by Midhun HP News | Aug 10, 2026 | Latest News, ജില്ലാ വാർത്ത
കടയ്ക്കാവൂർ തെക്കുംഭാഗം പാലോട് വീട്ടിൽ മനു (42), വെട്ടൂർ അരിവാളം റിയാസ് മൻസിലിൽ റിയാസ് (30), വക്കം അമ്മൂമ്മ വീട്ടിൽ വിഷ്‌ണു (31) എന്നിവരാണ് അറസ്റ്റിലായത്. അയിരൂർ വില്ലിക്കടവ് ജങ്‌ഷനു സമീപം സംശയാസ്പദ സാഹചര്യത്തിൽ കാറുമായി എത്തിയ സംഘത്തിനെതിരെ അയിരൂർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
കാറിൽ നടത്തിയ പരിശോധനയിൽ കമ്പിപ്പാര, ഗ്ലൗസ്, പഴയ തോർത്തുമുണ്ട് തുടങ്ങിയവ കണ്ടെത്തി. സംഘം മോഷണം ലക്ഷ്യമിട്ടെത്തിയതാകാമെന്നാണ് പെലീസ് സംശയിക്കുന്നത്. വെള്ളി രാത്രി 7.30ഓടെയായിരുന്നു സംഭവം. മനുവിന്റെ മാരുതി 800 കാറിലാണ് സംഘം വില്ലിക്കടവ് ഭാഗത്തെത്തിയത്.
ഇവിടെവച്ച് വാക്കുതർക്കമുണ്ടായതിനെ തുടർന്ന്, മനു കൈവശമുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് റിയാസിന്റെ ഇടതുകൈയിൽ പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. തുടർന്ന് വിഷ്‌ണു കാറുമായി കടയ്ക്കാവൂരിലുള്ള വീട്ടിലേക്കുപോയി. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചപ്പോഴാണ് കാറിൽനിന്ന് മാരകായുധങ്ങൾ ഉൾപ്പെടെ കണ്ടെടുത്തത്. റിയാസ് അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെയും മനു കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെയും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്നും നിലവിൽ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ മൂവരും മദ്യപിച്ചാണ് കാറിൽ വില്ലിക്കടവ് ഭാഗത്തെത്തിയതെന്നും കണ്ടെത്തി. ഇവർക്ക് സമീപകാലത്ത് വർക്കല, അയിരൂർ പ്രദേശങ്ങളിൽ റിപ്പോർട്ടു ചെയ്ത മോഷണക്കേസുകളുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.


by Midhun HP News | Aug 10, 2026 | Latest News, കേരളം
പുനലൂർ: പുനലൂരിലെ ലോഡ്ജ് മുറിയിൽ കളനാശിനി കഴിച്ച് അവശനിലയിൽ കണ്ടെത്തിയ വൃദ്ധദമ്പതികൾ ചികിത്സയിലിരിക്കെ മരിച്ചു. തിരുവനന്തപുരം പള്ളിക്കൽ നരുവാമൂട്, മൊട്ടമൂട് സോപാനത്തിൽ രാമസ്വാമി (81), ഭാര്യ ശാരദ (71) എന്നിവരാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. ശാരദ ശനിയാഴ്ച അർദ്ധരാത്രി 11.15-ഓടെയും രാമസ്വാമി ഞായറാഴ്ച പുലർച്ചെ രണ്ടിനെയുമാണ് മരിച്ചത്.
ശനിയാഴ്ച പുനലൂർ പൊലീസ് പ്രദേശത്തെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എം.എൽ.എ റോഡിലെ ലോഡ്ജ് മുറിയിൽ ഇരുവരെയും അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വെള്ളിയാഴ്ച പുനലൂർ മണിയാറുള്ള മൂത്ത മകൾ സജിനിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇവർ. അസുഖബാധിതയായ മകൾ പുത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നേദിവസം തന്നെ ഇരുവരും പുനലൂരിലെ ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് ശനിയാഴ്ച വൈകുന്നേരം മൂന്നു മണിയോടെ കളനാശിനി കഴിക്കുകയായിരുന്നു എന്നാണ് അനുമാനം. സംഭവം നടന്ന മുറിയിൽ നിന്നും കളനാശിനിയുടെ കുപ്പി പൊലീസ് കണ്ടെടുത്തു. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ പുനലൂർ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
മക്കൾ: സജിനി, മനോജ്, അശ്വതി.
മരുമക്കൾ: ശ്രീലത, ലിപിൻ, പരേതനായ ബാബു.


by Midhun HP News | Aug 10, 2026 | Latest News, കേരളം
കൊല്ലം: ഓണക്കാലത്തു വ്യാപാരികളുടെ ഉപജീവനമാർഗം മുട്ടിക്കുന്ന തരത്തിൽ വഴിയരികിൽ വ്യാപാരം നടത്താൻ എത്തിയ ഇതര സംസ്ഥാനക്കാരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ തടഞ്ഞു. സംഭവമറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥ സംഘം കച്ചവടം നിർത്തിവയ്പ്പിച്ചു താക്കീത് നൽകി പറഞ്ഞയച്ചു.
ദേശീയപാതയിൽ കൊല്ലം പള്ളിമുക്കിൽ ആയിരുന്നു സംഭവം. അലൂമിനിയത്തിലും സ്റ്റീലിലും നിർമിച്ച സാധനങ്ങൾ ആണെന്നു തെറ്റിദ്ധരിപ്പിച്ചു മറ്റേതോ ലോഹം കൊണ്ടു നിർമിച്ച പാത്രങ്ങളാണ് ഇവർ റോഡരികിൽ വിറ്റിരുന്നത്.
ഇതു ശ്രദ്ധയിൽപ്പെട്ട കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളിമുക്ക് യൂണിറ്റ് ഭാരവാഹികൾ സ്ഥലത്തെത്തി കച്ചവടം നിർത്തിവയ്ക്കാൻ ഇവരോട് ആവശ്യപ്പെടുകയും കോർപറേഷൻ ആരോഗ്യ വിഭാഗം അധികൃതരെ വിവരം അറിയിക്കുകയുമായിരുന്നു.
ആരോഗ്യ വിഭാഗം അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷമാണു സ്ഥലത്തു നിന്നു പറഞ്ഞയച്ചത്. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഓണക്കച്ചവടം ലക്ഷ്യമിട്ട് ഇതര സംസ്ഥാനക്കാർ പാതയോരങ്ങൾ കയ്യടക്കിത്തുടങ്ങിയിട്ടുണ്ട്.
കേരള വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റും ജില്ലാ ട്രഷററുമായ അൻസാരി, വൈസ് പ്രസിഡന്റ് ഷാനവാസ്, സ്വലേ നിസാർ, അസീം ഫൈവ്എ , അബ്‌ദുൽ റഷീദ്, അറാഫത്ത് എന്നിവരാണ് തടഞ്ഞത്.


by Midhun HP News | Aug 10, 2026 | Latest News, ദേശീയ വാർത്ത
ന്യൂഡല്‍ഹി: യാത്രയ്ക്കിടെ എയര്‍ ഇന്ത്യ വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് 300 അടി താഴ്ചയിലേക്ക് പതിച്ച സംഭവത്തിന് പിന്നില്‍ സാങ്കേതിക തകരാര്‍ എന്ന് റിപ്പോര്‍ട്ട്. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ദുരന്തം ഒഴിവായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വിമാനം പെട്ടെന്ന് താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വിമാനത്തില്‍ ഉണ്ടായിരുന്ന 17 പേര്‍ക്കാണ് പരിക്കേറ്റത്.
തുടക്കത്തില്‍ മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു ആരോപണം. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായത് കാരണമാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് പുതിയ വിവരം. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് താഴ്ചയിലേക്ക് പതിച്ചതാണ് അപകട കാരണമെന്നായിരുന്നു ആദ്യം എയര്‍ ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. എന്നാല്‍ ആകാശച്ചുഴിക്ക് പകരം യാത്രയ്ക്കിടെ സഞ്ചരിച്ചിരുന്ന ഉയരത്തില്‍ നിന്ന് പെട്ടെന്ന് വിമാനം താഴ്ചയിലേക്ക് പതിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കിയ മറ്റൊരു പ്രസ്താവനയില്‍ എയര്‍ഇന്ത്യ വ്യക്തമാക്കിയത്. വിമാനത്തിന്റെ ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റത്തിന് തകരാര്‍ സംഭവിച്ചതായാണ് എയര്‍ലൈന്‍ പൈലറ്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ക്യാപ്റ്റന്‍ സാം തോമസ് പറയുന്നത്.
‘ഒഡിഷയിലെ ജാര്‍സുഗുഡയിലേക്ക് പ്രവേശിക്കുന്ന സമയത്താണ് വിമാനത്തിന് ട്രിപ്പിള്‍ ഹൈഡ്രോളിക് സിസ്റ്റം തകരാര്‍ സംഭവിച്ചതായി പൈലറ്റ്- ഇന്‍ കമാന്‍ഡ് മനസിലാക്കിയത്. വിമാനത്തിന്റെ നിയന്ത്രണവും പൊതുവായ പ്രവര്‍ത്തനങ്ങളും കൈകാര്യം ചെയ്യുന്നത് ഈ സിസ്റ്റമാണ്. ഫ്‌ലൈറ്റ് ക്യാപ്റ്റന്‍ ഉടന്‍ തന്നെ സഹ പൈലറ്റിനോട് വിമാനത്തിന്റെ മുന്‍ഭാഗം താഴേക്ക് താഴ്ത്താന്‍ ആവശ്യപ്പെട്ടു. ഇത് വിമാനത്തെ 300 അടി താഴേക്ക് കൊണ്ടുപോയി. പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നത് യാത്രക്കാര്‍ ഇരിപ്പിടങ്ങളില്‍ നിന്ന് തെറിച്ചുവീഴുന്നതിന് കാരണമായി. കോക്ക്പിറ്റ് ക്രൂവിന്റെ ഈ വേഗത്തിലുള്ള നടപടിയാണ് വിമാനത്തില്‍ ഉണ്ടായിരുന്ന ജീവനക്കാരെയും യാത്രക്കാരെയും രക്ഷിച്ചത്.’- സാം തോമസ് വ്യക്തമാക്കി.
എയര്‍ബസ് എ320 വിമാനത്തിന്റെ അടിഭാഗത്ത് മൂന്ന് ഹൈഡ്രോളിക് റിസര്‍വോയറുകള്‍ ക്രമീകരിച്ചിട്ടുണ്ട്. അവയില്‍ നിന്ന് പുറപ്പെടുന്ന പൈപ്പുകളും സ്റ്റീല്‍ ട്യൂബുകളും സിസ്റ്റവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ മൂന്ന് സിസ്റ്റങ്ങളും പരാജയപ്പെടുന്നത് അപൂര്‍വ്വമായ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാന്‍ കോക്ക്പിറ്റ് ക്രൂ വിമാനത്തെ 800 അടി വരെ താഴേക്ക് കൊണ്ടുപോയേക്കാമെന്നും സാം തോമസ് കൂട്ടിച്ചേര്‍ത്തു.


by Midhun HP News | Aug 10, 2026 | Latest News, കേരളം
കോഴിക്കോട്: കുറ്റ്യാടി നിട്ടൂരിൽ മൂന്ന് യുവാക്കൾക്ക് നേരെ മാരകായുധങ്ങളുമായി ആക്രമണം. നിട്ടൂർ മൊട്ടന്തറ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 10 മണിയോടെ മൊട്ടന്തറയിൽ വെച്ചായിരുന്നു അക്രമ സംഭവം നടന്നത്.രണ്ട് ബൈക്കുകളിലായി എത്തിയ പത്തിലേറെ പേരടങ്ങുന്ന സംഘം വാളും വാക്കത്തിയും ഉപയോഗിച്ച് യുവാക്കളെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഷോജിൻ, ബബിൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും അശ്വിനെ തൊട്ടിൽപാലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.


by Midhun HP News | Aug 10, 2026 | Latest News, കേരളം
അബുദാബി: യുഎഇയില്‍ മയക്കുമരുന്ന് സംഘങ്ങള്‍ കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിടുന്നതായി മുന്നറിയിപ്പ്. മധുരപലഹാരങ്ങള്‍, എ4 പേപ്പര്‍, ഡെലിവറി ഉത്പന്നങ്ങള്‍ എന്നിവയില്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായി നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്ന് എ4 പേപ്പറില്‍ മുക്കി വ്യാപകമായി വിപണനം നടത്തുന്നുന്നതായി സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പത്തില്‍ ഇവയുടെ വിതരണം നടത്തുന്നതിനാണിത്. മറ്റൊന്ന് മധുരപലഹാരങ്ങള്‍ക്കുള്ളില്‍ മയക്കുമരുന്ന് വസ്തുക്കള്‍ ഒളിപ്പിക്കുന്നതാണ്. മൂന്നാമത്തെ രീതി അജ്ഞാതമോ അപരിചിതമോ ആയ നമ്പറുകളില്‍ നിന്ന് ഡെലിവറി കമ്പനികള്‍ വഴി അയയ്ക്കുന്ന അപ്രതീക്ഷിത പാക്കേജുകളോ സമ്മാനങ്ങളോ ഉപയോഗിക്കുതാണ്.
മയക്കുമരുന്ന് സംഘങ്ങളുടെ വലയില്‍ വീഴാതിരിക്കാനുള്ള നിര്‍ദേശങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട്. സംശയാസ്പദമായ പാക്കേജുകള്‍ സ്വീകരിക്കുകയോ സമ്മാനങ്ങളോ ഡെലിവറികളോ വാഗ്ദാനം ചെയ്യുന്ന അജ്ഞാത വ്യക്തികളുമായി ഇടപഴകുകയോ ചെയ്യരുതെന്ന് അധികാരികള്‍ കുടുംബങ്ങള്‍ക്കും യുവാക്കള്‍ക്കും മുന്നറിയിപ്പ് നല്‍കി.
മയക്കുമരുന്ന് കടത്തുകാരില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് നാഷണല്‍ ആന്റി-നാര്‍ക്കോട്ടിക്‌സ് അതോറിറ്റി പറഞ്ഞു. ലഹരിവസ്തുക്കള്‍ക്ക് അടിമപ്പെട്ടവര്‍ക്ക് അവരുടെ കുടുംബങ്ങള്‍ക്കും 80044 എന്ന നമ്പറില്‍ ഹിസ്ന്‍ സേവനവുമായി ബന്ധപ്പെടാം. വിവരങ്ങള്‍ കൈമാറാല്‍, സഹായം, ചികിത്സ എന്നി സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.


Recent Comments