by Midhun HP News | Nov 23, 2025 | Latest News, ദേശീയ വാർത്ത
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാം പട്ടണത്തിൽ വൻ അഗ്നിബാധ. നിരവധി കടകൾ കത്തിനശിച്ചു. ആളാപയമില്ല. ദമ്മാമിലെ വാട്ടർ ടാങ്ക് റോഡിൽ പ്ലംബിങ് കടയുടെ ഗോഡൗണിലുണ്ടായ തീപിടുത്തത്തെ തുടർന്നാണ് മറ്റ് കടകളിലേക്കും തീപടർന്ന് വൻ നാശനഷ്ടമുണ്ടായത്. മലയാളികളുടെ കടകളും കത്തിനശിച്ചവയിലുണ്ട്. ശനിയാഴ്ച ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്.
രാത്രി വൈകിയും തീ പൂർണമായും നിയന്ത്രവിധേയമാക്കാനായിട്ടില്ല.അഗ്നിബാധയുടെ കാരണം വ്യക്തമല്ല. പ്ലംബ്ലിങ് ഹാർഡ്െവയർ കടകളാണ് ഇവിടെയുള്ളതിൽ അധികവും. പ്ലാസ്റ്റിക്കും കെമിക്കലും പെയിൻറുകളുമുള്ള ഗോഡൗണിൽനിന്ന് അതിവേഗം തീ പടരുകയായിരുന്നു. ഉച്ചയായതിനാൽ ജീവനക്കാരെല്ലാം പുറത്തായിരുന്നു. അതുകൊണ്ടാണ് ആളപായമില്ലാതായത്. എല്ലാവരും ജോലി സംബന്ധമായി മുറികൾക്ക് പുറത്തായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന താമസസ്ഥലങ്ങളിൽനിന്ന് ആളുകൾക്ക് രക്ഷപ്പെടാൻ സാധിച്ചു.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
കല്ലറ – തെങ്ങും കോട് സ്വദേശി അഖിൽ രാജ് (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് മരിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ ആണ് ഉള്ളത്. വെള്ളിയാഴ്ച്ച തറട്ട ഹോസ്പിറ്റൽ റോഡിൽ വച്ച് രാത്രി 9.15 നാണ് അപകടം നടന്നത്. തറട്ടയിൽ നിന്നും ഓട്ടം പോയി തിരികെ വരുന്ന വഴിയിൽ റോഡിന് കുറുകെ പാഞ്ഞ കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് വാഹനം മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാട്ടുപന്നി ചത്തു. നാട്ടുകാരാണ് ഓടിയെത്തി ഓട്ടോക്കടിയിൽ പെട്ട അഖിൽ രാജിനെ വാഹനം ഉയർത്തിമാറ്റി പുറത്തെടുത്തത്.


by Midhun HP News | Nov 23, 2025 | Latest News, കേരളം
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.
ഡ്രൈവര്‍ ക്യാബിനില്‍ വ്‌ലോഗ് ചിത്രീകരണം, യാത്രയ്ക്കിടെ അപകടകരമായ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം പ്രകാരം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.
ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ നീക്കം ചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സര്‍വീസ് തുടരാന്‍ അനുവാദമില്ല. ഗുരുതരമായ രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.


by Midhun HP News | Nov 23, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വിദേശയാത്രകളും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി ) അന്വേഷിക്കുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശയാത്രയില്‍ പത്മകുമാറും ഒപ്പമുണ്ടായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെ പാസ്‌പോര്‍ട്ട് എസ്‌ഐടി പിടിച്ചെടുത്തു. പത്മകുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തത്.
പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. പത്മകുമാറിന്റെയും ഭാര്യയുടേയും ആസ്തികള്‍ പരിശോധിക്കുന്നുണ്ട്. ഇരുവരുടേയും ആദായനികുതി വിവരങ്ങളും രേഖകളും അടക്കം എസ്‌ഐടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. 2019 ന് മുമ്പും ശേഷവുമുള്ള ഭൂമി പ്രമാണങ്ങളും എസ്‌ഐടി പിടിച്ചെടുത്തിട്ടുണ്ട്. പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ തീരുമാനം.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി കൊടുത്തുവിടാന്‍ തീരുമാനം എടുത്തത് 2019 മാര്‍ച്ച് 19 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണോ എന്നാണ് എസ്‌ഐടി പരിശോധിക്കുന്നത്. ആ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്‌സ് രേഖയിലാണ് പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പ് എന്നു തിരുത്തി എഴുതിയിരിക്കുന്നതെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാറിനെതിരെ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നല്‍കിയ മൊഴികളും എസ്‌ഐടി വിശദമായി പരിശോധിക്കുന്നുണ്ട്. ഞങ്ങളാരും അറിയാതെയാണ് പത്മകുമാര്‍ നടപടി സ്വീകരിച്ചതെന്ന് അന്നത്തെ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ ദാസ്, വിജയകുമാര്‍ എന്നിവരുടെ മൊഴിയും പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി ദേവസ്വം ബോര്‍ഡ് അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യും. സന്നിധാനത്തു നിന്നും കടത്തിയ സ്വര്‍ണം ഉപയോഗിച്ചു നടത്തിയ ഇടപാടുകളും അതില്‍ പങ്കാളികളായവരിലേക്കും എസ്‌ഐടി അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.


by Midhun HP News | Nov 23, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബിക്ക് പല ഭീകരസംഘടനകളുമായും ബന്ധമുണ്ടെന്ന് കണ്ടെത്തല്‍. അല്‍ ഖ്വയ്ദ അടക്കമുള്ള പല സംഘടനകളുമായും ഉമര്‍ നബി ചര്‍ച്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉമര്‍ നബിയുടെ സംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍മാരില്‍ പലരും അല്‍ഖ്വയ്ദയുടെ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിച്ചപ്പോള്‍, കൂടുതല്‍ തീവ്രനിലപാടുള്ള ഐഎസ്‌ഐസിനോടായിരുന്നു ഉമര്‍ നബിക്ക് താല്‍പ്പര്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്.
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍, കശ്മീരി മതപണ്ഡിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ തുടങ്ങിയവരുമായിട്ടാണ് ഉമര്‍ നബി ആശയപരമായി ഭിന്നിപ്പ് പ്രകടിപ്പിച്ചിരുന്നത്. പാശ്ചാത്യ സംസ്‌കാരത്തേയും വിദൂരശത്രുക്കളെയും ആക്രമിക്കുന്ന അല്‍ഖ്വയ്ദ സമീപനത്തോടാണ് ഇവര്‍ ചായ്‌വ് പ്രകടിപ്പിച്ചിരുന്നത്. അടുത്തുള്ള ശത്രുക്കളെ കീഴ്‌പ്പെടുത്തുക, മതഭരണം സ്ഥാപിക്കുക തുടങ്ങിയ ഐഎസ് നയങ്ങളാണ് ഉമര്‍ നബി താല്‍പ്പര്യപ്പെട്ടത്.
പ്രത്യയശാസ്ത്രം, സാമ്പത്തികം, ആക്രമണം നടത്തുന്ന രീതി എന്നിവയുമായി ബന്ധപ്പെട്ട് ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയിലെ മറ്റ് അംഗങ്ങളുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണം, ഭീകരസംഘാംഗമായ ഡോ. അദീല്‍ അഹമ്മദ് റാത്തറിന്റെ ഒക്ടോബറില്‍ നടന്ന വിവാഹച്ചടങ്ങില്‍ നിന്നും ഉമര്‍ നബി വിട്ടുനിന്നിരുന്നു. മതപുരോഹിതന്‍ മുഫ്തി ഇര്‍ഫാന്‍ വാഗെ അറസ്റ്റിലായതോടെ, ഉമര്‍ നബി കശ്മീരിലേക്ക് പാഞ്ഞെത്തി. ഒക്ടോബര്‍ 18 ന് ഖാസിഗുണ്ടിലെത്തിയ ഉമര്‍ മറ്റുള്ളവരുമായി ചര്‍ച്ച നടത്തി.
തുടര്‍ന്ന് സംഘാംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നത പരിഹരിച്ചു. സംഘം അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നാട്ടില്‍ തന്നെ തങ്ങി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയായിരുന്നു. കാശ്മീരിലെ ബുര്‍ഹാന്‍ വാനിയുടെയും സാക്കിര്‍ മൂസയുടെയും തീവ്രവാദ പാരമ്പര്യങ്ങളുടെ പിന്‍ഗാമിയായി ഉമര്‍ മുഹമ്മദ് എന്ന ഉമര്‍ നബി തന്നെത്തന്നെ കണ്ടിരുന്നു എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. സ്‌ഫോടനങ്ങള്‍ക്കായി ഇയാള്‍ 2023 മുതല്‍ ഐഇഡികളെക്കുറിച്ച് ഗവേഷണം നടത്തി വന്നിരുന്നതായും എന്‍ഐഎ സൂചിപ്പിക്കുന്നു.


by Midhun HP News | Nov 23, 2025 | Latest News, കേരളം
കൊച്ചി: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം സാക്ഷിയാകും. ചെന്നൈയിലേക്ക് കൊണ്ടുപോയ ദ്വാര പാലക ശില്‍പങ്ങളുടെ പാളികള്‍ ഉള്‍പ്പെടെ വച്ച് കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ പൂജയില്‍ ജയറമും പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം ജയറാമിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്. ഇതിനായി അന്വേഷണ സംഘം ജയറാമിന്റെ സമയം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അറ്റകുറ്റപ്പണിക്ക് എന്ന പേരില്‍ ശബരിമലയില്‍ നിന്നും കൊണ്ടുപോയ സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി പലയിലടങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വെക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഒരു ചടങ്ങില്‍ നടന്‍ ജയറാം, ഗായകന്‍ വീരമണി തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. 2019 ല്‍ ചെന്നൈയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങളും കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിവരങ്ങള്‍ക്കായി ജയറാമിനെ സമീപിക്കുന്നത്.
ശബരിമലയില്‍ വച്ചുള്ള പരിചയത്തിന്റെ പുറത്താണ് ഉണ്ണികൃഷ്ണന്‍ പോറ്റി സംഘടിപ്പിച്ച പൂജയിലേക്ക് എത്തിച്ചത്. എന്നാല്‍ ഇയാള്‍ തന്റെ പക്കല്‍ നിന്നും പണം വാങ്ങിയിട്ടില്ല. സ്വര്‍ണപ്പാളിയില്‍ പൂജനടത്താനായത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് കരുതിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തിനും സഹകരിക്കുമെന്നും ജയറാം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.


Recent Comments