by Midhun HP News | Nov 11, 2025 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
by Midhun HP News | Nov 11, 2025 | Latest News, കേരളം
പാലക്കാട്: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി. ആതിഥേയരായ പാലക്കാട് രണ്ടാം സ്ഥാനവും കണ്ണൂർ മൂന്നാം സ്ഥാനവും നേടി. 1548 പോയിന്റും 21 ഒന്നാം സ്ഥാനങ്ങളുമായാണ് മലപ്പുറത്തിന്റെ കിരീടധാരണം. തുടരെ മൂന്നാം തവണയാണ് മലപ്പുറം കിരീടം സ്വന്തമാക്കുന്നത്.
പാലക്കാടിനും കണ്ണൂരിനും 1487 പോയിന്റുകളാണ്. എന്നാൽ ഒന്നാം സ്ഥാനങ്ങളുടെ എണ്ണത്തിൽ കണ്ണൂരിനെ പിന്തള്ളിയാണ് പാലക്കാട് രണ്ടാം സ്ഥാനം ഉറപ്പിച്ചത്. 17 ഓന്നാം സ്ഥാനങ്ങളാണ് പാലക്കാടിന്. കണ്ണൂരിന് 16 ഒന്നാം സ്ഥാനങ്ങൾ.
സബ്ജില്ലകളിൽ മാനന്തവാടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 580 പോയിന്റുകളാണ് അവർക്ക്. സുൽത്താൻ ബത്തേരി 471 പോയിന്റുമായി രണ്ടാമതും 410 പോയിന്റുമായി കട്ടപ്പന മൂന്നാമതും എത്തി.
സ്കൂളുകളിൽ വയനാട് ദ്വാരക സേക്രഡ് ഹാർട്ട് എച്എസ്എസിനാണ് കിരീടം. കാഞ്ഞങ്ങാട് ദുർഗ എച്എസ്എസ് രണ്ടാം സ്ഥാനവും ഇടുക്കി കൂമ്പൻപാറ എഫ്എംജിഎച്എസ്എസ് മൂന്നാം സ്ഥാനവും നേടി. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻഎസ്കെ ഉമേഷ് ഐഎഎസ് ട്രോഫികൾ സമ്മാനിച്ചു.
by Midhun HP News | Nov 11, 2025 | Latest News, കേരളം
തിരുവനന്തപുരം: രാജ്യ തലസ്ഥാനത്തെ ഉഗ്ര സ്ഫോടനത്തിനു പിന്നാലെ കേരളത്തിലും ജാഗ്രതാ നിർദ്ദേശമെന്നു ഡിജിപി റവാഡ ചന്ദ്രശേഖർ. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടക്കുന്നുണ്ട്. ബസ് സ്റ്റാൻഡുകളിലും പരിശോധനയുണ്ട്. റെയിൽവേ സ്റ്റേഷനുകളിൽ നിന്നു ദൃശ്യങ്ങൾ പകർത്തരുതെന്നു ആർപിഎഫ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ആൾക്കൂട്ടമുള്ള ഇടങ്ങളിലെല്ലാം വലിയ രീതിയിൽ പരിശോധിക്കുന്നുണ്ട്. ആശങ്ക വേണ്ടെന്നും സുരക്ഷയുടെ ഭാഗമായാണ് നടപടികളെന്നും ഡിജിപി കൂട്ടിച്ചേർത്തു. കേരളം- കർണാടക അതിർത്തി പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷനു സമീപം വൈകീട്ട് 6.52 ഓടെയാണ് സ്ഫോടനമുണ്ടായത്. ട്രാഫിക്ക് സിഗ്നലിൽ നിർത്തിയ കാറിലാണ് ആദ്യമായി പൊട്ടിത്തെറിയുണ്ടായത്. രണ്ട് വാഹനങ്ങളിൽ ഒരേസമയം സ്ഫോടനം ഉണ്ടായെന്നും വിവരങ്ങളുണ്ട്. സ്ഫോടനത്തിനു പിന്നാലെ സമീപത്തെ വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു.
സ്ഫോടനത്തിന്റെ ശബ്ദം രണ്ടര കിലോമീറ്ററോളം അകലെ വരെ ഉയർന്നു. പ്രകമ്പനത്തിൽ സമീപത്തെ തെരുവു വിളക്കുകൾ തകർന്നു. സ്ഫോടനമുണ്ടായപ്പോൾ സമീപത്തെ വാഹനങ്ങൾ 150 മീറ്റർ അകലേയ്ക്ക് തെറിച്ചു പോയതായി ദൃക്സാക്ഷികൾ പറയുന്നു. കുറച്ച് അകലെ നിർത്തിയിട്ടിരുന്ന പല വാഹനങ്ങളുടെയും ഗ്ലാസുകളടക്കവും തകർന്നിട്ടുണ്ട്. 20 ഫയർ എഞ്ചിനുകൾ എത്തിച്ചാണ് തീ കെടുത്തിയത്.
by Midhun HP News | Nov 10, 2025 | Latest News, കേരളം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചെങ്കൊട്ടയ്ക്ക് സമീപം വന്‍ സ്ഫോടനം. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം നിർത്തിയിട്ട രണ്ടു കാറുകൾ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തിൽ 9 മരണം. എട്ടോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് വിവരം. പ്രദേശത്ത് അതീവജാഗ്രതാ നിര്‍ദേശം നല്കി.
സ്ഫോടനം ഉണ്ടായ ഉടനെ ആളുകള്‍ ചിതറിയോടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. റോഡിനു നടുവിലാണ് സ്ഫോടനം നടന്നത്. പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. തീ പൂർണമായും അണച്ചുവെന്ന് ഫയർഫോഴ്സ് അറിയിച്ചു. കാറിനു സമീപമുണ്ടായിരുന്ന പലർക്കും പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എൽഎൻജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.
പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശത്ത് പരിശോധന ആരംഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസ് കമ്മിഷണറുമായി ഫോണിൽ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകൾ നോക്കിക്കാണുന്നത്.
പ്രദേശത്ത് ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജമ്മു കശ്മീർ സ്വദേശികളായ ഡോക്ടർമാരെ പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ആയുധങ്ങൾ അടക്കം പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് സ്ഫോടനം നടക്കുന്നത്.
by Midhun HP News | Nov 10, 2025 | Latest News, കായികം, ജില്ലാ വാർത്ത
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് സൗരാഷ്ട്ര. ആദ്യ ഇന്നിങ്സിൽ 73 റൺസിൻ്റെ ലീഡ് വഴങ്ങിയ സൗരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റിന് 351 റൺസെന്ന നിലയിലാണ്. ഒരു ദിവസത്തെ കളി കൂടി ബാക്കിയിരിക്കെ സൗരാഷ്ട്രയ്ക്ക് ഇപ്പോൾ 278 റൺസിൻ്റെ ലീഡുണ്ട്. ചിരാഗ് ജാനിയുടെ ഉജ്ജ്വല സെഞ്ച്വറിയാണ് സൗരാഷ്ട്രയുടെ ഇന്നിങ്സിന് കരുത്ത് പകർന്നത്.
സ്കോർ: സൗരാഷ്ട്ര ആദ്യ ഇന്നിങ്സ് 160, രണ്ടാം ഇന്നിങ്സ് അഞ്ച് വിക്കറ്റിന് 351. കേരളം ആദ്യ ഇന്നിങ്സ് 233 ആദ്യ ഇന്നിങ്സിൽ തകർന്നടിഞ്ഞ സൗരാഷ്ട്രയുടെ ബാറ്റിങ് നിര ഫോം വീണ്ടെടുത്തതായിരുന്നു മൂന്നാം ദിവസത്തെ ശ്രദ്ധേയമാക്കിയത്. കളി തുടങ്ങി രണ്ടാം ഓവറിൽ തന്നെ ജയ് ഗോഹിലിൻ്റെയും വൈകാതെ ഗജ്ജർ സമ്മറിൻ്റെയും വിക്കറ്റുകൾ നഷ്ടമായെങ്കിലും സൗരാഷ്ട്ര ശക്തമായി തിരിച്ചു വന്നു. 24 റൺസെടുത്ത ജയ് ഗോഹിൽ നിധീഷിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയപ്പോൾ 31 റൺസെടുത്ത ഗജ്ജറിനെ ബേസിൽ എൻപി ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
എന്നാൽ അർപ്പിത് വസവദയും ചിരാഗ് ജാനിയും ചേർന്ന കൂട്ടുകെട്ട് സൗരാഷ്ട്രയ്ക്ക് കരുത്തായി. കരുതലോടെ ബാറ്റ് ചെയ്ത ഇരുവരും ചേർന്ന് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ ദിവസത്തിൻ്റെ ആദ്യ പകുതി പൂർത്തിയാക്കി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റിന് 159 റൺസെന്ന നിലയിലായിരുന്നു സൗരാഷ്ട്ര. നിലയുറപ്പിച്ചതോടെ ഇരുവരും ചേർന്ന് അനായാസം ഇന്നിങ്സ് മുന്നോട്ടു നീക്കി. അർപ്പിത് അർധ സെഞ്ച്വറിയും ചിരാഗ് സെഞ്ച്വറിയും പൂർത്തിയാക്കി. ഇരുവരും ചേർന്ന് 174 റൺസാണ് കൂട്ടിച്ചേർത്ത്. 74 റൺസെടുത്ത അർപ്പിതിനെ പുറത്താക്കി ബാബ അപരാജിതാണ് കൂട്ടുകെട്ടിന് അവസാനമിട്ടത്.
ചിരാഗിന് കൂട്ടായി പ്രേരക് മങ്കാദ് എത്തിയതോടെ സൗരാഷ്ട്രയുടെ സ്കോറിങ് വേഗത്തിലായി. ഇരുവരും ചേർന്ന് 17 ഓവറിൽ 105 റൺസ് കൂട്ടിച്ചേർത്തു. 152 റൺസെടുത്ത ചിരാഗ് ജാനി ബേസിലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി. 14 ബൗണ്ടറിയും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു ചിരാഗിൻ്റെ ഇന്നിങ്സ്. കളി നിർത്തുമ്പോൾ 52 റൺസോടെ പ്രേരക് മങ്കാദും ഒരു റണ്ണോടെ അൻഷ് ഗോസായിയുമാണ് ക്രീസിൽ. കേരളത്തിന് വേണ്ടി നിധീഷും ബേസിലും രണ്ട് വിക്കറ്റ് വീതവും അപരാജിത് ഒരു വിക്കറ്റും വീഴ്ത്തി.


by Midhun HP News | Nov 10, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി എല്‍ഡിഎഫ്. 101 സീറ്റുകളില്‍ 93 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മറ്റ് എട്ട് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
കവടിയാറില്‍ കെഎസ് ശബരിനാഥനെതിരെ സിപിഎം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാര്‍ മത്സരിക്കും. സ്ഥാനാര്‍ഥി പട്ടികയില്‍ മൂന്ന് സിപിഎം എരിയാ സെക്രട്ടറിമാര്‍ ഇടംപിടിച്ചപ്പോള്‍ നിലവിലെ മേയര്‍ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയര്‍ പികെ രാജുവും പട്ടികയില്‍ ഇടം പിടിച്ചില്ല. സിപിഎം ജില്ലാ കമ്മറ്റി അംഗമായി എസ്പി ദീപക് പേട്ടയില്‍ മത്സരിക്കും. കേരളാ കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥിയായി പൂജപ്പുര രാധാകൃഷ്ണന് ജഗതിയിലും മത്സരിക്കും.
70 സീറ്റുകളില്‍ സിപിഎമ്മും 31 സീറ്റുകളില്‍ ഘടകകക്ഷികള്‍ മത്സരിക്കും. സിപിഐ പതിനേഴ് ഇടത്തും, കേരളാ കോണ്‍ഗ്രസ് എം, ആര്‍ജെഡി മൂന്ന് സീറ്റിലും ജനതാദള്‍ എസ് രണ്ട് സീറ്റിലും, ഐഎന്‍എല്‍, കോണ്‍ഗ്രസ് എസ്, എന്‍സിപി, കേരളാ കോണ്‍ഗ്രസ് ബി, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് ഒരു സീറ്റിലും മത്സരിക്കും. യുവത്വവും പരിചയസമ്പന്നതയും ചേർന്ന സ്ഥാനാർഥികളെയാണ് എൽഡിഎഫ് അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാനാർഥികളിൽ 30 വയസിന് താഴെയുള്ളവർ 13 പേരുണ്ട്. 40 വയസിന് താഴെയായി 12 പേരും
സിപിഐ പതിനേഴ് മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്തിന്റെ ഇന്ന് കാണുന്ന വികസനം പൂര്‍ത്തീകരിച്ചത് എല്‍ഡിഎഫ് ആണെന്നും വികസനത്തിന്റെ തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫിന്റെ വിജയം അനിവാര്യമാണെന്നും സിപിഎം തിരുവനന്തുപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മേയര്‍ ആരെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്, മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, വി വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.


Recent Comments