വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു’, കോടതി വിധിക്കെതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധി വന്നതിന് പിന്നാലെ പ്രതികരിച്ച് അതിജീവിത. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടെന്ന് പ്രോസിക്യൂട്ടർമാർ തന്നെ തന്നോട് പറഞ്ഞിരുന്നു. തന്നോടൊപ്പം നിന്ന മനുഷ്യർക്ക് നന്ദി അറിയിക്കുന്നതായും നടി കുറിപ്പിൽ വ്യക്തമാക്കി.

കുറിപ്പിൽ പറയുന്നത്

എട്ടു വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ.. ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിൻ്റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറുപേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു!! എന്റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അല്പം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

അതുപോലെ ഒന്നാംപ്രതി എൻ്റെ പെഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് ഇപ്പോഴും പറയുന്നവരോട്, അത് ശുദ്ധമായ നുണയാണ്. അയാൾ എൻ്റെ ഡ്രൈവറോ എന്റെ ജീവനക്കാരനോ എനിക്ക് ഏതെങ്കിലും രീതിയിൽ പരിചയമുള്ള വ്യക്തിയോ അല്ല, 2016ൽ ഞാൻ വർക്ക്ചെയ്‌ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നും നിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണമാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്. അതുകൊണ്ട് ദയവായി നിങ്ങൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.
ഈ വിധി പലരെയും ഒരുപക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ, എനിക്കിതിൽ അത്ഭുതമില്ല. 2020 ൻ്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട ഹൈക്കോടതിയെയും ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്‌തുത ജഡ്ജിൽനിന്നും ഈ കേസ് മാറ്റണമെന്നുള്ള എൻ്റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു. അതിൻ്റെ വിശദാംശങ്ങൾ ഇതിന്റെ അവസാനം ഞാൻ ചേർക്കുന്നുണ്ട്.
നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കും ഒടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു, “നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല” തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതി ബോധമുള്ള ന്യായിധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു.

അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക – അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.

ഈ ട്രയൽ കോടതിയിൽ എൻന്റെ വിശ്വാസം നഷ്ടപ്പെടാൻ കാരണമായ കാര്യങ്ങൾ:
* ഈ കേസിൽ എൻ്റെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടില്ല.
ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ്, കോടതി കസ്റ്റഡിയിൽ ഉണ്ടായിരിക്കെ മൂന്നു തവണ അനധികൃതമായി തുറന്നുവെന്നും പരിശോധിച്ചുവെന്നും കണ്ടെത്തി.

* ഈ കേസിൽ ആദ്യം എത്തിയ രണ്ട് പബ്ലിക് പ്രോസിക്യൂട്ടർമാർ കോടതിയിലെ അന്തരീക്ഷം പ്രോസിക്യൂഷനോട് ശത്രുതാപരമായി പെരുമാറുന്നതായി വ്യക്തമാക്കിക്കൊണ്ട് രാജിവെച്ചു. അവർ ഇരുവരും എന്നോട് വ്യക്തിപരമായി പറഞ്ഞത്, ഈ കോടതിയിൽ നിന്ന് നീതി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് – അവർക്ക് ഈ കോടതിയിൽ പക്ഷപാതം ഉണ്ടെന്ന തോന്നൽ ഉറപ്പായതിനാലാണ് അത്.

* മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെ ട്ട്സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഞാൻ പലതവണ ആവശ്യപ്പെട്ടു. എന്നാൽ അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും നൽകിയിരുന്നില്ല പിന്നീട് ഹൈക്കോടതി നിർദേശ പ്രകാരം മാത്രമാണ് നൽകപ്പെട്ടത്.

* ഞാൻ ഒരു ന്യായമായ വിചാരണയ്ക്കായി ജഡ്ജിനെ മാറ്റണമെന്ന ഹർജിയുമായി ഫൈറ്റ് ചെയ്യുമ്പോൾ, പ്രതി ഭാഗം ഇതേ ജഡ്‌ജി തന്നെ ഈ കേസ് തുടർന്നും പരിഗണിക്കണം എന്ന ആവശ്യവുമായി ഹർജിയിൽ കക്ഷി ചേർന്നു. ഇത് എന്റെ സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു.

* എന്റെ ആശങ്കകളും അനുഭവങ്ങളും അറിയിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിക്കും, ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്കും, ബഹുമാനപ്പെട്ട സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും എനിക്ക് കത്തുകൾ അയക്കേണ്ടതായും വന്നിട്ടുണ്ട്.

* ഈ കേസിൻ്റെ നടപടികൾ ഓപ്പൺ കോടതിയിൽ പൊതുജനങ്ങളും മാധ്യമങ്ങളും നേരിട്ട് കാണാൻ കഴിയുന്ന രീതിയിൽ നടത്തണമെന്ന് ഞാൻ ഈ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ ആ അപേക്ഷയും തീർത്തും നിഷേധിക്കപ്പെടുകയായിരുന്നു

വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില

വീണ്ടും കുതിച്ചുപൊങ്ങി പൊന്ന്; അറിയാം കേരളത്തിലെ ഇന്നത്തെ സ്വർണവില

ഇന്നലെ സ്വർണവില ഒന്ന് ബ്രേക്കിട്ടെങ്കിലും ഇന്ന് വീണ്ടും വില വർധിച്ചു. 98,200 രൂപയാണ് ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് വിലയുണ്ടായത്. ഇന്ന് അതിൽ നിന്നും 600 രൂപ വർധിച്ച് പവന് 98,800 രൂപയായി. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില. 12,350 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നിരക്ക്.
സ്വർണവില ഈ വർഷം അവസാനിക്കുന്നതിന് മുന്നേ ഒരു ലക്ഷം കടക്കുമോ എന്നാണ് സാമ്പത്തിക വിദഗ്ധരും ആഭരണ പ്രേമികളും ഉറ്റുനോക്കുന്നത്.

യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

യാത്രയ്ക്കിടെ ദിലീപിന്റെ ‘ഈ പറക്കും തളിക’ വച്ചു; കെഎസ്ആർടിസിയിൽ പ്രതിഷേധം

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന്റെ സിനിമ കെഎസ്ആർടിസി ബസിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കവും പ്രതിഷേധവും. തിരുവനന്തപുരം- തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം.

ബസില്‍ കുടുംബസമേതം സഞ്ചരിച്ച പത്തനംതിട്ട സ്വദേശിനി രശ്മി ആർ ശേഖറാണ് പ്രതിഷേധവുമായി ആദ്യമെത്തിയത്. പിന്നാലെ ബസിലെ മറ്റു ചില യാത്രക്കാരും പിന്തുണച്ചു. എന്നാൽ കുറ്റവിമുക്തനായ സാഹചര്യത്തില്‍ ദിലീപ് ചിത്രം വയ്ക്കുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടവരും ബസിലുണ്ടായിരുന്നു. ബസ് യാത്ര പുറപ്പെട്ട വേളയില്‍ത്തന്നെ ദിലീപ് നായകനായ ‘പറക്കുംതളിക’ എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. ഇതോടെ ഈ വഷളന്റെ സിനിമയാണല്ലോ പ്രദര്‍ശിപ്പിക്കുന്നതെന്ന് രശ്മിയുടെ മകന്‍ അഭിപ്രായപ്പെട്ടു. ഇതോടെ രശ്മി കണ്ടക്ടറോട് പറഞ്ഞ് സിനിമ ഒഴിവാക്കാനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സിനിമ പ്രദര്‍ശിപ്പിക്കാനോ ആവശ്യപ്പെട്ടു.

എന്നാല്‍ കണ്ടക്ടര്‍ ആദ്യഘട്ടത്തില്‍ ആവശ്യം നിരാകരിച്ചു. അടുത്ത സ്റ്റോപ്പായ വട്ടപ്പാറയിലേക്ക് ടിക്കറ്റ് നല്‍കി അവിടെ ഇറങ്ങാന്‍ രശ്മിയോടു ആവശ്യപ്പെടുകയും ചെയ്തു. അടൂരിലേക്കായിരുന്നു രശ്മിയ്ക്കു പോവേണ്ടിയിരുന്നത്. എന്നാല്‍ ബസിലുള്ള യാത്രക്കാരില്‍ ഭൂരിഭാഗം പേരും ദിലീപിന്റെ ചിത്രം വേണ്ട എന്ന നിലപാട് സ്വീകരിച്ചതോടെ കണ്ടക്ടര്‍ സിനിമ പ്രദർശിപ്പിക്കുന്നത് ഒഴിവാക്കി.

ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍; വരുണ്‍ ചക്രവര്‍ത്തിക്ക് നേട്ടം

ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍; വരുണ്‍ ചക്രവര്‍ത്തിക്ക് നേട്ടം

ധരംശാല: അന്താരാഷ്ട്ര ടി20യില്‍ 50 വിക്കറ്റുകള്‍ തികച്ച് ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. ടി20യില്‍ അതിവേഗം 50 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി ഇതോടെ വരുണ്‍ മാറി.

30 മത്സരങ്ങളില്‍ നിന്നു 50 വിക്കറ്റുകള്‍ തികച്ച കുല്‍ദീപ് യാദവാണ് റെക്കോര്‍ഡ് പട്ടികയില്‍ ഒന്നാമത്. വരുണ്‍ 32ാം മത്സരത്തിലാണ് നേട്ടം സ്വന്തമാക്കിയത്.ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഡോണോവന്‍ ഫെരെയ്‌രയെ പുറത്താക്കിയാണ് വരുണ്‍ വിക്കറ്റ് നേട്ടം 50ല്‍ എത്തിച്ചത്. പിന്നാലെ താരം മാര്‍ക്കോ യാന്‍സനേയും പുറത്താക്കി. ഇരുവരേയും വരുണ്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മത്സരത്തില്‍ 4 ഓവര്‍ പന്തെറിഞ്ഞ വരുണ്‍ 11 റണ്‍സ് മാത്രം വഴങ്ങിയാണ് 2 വിക്കറ്റുകള്‍ നേടിയത്. നിലവില്‍ മൊത്തം 32 കളിയില്‍ 51 വിക്കറ്റുകള്‍.

ഐസിസി ടി20 ബൗളര്‍മാരുടെ റാങ്കിങില്‍ നിലവില്‍ ഒന്നാം സ്ഥാനത്താണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് വരുണ്‍.

കേസില്‍ വിധി വന്നതിനു പിന്നാലെ ദിലീപ് ശബരിമലയില്‍

കേസില്‍ വിധി വന്നതിനു പിന്നാലെ ദിലീപ് ശബരിമലയില്‍

പത്തനംതിട്ട: നടന്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തി. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചര്‍ച്ചയാകുന്നതിനിടെയാണ് ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. ഇന്നു രാവിലെയാണ് ദിലീപ് സന്നിധാനത്തെത്തിയത്.തന്ത്രിയുമായി വഴിപാടുമായി ബന്ധപ്പെട്ട് ദിലീപ് ചര്‍ച്ച നടത്തി. ദേവസ്വം ഉദ്യോഗസ്ഥരുമായും ദിലീപ് ചര്‍ച്ച നടത്തി. ഇരുമുടിക്കെട്ട് ഇല്ലാത്തതിനാല്‍ പതിനെട്ടാംപടി ചവിട്ടാതെയാണ് ദിലീപ് സന്നിധാനത്ത് എത്തിയതെന്നാണ് വിവരം. ദിലീപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഒഴിവാക്കാന്‍ പൊലീസും അധികൃതരും ശ്രദ്ധിക്കുന്നുണ്ട്.

കഴിഞ്ഞ തവണ ദിലീപ് ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയപ്പോള്‍ വിഐപി പരിഗണന നല്‍കിയത് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ദിലീപിന് ശ്രീകോവിലിന് മുന്നില്‍ 10 മിനിറ്റോളം ദര്‍ശനത്തിന് അനുവദിച്ചതാണ് കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്. ശബരിമല ദര്‍ശനത്തിനെത്തുന്ന വ്യക്തികള്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഐഡിബിഐ ബാങ്ക് പുതിയ ശാഖ നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു

ഐഡിബിഐ ബാങ്ക് പുതിയ ശാഖ നെയ്യാറ്റിൻകരയിൽ ഉദ്ഘാടനം ചെയ്തു

ഐ ഡി ബി ഐ ബാങ്കിൻ്റെ പുതിയ ശാഖ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര ആലുംമൂട് ജങ്ഷനിൽ മീനൂസ് ആർക്കേഡിൽ ബാങ്ക് കൊച്ചി സോണൽ ഹെഡ് & സി ജി എം ശ്രീ രാജേഷ് മോഹൻ ഝാ I ഉൽഘാടനം നിർവ്വഹിച്ചു തുടർന്ന് എടിഎം ഉൽഘാടനം നിംസ് മെഡിസിറ്റി എംഡി ഫൈസൽ ഖാൻ നിർവ്വഹിച്ചു. തുടർന്ന് ഫൈസൽ ഖാനെ ആദ രിക്കുകയും ആദ്യം അനുവദിച്ച ബാങ്കിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തു. ശാഖ മേധാവി ശ്രീ അജു എ എസ് നന്ദി പ്രസംഗം നടത്തുകയും ചെയ്തത്തോടുകൂടി പരിപാടി സമാപിച്ചു.