by Midhun HP News | Dec 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നാവികസേനാ ദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ തിരുവനന്തപുരത്തെത്തിച്ചത് മലയാളി പൈലറ്റ്. വ്യോമസേനയിലെ വിങ് കമാന്‍ഡറായ പത്തനംതിട്ട സ്വദേശി ക്രിസ്റ്റി ജോര്‍ജാണ് രാഷ്ട്രപതിയെ ന്യൂഡല്‍ഹിയില്‍നിന്ന് തിരുവനന്തപുരത്തെത്തിച്ചത്.
കഴക്കൂട്ടം സൈനിക സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ക്രിസ്റ്റി, കഴിഞ്ഞ എട്ടുവര്‍ഷമായി രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ വിമാനങ്ങളുടെ പൈലറ്റുമാരുള്‍പ്പെടുന്ന വിവിഐപി സ്‌ക്വാഡ്രണിലാണ് ജോലിചെയ്യുന്നത്. പല തവണ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും വിദേശ രാജ്യങ്ങളിലുള്‍പ്പെടെ ക്രിസ്റ്റി എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളസന്ദര്‍ശന സമയത്തും വിമാനം പറത്തിയിട്ടുണ്ട്.
ബോയിങ് 737 ശ്രേണിയില്‍പ്പെടുന്ന ഇന്ത്യ വണ്‍ എന്ന വിമാനത്തിലാണ് രാഷ്ട്രപതി സഞ്ചരിക്കുന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് കമ്യൂണിക്കേഷന്‍ സ്‌ക്വാഡ്രനാണ് ഈ വിമാനങ്ങളുടെ പൂര്‍ണനിയന്ത്രണം.
വ്യോമസേനയില്‍ പൈലറ്റായി ജോലി തുടങ്ങിയ ക്രിസ്റ്റി ബംഗളൂരുവിലെ പരിശീലനകേന്ദ്രത്തില്‍ ഇന്‍സ്ട്രക്ടറായും ജോലി നോക്കിയിട്ടുണ്ട്. പത്തനംതിട്ട സന്തോഷ് ജങ്ഷനില്‍ കുവൈറ്റ് എയര്‍വേയ്സ് മുന്‍ ഉദ്യോഗസ്ഥന്‍ ജോര്‍ജ് വര്‍ഗീസിന്റെയും പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ റിട്ട. അധ്യാപിക ഡോ. വത്സമ്മ എം. സാമുവേലിന്റെയും മകനാണ്. ഭാര്യ നീതു ഐടി പ്രൊഫഷണലാണ്. എവിലിന്‍, അമീലിയ എന്നിവരാണ് മക്കള്‍.



by Midhun HP News | Dec 4, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ആനുകൂല്യം അനര്‍ഹര്‍ കൈപ്പറ്റിയതായി കണ്ടെത്തി. ഇത്തരം അനധികൃതമായി കൈപ്പറ്റിയ 416.75 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിച്ചു.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഒരേ കുടുംബത്തിലെ ആളുകള്‍ അനര്‍ഹമായി ആനുകൂല്യം നേടിയെടുക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രാലയം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ തന്നെ 29.13 ലക്ഷം അക്കൗണ്ടുകളാണ് രാജ്യവ്യാപകമായി കണ്ടെത്തിയത്. തുടര്‍ന്നാണ് അനര്‍ഹര്‍ കൈപ്പറ്റിയ ആനുകൂല്യം പിടിച്ചെടുത്ത് തിരിച്ചു നല്‍കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളത്തില്‍ 7,694 കുടുംബങ്ങളില്‍ ഭാര്യയും ഭര്‍ത്താവും ആനുകൂല്യം കൈപ്പറ്റിയതായി സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത മക്കളും മറ്റു ബന്ധുക്കളും ഉള്‍പ്പെടെ സംസ്ഥാനത്ത് 33 പേരും അനധികൃതമായി ആനുകൂല്യം കൈപ്പറ്റിയിരുന്നു. ഇതു തിരിച്ചുപിടിക്കാനുള്ള നടപടികളും തുടങ്ങി.



by Midhun HP News | Dec 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവര്‍ത്തനം തുടങ്ങി ഒരുവര്‍ഷത്തിനിടെ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ചെന്ന് മന്ത്രി വി എന്‍ വാസന്‍. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയു കണ്ടെയ്നറും കൈകാര്യം ചെയ്ത് നേട്ടങ്ങളോടെ മുന്നേറുകയാണ് തുറമുഖം. അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടര്‍സര്‍വീസുകള്‍വഴി ലോക മാരിടൈം ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ഒരുവര്‍ഷമാണിതെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്‌നര്‍ വെസല്‍ (യുഎല്‍സിവി) അടക്കമുള്ള വമ്പന്‍ കപ്പലുകള്‍ തുറമുഖത്തെത്തി. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലും 16 മീറ്ററില്‍ കൂടുതല്‍ ആഴമുള്ള 45 കപ്പലുകളും ഇതില്‍പെടുന്നു. 17.1 മീറ്റര്‍ ആഴമുള്ള എംഎസ്‌സി വെറോണ എത്തിയതോടെ ദക്ഷിണേന്ത്യയില്‍ കൈകാര്യം ചെയ്തതില്‍ ഏറ്റവും ആഴമുള്ള കപ്പല്‍ എത്തിയെന്ന റെക്കോര്‍ഡും വിഴിഞ്ഞത്തിനു സ്വന്തമാക്കാനായി. ഇതിനിടയില്‍ ഇമിഗ്രേഷന്‍ ചെക് പോസ്റ്റ് അനുമതിയും ലഭിച്ചു.
തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനപദ്ധതികളുടെ ഔദ്യോഗികോദ്ഘാടനം ജനുവരിയില്‍ നടക്കും. 2024 ജൂലൈ 11നാണ് തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ആരംഭിച്ചത്. ഡിസംബര്‍ മൂന്നിന് വാണിജ്യപ്രവര്‍ത്തനവും തുടങ്ങി. 2025 മെയ് രണ്ടിന് തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു.
മന്ത്രിയുടെ കുറിപ്പ്
വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യ പ്രവര്‍ത്തനം ആരംഭിച്ചിട്ട് നാളത്തേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. അത്ഭുതകരമായ നേട്ടങ്ങളാണ് ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ തുറമുഖം കൈവരിച്ചത്. അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വിഴിഞ്ഞം വഴി സര്‍വീസുകള്‍ ആരംഭിച്ചതോടെ ലോക മാരിടൈം ഭൂപടത്തില്‍ സുപ്രധാനമായ സ്ഥാനവും ഉറപ്പിച്ചു കഴിഞ്ഞു. തുറമുഖത്തിന്റെ 7700 കോടി രൂപ ചെലവുള്ള ആദ്യഘട്ടത്തില്‍ ഏതാണ്ട് 4600 കോടി രൂപ സംസ്ഥാന സര്‍ക്കാരാണു മുടക്കുന്നത്. പുലിമുട്ട് നിര്‍മിക്കാനുള്ള 1350 കോടി രൂപ പൂര്‍ണമായി സര്‍ക്കാര്‍ ഫണ്ടാണ്. പുറമേ, ചരക്കു നീക്കത്തിനു റെയില്‍പാതയ്ക്കായി 1482 .92 കോടിയും മുടക്കണം.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം TEU കൈകാര്യം ചെയ്ത തുറമുഖം എന്ന ബഹുമതി വിഴിഞ്ഞം സ്വന്തമാക്കി. വെറും പത്തുമാസം കൊണ്ടാണ് ആദ്യഘട്ടത്തിലെ പരമാവധി ശേഷിയായ ഈ ലക്ഷ്യം മറികടന്നത്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ഠഋഡവുമാണ് ഇവിടെ കൈകാര്യം ചെയ്തത്. 399 മീറ്ററിലധികം നീളമുള്ള 41 അള്‍ട്രാ ലാര്‍ജ് കണ്ടെയ്നര്‍ വെസ്സലുകള്‍ (ULCV) ബെര്‍ത്ത് ചെയ്തതടക്കം ഇന്ത്യയിലെ മറ്റ് ഏത് തുറമുഖത്തേക്കാളും കൂടുതല്‍ വലിയ കപ്പലുകള്‍ എത്തിയത് വിഴിഞ്ഞത്താണ്. 300 മീറ്ററില്‍ കൂടുതല്‍ നീളമുള്ള 154 കപ്പലുകളും 16 മീറ്ററിലധികം ഡ്രാഫ്റ്റുള്ള 45 കപ്പലുകളും ഇതില്‍ ഉള്‍പ്പെടുന്നു. 17.1 മീറ്റര്‍ ഡ്രാഫ്റ്റുള്ള എംഎസ്സി വെറോണ എത്തിയതോടെ ദക്ഷിണേഷ്യയില്‍ തന്നെ കൈകാര്യം ചെയ്തതില്‍ ഏറ്റവും ആഴമുള്ള കപ്പല്‍ എന്ന റെക്കോര്‍ഡും വിഴിഞ്ഞത്തിന് സ്വന്തമായി. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നര്‍ കപ്പലായ എംഎസ്സി ഐറിനയെ വരവേറ്റതും, എംഎസ്സി പലോമയില്‍ ഒരൊറ്റത്തവണ 10,576 ഠഋഡ കൈകാര്യം ചെയ്തതും സുപ്രധാനമായ നേട്ടങ്ങളാണ്.
പ്രവര്‍ത്തനമികവിന്റെ കാര്യത്തിലും വിഴിഞ്ഞം മുന്നിട്ടുനില്‍ക്കുന്നു. 2025 ഒക്ടോബറില്‍ 28.52 എന്ന ഉയര്‍ന്ന ഗ്രോസ് ക്രെയിന്‍ റേഷ്യോ (ഏഇഞ) കൈവരിക്കാന്‍ തുറമുഖത്തിന് സാധിച്ചു. വനിതകള്‍ ഓട്ടോമേറ്റഡ് ക്രെയിനുകള്‍ നിയന്ത്രിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ തുറമുഖം എന്ന സവിശേഷതയും വിഴിഞ്ഞത്തിനുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കൃത്യമായ മേല്‍നോട്ടത്തിനൊപ്പം അദാനി വിഴിഞ്ഞം പോര്‍ട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനവുമാണ് ഈ നേട്ടങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഈ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഏവരെയും അഭിനന്ദിക്കുന്നു. ട്രാന്‍ഷിപ്‌മെന്റിനൊപ്പം ഗേറ്റ് വേ ചരക്കുനീക്കം കൂടി വൈകാതെ ആരംഭിക്കുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വര്‍ധിക്കും.



by Midhun HP News | Dec 4, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി. നാല് വിക്കറ്റിനാണ് പ്രോട്ടീസിന്റെ ജയം. 359 റൺസ് വിജയലക്ഷ്യം നാല് പന്ത് ബാക്കി നിൽക്കെ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. എയ്ഡൻ മാർക്രത്തിന്റെ സെഞ്ചുറിയാണ് സന്ദർശകർക്ക് ജയമൊരുക്കിയത്. മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് എന്നിവരുടെ അർധസെഞ്ചുറികളും ചേസിൽ നിർണായകമായി.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തിൽ ക്വന്റൺ ഡി കോക്കിനെ നഷ്ടമായി. പിന്നാലെ രണ്ടാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ടുമായി മാർക്രമും തെംബ ബാവുമയും ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചു. 101 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയത്. മാർക്രത്തിന്റെ മിന്നും പ്രകടനമാണ് പ്രോട്ടീസിന് കരുത്തായത്. 98 പന്തിൽ നിന്ന് 110 റൺസാണ് താരം അടിച്ചു കൂട്ടിയത്. 10 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മാർക്രം പുറത്തായതോടെ ദക്ഷിണാഫ്രിക്കയെ മാത്യൂ ബ്രീറ്റ്സ്കെ, ഡെവാൾഡ് ബ്രവിസ് ചേർന്ന് ജയത്തിലേക്ക് നയിച്ചു. 34 പന്തിൽ നിന്ന് 54 റൺസാണ് ഡെവാൾഡ് ബ്രവിസ് നേടിയത്. 68 റൺസാണ് മാത്യൂ ബ്രീറ്റ്സ്കെ നേടിയത്. നാലാം വിക്കറ്റിൽ ഇരുവരും 92 റൺസാണ് അടിച്ചുകൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഋതുരാജ് ഗെയ്ക്‍വാദിന്റെയും വിരാട് കോലിയുടെയും സെഞ്ചുറിക്കരുത്തിലാണ് 5 വിക്കറ്റ് നഷ്ടത്തിലാണ് 358 റൺസെടുത്തത്. വിരാട് തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടിയപ്പോൾ ഋതുരാജ് ഏകദിനത്തിലെ കന്നി സെഞ്ചുറി കുറിച്ചു. ദക്ഷിണാഫ്രിക്കയുടെ ജയത്തോടെ പരന്പര 1-1 എന്ന നിലയിലായി. പരമ്പര ജേതാക്കളെ നിർണയിക്കുന്ന മൂന്നാം മത്സരം ശനിയാഴ്ച നടക്കും.



by Midhun HP News | Dec 4, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 95,600 രൂപയായി. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് കുറഞ്ഞത്. 11,950 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ ഒറ്റയടിക്ക് 520 രൂപയാണ് വര്‍ധിച്ചത്.
ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുന്നതിനിടെയാണ് ഇന്ന് വില താഴ്ന്നത്. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില വര്‍ധനയ്ക്ക് കാരണം.
by Midhun HP News | Dec 4, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തുകയും ചെയ്‌തെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പുറത്തുവരാനിരിക്കേ, പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാംദിവസവും ഒളിവില്‍ തന്നെ. ഒടുവില്‍ രാഹുല്‍ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം വയനാട്- കര്‍ണാടക അതിര്‍ത്തിയില്‍ എത്തിയിരിക്കുകയാണ്.
അതിനിടെ അന്വേഷണ സംഘം എത്തുന്നതിനു തൊട്ടു മുമ്പ് ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ നിന്ന് രാഹുല്‍ രക്ഷപ്പെട്ടതില്‍ പൊലീസിന് സംശയമുണ്ട്. പൊലീസില്‍ നിന്ന് രാഹുലിന് വിവരം ചോരുന്നുണ്ടോ എന്ന സംശയമാണ് ഉയരുന്നത്. എസ്‌ഐടിയുടെ നീക്കങ്ങള്‍ പൂര്‍ണമായും രഹസ്യ സ്വഭാവത്തില്‍ ആകണമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
കര്‍ണാടകയില്‍ രാഹുലിനായി വ്യാപക തിരച്ചിലാണ് നടത്തുന്നത്. കഴിഞ്ഞദിവസം ബാഗലൂരിലെ ഒരു കേന്ദ്രത്തില്‍ രാഹുലെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട് വളഞ്ഞ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുമുന്‍പ് രാഹുല്‍ അവിടെ നിന്ന് കടന്നുകളഞ്ഞു. അതിനിടെ രാഹുല്‍ കോടതിയില്‍ കീഴടങ്ങുമെന്ന അഭ്യൂഹവും ശക്തമാണ്.
വിധി ഇന്ന്
ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ലാ കോടതി ഇന്ന് വിധി പറയും. അപേക്ഷയിലെ തുടര്‍വാദത്തിന് ശേഷമായിരിക്കും വിധി. ഇന്നലെ രാഹുല്‍ ആവശ്യപ്രകാരം, അടച്ചിട്ട മുറിയില്‍ ഒന്നരമണിക്കൂറോളം വാദം നടന്നു. കൂടുതല്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് കോടതി അനുവദിച്ചു.
രാഹുലിനെതിരെ ഇന്ന് കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിക്കും. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. എന്നാല്‍ രാഹുല്‍ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.
രാഹുലിനെതിരെ പരാതി നല്‍കിയ 23 വയസുകാരിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. ഇതിനായി അന്വേഷണസംഘം വൈകാതെ യുവതിയെ കാണും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും തുടര്‍നടപടിയുമായി അന്വേഷണസംഘം മുന്നോട്ടുപോകുക. യുവതി കെപിസിസി പ്രസിഡന്റിന് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു.



Recent Comments