by Midhun HP News | Feb 18, 2026 | Latest News, കേരളം
കൊല്ലം: കൊല്ലം നിലമേലില്‍ ഭക്ഷ്യവിഷബാധ മൂലം രണ്ട് പേര്‍ മരിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അടപ്പിച്ച വിഴിഞ്ഞത്തെ അസ്മാക് ഹോട്ടല്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് കണ്ടെത്തി. ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് നിയമാനുസൃത അനുമതിയില്ലെന്നും സ്ഥാപനത്തിന് ആവശ്യമായ ലൈസന്‍സും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഴിഞ്ഞം തീരത്ത് പ്രവര്‍ത്തിക്കുന്ന 14 ഹോട്ടലുകളില്‍ 12 എണ്ണം ആരോഗ്യവകുപ്പിന്റെ അനുമതിയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന വിവരവും പുറത്തുവന്നു. സംഭവത്തെ തുടര്‍ന്ന് ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷ്യസാമ്പിളുകള്‍ രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ഹോട്ടല്‍ പൊലീസ് അടപ്പിച്ചു. മരിച്ച റഷീദ ബീവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭക്ഷ്യവിഷബാധ സംശയിക്കപ്പെടുന്നുണ്ടെങ്കിലും, മരുമകന്‍ ഷാജിയുടെ റിപ്പോര്‍ട്ടില്‍ അത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ഇരുവരുടെയും ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചതിനും രാസപരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതിനും ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തതയുണ്ടാകൂ. റഷീദ ബീവിയുടെ മകള്‍ സജിമോള്‍ ചികിത്സയില്‍ തുടരുകയാണ്. കുടുംബം ഭക്ഷണം കഴിച്ചുവെന്ന് ആരോപിക്കുന്ന ഹോട്ടലില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും വൃത്തിഹീന സാഹചര്യമോ പഴകിയ ഭക്ഷണമോ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്.


by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
പുതിയ തീരുമാനമല്ലെന്നും ടൂറിസം കേന്ദ്രങ്ങളിലുള്ള ബാറുകൾക്ക് നിലവിലുള്ള ഇളവ് മറ്റു ബാറുകൾക്ക് കൂടി നടപ്പാക്കികൊണ്ട് സമയം ഏകീകരിച്ചതാണെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. സമയം പുനക്രമീകരിക്കുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തിന് ഫയൽ നീക്കത്തെക്കുറിച്ച് അറിയമായിരുന്നു. പ്രതിപക്ഷവും അനുകൂല നിലപാട് എടുത്തിരുന്നു. മര്യാദ പാലിക്കേണ്ടതുകൊണ്ട് ഇപ്പോൾ കൂടുതൽ കാര്യങ്ങൾ പറയുന്നില്ല. ഫയൽ നീക്കം വൈകിയതിനാലാണ് ഉത്തരവിറങ്ങാൻ വൈകിയത്. അല്ലെങ്കിൽ ഒക്ടോബറിൽ തന്നെ പുറത്തുവരുമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
ടൂറിസം കേന്ദ്രങ്ങളുടെ പരിധിയിലുള്ള ബാറുകൾക്ക് മാത്രം രാവിലെ പത്തുമുതൽ രാത്രി 12വരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് വിവേചനത്തിന് കാരണമാകുന്നുവെന്ന് മറ്റു ബാറുടമകളടക്കം പരാതി ഉന്നയിച്ചിരുന്നു. സമയം ഏകീകരിക്കണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നതാണ്.
വിനോദ സഞ്ചാര മേഖലയെ ലക്ഷ്യമിട്ടാണ് എല്ലാ ബാറുകളുടെയും സമയം ഏകീകരിക്കാൻ തീരുമാനിച്ചത്. മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ബാറുകളുടെ സമയക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. കർണാടകയിൽ രാവിലെ രാവിലെ പത്തു മുതൽ അർധരാത്രി 12വരെയും ബെംഗളൂരുവിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒരു മണിവരെയുമാണ് ബാറുകൾക്ക് അനുമതി. കർണാടകയിൽ നാലു ലക്ഷം മുതൽ പത്തുലക്ഷം വരെ പല സ്ലാബുകളിലായാണ് ബാർ ലൈസൻസ് ഫീ. തമിഴ്‌നാട്ടിൽ 12 മണിക്കൂറാണ് ബാറുകളുടെ പ്രവർത്തന സമയമെന്നും മന്ത്രി പറഞ്ഞു.


by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമനം നേടുന്ന അധ്യാപകര്‍ രണ്ട് വര്‍ഷത്തിനുളളില്‍ കെ ടെറ്റ് നേടിയാല്‍ മതിയെന്ന് മന്ത്രി വി ശിവന്‍ കുട്ടി. കെ ടെറ്റ് പാസാകാത്തവരുടെ ശമ്പളം തടഞ്ഞുവയ്ക്കില്ലെന്നും മന്ത്രി പറഞ്ഞു. ഭിന്നശേഷിസംവരണത്തില്‍ നിയമന നടപടി രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഇന്നുതന്നെ ഇറക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകര്‍ക്ക് കെ-ടെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ പെട്ടെന്നൊരു മാറ്റം അധ്യാപകരെ ബാധിക്കുമെന്നതിനാല്‍ രണ്ടായിരത്തി പന്ത്രണ്ടിന് മുമ്പ് നിയമിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നു. എന്നാല്‍ 2025 സെപ്റ്റംബര്‍ 1-ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധി, ഇത്തരം ഇളവുകളെ നിരാകരിക്കുകയും കെ-ടെറ്റ് ഇല്ലാത്തവരെ സര്‍വീസില്‍ നിന്ന് നീക്കണമെന്ന് പറയുകയും ചെയ്തു. ഇത് ഇരുപതിനായിരത്തോളം അധ്യാപകരുടെയും അവരുടെ കുടുംബങ്ങളെയും ബാധിക്കും. കോടതി വിധി നടപ്പിലാക്കിക്കൊണ്ട് തന്നെ അധ്യാപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വഴി കണ്ടെത്തിയിരിക്കുകയാണ്. വിധി പ്രകാരം രണ്ടു വര്‍ഷം കെ-ടെറ്റ് പാസ്സാകാന്‍ സമയം നല്‍കുന്നുണ്ട്.
ആ സമയം വരെ ശമ്പളമില്ലാതെ ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍, രണ്ടു വര്‍ഷത്തിനുള്ളില്‍ കെ-ടെറ്റ് നേടണം എന്ന വ്യവസ്ഥയില്‍, 2025 സെപ്തംബര്‍ 1 നു മുന്‍പ് നിയമനം ലഭിച്ചതും സമാന യോഗ്യതകളായ നെറ്റ്, സെറ്റ്, എം.ഫില്‍, പി.എച്ച്.ഡി. എന്നിവ ഉള്ള എല്ലാവര്‍ക്കും ശമ്പള സ്‌കെയിലില്‍ താല്‍ക്കാലിക അപ്രൂവല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനുശേഷം തീരുമാനം കൈക്കൊള്ളുന്നതാണ്.
ഭിന്നശേഷി സംവരണത്തിലെ സുപ്രീംകോടതി വിധി എല്ലാ മാനേജ്‌മെന്റുകള്‍ക്കും ബാധകമായിരിക്കുമെന്നും ഇതുസംബന്ധിച്ച് എജിയുടെ നിയമോപദേശം ലഭിച്ചുവെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കൃത്യമാക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡിലെ ചെറിയ തെറ്റുകള്‍ മൂലമോ അപേക്ഷ നല്‍കിയിട്ടും കാര്‍ഡ് ലഭിക്കാത്തത് മൂലമോ കുട്ടികളെ എണ്ണത്തില്‍ ഉള്‍പ്പെടുത്താതെ വന്നു. ഇത് തസ്തികകള്‍ നഷ്ടപ്പെടുന്നതിലേക്കും അധ്യാപകര്‍ ജോലിയില്‍ നിന്ന് പുറത്താക്കപ്പെടുന്നതിലേക്കും നയിച്ചു.
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഒരു അധ്യാപകന്റെയും ജോലി പോകരുത് എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് 2025 ജൂലൈ 14 വരെ ആധാറിനായി അപേക്ഷിച്ച കുട്ടികളെയും, തെറ്റുകള്‍ തിരുത്താന്‍ അപേക്ഷിച്ചവരെയും പരിഗണിച്ച് തസ്തിക പുനര്‍നിര്‍ണ്ണയിക്കാന്‍ ഉത്തരവിട്ടു. ഇതിലൂടെ പുറത്തുപോയ പല അധ്യാപകരെയും തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.


by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ ഷോപ്പിംഗ് കോംപ്ലക്സ് & ടെർമിനൽ നിർമ്മാണം ഒന്നാം ഘട്ടം എന്ന പ്രവർത്തിക്ക് പത്തുകോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ഒ .എസ് . അംബിക എം.എൽ.എ വാർത്ത കുറിപ്പിൽ അറിയിച്ചു.
ദേശീയപാതയോരത്തെ വളരെ പ്രാധാന്യമുള്ളതും പതിറ്റാണ്ടുകളുടെ പഴക്കമുള്ളതുമായഈ ബസ് ടെർമിനലിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ 2023 – 24സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് പ്രസംഗത്തിൽ ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാൽ ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമ്മിക്കുമെന്ന് അറിയിച്ചിരുന്നു.

ഇതിൻറെ ഭാഗമായാണ് ഭരണാനുമതി ലഭ്യമായിരിക്കുന്നത്.ആദ്യഘട്ടത്തിൽ ദീർഘദൂര യാത്രയ്ക്കും ഹ്രസ്വ ദൂര യാത്രയ്ക്കുംരണ്ട് ബസ് ടെർമിനലുകൾ നിർമ്മിക്കുന്നതിനും ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനുള്ള തുകയാണ് വകയിരുത്തിയിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തീകരിച്ച്സാങ്കേതിക അനുമതി സമയബന്ധിതമായി ലഭ്യമാക്കി ടെൻഡർ നടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ ബിൽഡിംഗ്സ് വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

by Midhun HP News | Feb 18, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ ഡോക്യുമെൻ്ററി പുരസ്കാരം ചായമൻസയുടെ സംവിധായിക ബിന്ദു നന്ദന ഏറ്റുവാങ്ങി. കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിൽ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്കാര സാഹിതി ചെയർമാൻ സി ആർ മഹേഷ് എം എൽ എ പുരസ്കാരം നൽകി.
ചലച്ചിത്ര താരം പ്രേംകുമാർ, സംവിധായകൻ ആലപ്പി അഷറഫ്, നടൻ സലിം ഹസൻ, സംസ്കാര സാഹിതി വർക്കിംഗ് ചെയർമാൻ എൻ വി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


by Midhun HP News | Feb 18, 2026 | Latest News, ദേശീയ വാർത്ത
മുംബൈ: മഹാരാഷ്ട്രയിലെ മുസ്ലീം സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും അനുവദിച്ചിരുന്ന അഞ്ച് ശതമാനം സംവരണം സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കി. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓര്‍ഡിനന്‍സ് കാലാവധി കഴിഞ്ഞതും കോടതിയുടെ ഇടക്കാല സ്റ്റേ തുടരുന്നതുമാണ് ഇത്തരമൊരൂ തീരുമാനത്തിന് കാരണമെന്നാണ് ഉത്തരവില്‍ പറയുന്നത്.

കോണ്‍ഗ്രസ് – എന്‍സിപി സര്‍ക്കാരാണ് മറാത്തകള്‍ക്ക് 16 ശതമാനവും മുസ്ലീങ്ങള്‍ക്ക് അഞ്ച് ശതമാനവും സംവരണം അനുവദിച്ചുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നത്. ‘പ്രത്യേക പിന്നാക്ക വിഭാഗം (എ)’ എന്നതില്‍ ഉള്‍പ്പെടുത്തി മുസ്ലീം വിഭാഗത്തിന് സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം ഏര്‍പ്പെടുത്തിയത്.
2014 മുതലുള്ള ഇതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സര്‍ക്കുലറുകളും പിന്‍വലിച്ചതായി ഉത്തരവില്‍ പറയുന്നു. കൂടാതെ ഈ വിഭാഗത്തിന് കീഴില്‍ മുസ്ലീങ്ങള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റുകളും നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും നിര്‍ത്തിവച്ചതായി ഉത്തരവില്‍ വ്യക്തമാക്കുന്നു.

Recent Comments