by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
ആകെ 8 പെട്ടികളിലായി 80 വോട്ടിംഗ് മെഷീനുകൾ ഇന്ന് വൈകിട്ടോടെ നഗരസഭയിലെ സ്ട്രോങ് റൂമിലെത്തിച്ചു. കുടപ്പനക്കുന്നിലെ സ്പെഷ്യൽ തിരഞ്ഞെടുപ്പ് കേന്ദ്രത്തിൽ നിന്നും പോലീസ് കാവലോടെ കനത്ത സുരക്ഷയിലാണ് മെഷീനുകൾ ആറ്റിങ്ങലിൽ എത്തിച്ചത്.
നാളെ മുതൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മാത്രമെ നഗരസഭാങ്കണത്തിൽ പ്രവേശനമുണ്ടായിരിക്കൂ. കൂടാതെ നാളെ മുതൽ ജോലിക്കെത്തുന്ന നഗരസഭാ ജീവനക്കാർ തിരിച്ചറിയൽ ഐഡി കാർഡ് നിർബന്ധമായും അണിഞ്ഞിരിക്കണം എന്നും അധികൃതർ അറിയിച്ചു.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
തിരഞ്ഞെടുപ്പ് പ്രചരണത്തിന് പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കം. ബന്ധുക്കളായ സ്ത്രീകൾ നടുറോഡിൽ തമ്മിൽ തല്ലി. തിരുവനന്തപുരം വർക്കലയിൽ ആയിരുന്നു സംഭവം. മർദ്ദനമേറ്റ യുവതിയുടെ പരാതിയെ തുടർന്ന് അയിരൂർ പോലീസ് കേസെടുത്തു.
കഴിഞ്ഞദിവസം വൈകുന്നേരം ആറേകാൽ മണിയോടെ വർക്കല അയിരൂർ പാളയംകുന്ന് ഗുരു മന്ദിരത്തിന് സമീപമായിരുന്നു സംഭവം. വർക്കല സ്വദേശി സുനി എന്ന യുവതിക്കാണ് മർദനമേറ്റത്. ചതയ പൂജക്ക് പങ്കെടുത്ത ശേഷം മടങ്ങവേ സുനിയുടെ ബന്ധുകൂടിയായ ബിന്ദു എന്ന യുവതി വഴിയിൽ തടഞ്ഞുനിർത്തി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയും ചെയ്തു എന്നാണ് പരാതി.
ബിന്ദുവും സുനിയും ബന്ധുക്കളാണ്. ബിന്ദുവിന്റെ സഹോദരൻ ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. സുനിയെ ബിന്ദുവിന്റെ സഹോദരന്റെ ഇലക്ഷൻ പ്രചരണത്തിനായി വിളിച്ചിട്ട് വന്നില്ല എന്ന് പറഞ്ഞായിരുന്നു ആദ്യം തർക്കം തുടങ്ങിയത്. തർക്കം പിന്നീട് വാക്കേറ്റത്തിലും കയ്യാങ്കളിലും കലാശിച്ചു.
അടികൊണ്ട് തറയിൽ വീണ സുനിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ശരീരമാസകലം മർദ്ദനമേറ്റ സുനി വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അയിരൂർ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29.
സെൻട്രൽ ഗ്ലാസ് & സെറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാൻ അവസരം. സയന്റിസ്റ്റ് തസ്തികയിൽ 28 ഒഴിവുകളാണ് ഉള്ളത്. നിയമനം ലഭിക്കുന്നവർക്ക് 1,32,660 രൂപ വരെ ശമ്പളം ലഭിക്കും. അപേക്ഷകൾ ഡിസംബർ 1 മുതൽ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 29. അപേക്ഷകരിൽ നിന്ന് ഉയർന്ന യോഗ്യതയുള്ളവരെ ഉൾപ്പെടുത്തി പ്രത്യേക ലിസ്റ്റ് തയ്യറാക്കും. തുടർന്ന് ഒരു എഴുത്ത് പരീക്ഷയ്‌ക്കോ അല്ലെങ്കിൽ സെമിനാറിനോ ക്ഷണിക്കും. അതിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നവരെ ഉൾപ്പെടുത്തി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് https://www.cgcri.res.in/ സന്ദർശിക്കുക.



by Midhun HP News | Nov 30, 2025 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ ( എസ്‌ഐആര്‍ ) സമയപരിധി നീട്ടി. ഒരാഴ്ച കൂടിയാണ് സമയം നീട്ടിയിട്ടുള്ളത്. ഡിസംബര്‍ നാലിനായിരുന്നു പൂരിപ്പിച്ച എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സമയപരിധി ഡിസംബര്‍ 11 വരെയാക്കിയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിയിട്ടുള്ളത്.
കേരളം അടക്കം എസ്‌ഐആര്‍ പ്രക്രിയ നടക്കുന്ന 12 സംസ്ഥാനങ്ങളിലെ സമയപരിധിയാണ് നീട്ടിയിട്ടുള്ളത്. കേരളത്തില്‍ ഡിസംബര്‍ 9 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം കരട് പട്ടിക ഡിസംബര്‍ 16 നാണ് പ്രസിദ്ധീകരിക്കും.
കരടു വോട്ടര്‍ പട്ടികയിലെ പരാതികള്‍ കേട്ട്, പരിഹാര നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 14 ന് പ്രസിദ്ധീകരിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. എസ്‌ഐആര്‍ സമയപരിധി നീട്ടണണെന്ന് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും ബിഎല്‍ഒമാരും അടക്കമുള്ള ഉദ്യോഗസ്ഥരും ആവശ്യപ്പെട്ടിരുന്നു.



by Midhun HP News | Nov 30, 2025 | Latest News, കേരളം
കാസർകോട്: വീട്ടുമുറ്റത്ത് അഴിച്ചുവെച്ചിരുന്ന എസി നാടോടിസ്ത്രീകൾ കടത്തിക്കൊണ്ടുപോയി ആക്രിക്കടയിൽ വിറ്റു. ദുബായിയിൽ കുടുംബസമേതം താമസിക്കുന്ന പ്രവാസിയുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിലിരുന്ന് മോഷണം സിസിടിവിയിൽ കണ്ടു. വിവരം അറിയിച്ചതിനെത്തുടർന്ന് എസി കടത്തിയ സ്ത്രീകളെ പൊലീസ് കണ്ടെത്തി.
വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം മാങ്ങാട് കൂളിക്കുന്നിലെ വീട്ടിലാണ് സംഭവം നടന്നത്. വീട്ടിലെ ജോലിക്കാരൻ പുറത്തുപോയ സമയത്താണ് മൂന്ന് നാടോടി സ്ത്രീകൾ വീട്ടിലെത്തുന്നത്. ആരുമില്ലെന്ന് മനസ്സിലാക്കിയ ഇവർ വീട്ടുപരിസരം അരിച്ചുപെറുക്കി. നിലത്തുകണ്ട എസിയുമായി കടന്നുകളയുകയായിരുന്നു. പുതിയ സ്‌പിളിറ്റ് എസി വാങ്ങിയപ്പോൾ പഴയത് ഊരിവെച്ചതാണ് സ്ത്രീകൾ കടത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ എസി കളനാട്ട് പാഴ്വസ്തുക്കൾ വാങ്ങുന്ന കടയിൽ 5200 രൂപക്ക് വിറ്റതായി മനസ്സിലായി. നാടോടി സ്ത്രീകളെയും, വിൽപ്പന നടത്തിയ എസിയും കണ്ടെടുത്തു. പ്രവാസി പരാതി നൽകാതിരുന്നതിനാൽ, നാടോടി സ്ത്രീകളെ പൊലീസ് താക്കീത് നൽകി വിട്ടയച്ചു.



by Midhun HP News | Nov 30, 2025 | Latest News, ദേശീയ വാർത്ത
കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 413 ദിവസമായി നടത്തുന്ന സമരം ഇന്ന് ( ഞായറാഴ്ച) അവസാനിപ്പിക്കും. കേസില്‍ അന്തിമ വിധി വരുന്നതു വരെ ഭൂ നികുതി അടയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഭൂ സംരക്ഷണസമിതി കോര്‍ ഗ്രൂപ്പ് യോഗം ചേര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. മന്ത്രി പി രാജീവ് ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് സമരപ്പന്തലിലെത്തി നാരങ്ങ നീരു നല്‍കി നിരാഹാര സമരം അവസാനിപ്പിക്കും. 2024 സെപ്തംബര്‍ 27നാണ് നിരാഹാരം ഉള്‍പ്പെടെയുള്ള പ്രത്യക്ഷസമരങ്ങള്‍ ആരംഭിച്ചത്.
വൈപ്പിന്‍ എംഎല്‍എ കെ എന്‍ ഉണ്ണികൃഷ്ണന്‍ അടക്കമുള്ളവരും മന്ത്രിയെ അനുഗമിക്കും. സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് തടസ്സമുണ്ടാകില്ലെന്നും ഇതിനായി കുഴുപ്പിള്ളി വില്ലേജില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറക്കുമെന്നും നിയമമന്ത്രി പി രാജീവ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് ഭൂ സംരക്ഷണസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസമാണ് മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. വെള്ളിയാഴ്ച ചേര്‍ന്ന ഭൂസംരക്ഷണ സമിതിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഫാ. ആന്റണി സേവ്യര്‍ തറയില്‍, ജോസഫ് റോക്കി പാലക്കല്‍, ജോസഫ് ബെന്നി കുറുപ്പശേരി, മുരുകന്‍ കാതികുളത്ത്, രഘു കടുവങ്കശ്ശേരി, ഉണ്ണി പള്ളത്താംകുളങ്ങര തുടങ്ങിയവര്‍ പങ്കെടുത്തു.



Recent Comments