by Midhun HP News | Sep 7, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് പവന് 480 രൂപയാണ് കുറഞ്ഞത്. 1,13,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് കുറഞ്ഞത്. 14,130 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തൊഴിലുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്നുള്ള അനൂകൂല റിപ്പോര്‍ട്ട് ആണ് സ്വര്‍ണവില കുറയാന്‍ പ്രധാന കാരണം. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ നിക്ഷേപകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് റിപ്പോര്‍ട്ട്. അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് യഥാര്‍ഥത്തില്‍ സ്വര്‍ണത്തിന് വിനയായത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.
by Midhun HP News | Sep 6, 2026 | Latest News, കേരളം
ആറ്റിങ്ങൽ: കോൺഗ്രസിലെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ കെപിസിസി പാളയം പ്രദീപിനെതിരെയും സജാദിനെതിരെയും നടപടി സ്വീകരിച്ചു. ഇരുവരെയും പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. എം എം ഹസ്സൻ അധ്യക്ഷനായുള്ള അന്വേഷണ കമ്മീഷൻ പ്രാഥമിക വിവരശേഖരണത്തിന് ശേഷം കെപിസിസി പ്രസിഡൻറ് വിവരങ്ങൾ ധരിപ്പിച്ചിരുന്നു. തുടർന്നാണ് കെപിസിസി പാളയം പ്രദീപിനെയും സജാദിനെയും സസ്പെൻഡ് ചെയ്തത്. ഈ സംഭവത്തിൽ എംഎൽഎ ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ള മറ്റുള്ളവർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. രമ്യ ഹരിദാസ് എംഎൽഎ അന്വേഷണ കമ്മീഷൻ മുൻപിൽ നേരിട്ട് ഹാജരായതുമില്ല. ഫോൺ മുഖാന്തരം സംസാരിച്ചിട്ടുണ്ടെന്നും നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എം എം ഹസ്സൻ മാധ്യമം പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന യോഗത്തിൽ എംഎൽഎയുടെ ബിനാമിക്ക് എന്തുകാര്യം എന്ന ചോദ്യം ഉയർത്തി സജാദ് കോൺഗ്രസിന്റെ പ്രാദേശിക ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടിരുന്നു. ഇത് ചോദ്യം ചെയ്യുവാൻ എംഎൽഎയും പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും സജാദിന്റെ വീട്ടിൽ എത്തുകയും പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സജിത്ത് മുട്ടപ്പലവും കോൺഗ്രസ് പ്രാദേശിക നേതാക്കളും ഇവിടെ എത്തി. തുടർന്ന് വീട്ടിനുള്ളിൽ തർക്കവും എംഎൽഎയും ജില്ലാ പഞ്ചായത്ത് അംഗവും തമ്മിലുള്ള കയ്യാങ്കളിയും നടക്കുകയായിരുന്നു.

പോലീസ് കെപിസിസി നടപടികൾ നീരസം പ്രകടിപ്പിച്ച് സജാദ്
ആറ്റിങ്ങൽ: ചിറയിൻകീഴിൽ കോൺഗ്രസ് ജനപ്രതിനിധികൾ തമ്മിലടിച്ച് സംഭവത്തിൽ തന്റെ പരാതിയിൽ കേസെടുക്കാത്തതിലെ നീരസം പ്രകടിപ്പിച്ച് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് സജാദ്. കെപിസിസി നടപടി വാർത്ത വന്നതിനുശേഷം അഭിപ്രായം ആരാഞ്ഞ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ വീട്ടിൽ വന്നാണ് പാളയം പ്രദീപ് പ്രശ്നമുണ്ടാക്കിയത്. എന്നിട്ടും താൻ കൊടുത്ത പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ തനിക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കെപിസിസിയുടെ നടപടി വാർത്തകളിലൂടെയാണ് കേട്ടത്. സസ്പെൻഷൻ നേടാൻ വേണ്ടി യാതൊരു തെറ്റും താൻ ചെയ്തിട്ടില്ല. വന്ന പ്രശ്നമുണ്ടാക്കിയ എംഎൽഎയ്ക്കെതിരെയും നടപടിയെടുത്തു കാണുന്നില്ല അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ ഈ വിഷയത്തിൽ ഇപ്പൊൾ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

by Midhun HP News | Sep 6, 2026 | Latest News, കേരളം
കൊച്ചി: സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണം എന്നതാണ് പ്രധാന ആവശ്യം. ഡീസലിന് സബ്‌സിഡി അനുവദിക്കണം, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നും സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശങ്ങള്‍ അപര്യാപ്തമാണെന്നും ബസുടമകള്‍ ചൂണ്ടിക്കാട്ടുന്നു. സമരപ്രഖ്യാപനം മറ്റന്നാള്‍ ഉണ്ടാകും.

സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ ബസുകള്‍ കനത്ത നഷ്ടത്തിലാണ്. ഈ നഷ്ടം നികത്താന്‍ പര്യാപ്തമായ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ ഇല്ലെന്ന് ബസുടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഒരു ദിവസം പോലും സര്‍വീസ് നടത്താന്‍ കഴിയാത്ത പരിതസ്ഥിതിയിലാണ്.
ഇത്തരമൊരു അവസ്ഥയില്‍ സംസ്ഥാന്തത് സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍, സ്വകാര്യ ബസുടമകള്‍ സെപ്റ്റംബര്‍ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ബസുകളും നിര്‍ത്തിവെക്കുന്നതില്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും ബസുടമകളുടെ സംഘടനകള്‍ അറിയിച്ചു.



by Midhun HP News | Sep 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചിറയിൻകീഴിൽ ചിറയിന്‍കീഴില്‍ രമ്യ ഹരിദാസ് എംഎല്‍എയും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായ കയ്യാങ്കളി പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവത്തിൽ വിശദമായ അന്വേഷണ റിപ്പോർട്ട് ഞായറാഴ്ച തന്നെ കെപിസിസിക്ക് ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ കർശന അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയം പാർട്ടി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഉൾപ്പാർട്ടി തർക്കങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകരും നേതാക്കളും പരമാവധി സംയമനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നും പരസ്യമായ അച്ചടക്കലംഘനം വെച്ചുപൊറുപ്പിക്കില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ ചിറയിൻകീഴിലെ സംഘർഷത്തിനിടെ തനിക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് തന്റെ ഔദ്യോഗിക സ്റ്റാഫാണെന്ന രമ്യ ഹരിദാസ് എംഎൽഎയുടെ വാദങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നു. നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഔദ്യോഗിക വിവരങ്ങൾ പ്രകാരം എംഎൽഎയുടെ സർക്കാർ അംഗീകൃത സ്റ്റാഫ് പട്ടികയിൽ പാളയം പ്രദീപിന്റെ പേരില്ല.

ഒരു എംഎൽഎയ്ക്ക് സർക്കാർ അനുവദിക്കുന്നത് മൂന്ന് ഔദ്യോഗിക സ്റ്റാഫ് അംഗങ്ങളെയാണ്. മണ്ഡലം പ്രതിനിധിയായി ഡെപ്യൂട്ടേഷനിൽ നിയമിച്ച വിമൽ, ഒരു ഡ്രൈവർ, മറ്റൊരു ഓഫീസ് ജീവനക്കാരൻ എന്നിവരാണ് നിലവിൽ രമ്യ ഹരിദാസിന്റെ അംഗീകൃത സ്റ്റാഫ് പട്ടികയിലുള്ളത്. മുൻപ് ആലത്തൂർ എംപിയായിരുന്ന കാലത്ത് പ്രദീപ് രമ്യയുടെ സ്റ്റാഫിലുണ്ടായിരുന്നുവെങ്കിലും, എംഎൽഎയായ ശേഷം ഇയാളെ ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, പ്രദീപിനെ സ്റ്റാഫിൽ ഉൾപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് രമ്യ ഹരിദാസിന്റെ പക്ഷം.
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് യോഗത്തിൽ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത പാളയം പ്രദീപ് പങ്കെടുത്തത് കോൺഗ്രസ് പ്രാദേശിക നേതാക്കൾ ചോദ്യം ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇതിൽ പ്രകോപിതരായി രമ്യ ഹരിദാസും പ്രദീപും ചേർന്ന് ചോദ്യം ചെയ്ത പ്രാദേശിക കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ രാത്രിയിലെത്തുകയും, തുടർന്ന് അവിടെവെച്ച് രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു.
ഒരു ജനപ്രതിനിധി എന്ന നിലയിൽ രാത്രി പ്രവർത്തകന്റെ വീട്ടിൽ നേരിട്ടെത്തി പ്രശ്നങ്ങളുണ്ടാക്കിയത് രമ്യ ഹരിദാസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തൽ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിനുണ്ട്. വിഷയം പരസ്യമായ വിഴുപ്പലക്കലിലേക്ക് പോകാതിരിക്കാൻ ജില്ലയിലെ മുതിർന്ന നേതാക്കൾ ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നതിനിടെയാണ് പാളയം പ്രദീപിന്റെ സ്റ്റാഫ് പദവി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ കെപിസിസി കൈക്കൊള്ളുന്ന അച്ചടക്ക നടപടി സംസ്ഥാന രാഷ്ട്രീയത്തിൽ ഉറ്റുനോക്കപ്പെടുകയാണ്.

എംഎം ഹസൻറെ നേതൃത്വത്തിലുള്ള കെപിസിസി അന്വേഷണ സമിതിയുടെ യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. എംഎൽഎ കൂടി ഉള്ളതിനാൽ കേസില്ലാതെ പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ സജീവമാണെന്നാണ് സൂചന. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന് ഇരു കൂട്ടർക്കുമെതിരെ പാർട്ടി തലത്തിൽ നടപടിയുണ്ടായേക്കുമെന്നും രമ്യയെ ശാസിച്ചേക്കുമെന്നുമാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

by Midhun HP News | Sep 6, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ ബൈപാസിന് സമീപം കാറ്റാടിമുക്കിൽ ആയിഷ മൻസിലിൽ മോഷണം. ഡോർ പൊളിച്ചു അകത്ത് കടന്ന കള്ളൻ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു കടന്നു കളഞ്ഞു. വീട്ടിൽ താമസക്കാർ ഇല്ലാത്ത തക്കം നോക്കിയാണ് കള്ളൻ കയറിയത്. ഇതിന് മുന്നേ ഈ വീട്ടിൽ നിന്നും സൈക്കിളും, അതിന് മുൻപ് വാട്ടർ പമ്പ് ഉൾപ്പെടെ മോഷ്ടിച്ചിരുന്നു. കടയ്ക്കാവൂർ പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു.




by Midhun HP News | Sep 6, 2026 | Latest News, കേരളം
കല്ലാടിയിൽ ജൂലൈ ഏഴിനുണ്ടായ മണ്ണിടിച്ചിലിൽ എട്ട് പേർ മരിക്കുകയും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ നിർമാണം നിലയ്ക്കുകയും ചെയ്തിട്ട് രണ്ട് മാസം പിന്നിടുന്നു. നിർമാണം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കാൻ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ.

അതേസമയം, പദ്ധതിയുടെ കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്ന് എൽഡിഎഫ് മുന്നറിയിപ്പ് നൽകി. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതവും കല്ലാടിയിലെ മണ്ണിടിച്ചിലിലേക്ക് നയിച്ച സാഹചര്യങ്ങളും പരിശോധിക്കാനാണ് സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഓഗസ്റ്റ് അവസാനത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് വൈകുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ.

“കല്ലാടിയിൽ ഇതിനകം നടത്തിയ ഓരോ സാങ്കേതിക പ്രവർത്തനവും വിശദമായി പരിശോധിക്കേണ്ടി വന്നു. ഭാവിയിൽ നടത്താനിരിക്കുന്ന പത്തോളം നിർമാണ പ്രവർത്തനങ്ങളും പരിശോധിച്ച് എന്താണ് സംഭവിച്ചതെന്നും ഭാവിയിൽ എന്തെല്ലാം മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നുമാണ് വിലയിരുത്തിയത്. അതുകൊണ്ടാണ് റിപ്പോർട്ട് അൽപം വൈകിയത്. ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ,” – വിദഗ്ധ സമിതി അംഗവും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജി ഡയറക്ടറും സ്ഥാപകനുമായ ഡോ. സി കെ വിഷ്ണുദാസ് മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോർട്ട് ലഭിച്ച ശേഷം വിഷയം മന്ത്രിസഭ ചർച്ച ചെയ്യും. തുടർന്ന് ജനപ്രതിനിധികളായ സി കെ കാസിം, കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി, നിർവഹണ ഏജൻസികളുടെയും നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിന്റെയും പ്രതിനിധികളുടെയും യോഗം ചേരുമെന്നും കാസിം പറഞ്ഞു.

“പദ്ധതിയുടെ നിർമാണം ഉടൻ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി ഉപേക്ഷിക്കാൻ സർക്കാരിന് യാതൊരു പദ്ധതിയുമില്ല,” കാസിം വ്യക്തമാക്കി.
പദ്ധതിക്ക് അനുകൂലമായ റിപ്പോർട്ടാണ് വിദഗ്ധ സമിതിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് തിരുവമ്പാടി മുൻ എംഎൽഎയും സിപിഎം നേതാവുമായ ലിന്റോ ജോസഫ് പറഞ്ഞു.
“വർഷങ്ങളായി ഗതാഗത പ്രശ്നങ്ങൾ നേരിടുന്നവരാണ് വയനാട്ടുകാർ. ബദൽ പാതകൾ പലതുണ്ടെങ്കിലും ഏറ്റവും പ്രായോഗികമായ പരിഹാരമായാണ് വയനാട് തുരങ്കപാത പദ്ധതിയെ കാണുന്നത്. കല്ലാടിയിലെ മണ്ണിടിച്ചിൽ നിർഭാഗ്യകരമായ സംഭവമാണ്. എന്നാൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ച് ആനക്കാംപൊയിൽ മേഖലയിലടക്കം നിർമാണം പുനരാരംഭിക്കുകയാണ് വേണ്ടത്,” അദ്ദേഹം പറഞ്ഞു.
“നിർമാണം നിലച്ചിട്ട് രണ്ട് മാസത്തോളമായി. ഒരാഴ്ച കൂടി കാത്തിരിക്കും. അതിനുള്ളിൽ സർക്കാർ തീരുമാനമെടുത്തില്ലെങ്കിൽ എൽഡിഎഫ് ശക്തമായ സമരവുമായി രംഗത്തിറങ്ങും,” ലിന്റോ ജോസഫ് പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ തുരങ്കപാത ആരംഭിക്കുന്ന ആനക്കാംപൊയിൽ മേഖലയിൽ ഒരു തുരങ്കത്തിൽ 110 മീറ്ററും മറ്റൊന്നിൽ 20 മീറ്ററും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്.
വയനാട്ടിലെ ദീർഘകാല ഗതാഗത, കണക്ടിവിറ്റി പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന ലൈഫ്‌ലൈനായാണ് പദ്ധതിയെ അനുകൂലിക്കുന്നവർ കാണുന്നത്. എന്നാൽ പദ്ധതിയുടെ പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ സുരക്ഷയെക്കുറിച്ച് പരിസ്ഥിതി പ്രവർത്തകർ ശക്തമായ ആശങ്കകൾ ഉയർത്തുന്നുണ്ട്.
“പദ്ധതി തുടരാനാണ് സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അത് വലിയ ദുരന്തത്തിന് വഴിവയ്ക്കും. നിർമാണത്തിൽ എത്ര സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചാലും അസ്ഥിരമായ മലനിരകളിലൂടെയാണ് തുരങ്കം നിർമിക്കേണ്ടത്. ഭാവിയിൽ കല്ലാടിയിലുണ്ടായതിന് സമാനമായ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇത് കാരണമാകാം,” വയനാട് പ്രകൃതി സംരക്ഷണ സമിതി ചെയർമാൻ ബദൂഷ പറഞ്ഞു.
“പദ്ധതി ഉപേക്ഷിക്കുക മാത്രമാണ് ഇതിനുള്ള ഏക പരിഹാരം. എന്നാൽ സർക്കാർ അത്തരമൊരു തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളും അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും വയനാട് ഇരട്ട തുരങ്കപാത പദ്ധതിയുടെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാകും.

Recent Comments