by Midhun HP News | Nov 11, 2025 | Latest News
ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കെത്തുമെന്ന് ഏതാണ്ട് ഉറപ്പായി. താരത്തെ സ്വന്തമാക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം 48 മണിക്കൂറിനുള്ളില്‍ പുറത്തു വരുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ചര്‍ച്ചകളില്‍ താരക്കൈമാറ്റം സംബന്ധിച്ചു ധാരണ വന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രവീന്ദ്ര ജഡജ, സാം കറന്‍ എന്നിവരെ വിട്ടുനല്‍കിയാണ് രാജസ്ഥാന്‍ നായകനായ സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്. മൂന്ന് താരങ്ങളും ഇരു ക്ലബുകളുടേയും തീരുമാനം അംഗീകരിച്ചതായും അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തിലെ പൂര്‍ണ ചിത്രം വ്യക്തമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ട്രേഡിങ് പൂര്‍ണമാകണമെങ്കില്‍ ഇനിയും കടമ്പകളുണ്ട്. ട്രേഡിനുള്ള താരങ്ങളുടെ പേര് ഉള്‍പ്പെടുത്തി ടീമുകള്‍ ഗവേണിങ് കൗണ്‍സിലിനു താത്പര്യ പത്രം അയയ്ക്കണം. നിയമമനുസരിച്ച് താരങ്ങളുടെ രേഖാമൂലമുള്ള സമ്മതവും ആവശ്യമുണ്ട്. ഈ സമ്മതമാണ് ഇപ്പോള്‍ ഇരു ടീമുകള്‍ക്കും കിട്ടിയിരിക്കുന്നച്. ടീമുകള്‍ തമ്മില്‍ അന്തിമ കരാറിനായി കൂടുതല്‍ ചര്‍ച്ചകള്‍ ഇനി നടക്കും. പിന്നീട് ഒരിക്കല്‍ കൂടി പരിശോധന നടത്തി ഗവേണിങ് കൗണ്‍സില്‍ ഡീലിനു അംഗീകാരം നല്‍കണം. പിന്നാലെ ചെന്നൈ താരത്തിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിന്നു 11 സീസണുകള്‍ കളിച്ച ശേഷമാണ് സഞ്ജു സാംസണ്‍ ടീം വിടുന്നത്. സഞ്ജു 67 മത്സരങ്ങളിലാണ് ടീമിനെ നയിച്ചത്. 33 ജയങ്ങളും 33 തോല്‍വികളുമാണ് സഞ്ജുവിന്റെ കീഴില്‍ രാജസ്ഥാനുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിച്ച താരമാണ് സഞ്ജു. 2025ലെ സീസണ്‍ അവസാനിച്ചതിനു പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനോടു തന്നെ റിലീസ് ചെയ്യണമെന്നു സഞ്ജു നേരിട്ട് ആവശ്യപ്പെടുകയായിരുന്നു.
2008ല്‍ പ്രഥമ ഐപിഎല്‍ കിരീടം രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കുമ്പോള്‍ യുവ താരമായിരുന്ന ജഡേജയുടെ പങ്ക് നിര്‍ണായകമായിരുന്നു. ഐപിഎല്ലിലെ മികവിന്റെ ബലത്തില്‍ ഇന്ത്യന്‍ ടീമിലെത്തിയ ജഡേജ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണായക താരമായി പിന്നീട് മാറുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്.
2008, 09 സീസണുകളില്‍ രാജസ്ഥാന്‍ താരമായിരുന്ന ജഡേജ പിന്നീട് 2010ല്‍ മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സില്‍ പങ്കെടുത്തു. എന്നാല്‍ താരം കരാര്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ ടീം ബിസിസിഐയെ സമീപിച്ചു. താരത്തിനു ഒരു വര്‍ഷം ഐപിഎല്‍ വിലക്കും കിട്ടി. 2011ല്‍ ജഡേജ കൊച്ചി ടസ്‌കേഴ്‌സ് കേരളയ്ക്കായി ഒരു സീസണ്‍ കളിച്ചു.
2012ലാണ് താരം ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് ഐപിഎല്‍ കിരീട നേട്ടങ്ങളില്‍ മൂന്നിലും ഭാഗമായി. ചെന്നൈ ടീം വിലക്ക് നേരിട്ട 2016, 17 സീസണുകളില്‍ താരം ഗുജറാത്ത് ലയണ്‍സിനായി കളത്തിലെത്തി. 2022ല്‍ താരം ചെന്നൈ ടീം ക്യാപ്റ്റനായി. എന്നാല്‍ മോശം പ്രകടനമായിരുന്നു ടീമിന്റേത്. പിന്നാലെ നായക സ്ഥാനം ഒഴിഞ്ഞു. 2023ലെ ചെന്നൈയുടെ ഐപിഎല്‍ കിരീട നേട്ടത്തില്‍ ജഡേജ നിര്‍ണായകമായി. 27കാരനായ സാം കറന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടറാണ്. താരം പഞ്ചാബ് കിങ്‌സില്‍ നിന്നാണ് ചെന്നൈ പാളയത്തിലെത്തിയത്.
സഞ്ജുവിനെ വിട്ടുനല്‍കാന്‍ രവീന്ദ്ര ജഡേജയെ മാത്രം കൈമാറിയാല്‍ പോരെന്ന നിലപാടാണ് രാജസ്ഥാന്‍ സ്വീകരിച്ചത്. ഇതോടെ ആദ്യ ഘട്ടത്തില്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ജഡേജയക്കൊപ്പം യങ് ദക്ഷിണാഫ്രിക്കന്‍ സെന്‍സേഷന്‍ ഡെവാള്‍ഡ് ബ്രവിസിനേയും വേണമെന്ന ആവശ്യം രാജസ്ഥാന്‍ മുന്നോട്ടു വച്ചു. എന്നാല്‍ ചെന്നൈ വഴങ്ങിയില്ല.
പിന്നീടാണ് രണ്ടാം ശ്രമം ചെന്നൈ തുടങ്ങിയത്. രവീന്ദ്ര ജഡേജയെ കൂടാതെ സാം കറന്‍, മതീഷ പതിരന എന്നിവരില്‍ ഒരാളെ തരണമെന്ന ആവശ്യമാണ് രണ്ടാം ഘട്ടത്തില്‍ രാജസ്ഥാന്‍ മുന്നോട്ടു വച്ചത്. മതീഷയെ നിലനിര്‍ത്തി സാം കറനെ വിട്ടുകൊടുക്കാന്‍ ഒടുവില്‍ ചെന്നൈ സമ്മതം അറിയിച്ചതോടെ താരക്കൈമാറ്റ ചിത്രവും തെളിഞ്ഞു.


by Midhun HP News | Nov 11, 2025 | Latest News, കേരളം
കൊച്ചി: യഥാര്‍ഥ ‘മഞ്ഞുമ്മല്‍ ബോയ്‌സിലെ സുഭാഷ് ചന്ദ്രന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍. ഏലൂര്‍ നഗരസഭയിലെ 27-ാം വാര്‍ഡിലാണ് (മാടപ്പാട്ട്) യുഡിഎഫ് സ്ഥാനാര്‍ഥിയായി സുഭാഷിനെ പരിഗണിച്ചിരിക്കുന്നത്. 2006 സെപ്റ്റംബറില്‍ മഞ്ഞുമ്മലില്‍നിന്നു കൊടൈക്കനാലിലേക്കു ടൂര്‍പോയ പത്തംഗ സംഘത്തിലെ അംഗമായിരുന്നു സുഭാഷ്.
ഗുണ പോയിന്റില്‍ 600 അടി യോളം താഴ്ചയുള്ള കൊക്കയില്‍ വീണ സുഭാഷ് 87 അടിയോളം താഴ്ചയില്‍ തങ്ങിനില്‍ ക്കുകയായിരുന്നു. അതിസാഹസികമായി കൊക്കയില്‍ ഇറങ്ങി സുഭാഷിനെ സുഹൃത്തുക്കളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതു കൂട്ടുകാരനായ വേലശേരി സിജു ഡേവിഡ് (കുട്ടന്‍) ആണ്. ഇവരുടെ അതിജീവന അനുഭവമാണ് 2024ല്‍ സംവിധായകന്‍ ചിദംബരം സിനിമയാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ്’. സിനിമയില്‍ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും സിജുവിന്റേതു സൗബിനുമാണ് അവതരിപ്പിച്ചത്. ജീവിതത്തിലേക്ക് അവിശ്വസനീയമായ വിധത്തില്‍ തിരികെയെത്തിയ സുഭാഷ് ത്രികോണ മത്സരത്തില്‍, കന്നി അങ്കത്തില്‍ അവിശ്വസനീയമായ വിജയം യുഡിഎഫിനു സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.


സിനിമയില്‍ സുഭാഷിന്റെ കഥാപാത്രത്തെ ശ്രീനാഥ് ഭാസിയും സിജുവിന്റേതു സൗബിനുമാണ് അവതരിപ്പിച്ചത്. ജീവിതത്തിലേക്ക് അവിശ്വസനീയമായ വിധത്തില്‍ തിരികെയെത്തിയ സുഭാഷ് ത്രികോണ മത്സരത്തില്‍, കന്നി അങ്കത്തില്‍ അവിശ്വസനീയമായ വിജയം യുഡിഎഫിനു സമ്മാനിക്കുമെന്ന ദൃഢനിശ്ചയത്തിലാണ്.
by Midhun HP News | Nov 11, 2025 | Latest News, കേരളം
കണ്ണൂര്‍: പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം കൂട്ടിയിട്ടു കത്തിച്ചതിന് പൊലീസിന് പിഴ. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിന് സമീപം ഇന്‍ഡോര്‍ സ്‌റ്റേഡിയം പരിസരത്ത് മാലിന്യം കത്തിച്ചതിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ എന്‍ഫോഴ്‌മെന്റ് സക്വാഡ് പൊലീസില്‍ നിന്ന് പിഴ ഈടാക്കി.
കഴിഞ്ഞ ബുധനാഴച ഉച്ചയ്ക്ക് മാലിന്യം കത്തിച്ചെന്നാണ് പൊലീസിനെതിരെ പരാതി ലഭിച്ചത്. പൊലീസ് മൈതാനിയില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് കത്തിക്കുന്ന ദൃശ്യമടക്കം പരാതി ‘9446 700 800’ നമ്പറില്‍ ലഭിച്ചത്. ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കി പുനഃചംക്രമണം ചെയ്യാവുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെ കത്തിച്ചവയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌ക്വാഡ് പരിശോധന നടത്തിയിരുന്നു. പിന്നാലെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് 500 രൂപ പിഴ ചുമത്തിയത്. തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയല്‍, കത്തിക്കല്‍, നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉപയോഗവും എന്നിവ സംബന്ധിച്ച പരാതികള്‍ പൊതുജനങ്ങള്‍ക്ക് 9446 700 800 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യാം.


by Midhun HP News | Nov 11, 2025 | Latest News, ദേശീയ വാർത്ത
ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ഉഗ്ര സ്ഫോടനത്തിനു പിന്നിൽ പാകിസ്ഥാൻ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദാണെന്നു സൂചനകൾ. സ്ഫോടനം പുൽവാമ ഭീകരാക്രമണവുമായി സാമ്യമുള്ളതാണെന്നു പ്രഥാമിക തെളിവുകൾ നൽകുന്ന സൂചന. ഏതാണ്ട് മൂന്ന് മാസത്തെ ഇടവേളകളിൽ നടത്തിയ പഹൽഗാം ആക്രമണത്തിനു സമാനമായി മറ്റൊരു ആക്രമണം നടത്താൻ ജെയ്ഷെ മുഹമ്മദ് വീണ്ടും ശ്രമിച്ചിരിക്കാമെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
സ്ഫോടനത്തിൽ യുഎപിഎ ചുമത്തി പൊലീസ് കേസെടുത്തു. ചാന്ദ്നിചൗക് പൊലീസാണ് കേസെടുത്തത്.
സ്ഫോടനത്തിനു മണിക്കൂറുകൾക്കു മുൻപാണ് ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നായി തീവ്രവാദ ശൃംഖലയിലെ മൂന്ന് ഡോക്ടർമാരടക്കം എട്ട് പേർ അറസ്റ്റിലായത്. ഇതും ഭീകരാക്രമണമെന്ന സംശയം ശക്തമാക്കുന്നു. അറസ്റ്റിലായവരിൽ നിന്നു 2900 കിലോ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിൽ 360 ഗ്രാം ആർഡിഎക്സുമുണ്ട്. ജെയ്ഷെ മുഹമ്മദ്, അൻസാർഘസ് വാത് ഉൽഹിന്ദ് എന്നീ തീവ്രവാദ സംഘടനകളിലെ പ്രവർത്തകരാണ് പിടിയിലായത്.
ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിൽ വച്ചാണ് യോഗം ചേരുന്നത്. വൈകീട്ട് ഏറെ തിരക്കുള്ള സമയമാണ് സ്ഫോടനത്തിനായി തിരഞ്ഞെടുത്തത്. അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയും ഡൽഹി ജുമാമസ്ജിദും സന്ദർശിക്കാനെത്തുന്നവരുടെ തിരക്കനുഭവപ്പെടുന്നത് വൈകീട്ടായതിനാൽ ഈ സമയം നോക്കി ആസൂത്രിതമായി നടത്തിയ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. ചാന്ദ്നി ചൗക് മാർക്കറ്റും ഇവർ ലക്ഷ്യമിട്ടിരുന്നതായും ട്രാഫിക്ക് സിഗ്നലിൽ കാർ പെട്ടതോടെ മാർക്കറ്റിനു സമീപത്തേക്ക് കാർ കയറ്റാനുള്ള ശ്രമം പരാജയപ്പെട്ടെന്നും പൊലീസ് പറയുന്നു.
30 സെക്കൻഡുകളോളം നീണ്ട ഉഗ്ര സ്ഫോടനമാണുണ്ടായത്. പൊട്ടിത്തെറിയുടെ പ്രകമ്പനം രണ്ടര കിലോമീറ്റർ ദൂരെ വരെ കേട്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കിയിരുന്നു. തീയണയ്ക്കാൻ അര മണിക്കൂറിലേറെ സമയം വേണ്ടിവന്നതായി അഗ്നിശമന സേന വ്യക്തമാക്കി.
പൊട്ടിത്തെറിയ്ക്കിരയാക്കിയ കാർ ഹരിയാന രജിസ്ട്രേഷൻ ഹ്യുണ്ടായ് ഐ20യാണ്. കാർ ഡൽഹിയിൽ പലയിടങ്ങളിലായി ചുറ്റിക്കറങ്ങിയെന്നു കണ്ടെത്തിയിട്ടുണ്ട്. നടന്നത് ചാവേർ ബോംബാക്രമണമാണെന്ന നിഗമനത്തിലാണ്. ഭീകരാക്രമണമെന്ന സാധ്യത തള്ളിക്കളയാതെയാണ് അന്വേഷണം പുരോഗമിക്കുന്നത്.സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് നിഗമനം. കറുത്ത മാസ്കിട്ടയാൾ റെഡ് ഫോർട്ടിലെ പാർക്കിങ് ഗ്രൗണ്ടിൽ നിന്നു കാറുമായി പുറത്തേക്കിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. മാസ്ക് ധരിച്ചയാൾ കാർ ഓടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ മുൻ സീറ്റിൽ ആരുമുണ്ടായിരുന്നില്ല. കാർ ചെങ്കോട്ടയ്ക്ക് മുന്നിൽ മൂന്ന് മണിക്കൂറോളം നിർത്തിയിട്ടു.
സ്ഫോടനം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. നൂറോളം സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.


by Midhun HP News | Nov 11, 2025 | Latest News, കേരളം
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്നലെ 90,000ന് മുകളില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഒറ്റയടിക്ക് 1800 രൂപ വര്‍ധിച്ചതോടെ 92,000 കടന്ന് കുതിച്ചിരിക്കുകയാണ്. 92,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 225 രൂപയാണ് വര്‍ധിച്ചത്. 11,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 90,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 89,080 രൂപയായി താഴ്ന്നു. പിന്നീട് 89,000നും 90,000നും ഇടയില്‍ ചാഞ്ചാടി നില്‍ക്കുകയായിരുന്നു സ്വര്‍ണവില. ഒക്ടോബര്‍ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില ഇടിഞ്ഞ് പവന് ഏകദേശം 9000 രൂപ കുറഞ്ഞ ശേഷമാണ് ഉയരാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയിലെ ചലനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നത്.


by Midhun HP News | Nov 11, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പരിക്കേറ്റ് എല്‍എന്‍ജെപി ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ചെങ്കോട്ടയ്ക്കു സമീപമുള്ള ലാല്‍കില മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ ഗേറ്റിന് മുന്നില്‍ ഓടിക്കൊണ്ടിരിക്കുന്ന ഐ20 കാറിലാണ് സ്‌ഫോടനം ഉണ്ടായതെന്ന് അമിത് ഷാ പറഞ്ഞു. സ്‌ഫോടനം ഉണ്ടായി പത്തുമിനിറ്റിനുള്ളില്‍ തന്നെ എല്ലാ അന്വേഷണം ഏജന്‍സികളും സ്ഥലത്തെത്തിയതായും അമിത് ഷാ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതായും ആഭ്യന്തരമന്ത്രി പറഞ്ഞു.
എന്‍ഐഎ, എന്‍എസ്ജി, എഫ്എസ്എല്‍ ടീമുകള്‍ അന്വേഷണത്തിന്റെ ഭാഗമായതായും സ്‌ഫോടനത്തിന്റെ കാരണവും സ്വഭാവവും കണ്ടത്തൊന്‍ പരിശോധനകള്‍ നടത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. എല്ലാ കോണുകളും വിലയിരത്തുന്നു. സമഗ്രമായ അന്വേഷണം നടത്തും. കണ്ടെത്തലുകള്‍ സുതാര്യമായി പൊതുജനങ്ങളെ അറിയിക്കും.’പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുക, ഈ സ്‌ഫോടനത്തിലേക്ക് നയിച്ച കാരണങ്ങളില്‍ പൂര്‍ണ്ണ വ്യക്തത വരുത്തുക എന്നിവയാണ് ഞങ്ങളുടെ മുന്‍ഗണന,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫോറന്‍സിക് വിദഗ്ധര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നത് തുടരുന്നതിനാല്‍ സുരക്ഷാ ഏജന്‍സികള്‍ പ്രദേശം വളഞ്ഞിരിക്കുകയാണ്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റ് പൂര്‍ണമായി അടച്ചതായും അധികൃതര്‍ പറഞ്ഞു.
Recent Comments