ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഉമ്മൻചാണ്ടിക്കെതിരായ പരാമർശം:​ പ്രസ്താവന പിൻവലിച്ച് ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ദില്ലി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ പരാമർശത്തിൽ മന്ത്രി ​ഗണേഷ്കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ദില്ലിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അടൂർ പ്രകാശിനെ ന്യായീകരിച്ചും പ്രതിപക്ഷ നേതാവ് രം​ഗത്തെത്തി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടൂർ പ്രകാശിൻ്റെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു പ്രതികരണം. മുഖ്യമന്ത്രി പോറ്റിക്കൊപ്പം നിന്നില്ലേ? മണ്ഡലത്തിലുള്ളയാളാകുമ്പോൾ പരിചയമുണ്ടാകുമെന്നായിരുന്നു വി ഡി സതീശൻ്റെ പ്രതികരണം. എന്നാൽ, പോറ്റി – അടൂർപ്രകാശ് കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഒഴിഞ്ഞുമാറി. ശശി തരൂർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാത്തത് മറ്റ് പരിപാടികളിൽ പങ്കെടുക്കാനുള്ളത് കൊണ്ടെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. പാർട്ടി പറഞ്ഞാൽ നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു.

‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി; ‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’

‘എന്റെ സുഹൃത്തുക്കളെ’ പുത്തരിക്കണ്ടത്ത് മലയാളത്തിൽ അഭിസംബോധന ചെയ്ത് മോദി; ‘കേരളത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകും’

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി. എന്റെ സുഹൃത്തുക്കളെ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പ്രസം​ഗം.

മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. പി എം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്ക് ഒപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണ്. അവിടെ വിശദമായി സംസാരിക്കാമെന്നും പറഞ്ഞു കൊണ്ടാണ് മോദി പ്രസം​ഗം അവസാനിപ്പിച്ചത്.

ഗുരുവായൂരില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍: പ്രത്യേക ക്രമീകരണം

ഗുരുവായൂരില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍: പ്രത്യേക ക്രമീകരണം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച 245ലേറെ വിവാഹങ്ങള്‍. ഈ സാഹചര്യത്തില്‍ ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കും. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍

വിവാഹങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പുലര്‍ച്ചെ 4 മണി മുതല്‍ കല്യാണങ്ങള്‍ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങള്‍ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിര്‍വ്വഹിക്കാന്‍ ക്ഷേത്രം കോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂര്‍ണമായും വണ്‍ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കണ്‍ വാങ്ങണം. ഇവര്‍ക്ക് ആ പന്തലില്‍ വിശ്രമിക്കാം. താലികെട്ട് ചടങ്ങിന്റെ ഊഴമെത്തുമ്പോള്‍ ഇവരെ മേല്‍പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രവേശിപ്പിക്കും. തുടര്‍ന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാല്‍ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാന്‍ അനുവദിക്കില്ല.വധു വരന്‍മാര്‍ക്കൊപ്പം ഫോട്ടോഗ്രാഫര്‍മാര്‍ ഉള്‍പ്പെടെ 24പേര്‍ക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂര്‍വ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ദര്‍ശന ക്രമീകരണം

ക്ഷേത്രത്തില്‍ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ദര്‍ശനത്തിന് കൂടുതല്‍ സൗകര്യമൊരുക്കാന്‍ ക്ഷേത്രത്തില്‍ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ദര്‍ശനത്തിന്നെത്തുന്ന ഭക്തര്‍ക്കും വിവാഹ ചടങ്ങിനെത്തുന്നവര്‍ക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. ക്ഷേത്ര ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താന്‍ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യര്‍ത്ഥിച്ചു.

കണ്ണുകള്‍ സഞ്ജുവിലും ഇഷാന്‍ കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന്

കണ്ണുകള്‍ സഞ്ജുവിലും ഇഷാന്‍ കിഷനിലും; ഇന്ത്യ- ന്യൂസിലന്‍ഡ് രണ്ടാം ടി20 ഇന്ന്

റായ്പുര്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ടി20 പോരാട്ടം ഇന്ന്. മലയാളി താരം സഞ്ജു സാംസണും ഇഷാന്‍ കിഷനുമാണ് ഇന്നത്തെ മത്സരത്തിലെ ശ്രദ്ധേ കേന്ദ്രങ്ങള്‍. അടുത്ത മാസം 7 മുതല്‍ ആരംഭിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെട്ട ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ് പരമ്പര. ആദ്യ പോരാട്ടത്തില്‍ ഇരുവര്‍ക്കും അവസരം കിട്ടിയെങ്കിലും തിളങ്ങാനായില്ല. സഞ്ജു ബാറ്റിങില്‍ പരാജയപ്പെട്ടെങ്കിലും വിക്കറ്റ് കീപ്പറായി മിന്നും പ്രകടനമാണ് നടത്തിയത്. ലോകകപ്പിനുള്ള അന്തിമ ഇലവനിലേക്ക് സ്ഥാനമുറപ്പിക്കാന്‍ ഇരുവര്‍ക്കും പരമ്പര നിര്‍ണായകമാണ്. ഇന്ന് തിളങ്ങി തിരിച്ചു വരാനായിരിക്കും സഞ്ജുവും ഇഷാനും ലക്ഷ്യമിടുന്നത്.

ഇന്ന് വൈകീട്ട് 7 മുതല്‍ ഛത്തീസ്ഗഢിലെ റായ്പുരിലാണ് പോരാട്ടം. ആദ്യം മത്സരം ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിനു മുന്നിലാണ്.

ആദ്യ പോരാട്ടത്തില്‍ 35 പന്തില്‍ 84 റണ്‍സടിച്ച് ഓപ്പണര്‍ അഭിഷേക് ശര്‍മ അപാര ഫോമില്‍ ബാറ്റ് വീശി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. സഞ്ജുവിന് ആദ്യ കളിയില്‍ 10 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇന്ന് മികച്ചൊരു ഇന്നിങ്‌സ് താരത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം ടീമിലെത്തിയ ഇഷാനാകട്ടെ 8 റണ്‍സുമായും മടങ്ങി. ഇഷാന് ഈ പരമ്പരയില്‍ ഫോം തെളിയിച്ചാല്‍ മാത്രമേ ലോകകപ്പിനുള്ള ഇലവനിലേക്ക് എന്തെങ്കിലും സാധ്യത നിലനില്‍ക്കുന്നുള്ളു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങി വരുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചത് ഇന്ത്യക്ക് ആശ്വാസമാണ്. ബൗളിങ് നിരയും ആദ്യ കളിയില്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞതിനാല്‍ മറ്റ് വേവലാതികളില്ലാതെ വിജയം തുടരാമെന്ന ആത്മവിശ്വാസവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്.

പൊന്നിന്‍ തിളക്കം, 1,17,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 4000 രൂപ

പൊന്നിന്‍ തിളക്കം, 1,17,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 4000 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 3960 രൂപ വര്‍ധിച്ചതോടെ പവന്‍ വില 1,17,000 കടന്നിരിക്കുകയാണ്. 1,17,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 495 രൂപയാണ് വര്‍ധിച്ചത്. 14,640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയിരുന്ന സ്വര്‍ണവില ഇന്നലെ ഇടിഞ്ഞിരുന്നു. പവന് ഒറ്റയടിക്ക് 1680 രൂപയാണ് കുറഞ്ഞത്. എന്നാല്‍ ഈ ഇടിവ് താത്കാലികം മാത്രമാണ് എന്ന വ്യക്തമായ സൂചന നല്‍കിയാണ് ഇന്നത്തെ കുതിപ്പ്. മൂന്നാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ 17000 രൂപയിലധികമാണ് വര്‍ധിച്ചത്.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന അസ്ഥിരത അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

ഗ്രീന്‍ലാന്‍ഡിന്റെ നിയന്ത്രണം സംബന്ധിച്ച് എതിരഭിപ്രായം പറയുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയില്‍ അസ്ഥിരതയ്ക്കുള്ള പ്രധാന കാരണം. ഈ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് വില ഇപ്പോഴും ഉയര്‍ന്നുനില്‍ക്കാന്‍ കാരണം.

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, വമ്പൻ വരവേൽപ്പൊരുക്കി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത്; സ്വീകരിച്ച് മുഖ്യമന്ത്രിയും ​ഗവർണറും, വമ്പൻ വരവേൽപ്പൊരുക്കി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാന ന​ഗരിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര അർലേക്കർ എന്നിവർ സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടം മൈതാനത്തേക്ക് റോഡ് ഷോ നടക്കും. കനത്ത സുരക്ഷയാണ് തലസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. മോദിയെ കാണാൻ നിരവധി പേർ റോഡിന്റെ ഇരുവശത്തുമായി തടിച്ചുകൂടിയിട്ടുണ്ട്.

ഔദ്യോ​ഗിക വേദിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം ന‌ടക്കും. കൂടാതെ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.