by Midhun HP News | Feb 15, 2026 | Latest News, കേരളം
കൊട്ടാരക്കര: ലോൺ ശരിയാക്കി തുക വർദ്ധിപ്പിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് സാധാരണക്കാരിൽ നിന്ന് പണം കൈപ്പറ്റി തട്ടിപ്പ് നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്നവരെ ലക്ഷ്യമിട്ട് വിശ്വാസം നേടിയെടുത്ത ശേഷമാണ് പ്രതികൾ തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു.
ലോൺ ക്ലോസ് ചെയ്ത് കൂടുതൽ തുക അനുവദിച്ച് നൽകാമെന്ന വ്യാജ വാഗ്ദാനവുമായി വിവിധ ഇടങ്ങളിൽ പരസ്യബോർഡുകൾ സ്ഥാപിച്ചാണ് പ്രതികൾ ആളുകളെ സമീപിച്ചത്. തുടർന്ന്, ആവശ്യമായ നടപടികൾ പൂർത്തിയാക്കി വായ്പ ഉടൻ ലഭ്യമാക്കാമെന്നു പറഞ്ഞ് പരാതിക്കാരനിൽ നിന്ന് 52,000 രൂപ കൈപ്പറ്റിയെങ്കിലും, പിന്നീട് വായ്പ നൽകാതെയും കൈപ്പറ്റിയ തുക തിരികെ നൽകാതെയും ചതിച്ചതായാണ് പരാതി.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കൊട്ടാരക്കര പോലീസ് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. വിശദമായ അന്വേഷണത്തിനൊടുവിൽ കേസിലെ പ്രതികളായി തിരുവല്ല വളഞ്ഞവട്ടം സ്വദേശികളായ രാജീവൻ (മഹേഷ്), ഗോപകുമാർ, ചെങ്ങന്നൂർ ചെറിയനാട് സ്വദേശി ഗിരീഷ് കുമാർ (കാർത്തിക്) എന്നിവരെ പോലീസ് പിടികൂടുകയായിരുന്നു.
പ്രതികൾ സമാന രീതിയിൽ മറ്റ് ആളുകളെയും വഞ്ചിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും പണം നഷ്ടപ്പെട്ട മറ്റ് പരാതിക്കാരെ കണ്ടെത്തുന്നതിനുമായി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

സാധാരണക്കാർ ഇത്തരം ലോൺ വാഗ്ദാനങ്ങളിൽ പെട്ടുപോകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും, പണം ആവശ്യപ്പെടുന്ന സ്വകാര്യ ഏജൻസികളുമായി ഇടപെടുമ്പോൾ ഔദ്യോഗിക രേഖകളും നിയമാനുസൃതതയും ഉറപ്പാക്കണമെന്നും പോലീസ് നിർദ്ദേശിച്ചു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളഞ്ഞിട്ടില്ല.

by Midhun HP News | Feb 15, 2026 | Latest News, കേരളം
കൊല്ലം: പരവൂർ:പൊഴിക്കര കടൽതീരത്ത് കുളിക്കാൻ ഇറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥികളായ ഭാനുമതി വിലാസത്തിൽ സെൽവരാജിന്റെ മകൻ
ബിബിൻ (16), അയത്തിൽ തെക്കേകാവ് അമ്പലത്തിന് സമീപം മനക്കര തെക്കതിൽ അനിൽരാജിന്റെ മകൻ കണ്ണൻരാജ് (16) എന്നിവരുടെ മൃതദേഹം പൊഴിക്കര ഭാഗത്തുനിന്ന് തന്നെ കിട്ടി.
അബുതാഹിറിനെ ഫയർഫോഴ്സിന്റെ സ്കൂബാ സംഘം രക്ഷപ്പെടുത്തി. ശനിയാഴ്ച പകൽ 2.45നാണ് അപകടം ഉണ്ടായത്. പൊഴിക്കര ക്ഷേത്രത്തിന് പിറക് വശത്തെ കടൽ തീരത്തെത്തിയ അഞ്ചു പേരടങ്ങുന്ന സംഘത്തിൽ മൂന്ന് പേർ കുളിക്കാൻ ഇറങ്ങുകയും ഒഴുക്കിൽപ്പെടുകയുമായിരുന്നു. കുട്ടികളുടെ നിലവിളി കേട്ട് കടൽതീരത്ത് ഉണ്ടായിരുന്നവർ പോലീസിനെ അറിയിക്കുകയും പോലിസ് ഫയർഫോഴ്സിനെ അറിയിക്കുകയും പോലീസും ഫയർഫോഴ്സും എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നതുതിനിടയിൽ കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീം അബുതാഹിറിനെ രക്ഷപ്പെടുത്തുകയായിരുന്നു.
റിഹാൻ, അർജുൻ എന്നിവരാണ് തീരത്തുണ്ടായിരുന്നത്.
by Midhun HP News | Feb 15, 2026 | Latest News, ദേശീയ വാർത്ത
ഭുവനേശ്വര്‍: ഒഡിഷയില്‍ രണ്ടര വയസുകാരനെ പിതാവ് ഒരു ലക്ഷം രൂപയ്ക്ക് വില്‍പന നടത്താന്‍ ശ്രമിച്ചു. ബാരിസാഹി ഗ്രാമത്തില്‍ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും കുട്ടിയെ മോചിപ്പിക്കുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പ്പനക്കാരനും പിതാവും കുഞ്ഞിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നടത്തുന്ന വിലപേശലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിച്ചതിന് പിന്നാലെയാണ് നടപടികള്‍.

എന്നാല്‍ വിഡിയോയുടെ ആധികാരികത ഉറപ്പിക്കാന്‍ ആയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു പ്രാദേശിക ആക്ടിവിസ്റ്റ് പരാതി നല്‍കിയതിന് പിന്നാലെയാണ് നീലഗിരി പൊലീസ് വിഷയത്തില്‍ ഇടപെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ വില്‍പന നടത്താന്‍ ശ്രമിച്ചയാളെയും വാങ്ങാന്‍ എത്തിയ വ്യക്തിയെയും കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിമിനിഭാട്ടി പ്രദേശത്ത് നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറി. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും നീലഗിരി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രമോദ് കുമാര്‍ മല്ലിക് പറഞ്ഞു, ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.
നിര്‍മാണ തൊഴിലാളിയായ കുവ എന്ന രാകേഷ് കുമാര്‍ ബെഹറയാണ് കുട്ടിയുടെ പിതാവ്. ഇടപാടിന്റെ ആദ്യഘഡുവായി ഇയാള്‍ക്ക് 50000 രൂപ ലഭിച്ചതായും പൊലിസ് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലമാണ് കുട്ടിയെ വില്‍പന നടത്താന്‍ മുതിര്‍ന്നത് എന്നാണ് രാകേഷ് കുമാര്‍ ബെഹെറയുടെ പ്രതികരണം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഞങ്ങള്‍ക്ക് നാല് കുട്ടികളുണ്ട്, അവരെ വളര്‍ത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ട്. പരിചയക്കാരനാണ് കുട്ടിയെ വാങ്ങാന്‍ ആളെ ഏര്‍പ്പാടാക്കിയതെന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ബെഹറ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നും വില്‍ക്കപ്പെട്ടതായി പറയപ്പെടുന്ന കുട്ടി അദ്ദേഹത്തില്‍ നിന്ന് വേറിട്ട് താമസിക്കുന്ന രണ്ടാമത്തെ ഭാര്യയില്‍ ജനിച്ചതാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.
by Midhun HP News | Feb 15, 2026 | Latest News, കേരളം
കൊച്ചി: കേരളത്തിലെ കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തി വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ മരണം ഉള്‍പ്പെടെയുള്ള സമീപ ദിവസങ്ങളില്‍ കേരളത്തില്‍ ഉണ്ടായ സംഭവങ്ങള്‍ കുട്ടികളുടെ മാനസികാവസ്ഥയില്‍ വന്ന മാറ്റത്തിന്റെ പ്രകടമായ ഉദാഹരണമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. കുട്ടികളില്‍ ഡിജിറ്റല്‍ ആസക്തിയുടെ ഞെട്ടിക്കുന്ന തോത് വ്യക്തമാക്കുന്നതാണ് ഇതിനായി ചികിത്സ തേടുന്നവരുടെ എണ്ണം. ഡിജിറ്റല്‍ ആസക്തി കുട്ടികളെ സാമ്പത്തിക തട്ടിപ്പിലേക്കും ചൂഷണങ്ങളിലേക്കും എത്തിക്കുന്നു എന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്.
കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ഇടയിലെ ഡിജിറ്റല്‍ ആസക്തി പരിഹരിക്കുന്നതിനായി കേരള പൊലീസ് ആരംഭിച്ച ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ (D-DAD) സെന്ററുകളില്‍ 2,309 കുട്ടികള്‍ ഓണ്‍ലൈന്‍, ഗാഡ്ജെറ്റ് ആസക്തിയുമായി ബന്ധപ്പെട്ട് കൗണ്‍സിലിങ്ങിന് വിധേയരായിട്ടുണ്ട്. 2026 ജനുവരി 19 വരെയുള്ള കണക്കുകളാണ് ഇത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കൊല്ലത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (591), കോഴിക്കോട് (411), തൃശൂര്‍ (381), കൊച്ചി (300) എന്നിങ്ങനെയാണ് ആദ്യ കണക്കുകള്‍.
എന്നാല്‍, ഈ വിവരങ്ങള്‍ യഥാര്‍ത്ഥ കേസുകളിലേക്കുള്ള ആദ്യ പടിമാത്രമാണെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. D-DAD കേന്ദ്രങ്ങളില്‍ എത്തിയ കേസുകള്‍ മാത്രമാണിത്. സ്‌കൂളുകളില്‍ നിന്നുള്‍പ്പെടെ പ്രൊഫഷണല്‍ സൈക്കോളജിസ്റ്റുകള്‍ക്ക് നേരിട്ട് റഫര്‍ ചെയ്യപ്പെടുന്നതും, ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നതുമായ നിരവധി സംഭവങ്ങള്‍ ഉണ്ടാകാമെനന്നും സോഷ്യല്‍ പൊലീസിങ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ഡി-ഡിഎഡി കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്ത കേസുകളില്‍ 1,306 എണ്ണം വിജയകരമായി പരിഹരിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡി-ഡിഎഡി കേന്ദ്രങ്ങളെ സമീപിച്ച ആണ്‍കുട്ടികള്‍ വീഡിയോ, ഓണ്‍ലൈന്‍ ഗെയിമുകളുടെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിയവരായിരുന്നു. പെണ്‍കുട്ടികൡ വലിയൊരു വിഭാഗം ചാറ്റുകളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും കൂടുതല്‍ ഏര്‍പ്പെടുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചികിത്സ പൂര്‍ത്തിയാക്കിയവരില്‍ പലരും വീണ്ടും സമാനമായ രീതികളിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടകുന്നതായും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.
ഡി-ഡിഎഡി കേന്ദ്രങ്ങളെ സമീപിക്കുന്ന നിരവധി കുട്ടികളില്‍ ഭൂരിഭാഗവും കടുത്ത വൈകാരിക പ്രശ്‌നങ്ങള്‍ നേരിടുന്നവരായിരുന്ന എന്ന് സ്റ്റുഡന്റ്-പൊലീസ് കേഡറ്റ് സംരംഭം ഉള്‍പ്പെടെയുള്ള സോഷ്യല്‍ പൊലീസിംഗ് പ്രോഗ്രാമുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനായ സൂരജ് കുമാര്‍ പറഞ്ഞു. ശരിയായ കൗണ്‍സിലിങ്ങിലൂടെ , സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം നിരവധി കേസുകള്‍ പരിഹരിക്കാനും കുട്ടികളെ ഡിജിറ്റല്‍ ആസക്തി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. തുടക്കത്തില്‍ ഡി-ഡിഎഡി സെന്ററുകള്‍ക്ക് വലിയ സ്വീകാര്യത ഉണ്ടായിരുന്നില്ലെങ്കിലും, ഇപ്പോള്‍ രക്ഷിതാക്കളും പൊതുജനങ്ങളും അവയുടെ പ്രാധാന്യം കൂടുതലായി തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ഡിജിറ്റല്‍ ആസക്തിയെയില്‍ നിന്നും കുട്ടികളെ മോചിപ്പിക്കാന്‍ ക്ലിനിക്കല്‍ കൗണ്‍സിലിങ്ങിന് ഒപ്പം രക്ഷിതാക്കളുടെ പിന്തുണയും അനിവാര്യമാണെന്ന് കൊച്ചി ആസ്ഥാനമായുള്ള സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ പ്രണവ് എം എസ് പറഞ്ഞു. കുട്ടികള്‍ പലപ്പോഴും ചെറിയ വിമര്‍ശനങ്ങള്‍ പോലും സഹിക്കാന്‍ കഴിയാത്തവരായിക്കഴിഞ്ഞു. ശക്തമായ രക്ഷാകര്‍തൃ, അധ്യാപക പിന്തുണ, ആശയവിനിമയം, നൈപുണ്യ വികസനം, പ്രശ്‌നപരിഹാര കഴിവുകള്‍ എന്നിവ ഡിജിറ്റല്‍ ആസക്തിയെ മറികടക്കാന്‍ അവരെ സഹായിക്കും, പാഠ്യപദ്ധതിയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങളും അത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വഴികളും കുടുതലായി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്നും പ്രണവ് ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ നേതൃത്വത്തിലുള്ള കൗണ്‍സിലിങ് സംരംഭങ്ങള്‍ പ്രശംസനീയമാണെങ്കിലും, ഫലപ്രദമായ നടപടികള്‍ക്കായി കേസുകള്‍ മെച്ചപ്പെട്ട ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളിലേക്ക് എത്തേണ്ടതുണ്ടെന്നും ഈ മേഖലയിലെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നു.

by Midhun HP News | Feb 15, 2026 | Latest News, കേരളം
തൃശൂർ: കെഎസ്ആർടിസി യാത്രക്കാരുടെ വിശ്വാസവും ആവശ്യങ്ങളും മുൻനിർത്തി വിജയകരമായി നടത്തിവരുന്ന ബജറ്റ് ടൂറിസം യാത്രകളിൽ ഇനി ഗുരുവായൂർ ദർശന യാത്രകളും. യാത്രക്കാരുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഗുരുവായൂർ ക്ഷേത്ര ദർശനം ഉൾപ്പെടുത്തി പ്രത്യേക യാത്രകൾ ആരംഭിച്ചിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിൽ ശാന്തമായും സുഖകരമായും ദർശനാനുഭവം ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ ബജറ്റ് ടൂറിസം ഒരുക്കിയിട്ടുണ്ട്. കൂടാതെ മിതമായ നിരക്കിൽ താമസ സൗകര്യവും യാത്രയിലുടനീളം മാർഗനിർദ്ദേശം നൽകുന്നതിനായി കെഎസ്ആർടിസി ബജറ്റ് ടൂറിസം കോഡിനേറ്ററുടെ സേവനവും ലഭ്യമാണ്. കെഎസ്ആർടിസിയുടെ ബജറ്റ് ടൂറുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ചുവടെ നൽകിയിട്ടുള്ള ബജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരെ ബന്ധപ്പെടുക.
Trivandrum North – 9188619378
Trivandrum South – 9188938522
Kollam – 9188938523
Pathanamthitta – 9188938524
Alappuzha – 9188938525
Kottayam – 9188938526
Idukki – 9188938527
Ernakulam – 9188938528
Thrissur – 9188938529
Palakkad – 9188938530
Malappuram – 9188938531
Kozhikode – 9188938532
Wayanad – 9188938533
Kannur & Kasaragod – 9188938534
State Co-ordinator – 9188938521
by Midhun HP News | Feb 15, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കി സിനിമ പ്രവര്‍ത്തകര്‍. കൊടിമര നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നല്‍കിയതിലാണ് സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍ എന്നിവര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്.

അതേസമയം, സ്വര്‍ണം സംഭാവന നല്‍കിയതില്‍ മൊഴി നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും വിജിലന്‍സിനെ അറിയിച്ചു. സ്വര്‍ണം സംഭാവനയായി നല്‍കിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.
ശബരിമലയിലേക്ക് സുരേഷ് ഗോപി, ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ എന്നിവര്‍ സ്വര്‍ണം സംഭാവന നല്‍കിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. 2017 ല്‍ പുതിയ കൊടിമരം സ്വര്‍ണം പൂശി സ്ഥാപിക്കാന്‍ തീരുമാനിച്ച സമയത്ത് നല്‍കിയ ദൃശ്യങ്ങളാണ് പുറത്തു വന്നത്.
കൊടിമരം സ്വര്‍ണം പൂശാന്‍ വിശ്വാസികളായ വിവിധ ആളുകളില്‍ നിന്നും സ്വര്‍ണം ഇത്തരത്തില്‍ വാങ്ങിയിരുന്നു. 2017 ജൂണ്‍ അഞ്ചാം തീയതി പമ്പയില്‍ വെച്ചായിരുന്നു ഈ ചടങ്ങ് നടന്നത്. സ്വര്‍ണം പൂശാനോ, പാളി ഉണ്ടാക്കാനോ പറ്റുന്ന തരത്തില്‍ സ്വര്‍ണത്തകിടുകളാണ് സംഭാവനയായി സ്വീകരിച്ചത്. അന്ന് 80.49 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നാണ് ദേവസ്വം രേഖകളില്‍ വ്യക്തമാക്കിയിട്ടുള്ളത്. ജൂണ്‍ 10 ന് 246 ഗ്രാം സ്വര്‍ണം ലഭിച്ചുവെന്നും ദേവസ്വം രേഖകളില്‍ പറയുന്നു.
ഈ സ്വര്‍ണം സംഭാവന ചെയ്തത് ഒരു സിനിമാ നിര്‍മ്മാതാവ് ആണെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. നടന്മാരും വ്യവസായികളും അടക്കം സ്വര്‍ണം സംഭാവന ചെയ്തവരുടെ പേരുവിവരങ്ങളും അളവും ശരിയായി രേഖപ്പെടുത്താതിരുന്നതിലും ഇവര്‍ക്ക് രസീതു നല്‍കാതിരുന്നതിലും തട്ടിപ്പു നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. സംഭാവന നല്‍കിയവരുടെ മൊഴിയെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
വിശ്വാസികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം സംഭാവനയായി ലഭിച്ചിട്ടുണ്ട്. കൂടാതെ 9 കിലോയോളം സ്വര്‍ണം ദേവസ്വം ബോര്‍ഡ് പണം നല്‍കി വാങ്ങുകയും ചെയ്തിരുന്നു. ഇങ്ങനെ സ്വര്‍ണം പൂശിയതില്‍ ഏതാണ്ട് 30 പവനോളം സ്വര്‍ണം മിച്ചം വന്നു. ആ സ്വര്‍ണം എവിടെയെന്ന് കൃത്യമായ കണക്കില്ലെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൊടിമരപ്രതിഷ്ഠയിലെ സ്വര്‍ണത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് വിലയിരുത്തിയിരുന്നു.

Recent Comments