‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ല’; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി

‘മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ഒരു കുഴപ്പവുമില്ല’; ആശങ്ക വേണ്ടെന്ന് ഡാം സുരക്ഷാ അതോറിറ്റി

തേനി: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക വേണ്ടെന്നും ഡാമിന് കേടുപാടുകളില്ലെന്നും നാഷണല്‍ ഡാം സേഫ്റ്റി അതോറിറ്റി(എന്‍ഡിഎസ്എ) ചെയര്‍മാന്‍ അനില്‍ ജെയിന്‍. അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി നാലാമത്തെ മേല്‍നോട്ട സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങള്‍, ഹൈഡ്രോ -മെക്കാനിക്കല്‍ ഘടകങ്ങള്‍, ഗാലറി എന്നിവയുള്‍പ്പെടെ വിവിധ വശങ്ങള്‍ സമിതി പരിശോധിച്ചു. ‘2025 ലെ മണ്‍സൂണിന് ശേഷമുള്ള അണക്കെട്ടിന്റെ സ്ഥിതി പരിശോധിച്ചു. അണക്കെട്ടിന് നിലവില്‍ ആശങ്കപ്പെടുത്തുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നും പരിസ്ഥിതിയെ ബാധിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘അണക്കെട്ടിനെ ചൊല്ലിയുള്ള കേരളത്തിനും തമിഴ്നാടിനും ഇടയിലുള്ള പ്രശ്നങ്ങള്‍ മേല്‍നോട്ട സമിതി യോഗത്തില്‍ രമ്യമായി പരിഹരിച്ചു. തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ചില ഉപകരണങ്ങള്‍ നല്‍കുന്നതിനും യോഗത്തില്‍ തീരുമാനമായി. വനമേഖലയിലൂടെ അണക്കെട്ട് പ്രദേശത്തേക്ക് തമിഴ്നാടിന് വേണ്ടവിധം പ്രവേശനം നല്‍കാനും കേരള സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്’. അദ്ദേഹം പറഞ്ഞു.

അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ അവസ്ഥ വിലയിരുത്തുന്ന റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍ (ആര്‍ഒവി) സര്‍വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത നടപടികളെക്കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക്, കേരളം വേഗത്തില്‍ തീരുമാനമെടുക്കുകയും ഗ്രൗട്ടിംഗ് ജോലികള്‍ തുടരാന്‍ അനുവദിക്കും.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച സമഗ്രമായ വിലയിരുത്തലുകളുടെ സാധ്യതയും മേല്‍നോട്ട ഉപസമിതികള്‍ തീരുമാനിച്ചിട്ടുണ്ട്. മൂല്യനിര്‍ണ്ണയത്തിന് ആവശ്യമായ സ്വതന്ത്ര വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്തേണ്ട വിദഗ്ധരുടെ പട്ടിക ഇരു സംസ്ഥാനങ്ങളും സമര്‍പ്പിക്കും. ചട്ടങ്ങള്‍ പ്രകാരം, പാനല്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് എന്‍ഡിഎസ്എ അന്തിമ തീരുമാനം എടുക്കും. ബേബി ഡാമിലെ അറ്റകുറ്റപ്പണികളില്‍ തമിഴ്നാടിന്റെ ആവശ്യത്തില്‍ മരങ്ങള്‍ മുറിക്കുന്നതിന് പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തില്‍ നിന്ന് അനുമതി നേടണമെന്നും അനില്‍ ജെയിന്‍ പറഞ്ഞു.

എന്‍ഡിഎസ്എ ചെയര്‍മാന്‍ അനില്‍ ജെയിന്‍, എന്‍ഡിഎസ്എ അംഗം (ദുരന്തവും പ്രതിരോധശേഷിയും) നോഡല്‍ ഓഫീസര്‍ രാകേഷ് ടോട്ടേജ, ആനന്ദ് രാമസാമി, തമിഴ്നാട് സൂപ്പര്‍വൈസറി കമ്മിറ്റി സെക്രട്ടറി ജെ ജയകാന്തന്‍, കേരള സൂപ്പര്‍വൈസറി കമ്മിറ്റി അംഗം ബിശ്വനാഥ് സിന്‍ഹ, സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാന്‍ ആര്‍ സുബ്രഹ്മണ്യന്‍, ഗോക് അംഗം ആര്‍ പ്രിയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതിയാണ് മുല്ലപ്പെരിയാര്‍, ബേബി ഡാം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം സാമ്രാട്ട് റാണ!

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ലോക ചാംപ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരം സാമ്രാട്ട് റാണ!

കെയ്‌റോ: ഇന്ത്യന്‍ ഷൂട്ടിങില്‍ പുതിയ ബെഞ്ച് മാര്‍ക്ക് തീര്‍ത്ത് 20കാരന്‍ സാമ്രാട്ട് റാണ. ഐഎസ്എസ്എഫ് ലോക ചാംപ്യന്‍ഷിപ്പ് ഷൂട്ടിങ് പോരാട്ടത്തില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി ചരിത്രമെഴുതി. ഒപ്പം പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം ടീമിനത്തിലും റാണ ഉള്‍പ്പെട്ട സംഘത്തിനു സ്വര്‍ണമുണ്ട്. ലോക പോരില്‍ ചരിത്ര നേട്ടത്തിനൊപ്പം ഇരട്ട സ്വര്‍ണമെന്ന മധുരവും താരം നുണഞ്ഞു.

ഫൈനലില്‍ ചൈനയുടെ ഹു കായ്‌യെ വീഴ്ത്തിയാണ് സാമ്രാട്ടിന്റെ ചരിത്ര നേട്ടം. ആവേശകരമായ ഫൈനല്‍ പോരാട്ടത്തില്‍ ചൈനീസ് താരത്തിന്റെ വെല്ലുവിളി സമര്‍ഥമായി മറികടന്നാണ് താരം ഇന്ത്യന്‍ ഷൂട്ടിങിന്റെ അഭിമാനമായത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ വരുണ്‍ തോമര്‍ 221.7 പോയിന്റുകളുമായി വെങ്കലം സ്വന്തമാക്കി.

2022ല്‍ ലോക ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ ഇതേ മണ്ണില്‍ റാണ രണ്ട് മെഡലുകള്‍ നേടിയിരുന്നു. ആ വിജയങ്ങള്‍ ഇപ്പോഴത്തെ സുവര്‍ണ നേട്ടത്തിനു പ്രചോദനമായെന്നു താരം വ്യക്തമാക്കി.

റാണ (586), തോമര്‍ (586), ശ്രാവണ്‍ കുമാര്‍ (852) എന്നിവര്‍ ചേര്‍ന്ന സംഘമാണ് ടീം ഇന്നത്തില്‍ സുവര്‍ണ നേട്ടത്തിലെത്തിയത്. മൊത്തം 1754 പോയിന്റുകള്‍ ഇന്ത്യ വെടിവച്ചിട്ടു. ഇറ്റലിയാണ് ടീമിനത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ജര്‍മനിക്കാണ് വെങ്കലം.

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്‌സൈസ് ജീവനക്കാരന് സസ്പെന്‍ഷന്‍

ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു; എക്‌സൈസ് ജീവനക്കാരന് സസ്പെന്‍ഷന്‍

പാലക്കാട്: ആര്‍എസ്എസ് റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തതിന് എക്‌സൈസ് ജീവനക്കാരനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കല്ലടിക്കോട് കാഞ്ഞിരാനി വീട് കെ വി ഷണ്മുഖ (54) നെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

മഹാനവമിയോടനുബന്ധിച്ച് കല്ലടിക്കോട് മാപ്പിള സ്‌കൂള്‍ പരിസരത്ത്നിന്ന് ആരംഭിച്ച് കാഞ്ഞിക്കുളം സ്വകാര്യ ആശുപത്രിക്ക് മുമ്പില്‍ സമാപിച്ച ആര്‍എസ്എസ് കല്ലടിക്കോട് പ്രഖണ്ഡിന്റെ റൂട്ട് മാര്‍ച്ചില്‍ ഗണവേഷമണിഞ്ഞ് പങ്കെടുക്കുകയായിരുന്നു. കേരള സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ്പിയുടെ നിര്‍ദേശ പ്രകാരം മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിശദമായ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ നഷ്ടത്തില്‍

എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ നഷ്ടത്തില്‍

മുംബൈ: കഴിഞ്ഞ ദിവസം നേട്ടത്തോടെ വ്യാപാരം അവസാനിച്ച ഓഹരി വിപണിയില്‍ ഇന്ന് കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 400ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും ധനകാര്യ സ്റ്റോക്കുകളിലെ വില്‍പ്പന സമ്മര്‍ദ്ദവുമാണ് വിപണിയെ ബാധിച്ചത്. നിഫ്റ്റി 25,450 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോ എന്നാണ് നിക്ഷേപകര്‍ ഉറ്റുനോക്കുന്നത്.

തിങ്കളാഴ്ച 4,114 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേകര്‍ വിറ്റൊഴിഞ്ഞത്. കൂടാതെ പണലഭ്യതയില്‍ ഉണ്ടായ കുറവും ഓഹരി വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വ്യാപാര കാര്യത്തില്‍ ഇന്ത്യയോടുള്ള സമീപനത്തില്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂല സൂചനങ്ങള്‍ വരുംദിവസങ്ങളില്‍ വിപണിക്ക് കരുത്തുപകരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ഏഷ്യന്‍ വിപണികളെല്ലാം നഷ്ടത്തിലാണ്. ഇതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ്, ഭാരതി എയര്‍ടെല്‍, ഭാരത് ഇലക്ട്രോണിക്‌സ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

54 ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം ഉടൻ; വിശദമായി അറിയാം

54 ഒഴിവുകളിലേക്ക് പി എസ് സി വിജ്ഞാപനം ഉടൻ; വിശദമായി അറിയാം

പൊതു വിഭാഗത്തിൽ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അടക്കം 54 ഒഴിവുകളിലേക്ക് പി എസ് സി ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. സംസ്ഥാനതലത്തിൽ 22 ഒഴിവുകളും ജില്ലാതലത്തിൽ മൂന്ന് ഒഴിവുകളും എസ് സി എൻ സി വിഭാഗങ്ങളിലായി 29 ഒഴിവുകളും ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ ട്രെയിനി, സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് ട്രെയിനി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ നാച്ചുറൽ സയൻസ്, ഗവൺമെന്റ് പോളിടെക്നിക്കുകളിൽ ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റ് ഇൻ ടെക്സ്റ്റൈൽ ടെക്നോളജി, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിൽ അസിസ്റ്റന്റ് പ്രോഗ്രാമർ, സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ മാനേജർ (ക്വാളിറ്റി അഷുറൻസ് – തസ്തികമാറ്റം മുഖേന) തുടങ്ങിയ ഒഴിവുകളാണ് പി എസ്‌ സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ 22 അധ്യാപക തസ്തികളിലേക്ക് നിയമനം നടത്തും. സംസ്ഥാനതലത്തിലെ ജനറൽ വിഭാഗത്തിലാണ് ഈ ഒഴിവുകൾ ഉള്ളത്. തൃശ്ശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഇസിജി ടെക്നീഷ്യൻ, വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ പി എസ്, കോട്ടയം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മെക്കാനിക് എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകൾ.

സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്പെഷ്യൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽ എൻ സി എ തലത്തിൽ നിയമനം നടത്തും. ആകെ 25 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31.

ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം തന്നെ; ഫരീദാബാദ് ഭീകര സംഘവുമായി ബന്ധം

ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണം തന്നെ; ഫരീദാബാദ് ഭീകര സംഘവുമായി ബന്ധം

ഡല്‍ഹി: ഡല്‍ഹിയെ ഞെട്ടിച്ച കാര്‍ സ്‌ഫോടനം നടത്തിയ ആളെ അന്വേഷണ സംഘം തിരിച്ചറിഞ്ഞതായി സൂചന. ഡോക്ടര്‍ ഉമര്‍ മുഹമ്മദ് ആണ് ചാവേര്‍ ആയി പൊട്ടിത്തെറിച്ചത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇയാളുടെ ദൃശ്യങ്ങള്‍ പുറത്തു വന്നു. സ്‌ഫോടനത്തിന് ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഫരീദാബാദിലെ ആശുപത്രിയില്‍ ഒളിപ്പിച്ച 360 കിലോ ആര്‍ഡിഎക്‌സ്, എകെ 47 തോക്ക്, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ കഴിഞ്ഞദിവസം അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

ഫരീദാബാദില്‍ നിന്നും ബദര്‍പൂര്‍ അതിര്‍ത്തി കടന്നാണ് കാര്‍ ഡല്‍ഹിയിലെത്തിയത്. കാറില്‍ ഡോക്ടര്‍ ഉമര്‍ മുഹമ്മദ് മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. സംഘാംഗങ്ങള്‍ പിടിയിലായതിന്റെ പരിഭ്രാന്തിയില്‍ സ്‌ഫോടനം നടത്തിയതാണെന്നും പൊലീസ് സൂചിപ്പിക്കുന്നു. ഔട്ടര്‍ റിങ് റോഡു വഴിയെത്തിയ കാര്‍ ചെങ്കോട്ടയ്ക്ക് സമീപം മൂന്നുമണിക്കൂറാണ് നിര്‍ത്തിയിട്ടത്. എന്നാല്‍ ഇയാള്‍ ഒരിക്കല്‍ പോലും കാറിന് പുറത്തിറങ്ങിയില്ലെന്നും പൊലീസ് പറയുന്നു.

ചാവേറായ ഉമറിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ 1989 ഫെബ്രുവരി 24 നാണ് ഉമര്‍ മുഹമ്മദിന്റെ ജനനം. ശ്രീനഗര്‍ മെഡിക്കല്‍ കോളജിലായിരുന്നു എംബിബിഎസ് പഠനം. തുടര്‍ന്ന് അനന്ത് നാഗ് മെഡിക്കല്‍ കോളജില്‍ സിനിയര്‍ റെസിഡന്റായി ജോലി ചെയ്തു. നിലവില്‍ ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു ഡോ. ഉമര്‍ മുഹമ്മദ്. പാക് ഭീകരസംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന, ഡോ. ഉമറിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരമായ ഡോക്ടര്‍ അദീര്‍ അഹമ്മദ് റാത്തര്‍, ഡോക്ടര്‍ മുജമ്മില്‍ ഷക്കീല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജമ്മു കശ്മീര്‍, ഹരിയാന പൊലീസ് സംഘം നടത്തിയ നിരന്തര അന്വേഷണങ്ങള്‍ക്കൊടുവിലാണ്, ഭീകരസംഘങ്ങളുടെ വൈറ്റ് കോളര്‍ മൊഡ്യൂളില്‍പ്പെട്ടവരെ പിടികൂടുന്നത്. മൊഡ്യൂളിലെ സുഹൃത്തുക്കള്‍ പിടിയിലായെന്നും, 2, 900 കിലോ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് പിടിച്ചെടുത്തെന്നും അറിഞ്ഞതോടെയാണ് ഡോ. ഉമര്‍ പരിഭ്രാന്തനായത്. ആക്രമണം നടത്താന്‍ അമോണിയം നൈട്രേറ്റ് ഫ്യൂവല്‍ ഓയില്‍ (ANFO) ആണ് ഉമര്‍ മുഹമ്മദും കൂട്ടാളികളും ഉപയോഗിച്ചത്. കാറില്‍ ഒരു ഡിറ്റണേറ്റര്‍ സ്ഥാപിച്ച് ചെങ്കോട്ടയ്ക്ക് സമീപമുള്ള തിരക്കേറിയ സ്ഥലത്ത് ഭീകരാക്രമണം നടത്തുകയായിരുന്നുവെന്നും പൊലീസ് സൂചിപ്പിച്ചു.