ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മ ആത്മഹത്യ ചെയ്തു

ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്നു; അമ്മ ആത്മഹത്യ ചെയ്തു

മലപ്പുറം: മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്ജന (33) എന്നിവരാണ് മരിച്ചത്.

രാവിലെ എട്ട് മണിയോടെയാണ് സംഭവം. സെറിബ്രൽ പൾസി ബാധിച്ച മകൾ അഞ്ജനയെ വീപ്പയിലെ വെള്ളത്തിൽ മുക്കി അനിതകുമാരി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീടിന് പുറത്തെ മരത്തിൽ അമ്മയും തൂങ്ങി മരിച്ചു. മകൻ ജോലിയ്ക്ക് പോയ സമയത്താണ് കൊലപാതകവും ആത്മഹത്യയും നടന്നത്. അനിതകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതേത്തുടർന്ന് അവർ വിഷാദത്തിലായിരുന്നു. മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

വർക്കലയിൽ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; മുൻ മയക്കുമരുന്ന് കേസിൽ പ്രതിയെന്ന് വിവരം

വർക്കലയിൽ വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമം; മുൻ മയക്കുമരുന്ന് കേസിൽ പ്രതിയെന്ന് വിവരം

വർക്കല: ടൂറിസ്റ്റ് കേന്ദ്രമായ നോർത്ത്‌ക്ലിഫ് സമീപത്ത് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവിനെ ടൂറിസം പൊലീസ് പിടികൂടി. ചങ്ങനാശ്ശേരി സ്വദേശിയായ അമൽ ബൈജു (25) യാണ് വർക്കല പോലീസിന്റെ പിടിയിലായത്.

തിരുവനന്തപുരത്ത് നിന്നുള്ള ദമ്പതികൾ നോർത്ത്‌ക്ലിഫ് ഭാഗത്തെ ഒരു റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ച് പുറത്തിറങ്ങുമ്പോഴാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന പ്രതി, വീട്ടമ്മയെ റൂമിലേക്കു വരണമെന്ന് ആവശ്യപ്പെട്ട് കയ്യിൽ പിടിച്ച് വലിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവം കണ്ട ഭർത്താവ് എതിർത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി.

ഭർത്താവ് ഉടൻ പോലീസിനെ വിവരം അറിയിച്ചതിനെത്തുടർന്ന് ടൂറിസം പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഇരുട്ടിന്റെ മറവിൽ ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പോലീസ് പിടികൂടിയത്. സംഭവം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ദമ്പതികളെ മൂന്ന് അംഗസംഘം ഭീഷണിപ്പെടുത്തിയതായും ഇതുമായി ബന്ധപ്പെട്ടും വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അഞ്ച് വർഷങ്ങൾക്കു മുമ്പ് ബംഗളൂരുവിൽ ഡാർക്ക് വെബിലൂടെ മയക്കുമരുന്ന് വാങ്ങിയ കേസിൽ നൈജീരിയൻ പൗരൻ ഉൾപ്പെട്ട പത്തംഗ സംഘത്തെ ബംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ആ കേസിൽ പ്രതികളിലൊരാളായിരുന്നുവെന്നാണ് അമൽ ബൈജുവിനെക്കുറിച്ച് ലഭിച്ച വിവരം.

ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

ആഭ്യന്തര ക്രിക്കറ്റ് കളിക്കണം; കോഹ്ലിക്കും രോഹിത്തിനും ബിസിസിഐയുടെ നിര്‍ദേശം

ഡല്‍ഹി: ദേശീയ ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് മുതിര്‍ന്ന താരങ്ങളായ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മയ്ക്കും ബിസിസിഐയുടെ നിര്‍ദേശം. ടെസ്റ്റ്, ടി20 മത്സരങ്ങളില്‍ നിന്ന് വിരമിച്ച രോഹിതും കോഹ്ലിയും ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് കളിക്കുന്നത്. 2027 ഏകദിന ലോകകപ്പ് വരെ കളിക്കണമെന്ന ആഗ്രഹമാണ് ഇരുതാരങ്ങള്‍ക്കും. എന്നാല്‍ ദേശീയ ടീമില്‍ ഇടംപിടിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമായി കളിച്ച് മാച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന സന്ദേശമാണ് ഇരുതാരങ്ങള്‍ക്കും ബിസിസിഐ നല്‍കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര അടുത്തിരിക്കുകയാണ്. ബിസിസിഐയുടെ നിര്‍ദേശം വന്നതോടെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ദേശീയ ടീമില്‍ ഇടംപിടിക്കുന്നതിന് വരുന്ന ദിവസങ്ങളില്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുതാരങ്ങളും പങ്കെടുക്കേണ്ടതായി വരും. വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാന്‍ തയ്യാറാണെന്ന് രോഹിത് മുംബൈ ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കളിക്കുന്നതിനെ സംബന്ധിച്ച് കോഹ് ലി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

‘ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെങ്കില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന് ബോര്‍ഡും ടീം മാനേജ്മെന്റും ഇരുവരെയും അറിയിച്ചിട്ടുണ്ട്. രണ്ട് ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതിനാല്‍, ഫിറ്റ്നസ് നിലനിര്‍ത്താന്‍ അവര്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണം,’- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. ഓസ്‌ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ മോശം പ്രകടനത്തെത്തുടര്‍ന്ന് ഇരുവര്‍ക്കും ബിസിസിഐ സമാനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോഹ്ലിയും രോഹിതും രഞ്ജി ട്രോഫിയില്‍ ഓരോ മത്സരം വീതം കളിക്കുകയും ചെയ്തു.

ആർ. കൃഷ്ണൻ കുട്ടി നായർ (76) അന്തരിച്ചു

ആർ. കൃഷ്ണൻ കുട്ടി നായർ (76) അന്തരിച്ചു

ആറ്റിങ്ങൽ: മാമം കുന്നുംപുറം ലെയ്നിൽ മകം വീട്ടിൽ (സി.എം.ആർ.എ:31) ആർ കൃഷ്ണൻ കുട്ടി നായർ (76)അന്തരിച്ചു.

ഭാര്യ: എസ് വനജകുമാരി.
മകൾ: രേഷ്മ കെ നായർ.
മരുമകൻ: അരുൺ രാജ് ആർ(ബഹ്റിൻ).

സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8 മണിക്ക്.

മെംബറുടെ ശമ്പളം എത്ര?, മേയര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്ക് ഇങ്ങനെ

മെംബറുടെ ശമ്പളം എത്ര?, മേയര്‍ക്കും പഞ്ചായത്ത് പ്രസിഡന്റിനും എന്തുകിട്ടും?; പ്രതിഫല കണക്ക് ഇങ്ങനെ

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ് സംസ്ഥാനം. വാര്‍ഡില്‍ ജയസാധ്യതയുള്ള ആളുകളെ നിര്‍ത്തി മത്സരിപ്പിക്കാനായി യോഗ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നതിനായി നെട്ടോട്ടത്തിലാണ് മുന്നണികള്‍. ഇതിനോടകം തന്നെ നിരവധി സ്ഥലങ്ങളില്‍ മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം കൊഴുപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത്തോടെ മെംബര്‍മാരുടെ ശമ്പളം എത്രയാണ്?, പഞ്ചായത്ത് പ്രസിഡന്റ് ആയാല്‍ എന്തുകിട്ടും? തുടങ്ങിയ ചോദ്യങ്ങള്‍ വീണ്ടും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവുകയാണ്.

യഥാര്‍ഥത്തില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ ജനപിന്തുണയിലൂടെ അധികാരത്തിലെത്തിയാലും ഇവര്‍ക്കു ലഭിക്കുന്നത് വളരെ വലിയ പ്രതിഫലമൊന്നും അല്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ശമ്പളത്തിനു പകരം ഓണറേറിയം എന്നാണ് തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കുള്ള പ്രതിഫലത്തെ വിശേഷിപ്പിക്കുന്നത്. 2016ലാണ് ഇത് അവസാനമായി പരിഷ്‌കരിച്ചത്. പ്രതിമാസ ഓണറേറിയത്തിന് പുറമേ തദ്ദേശ സ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്നിവര്‍ക്ക് 250 രൂപയും അംഗങ്ങള്‍ക്ക് 200 രൂപയുമാണ് ബത്ത.പ്രതിമാസം പരമാവധി 1250 രൂപ ഈയിനത്തില്‍ കൈപ്പറ്റാം. തദ്ദേശസ്ഥാപനങ്ങളിലെ ഉയര്‍ന്ന ഓണറേറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനാണ്. ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, നഗരസഭ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തില്‍ മെംബര്‍മാരുടെ ഓണറേറിയം ചുവടെ:

ജില്ലാ പഞ്ചായത്ത്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്: 15,800

വൈസ് പ്രസിഡന്റ്: 13,200

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400

ജില്ലാ പഞ്ചായത്ത് അംഗം: 8,800

കോര്‍പ്പറേഷന്‍

കോര്‍പ്പറേഷന്‍ മേയര്‍: 15,800 രൂപ

ഡെപ്യൂട്ടി മേയര്‍ക്ക്: 13,200 രൂപ

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 9,400 രൂപ

കൗണ്‍സിലര്‍: 8,200 രൂപ

നഗരസഭ

നഗരസഭാ ചെയര്‍മാന്‍: 14,600

വൈസ് ചെയര്‍മാന്‍: 12,000

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800

നഗരസഭാ കൗണ്‍സിലര്‍: 7,600

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്: 14,600

വൈസ് പ്രസിഡന്റ്: 12,000

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,800

ബ്ലോക്ക് പഞ്ചായത്ത് അംഗം: 7,600

ഗ്രാമപ്പഞ്ചായത്ത്

പഞ്ചായത്ത് പ്രസിഡന്റ്: 13,200

വൈസ് പ്രസിഡന്റ്: 10,600

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200

പഞ്ചായത്ത് അംഗം: 7,000

ഗ്രാമപ്പഞ്ചായത്ത്

പഞ്ചായത്ത് പ്രസിഡന്റ്: 13,200

വൈസ് പ്രസിഡന്റ്: 10,600

സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍: 8,200

പഞ്ചായത്ത് അംഗം: 7,000

വീട്ടമ്മമാരുടെ പെന്‍ഷന് ഇപ്പോള്‍ അപേക്ഷിക്കാം; മാനദണ്ഡങ്ങള്‍ ഇങ്ങനെ

വീട്ടമ്മമാരുടെ പെന്‍ഷന് ഇപ്പോള്‍ അപേക്ഷിക്കാം; മാനദണ്ഡങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ മാനദണ്ഡങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കള്‍ അല്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്കും ട്രാന്‍സ് വനിതകള്‍ക്കും പ്രതിമാസം 1000 രൂപ വീതം ലഭിക്കും. 35 മുതല്‍ 60 വയസ്സ് വരെയുള്ള, എഎവൈ (മഞ്ഞക്കാര്‍ഡ്), പിഎച്ച്എച്ച് ( പിങ്ക് കാര്‍ഡ്) വിഭാഗത്തില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം.

പൊതു മാനദണ്ഡങ്ങള്‍

1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും തന്നെ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [എഎവൈ- മഞ്ഞ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലും [പിഎച്ച്എച്ച – പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ ആയിരിക്കണം.

2. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കുന്നത്.

4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ (ആയിരം രൂപ) ആയിരിക്കും.

5. വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്‍ഷന്‍, ഇപിഎഫ് പെന്‍ഷന്‍ മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതല്ല.

6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വ്വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നതാണ്.

7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നതാണ്.

8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കേണ്ടതാണ്.

10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം വയസ് തെളിയിക്കുന്നതിനു മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാവുന്നതാണ്.

12. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുന്നതാണ്.

13. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടായിരിക്കുന്നതാണ്.