വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ; 24 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ സ്‌കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്‌കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയത്. യാത്രയ്ക്കിടെ കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വിനോദയാത്രയ്ക്ക് കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കുട്ടികള്‍ക്ക് കാര്യമായി ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ല.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടികള്‍ ചികിത്സയിലാണ്. കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ കാര്യം സ്‌കൂള്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

സ്പായിൽ പോയ സിപിഒയെ ഭീഷണിപ്പെടുത്തി 4 ലക്ഷം തട്ടി; എസ്ഐയ്ക്ക് സസ്പെന്‍ഷന്‍; കൂട്ടാളി പിടിയിൽ

കൊച്ചി: സ്പായില്‍ നിന്ന് മാല മോഷ്ടിച്ചെന്ന് ആരോപിച്ച് സിവിൽ പൊലീസ് ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ് ഐക്കെതിരെ നടപടി. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ കെ ബൈജുവിനെ സസ്പെൻഡ് ചെയ്തു. തട്ടിയെടുത്ത പണത്തില്‍ 2 ലക്ഷം രൂപ എസ്ഐ ബൈജുവിന് ലഭിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

കേസിൽ എസ്ഐ ബൈജുവിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം ശക്തമാക്കി. മോഷണ വിവരം ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തി ബൈജുവും സംഘവും ചേർന്ന് നാലുലക്ഷം രൂപ എസ്ഐ കൈക്കലാക്കിയെന്നാണ് കേസ്. സംഭവത്തില്‍ സ്പാ നടത്തുന്ന യുവതിയെ അടക്കം മൂന്നുപേരെ പ്രതി ചേര്‍ത്തു. ബൈജുവിന്റെ കൂട്ടാളിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. സ്പാ നടത്തുന്ന യുവതിയും ഒളിവിലാണ്. നവംബര്‍ എട്ടിനാണ് സിപിഒ സ്പായിലെത്തി മടങ്ങിയത്. ഇതിന് പിന്നാലെ സ്പാ നടത്തുന്ന യുവതി മാല നഷ്ടമായ കാര്യം പൊലീസ് ഉദ്യോ​ഗസ്ഥരെ അറിയിക്കുകയും, പൊലീസുകാരൻ എടുത്തു കൊണ്ടുപോയതാണെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എസ്ഐയും സംഘവും പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ മരിച്ച നിലയിൽ

സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ മരിച്ച നിലയിൽ

പാലക്കാട് : സിപിഎം പ്രവർത്തകൻ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട് മരുതറോഡിലാണ് സംഭവം. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേ​ഹം. മരണകാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഞയാറാഴ്ച രാവിലെ ചായ കുടിച്ചതിന് ശേഷം ശിവൻ വീട്ടില്‍ നിന്ന് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. മലമ്പുഴ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം; അന്വേഷണം

തിരുവനന്തപുരം: വര്‍ക്കല പാപനാശം കടലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മത്സ്യത്തൊഴിലാളികള്‍ തന്നെയാണ് മൃതദേഹം കരയ്ക്ക് എത്തിച്ചത്.

ഇന്ന് രാവിലെ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹം കരയ്ക്ക് എത്തിച്ച മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിച്ചു. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. വര്‍ക്കല, അയിരൂര്‍ പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ഈ സ്റ്റേഷന്‍ പരിധികളില്‍ ഏതെങ്കിലും മിസിങ് കേസുകള്‍ ഉണ്ടോ എന്നതടക്കം അന്വേഷിക്കുകയാണ് പൊലീസ്. മരിച്ചത് ആരാണ് എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ ഇന്നും തുടരും, ഇടി മിന്നലിനും സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. ഇന്ന് വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ശക്തമായ ഇടിമിന്നലിനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു. ഇടത്തരം മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി രൂപം കൊണ്ട ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദവുമാണ് കേരളത്തില്‍ മഴയ്ക്ക് കാരണമാകുന്നത്. മലാക്ക കടലിടുക്കിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി പുതിയ ന്യുനമര്‍ദ്ദം രൂപപ്പെട്ടിട്ടുള്ളത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചേക്കും. വരുന്ന 24 മണിക്കൂറിനിടെ, പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളിലും ചക്രവാതചുഴിസ്ഥിതി ചെയ്യുന്നുണ്ട്.

നിലവില്‍, കേരളത്തില്‍ നവംബര്‍ 26 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുണ്ട്.

പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചു

തിരുവനന്തപുരം: വിമുക്തഭടന്മാരുടെയും സേവനത്തിനിടെ മരിച്ച സൈനികരുടെ ആശ്രിതരായ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നൽകുന്ന പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പ് സ്കീം (PMSS)-ന്റെ 2025-26 അധ്യയനവർഷത്തേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി.

മെഡിക്കൽ, എൻജിനീയറിങ് നഴ്സിങ്, ഫാർമസി, എം.ബി.എ, ബി.ബി.എ, ബി.എസ്.സി, ഐ.ടി. കോഴ്സുകൾ തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.

അപേക്ഷകർ serviceonline.gov.in/kerala എന്ന പോർട്ടലിലൂടെ ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ അസ്സൽ അപ്‌ലോഡ് ചെയ്ത പ്രിന്റ് ഔട്ട് ബന്ധപ്പെട്ട ജില്ലാ സൈനികക്ഷേമ ഓഫീസിൽ സമർപ്പിക്കണം. സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ കൂടുതൽ മാർക്ക് നേടിയവർക്കും യോഗ്യത മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും മുൻഗണന ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷാ പ്രക്രിയയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി സമീപ ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാമെന്ന് അറിയിച്ചു.