സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരുടെ നില വ്യക്തമല്ല; സ്ഥിരീകരിച്ച് വ്യോമസേന

സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു; പൈലറ്റുമാരുടെ നില വ്യക്തമല്ല; സ്ഥിരീകരിച്ച് വ്യോമസേന

ഡല്‍ഹി: സുഖോയ് 30 MKI യുദ്ധവിമാനം തകര്‍ന്നുവീണു. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് 60 കി.മി അകലെയാണ് വിമാനം തകര്‍ന്നു വീണതെന്ന് ഇന്ത്യന്‍ വ്യോമസേന സ്ഥിരീകരിച്ചു. തിരച്ചില്‍ പുരോഗമിക്കുകയാണെന്നും അറിയിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. അവസാനമായി രാത്രി 7.42നാണു ബന്ധപ്പെട്ടതെന്നു ഇന്ത്യന്‍ വ്യോമസേന എക്‌സില്‍ കുറിച്ചു.

ജോര്‍ഹട്ട് വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിനിടെയാണ് അപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാരുടെ വിവരങ്ങള്‍ ലഭ്യമല്ല. റഷ്യന്‍ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ച സുഖോയ് 30 MKI ഇരുസീറ്റര്‍ മള്‍ട്ടിറോള്‍ യുദ്ധവിമാനമാണ്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മിച്ച യുദ്ധവിമാനമാണിത്.

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ തുടരാനും ദേശീയ അടിയന്തര പ്രതിസന്ധി, ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി മൊബൈല്‍ സന്ദേശങ്ങള്‍ ഉള്‍പ്പെടെ യുഎഇ നിവാസികള്‍ക്ക് ലഭിച്ചു. സാമൂഹ്യ മാധ്യമങ്ങളിലും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ പുറത്തിറങ്ങരുത് എന്നും നിര്‍ദേശം എടുത്തുപറയുന്നുണ്ട്. അറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. യാത്രികര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ കണ്ട് ഭയപ്പെടരുത്. ശാന്തത പാലിക്കുകയും നിങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് പോകുകയും ചെയ്യുക. എത്തിക്കഴിഞ്ഞാല്‍, ഏറ്റവും അടുത്തുള്ള സുരക്ഷിതമായ സ്ഥലത്തേക്ക് പോകണമെന്നും മുന്നറിയിപ്പിലുണ്ട്.

യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ വ്യാഴാഴ്ച മാത്രം ആറ് ബാലിസ്റ്റിക് മിസൈലുകളും 125 ഡ്രോണുകളും തടഞ്ഞുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎസ് – ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ പ്രത്യാക്രമണം ആരംഭിച്ച ശേഷം ഇതുവരെ യുഎഇ ലക്ഷ്യമാക്കി 196 ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചെന്നാണ് യുഎഇ പറയുന്നത്. 1,072 ഇറാനിയന്‍ ഡ്രോണുകളും യുഎഇ ലക്ഷ്യമിട്ടെത്ത്. ഇതില്‍ 1,001 എണ്ണം നിര്‍വീര്യമാക്കിയപ്പോള്‍ എഴുപത്തിയൊന്ന് ഡ്രോണുകള്‍ യുഎഇ പ്രദേശത്തിനുള്ളില്‍ വീണു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എട്ട് ക്രൂയിസ് മിസൈലുകള്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ടെന്നും യുഎഇ അറിയിച്ചു.

ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടം; പ്രതിയുടെ പിതാവ് അറസ്റ്റില്‍

ജാസ്ലിയയുടെ മരണത്തിന് ഇടയാക്കിയ അപകടം; പ്രതിയുടെ പിതാവ് അറസ്റ്റില്‍

കൊച്ചി: അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സന്റെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തില്‍ പ്രതിയുടെ പിതാവ് അറസ്റ്റില്‍. കാര്‍ ഓടിച്ച കോട്ടയം സ്വദേശി ഡോക്ടര്‍ സിറിയക്കിന്റെ പിതാവ് അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനാണ് അറസ്റ്റ്.

ജാസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിച്ച് പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു. പതിവുപോലെ ജോലികഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുവരികയായിരുന്ന ജാസ്ലിയയെ പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

സ്വര്‍ണവിലയില്‍ ഇടിവ്; പവന് 560 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. ഇന്ന് പവന് 560 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,18,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. 14,860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം ഒന്നിന് 1,26,920 രൂപയായിരുന്നു സ്വര്‍ണവില. ഇന്നലെ രണ്ട് തവണയാണ് വിലയില്‍ കുറവുണ്ടായത്. ഇന്നലെ മാത്രം പവന് 1200 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് സ്വര്‍ണം താഴോട്ടിറങ്ങുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വന്‍കുതിപ്പ് നടത്തിയതിന് പിന്നാലെയാണ് ഇടിവ് രേഖപ്പെടുത്തിയത്.

സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം, ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് അനുവദിച്ച് യുഎസ്

ഡല്‍ഹി: പശ്ചിമേഷ്യയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി. 30 ദിവസത്തെ ഇളവാണ് യുഎസ് ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സെന്റാണ് 30 ദിവസത്തെ ഇളവ് പ്രഖ്യാപിച്ചത്.

മാര്‍ച്ച് 5, 2026 മുതല്‍ കപ്പലുകളില്‍ കയറ്റിയ റഷ്യന്‍ അസംസ്‌കൃത എണ്ണയുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും വിതരണവും വില്‍പനയും ഇന്ത്യയിലേക്ക് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ലൈസന്‍സ് പുറത്തിറക്കിയതായി ട്രഷറി ഡിപ്പാര്‍ട്ട്മെന്റിന്റെ ഓഫീസ് ഓഫ് ഫോറിന്‍ അസറ്റ് കണ്‍ട്രോള്‍ പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഉപരോധങ്ങളാല്‍ തടഞ്ഞുവെച്ച കപ്പലുകളില്‍ നിന്നുള്ള ഇടപാടുകള്‍ക്കാണ് ഇളവ്. 2026 ഏപ്രില്‍ 3 വരെയാണ് ഇളവ് അനുവദിച്ചത്.

‘പ്രസിഡന്റ് ട്രംപിന്റെ ഊര്‍ജ അജണ്ട എണ്ണ, വാതക ഉത്പാദനം എക്കാലത്തെയും ഉയര്‍ന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാന്‍, ട്രഷറി ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യന്‍ റിഫൈനറികള്‍ക്ക് റഷ്യന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കുന്ന 30 ദിവസത്തെ താത്ക്കാലിക ഇളവ് നല്‍കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യന്‍ സര്‍ക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നല്‍കില്ല, കാരണം ഇതിനകം കടലില്‍ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് മാത്രമേ അംഗീകാരം നല്‍കുന്നുള്ളൂ. ഇന്ത്യ അമേരിക്കയുടെ ഒരു പ്രധാന പങ്കാളിയാണ്, ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വര്‍ധിപ്പിക്കുമെന്ന് ഞങ്ങള്‍ പൂര്‍ണമായി പ്രതീക്ഷിക്കുന്നു. ഇറാന്‍ ആഗോള ഊര്‍ജമേഖലത്തെ ബന്ദിയാക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന സമ്മര്‍ദം ഈ താത്ക്കാലിക നടപടി ലഘൂകരിക്കും,’ ബെസ്സെന്റ് എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു

ഇടയ്ക്കോട് മംഗളോദയം ഗ്രന്ഥശാല ഊരൂപൊയ്കയുടെ നേതൃത്വത്തിൽ ഭിന്നശേഷി കൂട്ടായ്മസംഘടിപ്പിച്ചു. അതിന്റെ ഭാഗമായി മുദാക്കൾ പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. തുടർന്ന് നടന്ന അനുമോദന ചടങ്ങിൽ ബഡ്സ് സ്കൂളിലെ അധ്യാപകരെയും കുട്ടികളെയും എം എൽ എ വി ശശി ആദരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈനി മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ്‌ കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. രാജേശ്വരി ടീച്ചർ, സിജി കെ രവികുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എസ് രാജാശേഖൻ നന്ദി പറഞ്ഞു.