by Midhun HP News | Jun 6, 2026 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് ഒറ്റയടിക്ക് പവന് 2200 രൂപയാണ് കുറഞ്ഞത്. 1,12,000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 275 രൂപയാണ് കുറഞ്ഞത്. 14,000 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ പതിവായി പുറത്തുവരുന്ന ജോബ് ഡേറ്റയാണ് സ്വര്‍ണത്തിന് വിനയായത്. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനായി എന്ന് വ്യക്തമാക്കുന്ന അനുകൂലമായ തൊഴില്‍ കണക്കുകളാണ് പുറത്തുവന്നത്. വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ പലിശനിരക്ക് കൂട്ടാന്‍ ഇത് അമേരിക്കന്‍ കേന്ദ്രബാങ്കിന് ആത്മവിശ്വാസം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇത് ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാനും ഇടയാക്കും. ഇതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷം കനക്കുന്നതും ഇറാന്‍- അമേരിക്ക സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത് അനിശ്ചിതമായി നീളുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

by Midhun HP News | Jun 6, 2026 | Latest News, ദേശീയ വാർത്ത
ഇംഗ്ലിവുഡ്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കെ അമേരിക്കയില്‍ സമര ആഹ്വാനവുമായി ലോസ് ഏഞ്ചല്‍സിലെ സ്‌റ്റേഡിയം ജീവനക്കാര്‍. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ കാലിഫോര്‍ണിയയിലെ ഇംഗ്ലിവുഡിലുള്ള സോഫി സ്റ്റേഡിയത്തിലെ 2,000ത്തോളം ബാര്‍ടെന്‍ഡര്‍മാര്‍, സെര്‍വര്‍മാര്‍, പാചകക്കാര്‍, ക്ലീനിങ് സ്റ്റാഫ് ജോലിക്കെത്തുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.
സ്റ്റേഡിയത്തിലെ ഭക്ഷ്യ സേവന ദാതാക്കളുമായുള്ള കരാര്‍ ചര്‍ച്ചകള്‍ സ്തംഭിച്ചതോടെയാണ് ജീവനക്കാര്‍ സമരത്തിലേക്കെന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നത്. ലോസ് ഏഞ്ചല്‍സിനടുത്തുള്ള സ്റ്റേഡിയത്തില്‍ പരാഗ്വേയ്ക്കെതിരായ യുഎസിന്റെ ആദ്യ ലോകകപ്പ് മത്സരം നടക്കാനിരിക്കെയാണ് പണിമുടക്കിനെ പിന്തുണച്ച് ജീവനക്കാര്‍ വോട്ടുചെയ്തത്.
തൊഴിലാളികളുമായി കരാറിലെത്തിയില്ലെങ്കില്‍ ജൂണ്‍ 12 ന് പണിമുടക്കുമെന്ന് യൂണിയന്‍ അംഗം യോലാന്‍ഡ ഫിയറോ പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്‍ കീഴില്‍ കുടിയേറ്റ നടപടികള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ശമ്പളവും സുരക്ഷയും സംബന്ധിച്ച് ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘ജോലിക്കാര്‍ക്ക് വാടക നല്‍കാന്‍ മതിയായ വരുമാനം ഇല്ലാത്ത സാഹചര്യത്തിലാണ് യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സുമെന്റിന്റെ നടപടി നേരിടേണ്ടി വരുന്നത്. ലോസ് ഏഞ്ചല്‍സിന് ലോകകപ്പ് കൊണ്ട് എന്താണ് പ്രയോജനം? യുണൈറ്റ് ഹിയര്‍11 സഹ-പ്രസിഡന്റ് കര്‍ട്ട് പീറ്റേഴ്സണ്‍ പറഞ്ഞു.

by Midhun HP News | Jun 6, 2026 | Latest News, കേരളം
കോട്ടയം: ചങ്ങനാശേരിയില്‍ കോളജ് വിദ്യാര്‍ഥികള്‍ മഴയത്തു നടന്നുപോകുന്നതിനിടെ മരത്തില്‍നിന്നു കുടയ്ക്കു മുകളിലേക്കു മൂര്‍ഖന്‍ പാമ്പ് വീണു. പാമ്പ് വീണതോടെ ഒരു വിദ്യാര്‍ഥിയുടെ കുടയൊടിഞ്ഞു.
ഇന്നലെ രാവിലെയാണു സംഭവം. വലിപ്പമേറിയ മൂര്‍ഖന്‍ പാമ്പ് ആണ് കുടയ്ക്ക് മുകളിലേക്ക് വീണത്. മരത്തിന്റെ ശിഖരമായിരിക്കുമെന്നു കരുതി നോക്കുമ്പോഴാണു കുട്ടികള്‍ പാമ്പിനെ കണ്ടത്. വാഴപ്പള്ളി സ്വദേശി ഷിനോ കുറ്റിശേരി എത്തി പാമ്പിനെ പിടികൂടി വനംവകുപ്പിനു കൈമാറി.

by Midhun HP News | Jun 6, 2026 | Latest News, കേരളം
തൃശൂര്‍: മണലൂരില്‍ വീടിനുമുകളിലേക്ക് മരം വീണ് യുവാവ് മരിച്ചു. മണലൂര്‍ കമ്പനിപടി തൃപ്രണത്ത് വീട്ടില്‍ സുബ്രന്റെ മകന്‍ വിഷ്ണുവാണ് (28)മരിച്ചത്. വീടുപണിയുടെ ഭാഗമായി കെട്ടിയ ഓലഷെഡില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു വിഷ്ണു. രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ പറമ്പിലുണ്ടായിരുന്ന മരം ഷെഡിന് മുകളിലേക്ക് ഒടിഞ്ഞുവീഴുകയായിരുന്നു.
ഇന്ന് രാവിലെയാണ് വിഷ്ണുവിനെ മരത്തിന്റെ അടിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി വിഷ്ണുവിനെ ആശുപതിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു. മരം മുറി തൊഴിലാളിയാണ് വിഷ്ണു.

by Midhun HP News | Jun 6, 2026 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തീയതി നാളെ (ജൂണ്‍ 7) വരെ നീട്ടി. നാളെ അര്‍ദ്ധരാത്രി വരെയാണ് സമയം. സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് അപേക്ഷിക്കാനുള്ള തിയതി ഒരു ദിവസം കൂടി നീട്ടി നല്‍കുകയായിരുന്നു.
രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് വെരിഫിക്കേഷനും പുനര്‍മൂല്യനിര്‍ണ്ണയത്തിനുമായി ഉപയോഗിക്കുന്ന സിബിഎസ്ഇയുടെ ‘പോസ്റ്റ്-റിസള്‍ട്ട് സര്‍വീസസ് പോര്‍ട്ടല്‍’ ലക്ഷ്യമിട്ട് നടന്ന സൈബര്‍ ആക്രമണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഈ സമയപരിധി നീട്ടല്‍. ലഭിച്ച ഉത്തരക്കടലാസുകളുടെ ചിത്രങ്ങള്‍ വ്യക്തമല്ലാത്തതും പേജുകള്‍ നഷ്ടപ്പെട്ടതുമായുള്ള റിപ്പോര്‍ട്ടുകള്‍, വെരിഫിക്കേഷന്‍, എന്നിവ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
സൈറ്റിൽ ലോഗിൻ ചെയ്യാൻ ശ്രമിക്കുമ്പോൾ നിരന്തരം ‘Error Message’ ആണ് കാണിച്ചിരുന്നത്. ലോഗിൻ ചെയ്തവർക്ക് തന്നെ ഫീസ് അടയ്ക്കാനുള്ള പെയ്‌മെന്റ് ഗേറ്റ്‌വേ കൃത്യമായി പ്രവർത്തിച്ചില്ല. പോർട്ടലിൽ ഇത്തരമൊരു സാങ്കേതിക പ്രശ്നം ഉണ്ടായാൽ അത് ബോധിപ്പിക്കാൻ പ്രത്യേക ഓപ്ഷനുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. തുടർന്ന് വിദ്യാർത്ഥികൾ സി.ബി.എസ്.ഇക്ക് നേരിട്ട് ഇമെയിൽ വഴി പരാതികൾ അയച്ചതോടെയാണ് ബോർഡ് സമയം നീട്ടി നൽകാൻ തയ്യാറായത്.
അപേക്ഷിക്കാനുള്ള സമയം നീട്ടി കിട്ടിയത് വിദ്യാർത്ഥികൾക്ക് താല്ക്കാലികമായി ആശ്വാസമാണെങ്കിലും അപേക്ഷാ തീയതി നീളുന്നതോടെ പുനർമൂല്യനിർണ്ണയത്തിന്റെ അന്തിമ ഫലപ്രഖ്യാപനവും സ്വാഭാവികമായി വൈകും. നിലവിൽ ഐ.ഐ.ടി (IIT), എൻ.ഐ.ടി (NIT) തുടങ്ങിയ രാജ്യത്തെ പ്രമുഖ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

by Midhun HP News | Jun 6, 2026 | Latest News, കേരളം
കണ്ണൂര്‍: കവിയും അധ്യാപകനും പ്രഭാഷകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. എ സി ശ്രീ ഹരി (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പയ്യന്നൂര്‍ കോളജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്നു. പുരോഗമന കലാ സാഹിത്യ രംഗത്ത് മുന്‍നിര സാന്നിധ്യവും പയ്യന്നൂരിന്റെ മാത്രമല്ല വടക്കെ മലബാറിന്റെ സാംസ്‌കാരിക മുഖവുമായിരുന്നു ശ്രീ ഹരി.
ഉത്തരാധുനിക മലയാള കവിതാരംഗത്തെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്ന ശ്രീ ഹരി 1969 നവംബര്‍ 24 ന് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപ്പടമ്പ് ഗ്രാമത്തില്‍ എസി ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും മകനായിട്ടാണ് ജനിച്ചത്. കുറുവേലി വിഷ്ണുശര്‍മ്മ എഎല്‍പി സ്‌കൂളില്‍ പ്രാഥമികവിദ്യാഭ്യാസം. മാത്തില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്നിവിടങ്ങളിലാണ് തുടര്‍ വിദ്യാഭ്യാസം.
പയ്യന്നൂര്‍ കോളജില്‍നിന്ന് ഇംഗ്ലീഷില്‍ ബിരുദവും ദേവഗിരിയിലെ സെന്റ് ജോസഫ്‌സ് കോളജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും എംഫിലും വിജയകരമായി പൂര്‍ത്തിയാക്കി. 2015-ല്‍ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ‘മലയാള ജനപ്രിയ കലാസിനിമയിലെ ആണത്തനിര്‍മ്മാണം’ എന്ന വിഷയത്തില്‍ ഗവേഷണം പൂര്‍ത്തിയാക്കി. ഡിസി ബുക്‌സ് 1999-ല്‍ പ്രസിദ്ധീകരിച്ച ‘യുവകവിതക്കൂട്ടം’ എന്ന പുസ്തകത്തിലും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2001-ല്‍ പ്രസിദ്ധീകരിച്ച ‘കവിതയുടെ നൂറ്റാണ്ട്’ എന്ന പുസ്തകത്തിലും കവിതകള്‍ വന്നിട്ടുണ്ട്.
ശ്രീ ഹരിയുടെ കവിതകള്‍ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ പാഠപുസ്തകമായി പഠിപ്പിക്കുന്നുണ്ട്. പയ്യന്നൂര്‍ കോളജില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെ സാംസ്‌കാരിക രംഗങ്ങളിലെ ഇടപെടല്‍ കൊണ്ടു സജീവമായിരുന്നു അദ്ദേഹം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ver 5.25 എന്ന സിനിമയിലെ ‘ഓമല്‍ പൂവെ പോരൂ ആരും കാണാതോണ്‍ലൈന്‍ ചാറ്റിന്‍ കാറ്റില്‍…’ എന്ന ഗാനം രചിച്ചതും ശ്രീ ഹരിയാണ്. എന്‍എന്‍ കക്കാട് അവാര്‍ഡ് (1996), വിടി കുമാരന്‍ അവാര്‍ഡ് (1997), വൈലോപ്പിള്ളി അവാര്‍ഡ് (1999) എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: കെ സംഗീത. മകന്‍: എസി ശ്രീഹര്‍ഷന്‍.
Recent Comments