ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില; 95,500ന് മുകളില്‍

ടോപ് ഗിയറില്‍ കുതിച്ച് സ്വര്‍ണവില; 95,500ന് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. 95,680 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 60 രൂപയാണ് ഉയര്‍ന്നത്. 11,960 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. ഇതിലേക്ക് അടുക്കുകയാണ് ഇപ്പോള്‍ സ്വര്‍ണവില. ആഗോള വിപണിയിലെ ചലനമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് വരുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

എസ്ഐആർ: കേരളത്തിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

എസ്ഐആർ: കേരളത്തിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

ഡൽഹി: കേരളത്തിലെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിനെതിരായ ( എസ്‌ഐആര്‍) ഹർജികൾ സുപ്രീംകോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. സംസ്ഥാനത്തെ എസ്ഐആർ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ഹർജികളിലെ ആവശ്യം.

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാർ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എസ്‌ഐആറും തദ്ദേശ തെരഞ്ഞെടുപ്പും ഒരേസമയം നടത്തിയാല്‍ ഭരണസംവിധാനം സ്തംഭിക്കുമെന്നും, ഭരണപ്രതിസന്ധി ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനിടെ, എസ്ഐആർ നടപടികളുടെ സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. എന്യൂമറേഷൻ ഫോം വിതരണം ചെയ്യുന്നതിനും പൂരിപ്പിച്ച് അപ് ലോഡ് ചെയ്യാനുമുള്ള സമയം ഡിസംബർ നാലു വരെ ആയിരുന്നത് ഡിസംബർ 11 വരെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടിയിരിക്കുന്നത്. കരടു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഒമ്പതിനു പകരം, 16 ലേക്കും മാറ്റിയിട്ടുണ്ട്.

മെഡിസെപ് വിവരശേഖരണം: സമയം ഡിസംബര്‍ പത്തുവരെ നീട്ടീ

മെഡിസെപ് വിവരശേഖരണം: സമയം ഡിസംബര്‍ പത്തുവരെ നീട്ടീ

തിരുവനന്തപുരം: മെഡിസെപ് ഇന്‍ഷൂറന്‍സ് കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ആശ്രിതരെ കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനും ഡിസംബര്‍ 10വരെ സമയം അനുവദിച്ചു. സെപ്റ്റംബര്‍ പതിനഞ്ചുവരെയായിരുന്നു നേരത്ത ഉണ്ടായിരുന്നത്.

മെഡി സെപ് രണ്ടാംഘട്ടം 2026 ജനുവരി ഒന്നിന് തുടങ്ങും.പുതുതായി വിവാഹം കഴിക്കുന്നവര്‍ക്ക് പങ്കാളികളെയും നവജാത ശിശുക്കളെയും ചേര്‍ക്കാന്‍ മാത്രമേ പിന്നീട് അനുമതി ഉണ്ടാകൂ. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട മെഡിസെപ് അംഗം മരിച്ചാല്‍ ആശ്രിതര്‍ക്ക് ഒരുവര്‍ഷത്തെ പ്രീമിയം ഒറ്റത്തവണയായി അടച്ച് ആവശ്യമെങ്കില്‍ പദ്ധതിയില്‍ തുടരാം.

മെഡിസെപ് കാര്‍ഡിലെയും ആശുപത്രികളില്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖകളിലെയും വിവരങ്ങളില്‍ പൊരുത്തക്കേട് ഒഴിവാക്കാന്‍ ഗുണഭോക്താക്കള്‍ www.medisep. kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്റ്റേറ്റസ് മെനുവില്‍ പെന്‍ നമ്പര്‍/ എംപ്ലോയീ ഐഡി/ പിപിഒ നമ്പര്‍/ പെന്‍ഷന്‍ ഐഡി, ജനനത്തീയതി, വകുപ്പിന്റെ/ ട്രഷറിയുടെ പേര് എന്നിവ നല്‍കി സ്റ്റേറ്റസ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത് മെഡിസെപ് ഡേറ്റ കൃത്യമാണെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

കോഹ്‌ലിയെയും രോഹിതിനെയും പുകഴ്ത്തി മുന്‍ താരം

കോഹ്‌ലിയെയും രോഹിതിനെയും പുകഴ്ത്തി മുന്‍ താരം

റാഞ്ചി: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തില്‍ സൂപ്പര്‍ ഇന്നിങ്‌സുകളുമായി തിളങ്ങിയ കോഹ്‌ലിയെയും രോഹിത് ശര്‍മയെയും പുകഴ്ത്തി മുന്‍താരവും കമന്റേറ്ററുമായ ക്രിസ് ശ്രീകാന്ത്. 2027 ലെ ലോകകപ്പില്‍ വിരാടും രോഹിതും ഇടം നേടുമോയെന്ന് ഇനി ചോദ്യങ്ങളില്ലെന്നും ഇരുവരും ലോകകപ്പില്‍ ഇടം നേടിക്കഴിഞ്ഞുവെന്നും ശ്രീകാന്ത് പറഞ്ഞു.

ദക്ഷിണാഫ്രിക്കെതിരെ കോഹ്ലിയും രോഹിതും ചേര്‍ന്ന് 109 പന്തില്‍ നിന്ന് 136 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് തീര്‍ത്തപ്പോള്‍ ഇന്ത്യ 50 ഓവറില്‍ 349 റണ്‍സ് നേടി. മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. കോഹ്ലി 135 റണ്‍സും രോഹിത് 57 റണ്‍സുമാണ് സ്‌കോര്‍ ചെയ്തത്. കോഹ് ലി മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചപ്പോള്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റെക്കോര്‍ഡോടെ രോഹിതും തിളങ്ങി. ഈ സ്റ്റാര്‍ ജോഡിയില്ലാതെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികള്‍ നടക്കില്ലെന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു

‘കോഹ്ലിയും രോഹിതും മറ്റൊരു തലത്തിലാണ് കളിക്കുന്നത്. ഇവര്‍ രണ്ടുപേരും ഇല്ലെങ്കില്‍, 2027 ലോകകപ്പ് പദ്ധതികള്‍ നടക്കില്ല. ഒരു വശത്ത് രോഹിത്തും മറുവശത്ത് വിരാടും വേണം. ഇനി ഈ വിഷയത്തില്‍ ചോദ്യങ്ങളില്ല’ ശ്രീകാന്ത് പറഞ്ഞു.

‘രോഹിത്തും കോഹ്ലിയും 20 ഓവറില്‍ ബാറ്റ് ചെയ്താല്‍, എതിരാളികള്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുക. ഇന്നലത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നന്നായി പൊരുതി എന്നാല്‍ രോ-കോ സഖ്യത്തിന്റെ കൂട്ടുകെട്ടില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി. 2027 ലോകകപ്പില്‍ ഇരുവരും ഒന്നാം സ്ഥാനത്തും മൂന്നാം സ്ഥാനത്തും അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞു. അവരില്ലാതെ നമുക്ക് ജയിക്കാന്‍ കഴിയില്ല’ ശ്രീകാന്ത് പറഞ്ഞു.

രാഹുല്‍ ഈശ്വറേ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു

രാഹുല്‍ ഈശ്വറേ ഇന്ന് കോടതിയില്‍ ഹാജരാക്കും; ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തലിനെതിരായ ലൈംഗിക പീഡനക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. ബിഎന്‍എസ് 75(3) വകുപ്പ് കൂടി ചേര്‍ത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

രാഹുലിന്റെ ലാപ്‌ടോപും ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്തത്. എ ആര്‍ ക്യാംപിലെത്തിച്ചാണ് പൊലീസ് ചോദ്യം ചെയ്തത്. തിരുവനന്തപുരം സൈബര്‍ പോലീസാണ് രാഹുല്‍ ഈശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. അതിജീവിതയുടെ പരാതിയിലാണ് നടപടി.അധിക്ഷേപിക്കുന്ന വിഡിയോ പരാമര്‍ശം നടത്തിയ വിഡിയോ അപ്‌ലോഡ് ചെയ്തത് ലാപ്‌ടോപില്‍ നിന്നാണെന്നാണ് രാഹുല്‍ പൊലീസിന് നല്‍കിയ മൊഴി. പിന്നീട് ഫോണിലും ഇതേ വിഡിയോ കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് ഫോണും പൊലീസ് പിടിച്ചെടുത്തത്.

ഗുരുവായൂര്‍ ഏകാദശി ഇന്ന്; വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍ ഏകാദശി ഇന്ന്; വന്‍ ഭക്തജനത്തിരക്ക്; പ്രസാദ ഊട്ട് രാവിലെ ഒന്‍പത് മുതല്‍

ഗുരുവായൂര്‍: വ്രതശുദ്ധിയുടെ പുണ്യം തേടി ലക്ഷക്കണക്കിന് ഭക്തര്‍ ഏകാദശി ദിനമായ ഇന്ന് ഗുരുവായൂരിലെത്തും. വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.

രാവിലെ ആറരയ്ക്ക് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുമുണ്ടാകും. രാവിലെ 5 മുതല്‍ വൈകിട്ട് 5 വരെ വി.ഐ.പികള്‍ക്ക് ഉള്‍പ്പെടെ ദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അന്ന ലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലും രാവിലെ 9ന് പ്രസാദ ഊട്ട് ആരംഭിക്കും. ഊട്ടിനുള്ള വരി 2ന് അവസാനിപ്പിക്കും.

സുപ്രീംകോടതി വിധി പ്രകാരം ഉദയാസ്തമയ പൂജയോടെ ഏകാദശി ആഘോഷിക്കും. ഓരോ 5 പൂജകള്‍ കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ തുടര്‍ച്ചയായി ദര്‍ശനം. കാലത്തെ ശീവേലിക്ക് ഒപ്പം പാര്‍ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി എഴുന്നള്ളിപ്പിന് കൊമ്പന്‍ ഇന്ദ്രസെന്‍ സ്വര്‍ണക്കോലം വഹിക്കും. പഞ്ചവാദ്യം അകമ്പടിയാകും.കുറൂരമ്മ ഹാളില്‍ ഏകാദശി സുവര്‍ണ മുദ്ര അക്ഷരശ്ലോക മത്സരം ഉച്ചയ്ക്ക് 1ന്.15 ദിവസത്തെ ചെമ്പൈ സംഗീതോത്സവം നാളെ രാത്രി സമാപിക്കും. രാത്രി 8.30ന് സംഗീതോത്സവത്തിലെ അണിയറ പ്രവര്‍ത്തകരെ ആദരിക്കും. തുടര്‍ന്ന് ചെമ്പൈയുടെ ഇഷ്ട കീര്‍ത്തനങ്ങള്‍ പാടുന്നതോടെ സമാപനമാകും.

തിങ്കളാഴ്ച അര്‍ധരാത്രിക്കു ശേഷം ക്ഷേത്രം കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം. വ്രതം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ വേദജ്ഞര്‍ക്ക് ദക്ഷിണ സമര്‍പ്പിക്കുന്ന ചടങ്ങാണിത്. ദ്വാദശി ഊട്ട് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ 11 വരെ അന്നലക്ഷ്മി ഹാളില്‍ നടക്കും. ഗജരാജന്‍ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണത്തിന്റെ ഭാഗമായി ഇന്നു രാവിലെ 7ന് തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്ന് ഗജഘോഷയാത്ര ആരംഭിക്കും. 8.30ന് കേശവ പ്രതിമയ്ക്കു മുന്നില്‍ ഗജവന്ദനം.ചെമ്പൈ സംഗീതോത്സവ വേദിയില്‍ രാവിലെ 9ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം.