സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് എഫ്ഐആറുകളാണ് വിജിലന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാമത്തെ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വിജിലന്‍സ് സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് -1 ആണ് രണ്ട് എഫ്ഐറുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളും ഇന്നുതന്നെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നല്‍കും.

നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയത്. ആദ്യ കേസ് അഴിമതി നിരോധന നിയമപ്രകാരവും, രണ്ടാമത്തേത് കുഴല്‍പ്പണ ഇടപാട് കേസുമാണ്. രണ്ടു കേസിലും വീണ പ്രതിയാണ്. രണ്ടാമത്തെ കേസിലാണ് വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസ് പ്രതിയായിട്ടുള്ളത്. ഈ കേസിൽ റിയാസ് ഒന്നാം പ്രതിയാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസെടുത്തത്.

സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇ ഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ ബെഞ്ച് ഉത്തരവിട്ടത്. ഇ ഡി ഡിജിപിക്ക് നല്‍കിയ നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ എസ്‌ഐടിയുടെ പ്രാഥമികാന്വേഷണമല്ല, എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശിച്ചത്. വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഇ.ഡി നല്‍കിയ റിപ്പോര്‍ട്ടില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് 3.28 കോടി രൂപ വഴിവിട്ട് കൈപ്പറ്റിയെന്നും വീണയ്ക്ക് 20 കോടിയോളം രൂപയുടെ അനധികൃത വരുമാനമുണ്ടെന്നും ഹവാല ഇടപാടുകള്‍ നടന്നെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പൊലീസിന് ഇ ഡി വിവരങ്ങള്‍ നല്‍കിയത്. അഴിമതി നിരോധന നിയമത്തിലെ സെക്‌ഷൻ 13(1)(ബി) പ്രകാരം 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ഇ.ഡി കണ്ടെത്തിയിട്ടും ബിഎൻഎസ്എസ് നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാണ് സർക്കാർ പ്രാഥമിക അന്വേഷണത്തിനു മാത്രം ഉത്തരവിട്ടതെന്ന് ഹർജിയിൽ ആരോപിച്ചിരുന്നു.

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു

കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്കടിച്ചു കൊന്നു

കോട്ടയം: കോട്ടയത്ത് അച്ഛനെ മകന്‍ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കോട്ടയം മണിമലയിലാണ് സംഭവം. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. മകന്‍ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിന്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവും മാത്രമാണ് മണിമലയിലെ വീട്ടില്‍ താമസിക്കുന്നത്. വല്ലപ്പോഴും എത്തുമ്പോള്‍ മദ്യപിച്ച് ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

ശനിയാഴ്ച മദ്യപിച്ചെത്തിയ സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതുകണ്ട ഇളയമകന്‍ സച്ചു കാപ്പിക്കമ്പ് എടുത്ത് സന്തോഷിന്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു ചോരയില്‍ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ, റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യുന്നതിനു രണ്ടു മാസത്തെ സാവകാശം അനുവദിച്ചു.

നിയമാനുസൃതമായി ഉള്‍പ്പെട്ട ശേഷം, ജീവിത സാഹചര്യങ്ങളില്‍ വന്ന മാറ്റംമൂലം അര്‍ഹത നഷ്ടപ്പെട്ടിട്ടും ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്ന വര്‍ക്ക് ഒഴിവാകാം.

ഇത്തരക്കാര്‍ പട്ടികയില്‍ തുടരുന്നതു യഥാര്‍ഥ കുടുംബങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുമെന്നു പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണര്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു നടപടി.

കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക പ്രകാശനം നടന്നു

കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക പ്രകാശനം നടന്നു

ആറ്റിങ്ങൽ: സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിമോൾ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക പ്രകാശനം ആറ്റിങ്ങൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉണ്ണി ആറ്റിങ്ങൽ പുസ്തക പ്രകാശനം നിർവഹിച്ചു. കവിയും നാടകപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി.

സാഹിത്യ പബ്ലിക്കേഷൻസ് മാനേജിംഗ് എഡിറ്റർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.. പ്രേം മധുസൂദനൻ പുസ്തക പരിചയം നടത്തി.

ലോഹിദാസ് എസ്, ശാന്തകുമാരിഅമ്മ, രശ്മി മൂത്തേടത്ത് , മണികണ്ഠൻ.ജി.എസ്., ദിലിപ്രസാദ് സുരേന്ദ്രൻ, ദിനശ്രീ സുചിത്തൻ, കൃഷ്ണ ടി.എസ്,എം.ജി. മനോജ്, അക്ഷര രാജ്
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി ടൂറിസം സൗഹൃദപരമായ പുതിയ എക്സൈസ് നയം സർക്കാർ ഉടൻ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ . വിനോദസഞ്ചാരത്തിന് എതിരുനിൽക്കുന്ന യാതൊരു തീരുമാനവും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും ഇതിനായുള്ള പുതിയ നയരൂപീകരണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എഡിറ്റോറിയൽ ഡയറക്ടർ പ്രഭു ചൗള അവതാരകനായ ‘ക്യു ആൻഡ് എ വിത്ത് ദി ചീഫ് മിനിസ്റ്റർ’ എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളിൽ പോയാൽ ആസ്വദിക്കാൻ പബ്ബുകളും മറ്റ് സൗകര്യങ്ങളുമുണ്ട്, എന്നാൽ കേരളത്തിൽ നിലവാരമുള്ള മദ്യം പോലും കിട്ടാൻ പ്രയാസമാണെന്ന് കേൾക്കുന്നുണ്ട്, അതിനാൽ എക്സൈസ് നയം ടൂറിസം സൗഹൃദമാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന പ്രഭു ചൗളയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രണ്ട് വർഷത്തിനകം കേരളത്തിലെത്തുന്ന ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി പ്രമുഖ ആഗോള, ദേശീയ ഹോട്ടൽ ശൃംഖലകളുടെ പങ്കാളിത്തത്തോടെ 25 പുതിയ ഫൈവ് സ്റ്റാർ ഹോട്ടലുകൾ സംസ്ഥാനത്ത് ആരംഭിക്കാൻ ധാരണയായിട്ടുണ്ട്. പ്ലാന്റേഷൻ ടൂറിസത്തിന് അനുമതി നൽകുന്ന നിർണ്ണായക നിയമ ഭേദഗതി ഈ മാസം തന്നെ പൂർത്തിയാക്കും. ആധുനിക ഓഷ്യനേറിയം, അന്താരാഷ്ട്ര മാരിടൈം മ്യൂസിയം, ആയുർവേദ-വെൽനസ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ കേന്ദ്രങ്ങളായ നോളജ് വാലികൾ എന്നിവ വികസിപ്പിക്കും. യൂറോപ്യൻ മാതൃകയിൽ 44 നദികളെ പരസ്പരം ബന്ധിപ്പിച്ച് റിവർ ക്രൂയിസുകളും കൊച്ചി, കോഴിക്കോട് കേന്ദ്രീകരിച്ച് ക്രൂയിസ് ടെർമിനലുകളും സജ്ജമാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് പൈലറ്റ് പരിശീലനം, ഹെലികോപ്റ്റർ ട്രെയിനിങ്, എം.ആർ.ഒ സംവിധാനങ്ങൾ എന്നിവയടങ്ങുന്ന ഏവിയേഷൻ ഹബ്ബായി കേരളത്തെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അഞ്ചുലക്ഷം കോടിയോളം രൂപയുടെ കടബാധ്യതയുണ്ടെങ്കിലും അഞ്ചുവർഷത്തെ ഭരണകാലയളവിൽ നികുതി വർദ്ധിപ്പിക്കൽ ഒരു പരിഹാരമായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം ഒരു ഉപഭോഗ സംസ്ഥാനമായതിനാൽ നികുതി കൂട്ടുമ്പോൾ അത് വെട്ടിക്കാനുള്ള പ്രവണതയാണ് ഉണ്ടാവുക. ന്യായമായ നിരക്കുകൾ നിലനിർത്തിക്കൊണ്ട് പുതിയ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയാണ് വേണ്ടത്. വനഭൂമിയും ഉയർന്ന ജനസാന്ദ്രതയും കാരണം ഭൂലഭ്യത കുറവുള്ള സംസ്ഥാനത്ത് വലിയ നിക്ഷേപ സാധ്യതകളാണ് തുറമുഖങ്ങൾ തുറന്നിടുന്നത്.

വിഴിഞ്ഞം ഉൾപ്പെടെയുള്ള രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങളെയും 18 ചെറുകിട തുറമുഖങ്ങളെയും സംയോജിപ്പിച്ച് കേരളത്തിന്റെ 600 കിലോമീറ്റർ തീരപ്രദേശത്തെ ഒരു സമ്പൂർണ്ണ ‘പോർട്ട് സിറ്റി’യായി വികസിപ്പിക്കും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം മാതൃകയിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സർക്കാർ ഭൂമി ഓഹരിയായി നൽകി പ്രവാസികൾക്ക് 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ നിക്ഷേപിക്കാൻ സൗകര്യമൊരുക്കുന്ന സാമ്പത്തിക മാതൃകകൾ ഉടൻ അവതരിപ്പിക്കും.

കേരളത്തിൽ സിപിഎമ്മിന്റെ സംഘടനാപരമായ തകർച്ചയിൽ തങ്ങൾ സന്തോഷിക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പാർട്ടിയുടെ നിലപാടുകളെ രൂക്ഷമായി വിമർശിച്ചു. ബംഗാളിൽ സിപിഎമ്മിന് സംഭവിച്ച തകർച്ചയും തുടർന്ന് അണികൾ ബിജെപിയിലേക്ക് ഒഴുകിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ കടുത്ത കോൺഗ്രസ് വിരുദ്ധ നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ചില ഘട്ടങ്ങളിലൊക്കെ അവർ ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കാൻ പോലും മടിക്കുന്നില്ല. പഴയ ചിന്താഗതികളിൽ കുടുങ്ങിക്കിടക്കുന്ന സിപിഎമ്മിന് യുവതലമുറയുടെയും പൊതുജനങ്ങളുടെയും വികാരങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയ-ആശയപരമായ ശത്രു എന്നും ബിജെപി തന്നെയാണെന്നും അദ്ദേഹം ആവർത്തിച്ചു.

മുസ്ലിം ലീഗിന് ഭരണത്തിൽ അമിത പ്രാധാന്യം നൽകുന്നുവെന്ന പ്രചാരണം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കഴിഞ്ഞ ആറ് പതിറ്റാണ്ടായി യു.ഡി.എഫ് സർക്കാരുകളിൽ വിദ്യാഭ്യാസ വകുപ്പ് പൂർണ്ണമായും ലീഗിന്റെ കൈവശമായിരുന്ന സ്ഥാനത്ത്, ഇത്തവണ ചരിത്രത്തിലാദ്യമായി വകുപ്പ് വിഭജിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് നേരിട്ട് ഏറ്റെടുത്തു. ലീഗ് മതേതര സ്വഭാവമുള്ള ജനാധിപത്യ പാർട്ടിയാണ്. മുനമ്പം ഭൂമി പ്രശ്നം ഉയർന്നപ്പോൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേരിട്ട് ഇടപെട്ടാണ് പ്രശ്നം രമ്യമായി പരിഹരിച്ചത്. ന്യൂനപക്ഷങ്ങൾക്കിടയിലെ മിതവാദ ശബ്ദമായ മുസ്ലിം ലീഗ് ദുർബലമായാൽ ആ വിടവ് മുതലെടുക്കുന്നത് തീവ്രവാദ സംഘടനകളായിരിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പോരുവഴി ചാത്താകുളം ജിജി ഭവനില്‍ ജോസ് ഡാനിയേല്‍ (അലക്‌സ് 64) കൊല്ലപ്പെട്ട സംഭവത്തിലാണ് ഭാര്യ മറിയാമ്മ ജോസിനെ (59) കഴിഞ്ഞ ദിവസം ചെന്നൈയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 20നു രാവിലെയാണ് ജോസിനെ മരിച്ച നിലയില്‍ മറിയാമ്മ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുന്നത്. ആത്മഹത്യ ചെയ്‌തെന്നാണ് ആശുപത്രിയിലും ബന്ധുക്കളോടും ഭാര്യ പറഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ കഴുത്തിലെ പാടുകളിലും ശരീരത്തിലെ ചെറിയ മുറിവുകളിലും അസ്വാഭാവികത തോന്നിയ ഡോക്ടര്‍ പൊലീസിനെ വിവരമറിയിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൃതദേഹ പരിശോധന നടത്തിയ ശേഷം ഇടവക പള്ളിയില്‍ സംസ്‌കരിച്ചു. മൃതദേഹ പരിശോധനയുടെയും ഫൊറന്‍സിക് പരിശോധനയുടെയും ഫലങ്ങള്‍ പുറത്തുവന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞതെന്നും പൊലീസ് പറയുന്നു.

ജോസും മറിയാമ്മയും മാത്രമാണ് ചാത്താകുളത്തെ വീട്ടിലുണ്ടായിരുന്നത്. കഴുത്തില്‍ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ ശേഷം, ജോസ് ആത്മഹത്യ ചെയ്‌തെന്നു മറിയാമ്മ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു. സംസ്‌കാരത്തിനു ശേഷം പൊലീസ് നടപടി ഭയന്നു മറിയാമ്മ ചെന്നൈയിലേക്ക് പോയി. അവിടെ മകന്റെ സുഹൃത്തിന്റെ സ്ഥാപനത്തില്‍ കഴിയുകയായിരുന്നു. ഫോണ്‍ രേഖകള്‍ പരിശോധിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം മറിയാമ്മയെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിച്ചു.

അടൂര്‍ തുവയൂര്‍ ആനമുക്ക് സ്വദേശിയായ ജോസ് രണ്ട് വര്‍ഷമായി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ്. ഭര്‍ത്താവിനെ പരിചരിക്കുന്നതില്‍ മറിയാമ്മ നേരിട്ട ബുദ്ധിമുട്ടുകളും ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.