കനത്ത ചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കനത്ത ചൂട്: കൊല്ലത്ത് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കൊല്ലം: കനത്ത ചൂടിനെ തുടര്‍ന്ന് നാളെ കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

പാലക്കാട് ജില്ലയില്‍ ഇന്നും നാളെയും താപനില 41 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. ഈ ദിവസങ്ങളില്‍ കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും രേഖപ്പെടുത്തുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയേക്കാള്‍ നാലു മുതല്‍ അഞ്ചു ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു

നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി; യുവാവ് മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറയില്‍ നിയന്ത്രണം വിട്ട് ബൈക്ക് മെട്രോയുടെ മീഡിയനിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. തൃപ്പൂണിത്തുറ തെക്കുംഭാഗം ചിത്രാ നഗര്‍ ആളൂക്കാരന്‍ വീട്ടില്‍ ബിജുവിന്റെയും നിഖി ഉറുമീസിന്റെയും മകന്‍ ഹോര്‍മിസ് മാത്യു (24) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 1.45 ഓടെയാണ് സംഭവം. ചമ്പക്കര പേട്ട ഭാഗത്ത് 953-ാം നമ്പര്‍ മെട്രോ തൂണിനു സമീപം വച്ച് ഹോര്‍മിസിന്റെ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹോര്‍മിസിനെ ഉടന്‍ വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറയില്‍ നിന്ന് വൈറ്റിലയിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം.

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു. വൈക്കത്ത് വിറ്റ PO 384654 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ എറണാകുളത്ത് വിറ്റ PT 566485 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. അഞ്ചു ലക്ഷം രൂപയുടെ മൂന്നാം സമ്മാനം മാനന്തവാടിയില്‍ വിറ്റ PP 163187 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.

ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 50 രൂപയാണ് ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize ₹5,000/-

PN 384654

PP 384654

PR 384654

PS 384654

PT 384654

PU 384654

PV 384654

PW 384654

PX 384654

PY 384654

PZ 384654

4th Prize ₹5,000/-

0461 0831 1260 3179 4305 4589 4709 5381 5737 6269 6789 7691 8181 8670 8678 8710 8781 9254 9874

5th Prize ₹2,000/-

0750 1143 1433 4272 5656 7616

6th Prize ₹1,000/-

2192 4627 5570 4712 6144 8200 2896 2598 7451 3696 2366 6697 2351 9500 3457 5770 0336 1409 4066 9330 6045 0660 0778 1315 3886…

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

‘ഈ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിക്കുന്നു’; മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഡേജ

‘ഈ പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രിക്ക് സമ്മാനിക്കുന്നു’; മിന്നും പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ജഡേജ

ലഖ്നൗ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ 40 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ തകർന്നടിഞ്ഞ രാജസ്ഥാന്‍ ബാറ്റിങ് നിരയെ കൈ പിടിച്ച് ഉയർത്തിയത് രവീന്ദ്ര ജഡേജയുടെ ഇന്നിങ്സ് ആയിരുന്നു. പുറത്താകാതെ 43 റൺസ് ആണ് താരം അടിച്ചെടുത്തത്.

മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള ലഖ്നൗവിന്റെ പേസ് ബൗളിങ് നിരയ്ക്ക് മുന്നിൽ വീറോടെ പൊരുതിയാണ് ജഡേജ ടീമിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.ബൗളിങ്ങിലും മികച്ച പ്രകടനമാണ് ജഡേജ കാഴ്ചവെച്ചത്. 4 ഓവറിൽ 29 റൺസ് വിട്ടു കൊടുത്ത് നിക്കോളാസ് പുരാന്റെ വിക്കറ്റും സ്വന്തമാക്കിയിരുന്നു. ഇതോടെ മത്സരത്തിലെ മികച്ച താരമായി ജഡേജയെ തെരഞ്ഞെടുക്കുകയും ചെയ്തു.

“മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഈ പുരസ്‌കാരം ഞാൻ ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കുകയാണ്. അതായത് എന്റെ ഭാര്യയ്ക്ക്. ഇന്നലെ തന്നെ അവൾ പറഞ്ഞിരുന്നു ഈ മത്സരത്തിൽ എനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയുമെന്ന്. അത് തന്നെ സംഭവിച്ചു” ജഡേജ പറഞ്ഞു.

” ലഖ്നൗവിലെ പിച്ച് ബാറ്റ് ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ലെന്നും പന്ത് നന്നായി സ്വിങ് ചെയ്യുന്നത് കാരണം വല്ലാതെ കഷ്ടപ്പെട്ടു. കഴിയുന്നത്ര നേരം ക്രീസിൽ തുടരാനായിരുന്നു എന്റെ ശ്രമം. ടി20 ക്രിക്കറ്റിൽ അവസാന ഓവറിൽ എന്തും സംഭവിക്കാം. ആ മാറ്റമാണ് മത്സരത്തിൽ ഉണ്ടായത്” അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ വർഷമാണ് ഗുജറാത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായി രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ അധികാരമേറ്റെടുത്തത്. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ.

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന കേസില്‍ പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ കൊന്ന കേസില്‍ പ്രതിയുടെ നടുക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ മുതിര്‍ന്ന ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22കാരിയായ മകളെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതിയുടെ മൊഴി പുറത്ത്. ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്ന 23കാരന്‍ രാഹുല്‍ മീണയാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷം വീട്ടില്‍ നിന്ന് 2.5 ലക്ഷം രൂപ കൊള്ളയടിക്കുകയും 22കാരിയുടെ ഫിംഗര്‍പ്രിന്റ് ഉപയോഗിച്ച് ബയോമെട്രിക് ഹോം ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പ്രതിയുടെ മൊഴിയില്‍ പറയുന്നു.

ബുധനാഴ്ചയാണ് കേസില്‍ പ്രതി അറസ്റ്റിലായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് പ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 22കാരി പ്രതിയുടെ ആക്രമണത്തില്‍ അബോധാവസ്ഥയിലായി. തുടര്‍ന്ന് പെണ്‍കുട്ടിയെ മേല്‍ക്കൂരയിലെ പഠനമുറിയില്‍ നിന്ന് താഴത്തെ നിലയിലേക്ക് പ്രതി വലിച്ചിഴച്ചതായി പൊലീസ് കണ്ടെത്തി. സുരക്ഷിതമായ ലോക്കര്‍ തുറക്കാന്‍ അവളുടെ വിരലടയാളം ഉപയോഗിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് പ്രതിയുടെ മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

പെണ്‍കുട്ടിയുടെ വീട്ടിലെ ലോക്കര്‍ ബയോമെട്രിക് സംവിധാനത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അബോധാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയെ ലോക്കര്‍ ഇരുന്ന മുറിയിലെത്തിച്ച്, അവളുടെ രക്തം പുരണ്ട വിരലുകള്‍ ഉപയോഗിച്ച് അത് തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായും മീണ കുറ്റസമ്മതം നടത്തി. തുടര്‍ന്ന് സ്‌ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ലോക്കര്‍ ബലമായി തുറന്ന പ്രതി പണവും ആഭരണങ്ങളും കവര്‍ന്ന് വീട്ടില്‍ തന്നെയുണ്ടായിരുന്ന ഒരു ബാഗിലാക്കി.

ഇതിനുശേഷം പ്രതി മൃതദേഹം തറയില്‍ ഉപേക്ഷിച്ചു. തന്റെ പാന്റിലും ഷൂസിലും രക്തക്കറ കണ്ടതിനെത്തുടര്‍ന്ന്, ഇരയുടെ സഹോദരന്റെ വസ്ത്രങ്ങളും ചെരിപ്പും ധരിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും മൊഴിയില്‍ പറയുന്നു. പ്രതിക്ക് ഐആര്‍എസ് ഉദ്യോഗസ്ഥന്റെ കുടുംബത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. മാതാപിതാക്കള്‍ ജിമ്മില്‍ പോകുന്ന സമയവും വീടിന്റെ ഘടനയും പാസ്‌കോഡുകളും ഇയാള്‍ക്ക് അറിയാമായിരുന്നു. മാതാപിതാക്കളുടെ നിര്‍ദ്ദേശപ്രകാരം അതിരാവിലെ എഴുന്നേറ്റ് പഠിക്കുകയായിരുന്ന പെണ്‍കുട്ടി ആ സമയം വീട്ടില്‍ തനിച്ചായിരുന്നു. എന്‍ജിനിയറിങ് ബിരുദധാരിയായ പെണ്‍കുട്ടി സിവില്‍ സര്‍വീസിന് തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം രാവിലെ 6.28-ന് മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റും ധരിച്ചാണ് മീണ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സില്‍ എത്തിയത്. മുമ്പ് അവിടെ ജോലി ചെയ്തിരുന്നതിനാല്‍ ആരുടെയും ശ്രദ്ധയില്‍പ്പെടാതെ സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാന്‍ ഇയാള്‍ക്ക് കഴിഞ്ഞു. പഠനമുറിയിലെത്തിയ മീണ അവളെ ശ്വാസം മുട്ടിച്ച് കീഴടക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് അടുത്തുള്ള വിളക്കും മറ്റ് ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ കടുത്ത രക്തസ്രാവമുണ്ടാവുകയും പെണ്‍കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. ബലാത്സംഗം, കൊലപാതകം, കവര്‍ച്ച എന്നി കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാവിലെ 7.22-ഓടെ വസ്ത്രം മാറി കറുത്ത ബാഗുമായി പ്രതി പുറത്തുപോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാവിലെ 8 മണിയോടെ മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെയും ചിതറിക്കിടക്കുന്ന സാധനങ്ങളും കണ്ടത്. ഡല്‍ഹിയിലെത്തുന്നതിന് തൊട്ടുമുമ്പ്, ഏപ്രില്‍ 21ന് രാജസ്ഥാനിലെ ആല്‍വാറില്‍ വെച്ച് അയല്‍വാസിയായ ഒരു വിവാഹിതയെയും ഇയാള്‍ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പൊലീസ് പറയുന്നു. ആല്‍വാര്‍ സ്വദേശിയായ മീണ എട്ടുമാസത്തോളം ഐആര്‍എസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നു. സാമ്പത്തിക ക്രമക്കേടുകളെത്തുടര്‍ന്ന് ആറാഴ്ച മുമ്പാണ് ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡ്രൈവറെ ചോദ്യം ചെയ്തതില്‍ നിന്ന് ദ്വാരകയിലെ ഒരു ഹോട്ടലില്‍ ഇയാള്‍ ഉണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പഠനത്തില്‍ അതീവ മിടുക്കിയായിരുന്ന കൊല്ലപ്പെട്ട പെണ്‍കുട്ടി പന്ത്രണ്ടാം ക്ലാസില്‍ അഖിലേന്ത്യാ തലത്തില്‍ ടോപ്പറായിരുന്നു.

തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

തമിഴ്‌നാട്ടില്‍ കനത്ത പോളിങ്, ബംഗാളില്‍ ബോംബേറ്, സംഘര്‍ഷം, റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ചെന്നൈ: തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഇരു സംസ്ഥാനങ്ങളിലും ശക്തമായ പോളിങ്ങാണ്. ബംഗാളില്‍ ആദ്യ നാലു മണിക്കൂറില്‍ 41.11 ശതമാനം പോളിങ് നടന്നതായാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട്ടില്‍ രാവിലെ 11 മണി വരെ 37.56 ശതമാനം പേരാണ് വോട്ടു ചെയ്തത്. തമിഴ്‌നാട്ടിലെ 234 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍, മുന്‍മുഖ്യമന്ത്രിമാരായ എടപ്പാടി പളനിസ്വാമി, ഒ പനീര്‍ശെല്‍വം, നടനും ടിവികെ നേതാവുമായ വിജയ് തുടങ്ങിയവര്‍ വോട്ടു രേഖപ്പെടുത്തിയവരില്‍പ്പെടുന്നു. സിനിമാതാരങ്ങളായ കമല്‍ഹാസന്‍ എംപി, രജനീകാന്ത്, അജിത്, സൂര്യ, വിക്രം, ഖുഷ്ബു, ശിവകാര്‍ത്തികേയന്‍, ധനുഷ്, ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് തുടങ്ങിയവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി.

വോട്ടെടുപ്പില്‍ ജനങ്ങള്‍ കാണിക്കുന്ന ആവേശം, ദ്രവീഡിയന്‍ മാതൃകയിലുള്ള ഭരണത്തിനും ക്ഷേമ പദ്ധതികള്‍ക്കുമുള്ള പൊതുജന പിന്തുണയാണ് പ്രതിഫലിക്കുന്നതെന്ന് ഡിഎംകെ നേതാവ് എ രാജ വോട്ടു രേഖപ്പെടുത്തിയശേഷം പറഞ്ഞു. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം 200-ലധികം സീറ്റുകള്‍ നേടുമെന്നും, സ്റ്റാലിന്‍ മുഖ്യമന്ത്രിയായി തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെടുപ്പില്‍ ജനം ശരിയായ വിധിയെഴുത്ത് നടത്തുമെന്നും, എന്‍ഡിഎ അധികാരത്തിലെത്തുമെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.

അതേസമയം, ബംഗാളില്‍ ചിലയിടങ്ങളില്‍ വോട്ടെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മൂര്‍ഷിദാബാദ് ജില്ലയിലെ നൗഡയില്‍ ബോംബേറുണ്ടായി. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. ബോംബ് സ്‌ഫോടനമുണ്ടായ സ്ഥലം ആം ജനത ഉന്നായന്‍ പാര്‍ട്ടി മേധാവി ഹുമയൂണ്‍ കബീര്‍ സന്ദര്‍ശിച്ചു. ഇതിനു പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി രംഗത്തെത്തി. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി. നൗഡയിലുണ്ടായ സംഘര്‍ഷത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടി.

വോട്ടിങ് മെഷീനിലെ ക്രമക്കേട് ആരോപണത്തെത്തുടര്‍ന്ന് ഏതാനും പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് വൈകുകയും ചെയ്തു. മൂര്‍ഷിദാബാദിലെ രത്‌നാഗഞ്ച് സ്‌കൂളില്‍ വോട്ടിങ് മെഷീന്‍ തകരാര്‍ മൂലം പോളിങ് വൈകിയത് പ്രതിഷേധത്തിന് കാരണമായി. ചിലയിടങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായും റിപ്പോര്‍ട്ടുണ്ട്. പശ്ചിമ ബംഗാളില്‍ ആകെയുള്ള 294 സീറ്റില്‍ 152 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 29 നാണ് ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ്.