റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ജനുവരിയിലേയ്ക്ക് മാറ്റി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ 25 മുതൽ നടത്താനിരുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം മാറ്റിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പും മറ്റും ചുണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയ്യതി പ്രകാരം ജനുവരി ആദ്യം നടക്കും.

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

വിമതനായി മത്സരരം​ഗത്ത്; ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് ശ്രീകണ്ഠനെ സിപിഎം പുറത്താക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠനെ സിപിഎമ്മിൽ നിന്നും പുറത്താക്കി. മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മണ്ഡലമായ കഴക്കൂട്ടത്തെ ഉള്ളൂർ വാർഡിലാണ് വിമതനായി ശ്രീകണ്ഠൻ മത്സരിക്കുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

കടകംപള്ളി സുരേന്ദ്രനോടുള്ള പ്രതിഷേധസൂചകമായാണ് പാർട്ടി സ്ഥാനാർത്ഥിക്കെതിരേ സ്വതന്ത്രനായി മത്സരിക്കുന്നതെന്നാണ് ശ്രീകണ്ഠൻ വ്യക്തമാക്കിയത്. ഉള്ളൂർ വാർഡിൽ താനാണ് സ്ഥാനാർത്ഥിയെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ അവസാന നിമിഷം മറ്റൊരാൾക്ക് സീറ്റു നൽകുകയായിരുന്നു. തന്റെ മത്സരം പാർട്ടിക്കെതിരേയല്ലെന്നും ചില വ്യക്തികൾക്കെതിരേയാണെന്നും ശ്രീകണ്ഠൻ പറഞ്ഞു.

ശ്രീകണ്ഠനെതിരേ നടപടിയുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി വി ജോയി നേരത്തേ വ്യക്തമാക്കിയിരുന്നു. കാരണംകാണിക്കൽ നോട്ടീസ് നൽകാതെയാണ് തന്നെ പുറത്താക്കിയതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. 31 വർഷം ദേശാഭിമാനിയിൽ പ്രവർത്തിച്ച ശ്രീകണ്ഠൻ, 2022-ലാണ് ബ്യൂറോ ചീഫായി വിരമിക്കുന്നത്. 40 വർഷത്തിലേറെയായി സിപിഎം അംഗമാണ്.

ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

ന്യൂനമര്‍ദ്ദം, ചക്രവാതച്ചുഴി; ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും ഇന്ന് പ്രത്യേക അലര്‍ട്ട് പുറപ്പെടുവിച്ചിട്ടില്ല.

കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലിദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. കൂടാതെ, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ശനിയാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നവംബര്‍ 24-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മദ്ധ്യഭാഗത്ത് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്പെടും. തുടര്‍ന്നുള്ള 48 മണിക്കൂറിനിടെ, പടിഞ്ഞാറ് – വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം; നാല് ദിവസം 3.28 ലക്ഷം തീര്‍ത്ഥാടകര്‍

ശബരിമലയില്‍ വന്‍ ഭക്തജനപ്രവാഹം; നാല് ദിവസം 3.28 ലക്ഷം തീര്‍ത്ഥാടകര്‍

പത്തനംതിട്ട: ശബരിമല മണ്ഡല – മകല വിളക്ക് തീര്‍ത്ഥാടത്തില്‍ ഇത്തവണ വന്‍ ഭക്തജന തിരക്ക്. സീസണിലെ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് 3.28 ലക്ഷം തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് ഉള്‍പ്പെടെയുള്ള കണക്കുകളിലാണ് ഈ ഉയര്‍ച്ച രേഖപ്പെടുത്തിയിരിക്കുന്നത്.

16ന് വൈകിട്ട് അഞ്ചിന് തുറന്നശേഷം 53,278 പേരും 17ന് 98,915 പേരും 18ന് 1,12,056 പേരും ദര്‍ശനം കഴിഞ്ഞ് മടങ്ങി. 19ന് വൈകിട്ട് 6 വരെ 64,574 പേരും സന്നിധാനത്തെത്തി. കഴിഞ്ഞ സീസണില്‍ ആദ്യ നാല് ദിവസങ്ങളിലായി ശബരിമലയിലെത്തിയത് രണ്ട് ലക്ഷത്തോളം ഭക്തരായിരുന്നു. ഇക്കാലയളവില്‍ ആദ്യത്തെ ആഴ്ച പിന്നിട്ടപ്പോള്‍ ആണ് തീര്‍ത്ഥാടകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞത്.

മണ്ഡലപൂജയ്ക്ക് നട തുറന്നശേഷം ശബരിമലയില്‍ ഉണ്ടായ വന്‍ ഭക്തജനത്തിരക്ക് ആശങ്കകള്‍ക്ക് ഇടയാക്കിയിരുന്നു. ഹൈക്കോടതി ഉള്‍പ്പെടെ ഈ വിഷയത്തില്‍ കര്‍ശന നിലപാട് എടുക്കുന്ന നിലയുണ്ടാവുകയും ചെയ്തിരുന്നു. നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ ശബരിമലയിലെ തിരക്ക് സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഇന്നലെ മാത്രം പതിനാലായിരത്തോളം സ്‌പോട്ട് ബുക്കിങ്ങ് ആണ് അനുവദിച്ചത്. ഇതാണ് അയ്യായിരത്തിലേക്ക് കുറച്ചത്. അടുത്തമാസം ഉൾപ്പെടെ ദർശനത്തിന് ബുക്ക് ചെയ്തവർ നേരത്തെ എത്തിയതും തിരക്ക് വര്‍ധിപ്പിച്ചു.

അതേസമയം, ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നിലവില്‍ 20,000 ഉള്ള സ്പോട്ട് ബുക്കിങ് 5000 ആക്കി കുറയ്ക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചവരെ നിയന്ത്രണം നടപ്പാക്കണം എന്നാണ് ജസ്റ്റിസ് വി രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്. കാനനപാതവഴി വരുന്നവരെയും നിയന്ത്രിക്കണം. ബുക്കിങ് ഇല്ലാത്തവര്‍ക്ക് പ്രവേശനം നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു.

ചെങ്കോട്ട സ്‌ഫോടനം: ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ചെങ്കോട്ട സ്‌ഫോടനം: ഇമാം അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍; ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇമാം അടക്കം മൂന്നു പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. ഹരിയാന സോഹ്‌നയിലെ മസ്ജിദ് ഇമാം അടക്കം മൂന്നുപേരെയാണ് ഫരീദാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍ നബി മസ്ജിദില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ഭീകരന്‍ ഉമര്‍ നബി അടക്കം അംഗങ്ങളായ ക്ലോസ്ഡ് ടെലഗ്രാം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു. ഏഴുപേര്‍ വീതം ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നുവെന്നും, ബിഹാര്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സ്വദേശികളാണ് ഗ്രൂപ്പില്‍ ഉണ്ടായിരുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇവര്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയിലുള്ള ഭീകരപ്രവര്‍ത്തകരുമായി വിദേശത്തുള്ള ഭീകരര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് സൂചന ലഭിച്ചു. പാക് അധീന കാശ്മീര്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് ഫോണ്‍കോളുകള്‍ എത്തിയിരുന്നത്. ഭീകരരുടെ ടെലഗ്രാം ഗ്രൂപ്പില്‍ പിടിയിലായവരും അംഗങ്ങളാണ്. കസ്റ്റഡിയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.

ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരന്‍ ഡോ. ഉമര്‍ നബി കഴിഞ്ഞ ഒരു മാസത്തിനിടെ ഫോണില്‍ ബന്ധപ്പെട്ടവരെ കണ്ടെത്താനും അന്വേഷണ ഏജന്‍സികള്‍ ശ്രമം ഊര്‍ജ്ജിതമാക്കി. ഇതു കൂടാതെ അല്‍ ഫലാഹ് സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ള 200 ജീവനക്കാര്‍ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ആണെന്നും ഉന്നത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചെങ്കോട്ട സ്‌ഫോടനത്തിനുശേഷം കാമ്പസില്‍ നിന്നും പോയവരെ കണ്ടെത്താനുള്ള അന്വേഷണവും ഊര്‍ജ്ജിതമാണ്.

തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ തിരുവനന്തപുരം നഗരമധ്യത്തില്‍ പതിനെട്ടുകാരന്‍ കൊല്ലപ്പെടാനിടയായ സംഘര്‍ഷത്തിലേക്ക് ഗുണ്ടകളെ കൊണ്ടുവന്നത് 16 കാരന്റെ ഇടപെടലെന്ന് പൊലീസ്. തിരുവനന്തപുരം അരിസ്റ്റോ ജങ്ഷനില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഇടപെട്ട അലന്റെ മരണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നത്. സ്‌കൂള്‍ കുട്ടികളുടെ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവർ എത്തിയതാണ് കൊലയില്‍ കലാശിച്ചത്.

ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് രാജാജി നഗറിലെ കൗമാരക്കാരും സ്‌കൂള്‍ വിദ്യാര്‍ഥികളും സ്ഥിരമായി തര്‍ക്കങ്ങളുണ്ടായിരുന്നു. ഈ വിഷയത്തിലേക്ക് വീടിനടുത്തുള്ള സംഘത്തെ 16-കാരനാണ് എത്തിച്ചത്. തര്‍ക്ക പരിഹാരം എന്ന നിലയില്‍ വിളിച്ചത് പ്രകാരമാണ് അലന്‍ തൈക്കാട് എത്തിയത്. തുടര്‍ന്ന് വാക്കുതര്‍ക്കവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. അലനെ ഹെല്‍മെറ്റുകൊണ്ട് അടിച്ചുവീഴ്ത്തിയശേഷമാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അലന്‍ മരണമടയുകയും ചെയ്തു. ആയുധം വാരിയെല്ലുകള്‍ക്കിടയിലൂടെ ഹൃദയത്തിലേക്കു തറച്ചിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

ജഗതി സ്വദേശി ജോബി(20)യാണ് അലനെ ആക്രമിച്ചത് എന്നാണ് പൊലീസിന്റെ നിഗമനം. മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സംഭവത്തിന് ശേഷം ഒളിവില്‍പ്പോയിരിക്കുയാണ്. ഇയാള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയിട്ടുണ്ട്. കേസിലെ ആറും ഏഴും പ്രതികളായ ജഗതി സ്വദേശി സന്ദീപ് (27), കുന്നുകുഴി തേക്കുംമൂട് തോട്ടുവരമ്പുവീട്ടില്‍ അഖിലേഷ് (20) എന്നിവരെ റിമാന്‍ഡ് ചെയ്തു. കേസില്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ ബുധനാഴ്ച ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.