎസ്ഇയുടെ പുതിയ നയത്തെ ശക്തമായി എതിര്‍ത്ത സംസ്ഥാനം തമിഴ്‌നാടാണ്. ത്രിഭാഷാ നയമെന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയെ നിഷ്‌ക്കളങ്കമായി കാണാനാവില്ലെന്നും ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ക്കുമേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നയമെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം കെ സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. ‘നമ്മുടെ ദീര്‍ഘകാലമായുള്ള ആശങ്കകളെ ശരിവയ്ക്കുന്ന, ഭാഷാപരമായ അടിച്ചേല്‍പ്പിക്കലിനുള്ള ആസൂത്രിത ശ്രമമാണിത്’ എന്നാണ് സ്റ്റാലിന്‍ എക്‌സിലൂടെ പ്രതികരിച്ചത്.

ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന തമിഴ്‌നാട്ടില്‍ പുതിയ പദ്ധതി പ്രധാനതെരഞ്ഞെടുപ്പു വിഷയം കൂടെയാണ്. ത്രിഭാഷാ നയത്തെ ദ്രവിഡ ഐഡന്റിറ്റിക്കുള്ള ഭീഷണിയായാണ് എക്കാലത്തും ഡിഎംകെ അടക്കമുള്ള തമിഴ് വിമോചനപ്രസ്ഥാനങ്ങള്‍ കണക്കാക്കിയിട്ടുള്ളത്. ബിജെപിയുമായി സഖ്യം നിലനിന്ന കാലത്തും എഐഡിഎംകെ ഹിന്ദി ഭാഷാനയത്തെ തിര്‍ത്തിട്ടുണ്ട്.

എന്നാല്‍ സ്റ്റാലിന്‍ തന്റെ രാഷ്ട്രീയ ലാഭത്തിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശങ്ങളെ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് അണ്ണാമലൈ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത വിഷയങ്ങളില്‍ സ്റ്റാലിന്‍ നിരന്തരമായി കേന്ദ്രത്തെ വിമര്‍ശിക്കുകയാണെന്നും അണ്ണാമലൈ സ്റ്റാലിന് മറുപടിയായി എക്‌സില്‍ കുറിച്ചു. ആറാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ മൂന്ന് ഭാഷകള്‍ പഠിക്കണമെന്നും കുറഞ്ഞത് രണ്ട് ഇന്ത്യന്‍ ഭാഷകളെങ്കിലും പഠിക്കണമെന്നുമാണ് പുതിയ നയത്തില്‍ പറയുന്നത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഷകളും അതില്‍ ഉള്‍പ്പെടുമെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. അതെങ്ങനെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

എന്നാല്‍ ഇന്ത്യന്‍ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ മറവുപറ്റി കേന്ദ്രസര്‍ക്കാര്‍ ഹിന്ദിക്ക് പ്രത്യേകാവകാശം കല്‍പ്പിച്ച് നല്‍കുന്ന ഒരു കേന്ദ്രീകൃത അജണ്ടയാണ് മുന്നോട്ടുവെക്കുന്നത് എന്നാണ് സ്റ്റാലിന്റെ പ്രതികണം. ഇന്ത്യയുടെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ ഭാഷാ പൈതൃകത്തെ വ്യവസ്ഥാപിതമായി അരികുവല്‍കരിക്കുകയാണെന്നും ഇത് ഹിന്ദി സംസാരിക്കാത്ത ദേശങ്ങളിലേക്ക് ഭാഷയെ വ്യാപിപ്പിക്കാനുള്ള രഹസ്യമാര്‍ഗമാണെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ‘ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവഴി ഹിന്ദി പഠനം നിര്‍ബന്ധിതമാകും. എന്നാല്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ബംഗാളി, മറാത്തി പോലുള്ള ഭാഷകള്‍ പഠിക്കാന്‍ മുതിരുമോ? അത്തരം അവ്യക്തതകള്‍ പുതിയ നയത്തില്‍ ഉണ്ടെന്നതുതന്നെ അതിന്റെ ഏകപക്ഷീയതയും വിവേചനവും തുറന്നുകാട്ടുന്നു’: എം കെ സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

തെരഞ്ഞെടുപ്പടുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ സുപ്രധാനമാണ് ത്രിഭാഷാനയവും അതിനോട് രാഷ്ട്രീയകക്ഷികള്‍ സ്വീകരിക്കുന്ന നിലപാടുകളും. എക്കാലത്തും ഭാഷയോടും ദ്രാവിഡ വ്യക്തിത്വത്തോടും ചേര്‍ന്നുനില്‍ക്കുന്ന രാഷ്ട്രീയ നയങ്ങള്‍ക്കൊപ്പം മാത്രമേ തെരഞ്ഞെടുപ്പിലടക്കം തമിഴ് ജനത ചേര്‍ന്നുനിന്നിട്ടുള്ളൂ. തമിഴ്‌നാട്ടിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന് നൂറ്റാണ്ടോളം കാലപ്പഴക്കമുണ്ട്. 1930കളിലാണ് ആദ്യമായി ഹിന്ദി വിരുദ്ധ പ്രക്ഷോഭം തമിഴ്‌നാട്ടില്‍ പൊട്ടിപ്പുറപ്പെടുന്നത്. അറുപതുകളില്‍ അതു വീണ്ടും തീവ്രമായി.

ത്രിഭാഷാ നയത്തോടുള്ള തമിഴ്‌നാടിന്റെ ചെറുത്തുനില്‍പ്പ്

സ്വതന്ത്ര ഇന്ത്യ രൂപംകൊള്ളുന്നതിനും കാലങ്ങള്‍ മുന്നെയാണ് ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളോട് തമിഴ്‌നാട് പ്രതികരിച്ചുതുടങ്ങുന്നത്. മദ്രാസ് പ്രസിഡന്‍സിയില്‍ സി രാജഗോപാലാചാരിയുടെ നേത്രത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ കാലത്താണ് അതിനു തുടക്കം. വിദ്യാഭ്യാസത്തില്‍ ഹിന്ദി നിര്‍ബന്ധിതഭാഷയാക്കി പ്രഖ്യാപിച്ചു. പെരിയാര്‍ ഇ വി രാമസ്വാമിയുടെ സ്വാഭിമാന പ്രസ്ഥാനം ശക്തിപ്പെട്ട കാലത്താണ് ഇതിനെതിരായ പ്രക്ഷോഭത്തിനു തുടക്കമാകുന്നത്. സി എന്‍ അണ്ണാദുരയും പെരിയാറുമടക്കം 11000 സമരക്കാര്‍ അന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. തലമുത്തു, നടരാജന്‍ എന്നീ നേതാക്കള്‍ തടവിലിരിക്കെ മരണമടഞ്ഞു. തുടര്‍ച്ചയായ സമരങ്ങള്‍ക്കൊടുവില്‍ 1940 ഫെബ്രുവരിയില്‍ നിയമം പിന്‍വലിച്ചു.

ഹിന്ദി ഭാഷാ പഠനം അല്ലെങ്കില്‍ ഹിന്ദി രാഷ്ട്രഭാഷയായി പ്രഖ്യാപിക്കാനുള്ള ചര്‍ച്ചകളിലെല്ലാം തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായി എതിര്‍ത്ത് രംഗത്തുവന്നിട്ടുണ്ട്. എന്റെ ഭാഷക്ക് ഏകദേശം അയ്യായിരം വര്‍ഷത്തോളം പഴക്കമുണ്ട്, ഒരിക്കലെങ്കിലും അതിന്റെ സത്ത രുചിച്ചാല്‍ നിങ്ങള്‍ തമിഴ് രാഷ്ട്രഭാഷയാക്കണമെന്നു പറഞ്ഞേക്കും എന്നാണു അണ്ണാദുരൈ പാര്‍ലിമെന്റില്‍ പ്രസംഗിച്ചത്.

1945 ല്‍ പ്രെസിഡെന്‍സിക്ക് കീഴിലുള്ള സ്‌കൂളുകളില്‍ ഹിന്ദി ഭാഷ പഠനം നിര്‍ബന്ധമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചു. അണ്ണാദുരൈ ആണ് പ്രതിപക്ഷത്തുനിന്ന് സമരം നയിച്ചത്. ശക്തമായ സമരത്തെ തുടര്‍ന്ന് ത്രിഭാഷാ ഫോര്‍മുലക്കു പകരം മുന്‍ഷി – അയ്യങ്കാര്‍ ഫോര്‍മുല നിലവില്‍ വന്നു. കെ എം മുന്‍ഷിയുടെയും എന്‍ ഗോപാലസ്വാമി അയ്യങ്കാറിന്റെയും പേരില്‍ നാമകരണം ചെയ്യപ്പെട്ട ഒത്തുതീര്‍പ്പായിരുന്നു മുന്‍ഷി-അയ്യങ്കാര്‍ ഫോര്‍മുല. ദേവനാഗരി ലിപിയിലുള്ള ഹിന്ദി ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുകയും 15 വര്‍ഷത്തേക്ക് ഇംഗ്ലീഷ് ഒപ്പം നിലനിര്‍ത്തുകയും ചെയ്തു.

1953-ലാണ് ഹിന്ദി ഭാഷാ പരിഷ്‌കരണത്തില്‍ മറ്റൊരു മുഖ്യസംഭവം തമിഴ്‌നാട്ടില്‍ സംഭവിക്കുന്നത്. 1953-ല്‍ കാലക്കുടി എന്ന സ്ഥലപ്പേര് രാജസ്ഥാനില്‍ നിന്നുള്ള വ്യാപാരി രാമകൃഷ്ണ ഡാല്‍മിയയുടെ പേരിനോട് സാമ്യമുള്ള ഡാല്‍മിയപുരം എന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു. അതിനെതിരെ അന്നത്തെ യുവ നേതാവായിരുന്ന കരുണാനിധി രംഗത്തുവന്നു. റെയില്‍വേ സ്‌റ്റേഷനില്‍ സ്ഥാപിച്ച പുതിയ സ്ഥലപ്പേര് വലിച്ചുകീറുകയും കാലക്കുടി എന്ന പഴയ പേര് പുനസ്ഥാപിക്കുകയും ചെയ്തു. അന്നുണ്ടായ പ്രക്ഷോഭത്തെ പ്രതിരോധിക്കാന്‍ പൊലീസ് വെടിയുതിര്‍ത്തു. അതില്‍ പൊലിഞ്ഞത് രണ്ടു ജീവനുകളും പരിക്കേറ്റത് 10 പേര്‍ക്കുമാണ്. ആ പ്രതിഷേധത്തോടെയാണ് തമിഴ് രാഷ്ട്രീയത്തില്‍ കരുണാനിധിയുടെ പേര് കൂടുതല്‍ ജനകീയമാകുന്നതും.

1963-ലാണ് ഔദ്യോഗിക ഭാഷാ നിയമം അവതരിപ്പിക്കപ്പെടുന്നത്. ഹിന്ദി രാഷ്ട്രഭാഷയായി അംഗീകരിക്കുന്ന പുതിയ നിയമം. അതിനെതിരെയും തമിഴ്നാട്ടില്‍ ശക്തമായ പ്രതിഷേധമുണ്ടായി. ഡയറക്ട് ആക്ഷന്‍ പ്രൊട്ടസ്റ്റ് എന്ന പേരില്‍ നടന്ന സമരത്തിനൊടുക്കം അണ്ണാദുരൈ അറസ്റ്റിലായി. ഒരു ചെറുപ്പക്കാരന്‍ കൊല്ലപ്പെടുകയും ചെയ്തു. ഒടുവില്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി തുടരുമെന്നു പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ഭൂരിപക്ഷ ഭാഷയാണോ ഹിന്ദി?

ത്രിഭാഷാ ഫോര്‍മുലകൊണ്ട് പ്രധാനമായും രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും ഒരേഭാഷ അറിഞ്ഞിരിക്കാനുള്ള അവസരമൊരുക്കുകകൂടെയാണ് ചെയ്യുന്നത്. ഇതില്‍ ഹിന്ദി നിര്‍ബന്ധിത ഭാഷയാകുന്നതിനെ അനുകൂലിച്ചുകൊണ്ട് ഉയരുന്ന പ്രധാന വാദം ഇന്ത്യയില്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഭാഷയാണ് എന്നതാണ്. 2011 ലെ കണക്കെടുപ്പ് പ്രകാരം 46 ശതമാനം ഇന്ത്യക്കാരും ഹിന്ദി സംസാരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ രേഖകള്‍ തെളിയിക്കുന്നത്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പാടുചെയ്ത ജസ്റ്റിസ് കുര്യന്‍ കമ്മീഷന്റെ പഠനപ്രകാരം ഈ കണക്ക് മനപ്പൂര്‍വ്വം ഊതിപ്പെരുപ്പിച്ചതാണ്. ഭാഷാശാസ്ത്രജ്ഞന്‍ ജി എന്‍ ദേവിയുടെ കണ്ടെത്തലില്‍ കഴിഞ്ഞ കണക്കെടുപ്പില്‍, ഭോജ്പുരി, രാജസ്ഥാനി, അവാദി, മഗാദി, ഛത്തീസ്ഗരി എന്നീ അഞ്ച് വ്യത്യസ്ത ഭാഷകളെ ഹിന്ദി എന്ന പേരിലാണ് ഗ്രൂപ്പ് ചെയ്തിരിക്കുന്നത്. സമാനതകളുള്ള ഡയലക്ടുകള്‍ ഉള്‍പ്പെട്ട ഭാഷകളെ ഒന്നിച്ച് ചേര്‍ത്താണ് ഹിന്ദി സംസാരിക്കുന്നവരുടെ കണക്ക് 46 ശതമാനമായി കണക്കാക്കിയെതെന്നാണ് ജി എന്‍ ദേവി പറയുന്നത്. ഇതില്‍ നിന്നും ഹിന്ദി മാത്രം സംസാരിക്കുന്നവരുടെ കണക്കെടുത്താല്‍ അത് 25 ശതമാനം മാത്രമേ വരൂ എന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലർട്ട്

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചതോടെ താപനിലയിൽ അൽപ്പം ശമനം ഉണ്ടായിരുന്നു. ഇന്നുമുതൽ തെരഞ്ഞെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ടു ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. ജാ​ഗ്രതയുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 °C വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ 37°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയുണ്ട്. ഈ ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 3 ഡി​ഗ്രി സെൽഷ്യസ് വരെ കൂടുതൽ ചൂട് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിലും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കായുള്ള പ്രത്യേക ജാഗ്രത നിർദേശം:

സംസ്ഥാനത്ത് പൊതുവെ ഉയർന്ന വേനൽ ചൂട്‌ അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെടുന്ന പൊതുപ്രവർത്തകരും പൊതുജനങ്ങളും ഉദ്യോഗസ്ഥരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. കൂടുതൽ സമയം ശരീരത്തിൽ നേരിട്ട് ചൂടേൽക്കുന്നത് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. ആയതിനാൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.

പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. കുട, തൊപ്പി എന്നിവ നിർബന്ധമായും ഉപയോഗിക്കുക. പാദരക്ഷകൾ ധരിക്കുക.

വലിയ പൊതുയോഗങ്ങൾ, റാലികൾ, പ്രകടനങ്ങൾ, റോഡ്ഷോകൾ, സ്ഥാനാർഥി പര്യടനങ്ങൾ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതം.

പകൽ സമയത്തെ പൊതുയോഗങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കാനും, ആവശ്യമായ തണൽ, കുടിവെള്ളം എന്നിവ ഉറപ്പാക്കാനും സംഘാടകർ ശ്രദ്ധിക്കണം.

വലിയ ജനക്കൂട്ടം ഉണ്ടാകുകയും കൂടുതൽ സമയം നീണ്ടുപോകുകയും ചെയ്യുന്ന പൊതുയോഗങ്ങളിൽ ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിനുള്ള പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ആംബുലൻസും ഒരുക്കേണ്ടതാണ്.

പൊതുപരിപാടികളിൽ തിക്കും തിരക്കും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കണം.

പ്രായമായവർ, ഹൃദ്രോഗം, പ്രമേഹം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ, ചർമരോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ചൂട് മൂലമുള്ള പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ ഇവർക്ക് പ്രത്യേക ശ്രദ്ധ നൽകേണ്ടതാണ്.

സ്ഥാനാർത്ഥികൾ, മാധ്യമ പ്രവർത്തകർ, സുരക്ഷാ ചുമതലകളിലുള്ള പോലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയ കൂടുതൽ സമയം ചൂടിൽ നിൽക്കേണ്ടി വരുന്നവർ നിർബന്ധമായും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. കൃത്യമായ ഇടവേളകളിൽ വിശ്രമിക്കുകയും ധാരാളമായി വെള്ളം കുടിക്കുകയും ചെയ്യണം.

നിർജലീകരണത്തിനു കാരണമാകുന്ന മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം പരമാവധി ഒഴിവാക്കുക.

ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം, മോര് എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.

കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

സാധ്യമായവർ സൺ ഗ്ലാസുകളും സൺസ്‌ക്രീനുകളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

പ്രവർത്തനങ്ങൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ശരീരം തണുപ്പിക്കുകയും ചെയ്യുക.

അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ അനുഭവപ്പെട്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.

വേനൽമഴയോടൊപ്പം ഉണ്ടാകുന്ന ഇടിമിന്നലുകളും അപകടകാരികളാണ്. ഇടിമിന്നലുള്ള സമയത്ത് പൊതുപരിപാടികൾ തുടരുകയോ മൈക്ക് ഉപയോഗിക്കുകയോ ചെയ്യരുത്. തുറസായ സ്ഥലത്ത് നിന്ന് സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് എത്രയും പെട്ടെന്ന് മാറുക.

തിരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ സൗകര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉറപ്പാക്കണം.

ഉഷ്ണതരംഗ മുന്നറിയിപ്പുള്ള ഘട്ടങ്ങളിൽ മേൽ നിർദേശങ്ങൾ കർശനമായി പാലിക്കണം.

‘അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി’; വെളിപ്പെടുത്തി സുജാത

‘അഞ്ച് വര്‍ഷമായി സ്‌റ്റേജില്‍ പാടിയിട്ട്, ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായി’; വെളിപ്പെടുത്തി സുജാത

ലോകത്തിന്റെ ഏത് കോണിലാണെങ്കിലും മലയാളി അതിവേഗം തിരിച്ചറിയുന്ന ശബ്ദമാണ് സുജാതയുടേത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികളുടെ സന്തോഷത്തിനും സങ്കടത്തിനും പ്രണയത്തിനും വിരഹത്തിനുമെല്ലാം കൂട്ടിരിക്കുന്ന ശബ്ദം. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലും ബോളിവുഡിലുമെല്ലാം സുജാത പാടി ആരാധകരെ കയ്യിലെടുത്തിട്ടുണ്ട്.

പാട്ടുകള്‍ക്കൊപ്പം തന്റെ ഓഫ് സ്‌ക്രീനിലെ ലാളിത്യം നിറഞ്ഞ വ്യക്തിത്വത്തിലൂടേയും സുജാത ആരാധകരെ നേടിയിട്ടുണ്ട്. സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു സുജാത മോഹന്‍. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വേദികളില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സുജാത. ഇതിന് പിന്നിലെ കാരണം സുജാത തന്നെ വെളിപ്പെടുത്തുകയാണ്.

കഴിഞ്ഞ ദിവസം നടന്നൊരു തമിഴ് അവാര്‍ഡ് പരിപാടിയിലാണ് സുജാത മനസ് തുറന്നത്. ‘കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാന്‍ വേദിയില്‍ ലൈവ് പാടിയിട്ടില്ല. എന്റെ ശബ്ദത്തിന് ചില പ്രശ്‌നങ്ങളുണ്ടായതിനാലാണത്. പക്ഷേ, ഞാന്‍ ജീവിതത്തില്‍ വിട്ടുകൊടുക്കില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി പരിശീലനം തുടരുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂര്‍ അതിനായി എല്ലാ ദിവസവും മാറ്റിവയ്ക്കും. ഇനിയും ശക്തമായി പരിശീലനം തുടരണം എന്നാണ് വിചാരിക്കുന്നത്.’ എന്നാണ് സുജാത പറഞ്ഞത്. അഞ്ച് പതിറ്റാണ്ട് നീണ്ടു കിടക്കുന്ന കരിയറില്‍ 20000 ലധികം പാട്ടുകള്‍ പാടിയിട്ടുണ്ട് സുജാത. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്. മലയാളത്തില്‍ സുജാത ഒടുവിലായി പാടിയത് 2023 ല്‍ പുറത്തിറങ്ങിയ പാപ്പചന്‍ ഒളുവിലാണ് എന്ന ചിത്രത്തിന് വേണ്ടിയാണ്.

ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ഇന്ത്യ; 899 രൂപ വരെ വര്‍ധന, നാളെ മുതല്‍ പ്രാബല്യം

ഡല്‍ഹി: ആഗോളതലത്തില്‍ വിമാന ഇന്ധനവില കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളിലെ ഇന്ധന സര്‍ചാര്‍ജ് പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. മിക്ക റൂട്ടുകളിലും ബുധനാഴ്ച മുതല്‍ മാറ്റം നിലവില്‍ വരും. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് ഏപ്രില്‍ 10 മുതലായിരിക്കും പുതുക്കിയ സര്‍ചാര്‍ജ് ബാധകമാകുക.

വിമാന ഇന്ധന വില വര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയ പെട്രോളിയം മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും നടപടിക്ക് പിന്നാലെയാണ് ഈ പരിഷ്‌കരണമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കായി ഫ്‌ലാറ്റ് സര്‍ചാര്‍ജിന് പകരം ദൂരത്തിനനുസരിച്ചുള്ള പ്രത്യേക നിരക്കാണ് എയര്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 500 കിലോമീറ്റര്‍ വരെയുള്ള ചെറിയ ദൂരങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഒരു സെക്ടറിന് 299 രൂപ അധികമായി നല്‍കണം. അതേസമയം 2,000 കിലോമീറ്ററിന് മുകളില്‍ യാത്ര ചെയ്യുന്നവര്‍ 899 രൂപ വരെ അധികമായി നല്‍കേണ്ടി വരും.

അന്താരാഷ്ട്ര റൂട്ടുകളിലാണ് ഇതിന്റെ ആഘാതം കൂടുതല്‍ പ്രകടമാകുന്നത്. യൂറോപ്പിലേക്കുള്ള യാത്രക്കാര്‍ ഒരു സെക്ടറിന് 205 ഡോളര്‍ നല്‍കണം. വടക്കേ അമേരിക്കയിലേക്കും ഓസ്ട്രേലിയയിലേക്കും പോകുന്നവര്‍ 280 ഡോളര്‍ സര്‍ചാര്‍ജ് ആയി നല്‍കേണ്ടി വരും.ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് 50 ഡോളറും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 100 ഡോളറുമാണ് സര്‍ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വര്‍ധന.