എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം, അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

എസ്എടി ആശുപത്രിയിലെ യുവതിയുടെ മരണം, അന്വേഷണത്തിന് മന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കരിക്കകം സ്വദേശിനിയുടെ മരണത്തില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിക്കെതിരെയുള്ള ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നടപടി. പരാതിയില്‍ പ്രത്യേക സംഘം അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കരിക്കകം സ്വദേശി ശിവ പ്രിയയുടെ മരണത്തിന് കാരണം ആശുപത്രി അധികൃതരുടെ വീഴ്ചയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ നിന്ന് യുവതിക്ക് അണുബാധയേറ്റെന്നും, ഇതാണ് മരണത്തിലേക്ക് നയിച്ചത് എന്നുമായിരുന്നു ബന്ധുക്കളുടെ ആക്ഷേപം. ഞായറാഴ്ച ഉച്ചയോടെയാണ് ശിവപ്രിയയുടെ മരണം സംഭവിച്ചത്.

ഒക്ടോബര്‍ 22 നായിരുന്നു ശിവപ്രിയയെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്ക് ശേഷം 25 ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ഇതിന് പിറ്റേന്ന് പനി ബാധിക്കുകയും ചെയ്തു. ഇത് അണുബാധയെ തുടര്‍ന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് മരണ കാരണം എന്നാണ് എസ്എടി ആശുപത്രിയും നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇന്‍ഫെക്ഷന്‍ ബാധിച്ചത് ആശുപത്രിയില്‍ നിന്നാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍, വീട്ടുകാര്‍ നന്നായി രോഗിയെ ശ്രദ്ധിക്കാത്തതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. യുവതിയുടെ മരണത്തിന് പിന്നാലെ നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ആറ്റിങ്ങൽ നഗരസഭ നടത്തിയ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴ

ആറ്റിങ്ങൽ നഗരസഭ നടത്തിയ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴ

ആറ്റിങ്ങൽ നഗരസഭ നടത്തിയ 2025 ലെ കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴ. ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർമാൻ ജി തുളസിധരൻ പിള്ള, വാർഡ് കൗൺസിലർ ഗിരിജ ടീച്ചർ എന്നിവരിൽ നിന്നും ഫ്രണ്ട്സ് അസോസിയേഷൻ ലൈബ്രറി കൊല്ലമ്പുഴയുടെ സ്പോർട്സ് കൺവീനർ പി.എസ് കിരൺ കൊല്ലമ്പുഴ ട്രോഫി ഏറ്റുവാങ്ങി. രണ്ടാം സ്ഥാനം എ സി എ സി ക്ലബ്ബും, മൂന്നാം സ്ഥാനം തസസ തച്ചൂർകുന്നും കരസ്ഥമാക്കി.

ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം; റിസര്‍വ് ബാങ്ക് ചട്ടം പറയുന്നതിങ്ങനെ

ഇനി വെള്ളി പണയംവച്ചും വായ്പ എടുക്കാം; റിസര്‍വ് ബാങ്ക് ചട്ടം പറയുന്നതിങ്ങനെ

ന്യൂഡല്‍ഹി: സ്വര്‍ണം പണയംവച്ച് വായ്പ എടുക്കുന്നത് സര്‍വസാധാരണമാണ്. ഇനി വെള്ളിയും പണയംവച്ച് വായ്പ എടുക്കാം. ഇതുസംബന്ധിച്ച് റിസര്‍വ് ബാങ്കിന്റെ പുതിയ മാര്‍ഗനിര്‍ദേശം ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ടതാണ്. സ്വര്‍ണം, വെള്ളി എന്നിവ പണയംവച്ച് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് സുതാര്യത കൊണ്ടുവരുന്നതിനും മതിയായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായാണ് റിസര്‍വ് ബാങ്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

നിലവില്‍ ചില ധനകാര്യ സ്ഥാപനങ്ങള്‍ മാത്രമാണ് വെള്ളി ഈടായി വാങ്ങി വായ്പ കൊടുക്കുന്നത്. ചില സഹകരണ ബാങ്കുകള്‍, പ്രാദേശിക ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) എന്നിങ്ങനെ ചുരുക്കം സ്ഥാപനങ്ങളാണ് ഇതുവരെ വെള്ളിവായ്പ കൊടുത്തിരുന്നത്. അതുകൊണ്ടുതന്നെ, വെള്ളിപ്പണയ വായ്പ അത്ര ജനകീയവുമല്ല. എന്നാല്‍, ഇനിമുതല്‍ അടിയന്തര സാമ്പത്തികാവശ്യങ്ങള്‍ക്കായി വെള്ളി പണയംവച്ചും ലോണെടുക്കാന്‍ സാധിക്കും.

എന്നാല്‍, റിസര്‍വ് ബാങ്കിന്റെ 2025ലെ സ്വര്‍ണം, വെള്ളി വായ്പാചട്ടപ്രകാരം ഇനിമുതല്‍ വെള്ളി ഈടായി സ്വീകരിച്ച് ബാങ്കുകള്‍ ഉള്‍പ്പെടെ വായ്പ വിതരണം ചെയ്യാം. കഴിഞ്ഞ എതാനും മാസങ്ങളായി വെള്ളിവിലയും റെക്കോര്‍ഡ് തകര്‍ത്ത് ഉയര്‍ന്നതും ഒട്ടേറെപ്പേര്‍ വെള്ളിയിലും വന്‍തോതില്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നതുമാണ് പ്രസക്തി വര്‍ധിപ്പിക്കുന്നത്.

വെള്ളി ആഭരണങ്ങളും വെള്ളി നാണയങ്ങളും മാത്രമേ ഈടായി സ്വീകരിക്കൂ. വെള്ളിക്കട്ടികള്‍ (ബാര്‍), വെള്ളി ഇടിഎഫ്, വെള്ളി കേന്ദ്രീകൃത മ്യൂച്വല്‍ഫണ്ട് എന്നിവ ഈടുവയ്ക്കാനാവില്ല. വെള്ളി ഏത് രൂപത്തിലായാലും വാങ്ങാന്‍വേണ്ടി ഒരു ധനകാര്യ സ്ഥാപനവും വായ്പ അനുവദിക്കില്ല. എന്നാല്‍, വ്യാവസായിക ആവശ്യത്തിന് വെള്ളി അസംസ്‌കൃത വസ്തുമായി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഈ നിയന്ത്രണമില്ല. പരമാവധി 10 കിലോഗ്രാം വെള്ളിയേ ഈടായി സ്വീകരിക്കൂ. സ്വര്‍ണത്തിന് ഇത് ഒരു കിലോഗ്രാമാണ്. ഈടുവയ്ക്കുന്നത് വെള്ളി നാണയങ്ങള്‍ ആണെങ്കില്‍ പരമാവധി 500 ഗ്രാമേ സ്വീകരിക്കൂ. സ്വര്‍ണത്തിന് 50 ഗ്രാം വരെയാണ്.

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; ദേവസ്വം ആശുപത്രി നിര്‍മ്മാണത്തിന് 15 കോടി രൂപയുടെ സംഭാവന

തൃശൂര്‍: ഗുരുവായൂരപ്പനെ കണ്ടു തൊഴുത് കാണിക്കയര്‍പ്പിച്ച്, ദര്‍ശന പുണ്യം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി പതിനഞ്ച് കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.

ഇന്ന് രാവിലെ 7.30 നാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. ദേവസ്വം ചെയര്‍മാന്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തുടര്‍ന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. പൊതു അവധി ദിനത്തില്‍ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉള്ളതിനാല്‍ 25 പേര്‍ക്കായി നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാര്‍ത്ഥിച്ച മുകേഷ് അംബാനി സോപാനപടിയില്‍ കാണിക്കയര്‍പ്പിച്ചു. മേല്‍ശാന്തിയില്‍ നിന്ന് അദ്ദേഹം പ്രസാദവും ഏറ്റുവാങ്ങി. തുടര്‍ന്ന് ഉപദേവന്മാരെയും തൊഴുത് പ്രാര്‍ത്ഥിച്ചു കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ഗുരുവായൂരപ്പന്റെ പ്രസാദങ്ങള്‍ ഡോ.വി കെ വിജയന്‍ നല്‍കി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവര്‍ചിത്രവും സമ്മാനിച്ചു.

ഡോ.വി കെ വിജയന്‍, ഭരണ സമിതി അംഗം സി മനോജ് എന്നിവര്‍ ദേവസ്വത്തിന്റെ നിര്‍ദ്ദിഷ്ട മള്‍ട്ടിസ് പെഷ്യാലിറ്റി ആശുപത്രിയുടെ രൂപരേഖയും ആനകളുടെ പരിചരണത്തിനായി ദേവസ്വം തുടങ്ങാന്‍ ലക്ഷ്യമിടുന്ന ആധുനിക മൃഗാശുപത്രിയുടെ പദ്ധതി രേഖയും മുകേഷ് അംബാനിക്ക് സമര്‍പ്പിച്ചു. എന്ത് സഹായവും നല്‍കാമെന്ന് മുകേഷ് അംബാനി ദേവസ്വം ചെയര്‍മാന് ഉറപ്പ് നല്‍കി.

ആശുപത്രി നിര്‍മ്മാണത്തിനായി പതിനഞ്ച് കോടിയുടെ ചെക്ക് അദ്ദേഹം കൈമാറി. ഗുജറാത്തില്‍ റിലയന്‍സ് ഉടമസ്ഥതയിലുള്ള വന്‍താര വന്യജീവി പരിപാലന കേന്ദ്രത്തിന്റെ പ്രവര്‍ത്തന മാതൃകയില്‍ ദേവസ്വത്തിലെ ആനകള്‍ക്ക് മികച്ച പരിപാലനം നല്‍കാന്‍ അവസരം ഒരുക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഗുരുവായൂരപ്പ ദര്‍ശനപുണ്യം നേടിയതിന്റെ സംതൃപ്തി നിറവില്‍ രാവിലെ എട്ടു മണിയോടെയാണ് അദ്ദേഹം ഗുരുവായൂരില്‍ നിന്ന് മടങ്ങിയത്.

‘കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?; സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല’

‘കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോ?; സംഗീതത്തിന് ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല’

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഗണഗീതം പാടിയതിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുട്ടികള്‍ പാടിയത് തീവ്രവാദ ഗാനം ഒന്നും അല്ലല്ലോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദമൊന്നും കണക്കിലെടുക്കേണ്ടതില്ല. അത് കുട്ടികളുടെ ആഘോഷമായിരുന്നു. ആ കുഞ്ഞുങ്ങള്‍ നിഷ്‌കളങ്കമായി പാടിയതാണ്. അവര്‍ക്ക് തോന്നിയ ഗാനം ആലപിക്കുകയാണ് ചെയ്തതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കുട്ടികളെ പഠിപ്പിച്ചു എന്നൊക്കെയുള്ള ആരോപണങ്ങള്‍ അവര്‍ കയ്യില്‍ വെച്ചേക്കുക. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പുണ്ണാക്കുമില്ല. സംഗീതമെന്നത് ആസ്വദിക്കാന്‍ പറ്റണം. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങള്‍ അവാര്‍ഡ് വരെ കൊടുക്കുന്നില്ലേ. അതൊന്നും ചെയ്തില്ലല്ലോ. സംഗീതം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കാത് തിരിക്കൂ, ഹൃദയം തിരിക്കൂ, മുഖം തിരിക്കൂ, എന്തു വേണമെങ്കിലും തിരിക്കൂ. അത്രയേയുള്ളൂ. കുഞ്ഞുങ്ങള്‍ അവരുടെ സന്തോഷം ആഘോഷിക്കുകയാണ് ചെയ്തത്.

ആ കുട്ടികളുടെ മനസ്സിലേക്ക് വിമര്‍ശിക്കുന്നവരാണ് വിഷം കുത്തിവെക്കുന്നത്. മറ്റു ചിന്തകള്‍ കുത്തിക്കയറ്റുന്നത്. അതു നിര്‍ത്തണം. വിമര്‍ശനം ഉന്നയിക്കുന്നവര്‍ ധൈര്യമുണ്ടെങ്കില്‍ തന്റെയൊപ്പം രണ്ടു കോളനികളിലേക്ക് വരണമെന്ന് സുരേഷ് ഗോപി വെല്ലുവിളിച്ചു. മോഡേണ്‍ കോളനി, പാടൂക്കാട് കോളനി. എന്താണ് നിങ്ങള്‍ പട്ടിക വിഭാഗക്കാരോടും കുമ്പാരികളോടും ചെയ്തുകൊണ്ടിരിക്കുന്ന വഞ്ചന അല്ലെങ്കില്‍ തരം എന്നു കാണാം. അതാണ് അഡ്രസ് ചെയ്യേണ്ടത്, അല്ലാതെ ഗണഗീതമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

ബംഗളൂരിലേക്ക് പോകാന്‍ മുമ്പ് ബസിനെയാണ് നാമെല്ലാം ആശ്രയിച്ചിരുന്നത്. ബസിലെ അമിതമായ കൂലി അടക്കം പല പ്രശ്‌നങ്ങളുണ്ടായിരുന്നു. അതേസമയം അവരുടെ സര്‍വീസിനെ വിലമതിക്കുന്നു. അവരുടെ ചില്ല് അടിച്ചുപൊട്ടിക്കാതെ പ്രതിസംവിധാനം ആശ്രയിക്കാന്‍ സാധിക്കണം. റെയില്‍വേ ആണ് ഏക പരിഹാരം. 2001 മുതല്‍ ബംഗളൂരുവിലെ മലയാളി സമൂഹവുമായുള്ള അടുപ്പത്തിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്. എന്നാല്‍ ഒന്നും സാധ്യമായിരുന്നില്ല.

പഠിക്കാന്‍ പോകുന്നവരും ജോലി ചെയ്യുന്നവരും അടക്കം ബംഗളൂരിവിലേക്ക് പോകുന്ന വനിതകള്‍ക്ക് വന്ദേഭാരത് ട്രെയിന്‍ മികച്ച അനുഗ്രഹമാണ്. പ്രത്യേകിച്ചും ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കുന്നതില്‍. ആണുങ്ങള്‍ക്ക് എവിടെ പോയി നിന്നെങ്കിലും കാര്യം സാധിക്കാം. പക്ഷെ സ്ത്രീകള്‍ക്ക് അതിനു കഴിയില്ല. അവിടെയാണ് വലിയൊരു ആശ്വാസമാകുന്നത്. ഇതാണ് താന്‍ വലിയ മാറ്റമായി കാണുന്നത്. അല്ലാതെ ട്രെയിന്‍ നിറഞ്ഞ് ഓടുന്നു എന്നതല്ല. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവും വലിയ പിന്തുണ നല്‍കിയ ട്രെയിന്‍ സര്‍വീസാണ് ഇത്. റോഡ് ശീലത്തില്‍ ഉണ്ടാകുന്ന എല്ലാ ന്യൂനതകളും പരിഹരിക്കുന്ന ഒരു റെയില്‍ശീലമാണ് ഇതിലൂടെ ഉണ്ടാക്കുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്ത് മെട്രോ ആരംഭിക്കുന്നതിനെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. വളരെ നല്ല കാര്യമാണിത്. തിരുവനന്തപുരത്ത് മെട്രോ വരുന്നതുകൊണ്ട് ഉറപ്പായിട്ടും അവിടുത്തെ ജനങ്ങള്‍ക്ക്, റോഡുകളിലെ പ്രശ്‌നങ്ങള്‍ക്ക് വലിയ പരിഹാരമാകും. തിരുവനന്തപുരത്തെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ്. വലിയൊരു നീക്കമാണ്. കേരളസര്‍ക്കാര്‍ വളരെ നല്ല കാര്യമാണ് ചെയ്തിരിക്കുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

101ാം കിരീടം, റെക്കോര്‍ഡ്; ‘ലെജന്‍ഡ് നൊവാക്’!

101ാം കിരീടം, റെക്കോര്‍ഡ്; ‘ലെജന്‍ഡ് നൊവാക്’!

ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.

ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.

ഏതന്‍സ്: ഐതിഹാസികമായ ടെന്നീസ് കരിയറിലെ 101ാം കിരീടം സ്വന്തമാക്കി സെര്‍ബിയന്‍ വെറ്ററന്‍ സൂപ്പര്‍ സ്റ്റാര്‍ നൊവാക് ജോക്കോവിച്. ഏതന്‍സില്‍ നടന്ന വന്‍ഡ ഫാര്‍മസ്യുട്ടിക്കല്‍ ഹെല്ലനിക്ക് ചാംപ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കിയാണ് താരം 101ാം അന്താരാഷ്ട്ര ടെന്നീസ് കിരീടം സാധ്യമാക്കിയത്. ഇറ്റലിയുടെ ലൊറെന്‌സോ മുസെറ്റിയെ 3 മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ വീഴ്ത്തിയാണ് ജോക്കോയുടെ കിരീട നേട്ടം.

ഹാര്‍ഡ് കോര്‍ട്ടില്‍ ആധുനിക ടെന്നീസ് കാലത്ത് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന താരമെന്ന റെക്കോര്‍ഡും ജോക്കോ സ്വന്തമാക്കി. താരത്തിന്റെ ഹാര്‍ഡ് കോര്‍ട്ടിലെ 72ാം വിജയമായിരുന്നു ഇത്. സ്വിസ് ഇതിഹാസം റോജര്‍ ഫെഡററുടെ റെക്കോര്‍ഡാണ് സെര്‍ബിയന്‍ ഇതിഹാസം തിരുത്തിയത്.

മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച് വിജയം സ്വന്തമാക്കിയത്. സ്‌കോര്‍: 4-6, 6-3, 7-5.