by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടിന് ഇളമ്പ ഏറത്ത് പള്ളിയറ ഭഗവതിക്ഷേത്രത്തിൽ തുടക്കമായി. വെള്ളിയാഴ്ച രാത്രി 8-ന് ഉച്ചബലിക്രിയകളോടെ കാളീനാടകത്തിന്റെ ചടങ്ങുകൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം വെളുപ്പിന് 4-ന് കലശം കെട്ടും മുടിയെടുപ്പും നടന്നു. രാത്രി 8-ന്. വെള്ളാട്ടംകളിയും കുരുത്തോലത്തുള്ളലും. എട്ടിന് രാത്രി 8-ന് നാരദൻ പുറപ്പാട്. ഒൻപതിന് രാത്രി 8-ന് നായർപുറപ്പാട്. 10-ന് രാത്രി 8-ന് ഐരാണിപ്പറ പുറപ്പാട്. 11-ന് രാത്രി 8-ന് കണിയാരുപുറപ്പാടും വേലൻ പുറപ്പാടും. 12-ന് രാത്രി 8-ന് പുലയർ പുറപ്പാട്, മുക്കണ്ണൻ പുറപ്പാട്, കള്ളുകുടിയൻ പുറപ്പാട്, പാണ്ഡുബ്രാഹ്മണൻ പുറപ്പാട്, വെളുപ്പിന് 4-ന് വള്ളി-സുബ്രഹ്മണ്യ പരിണയം, കുറത്തിമാലവയ്പ്. 13-ന് വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും പറണേറ്റും നടക്കും.
മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും.
നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.


by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
വെഞ്ഞാറമൂട്–കോലിയക്കോട് റോഡിൽ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കോലിയക്കോട് സ്വദേശിനി ഗംഗ (38) ആണ് മരിച്ചത്. സ്കൂട്ടറിൽ യുവതിയോടൊപ്പം യാത്ര ചെയ്തിരുന്ന മകൻ അമർനാഥ് (17) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
പോത്തൻകോട് ഭാഗത്തുനിന്ന് വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടർ കോലിയക്കോടിന് സമീപത്ത് വലതുവശത്തേക്ക് തിരിയുന്നതിനിടെ പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസ് സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ബസ് മുന്നോട്ട് നീങ്ങി എതിരേ വന്ന കാറിൽ ഇടിക്കുകയും ചെയ്തു. കാറിനും ബസിനും ഇടയിൽ സ്കൂട്ടർ കുടുങ്ങുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗംഗയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. റോഡിൽ നിന്ന് വീട്ടിലേക്ക് തിരിയുന്നതിനായി ഇൻഡിക്കേറ്റർ നൽകി സ്കൂട്ടർ നിർത്തി തിരിയുന്നതിനിടെയാണ് പിന്നിൽ നിന്നെത്തിയ കെ എസ് ആർ ടി സി ബസ് ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത, മരണം
19പാർവതിപുരം വാർഡിലേയും VRA 141 (വാണിഗാർഡൻസ്) അംഗവുമായ രഞ്ജിത്കുമാർ (71) നിര്യാതനായി.
ഭാര്യ: ഷീല
മക്കൾ: ദീപക്, കാവ്യ
by Midhun HP News | Mar 8, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയ്ക്കിടെ തുണിയും പഞ്ഞിയും സ്ത്രീയുടെ വയറ്റിനുള്ളിലാക്കി തുന്നിക്കെട്ടിയെന്ന സംഭവത്തില്‍ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയിലെ സര്‍ജന്‍ ഡോ. പ്രശാന്തിനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. മേനംകുളം കൃഷ്‌ണേന്ദുവില്‍ ഷീബ പ്രമോദ് (47) ആണ് പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
വയറുവേദനയെ തുടര്‍ന്നു കഴിഞ്ഞ ഡിസംബര്‍ 3നാണ് ഷീബ ആശുപത്രിയില്‍ എത്തിയത്. സ്‌കാനിങ്ങില്‍, അപെന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്നു ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് അടുത്ത ദിവസം ശസ്ത്രക്രിയ നടത്തി. ഡിസംബര്‍ 12 ന് വീട്ടിലേക്കു മടങ്ങി. പിന്നീടു പലതവണ ഇതേ ആശുപത്രിയിലെത്തി മുറിവ് ഡ്രസ് ചെയ്‌തെങ്കിലും വയറില്‍ വേദന അനുഭവപ്പെടുകയും തുന്നിച്ചേര്‍ത്ത സ്ഥലത്തു മുറിവില്‍ പഴുപ്പുണ്ടായി. വീണ്ടും ഇതേ ആശുപത്രിയില്‍ എത്തി ചികിത്സ തേടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അവധിയിലാണെന്നും മറ്റൊരു ഡോക്ടര്‍ പരിശോധിച്ച ശേഷം കുഴപ്പമില്ലെന്നും പറയുകയായിരുന്നു. മുറിവുണങ്ങാന്‍ മരുന്നുകളും നല്‍കി.
വേദന കുറയാതെ വന്നപ്പോള്‍ ഷീബ നഗരത്തിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തി. അവിടെ നടത്തിയ പരിശോധനയില്‍ മുറിവിന്റെ ഒരു വശത്തു കൂടി നൂല്‍ പുറത്തുവന്നത് കണ്ടെത്തി. വിശദമായ പരിശോധനയില്‍ വയറ്റിനുള്ളില്‍ തുണിയും പഞ്ഞിയുടെ ഭാഗങ്ങളും ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. വീണ്ടും കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തുകയും ഫെബ്രുവരി 4നു വീണ്ടും ശസ്ത്രക്രിയ നടത്തി. തുണിയുടെയും പഞ്ഞിയുടെയും ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.


by Midhun HP News | Mar 8, 2026 | Latest News, ദേശീയ വാർത്ത
അഹമ്മദാബാദ്: ടി 20 ലോകകപ്പ് ഫൈനലില്‍ കിരീടം തേടി ഇന്ത്യ ഇന്നിറങ്ങുന്നു. നാലാം ഫൈനലിന് ഇറങ്ങുന്ന ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ വൈകീട്ട് ഏഴു മണി മുതലാണ് ഫൈനല്‍ മത്സരം. മൂന്നാം ടി20 ലോകകിരീടം ലക്ഷ്യമിട്ടാണ് സൂര്യകുമാര്‍ യാദവും സംഘവും വീണ്ടും ബൂട്ടുകെട്ടുന്നത്.
ഒരിക്കല്‍ക്കൂടി സഞ്ജു സാംസണിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യന്‍ ഇന്നിങ്‌സിന് ചുക്കാന്‍ പിടിച്ച സഞ്ജുവില്‍ നിന്നും കലാശപ്പോരാട്ടത്തിലും സമാന ബാറ്റിങ്ങ് പ്രകടനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്.
സ്പിന്നര്‍ കുല്‍ദീപ് യാദവ് ടീമിലെത്തിയാല്‍, വരുണ്‍ ചക്രവര്‍ത്തിയോ അര്‍ഷ് ദീപ് സിങ്ങോ പുറത്തായേക്കും. ആറാം ബൗളറുടെ കുറവാണ് ഇന്ത്യ നേരിടുന്ന ദൗര്‍ബല്യം. അഭിഷേക് ശര്‍മ ഫോമിലേക്ക് തിരിച്ചെത്താത്തതും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് തലവേദനയാണ്. എങ്കിലും അഭിഷേക് ടീമില്‍ തുടര്‍ന്നേക്കും. അഭിഷേകിന് പകരം റിങ്കു സിങ്ങിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ടി 20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ രണ്ടു കിരീടങ്ങളാണ് നേടിയിട്ടുള്ളത്. നിലവില്‍ രണ്ടു കിരീടങ്ങളുമായി വെസ്റ്റ് ഇന്‍ഡീസിനും ഇംഗ്ലണ്ടിനുമൊപ്പമാണ് ഇന്ത്യ. മൂന്നാം കിരീടത്തിലൂടെ സുവര്‍ണ നേട്ടത്തിലെ ഒന്നാമനാകുകയാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. അതോടൊപ്പം സ്വന്തം നാട്ടില്‍ ടി 20 ലോകകപ്പ് ജേതാക്കള്‍ ആയവര്‍ ആരുമില്ല എന്ന ചരിത്രം തിരുത്തിയെഴുതാനും സൂര്യയും സംഘവും ആഗ്രഹിക്കുന്നണ്ട്.
ടി 20 ലോകകപ്പിലെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ന്യൂസിലന്‍ഡ് ഫൈനലിന് ഇറങ്ങുന്നത്. മിച്ചല്‍ സാന്റ്‌നറാണ് കിവീസ് നായകന്‍. സന്തുലിത ടീമുമായിട്ടാണ് കിവീസ് പോരിനിറങ്ങുന്നത്. പരാജയമറിയാതെ വന്ന ദക്ഷിണാഫ്രിക്കയെയാണ് സെമിയില്‍ ന്യൂസിലന്‍ഡ് തോല്‍പ്പിച്ചത്. മത്സരഗതി മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഓഫ് സ്പിന്നര്‍ കോള്‍ മകോന്‍കിയാണ് കിവീസിന്റെ വജ്രായുധം. സ്പിന്നര്‍ ഇഷ് സോധിയെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍ ജെയിംസ് നീഷാം പുറത്തിരിക്കും.


by Midhun HP News | Mar 8, 2026 | Latest News, ദേശീയ വാർത്ത
ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്കകം ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ആക്രമണം. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചു. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചു.
ഇറാനില്‍ നിന്നുള്ള ആക്രമണം തടയുന്ന ശ്രമത്തില്‍, കത്തിയമര്‍ന്ന അവശിഷ്ടം വാഹനത്തില്‍ പതിച്ച് അല്‍ ബര്‍ഷയില്‍ ഏഷ്യന്‍ വംശജനായ ഡ്രൈവറാണ് മരിച്ചത്. ദുബായ് വിമാനത്താവളത്തിന്റെ ഇന്ധനടാങ്കിന് നേരെ നടന്ന മിസൈല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത്, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലും തുടര്‍ച്ചയായ ആക്രമണമുണ്ടായി.
ബഹ്റൈനിലും വിവിധ ഇടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. യുഎസ് ബേസിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ബഹ്റൈന്‍ തലസ്ഥാനമായ മനാമയില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ വീടിനും കെട്ടിടത്തിനും കേടുപാടുണ്ടായെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇറാഖിലെ ബാഗ്ദാദിലെ യുഎസ് എംബസിക്കുനേരെയും ഇറാന്റെ റോക്കറ്റാക്രമണം ഉണ്ടായി. ഇറാഖ് തലസ്ഥാനത്ത് ഉടനീളം വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതിനു ശേഷമാണ് എംബസിക്ക് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ശത്രുക്കള്‍ക്ക് താവളം ഒരുക്കി നല്‍കിയ അയല്‍ക്കാരെ ലക്ഷ്യം വയ്ക്കുന്നത് തുടരുമെന്ന് ചീഫ് ജസ്റ്റിസ് മുഹ്‌സനി ഇസെയ് പറഞ്ഞു.


Recent Comments