‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഡോക്ടറുടെ കൊലപാതകത്തില്‍ നിർണായക വിവരങ്ങള്‍

ബംഗളൂരു: കര്‍ണാടകയില്‍ ഡോക്ടര്‍ കൂടിയായ ഭാര്യയെ സര്‍ജന്‍ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഡെര്‍മറ്റോളജിസ്റ്റ് ആയ ഭാര്യയെ കൊലപ്പെടുത്തിയതിന് പിന്നാലെ സര്‍ജന്‍ കാമുകിക്ക് അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ‘നിനക്ക് വേണ്ടി ഞാന്‍ എന്റെ ഭാര്യയെ കൊന്നു’ എന്ന് കാമുകിക്ക് സര്‍ജന്‍ അയച്ച സന്ദേശമാണ് ഫോണിന്റെ ഫോറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘം കണ്ടെത്തിയത്.

ബംഗളൂരുവിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ജനറല്‍ സര്‍ജന്‍ ഡോ. മഹേന്ദ്ര റെഡ്ഡി, ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പിലൂടെ കാമുകിക്ക് അയച്ച സന്ദേശമാണ് അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവായത്. കാമുകിയെ ചോദ്യം ചെയ്യുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാമുകിയുടെ ഐഡന്റിറ്റി അന്വേഷണ സംഘം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മഹേന്ദ്ര റെഡ്ഡിയുടെ ഭാര്യയായ ഡോ. കൃതിക റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ച് മയക്കുമരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്നാണ് കൃതിക മരിച്ചത്. ഏപ്രില്‍ 21നാണ് സംഭവം നടന്നത്. ആറു മാസത്തിന് ശേഷമാണ് മഹേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തത്. അമിതമായി മയക്കുമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് അസുഖബാധിതയായ കൃതികയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചതായും പൊലീസ് പറയുന്നു.

ഫോറന്‍സിക് പരിശോധനയിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. പരിശോധനയില്‍ കൃതികയുടെ അവയവങ്ങളില്‍ അനസ്‌തെറ്റിക് മരുന്നായ പ്രൊപ്പോഫോളിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ശക്തമായ അനസ്‌തെറ്റിക് മരുന്നാണ് പ്രോപ്പോഫോളിന്‍. തുടര്‍ന്ന് മഹേന്ദ്ര റെഡ്ഡിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍, കാനുല സെറ്റ്, ഇഞ്ചക്ഷന്‍ ട്യൂബ്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന തെളിവുകള്‍ പൊലീസ് കണ്ടെടുത്തു. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മരുമകന്‍ മകളെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് കൃതികയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി.

ഭാര്യയുടെ മരണം സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഹേന്ദ്ര തന്റെ വൈദ്യശാസ്ത്ര വൈദഗ്ദ്ധ്യം ഉപയോഗിച്ചതായി സംശയിച്ച പൊലീസ് ഒക്ടോബര്‍ 15നാണ് മഹേന്ദ്രയെ അറസ്റ്റ് ചെയ്തത്. ‘ഇതുവരെ ശേഖരിച്ച തെളിവുകള്‍ കുറ്റകൃത്യത്തില്‍ ഭര്‍ത്താവിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭാര്യയെ ആശുപത്രിയില്‍ എത്തിച്ചത് അദ്ദേഹമായിരുന്നു. തെറ്റായി ചെയ്ത കാര്യങ്ങളെ കുറിച്ചൊന്നും അദ്ദേഹം പരാമര്‍ശിച്ചില്ല. ഭാര്യയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്നും ചികിത്സയിലാണെന്നുമാണ് ഭര്‍ത്താവ് അവകാശപ്പെട്ടത്. ഭാര്യയ്ക്ക് ചില മയക്കുമരുന്ന് കുത്തിവച്ചതായി ഞങ്ങള്‍ക്ക് മനസ്സിലായി, ഇത് ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് തിരിച്ചറിയുകയായിരുന്നു’- ബംഗളൂരു പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം മെയ് 26 നാണ് ദമ്പതികള്‍ വിവാഹിതരായത്. ഇരുവരും ബംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു.

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

ചെന്നൈ: കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്നു പേര്‍ പിടിയിലായി. തവസി, കാര്‍ത്തിക്, കാളീശ്വരന്‍ എന്നിവരാണ് അറസ്റ്റിലായത്. ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് വെടിവെച്ചു വീഴ്ത്തിയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

ക്ഷേത്രത്തിന് സമീപമുള്ള ഒഴിഞ്ഞപ്രദേശത്ത് പ്രതികള്‍ ഒളിവില്‍ കഴിയുന്നതായി മനസ്സിലാക്കിയ പൊലീസ് സംഘം പ്രദേശം വളഞ്ഞു. ഇതോടെ പ്രതികള്‍ വടിവാളും മറ്റും ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. അക്രമികളുടെ വെട്ടേറ്റ് ഹെഡ് കോണ്‍സ്റ്റബിളിന്റെ കൈക്ക് മുറിവേറ്റു.

തുടര്‍ന്ന് പൊലീസ് പ്രതികളുടെ കാലില്‍ വെടിവെച്ചു വീഴ്ത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശിവഗംഗ സ്വദേശികളായ പ്രതികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലിനായിട്ടാണ് കോയമ്പത്തൂരില്‍ എത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കോയമ്പത്തൂരില്‍ പഠിക്കുന്ന മധുര സ്വദേശിനിയായ യുവതിയെ അക്രമികൾ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സം​ഗം ചെയ്തത്. രാത്രി 11 മണിക്ക് കോയമ്പത്തൂർ വിമാനത്താവളത്തിന് സമീപത്തെ ബൃന്ദാവന്‍ നഗറിൽ പുരുഷ സുഹൃത്തിനൊപ്പം വിദ്യാര്‍ത്ഥിനി കാറില്‍ ഇരിക്കുകയായിരുന്നു. ഈ സമയത്ത് മൂന്നംഗ സംഘം കാറിനടുത്തെത്തി, പുരുഷ സുഹൃത്തിനെ വടിവാള്‍ കൊണ്ട് ആക്രമിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തദ്ദേശ വോട്ടർപ്പട്ടിക; ഇന്നും നാളെയും കൂടി പേര് ചേർക്കാം

തിരുവനന്തപുരം: മട്ടന്നൂർ ന​ഗരസഭ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഡിസംബറിലെ തെരഞ്ഞെടുപ്പിനു ചൊവ്വ, ബുധൻ ദിവസങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ പേര് ചേർക്കാം. ഒക്ടോബർ 25നു പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്കു വേണ്ടിയാണിത്.

പേര് ഒഴിവാക്കൽ, തിരുത്തൽ, സ്ഥാനമാറ്റം തുടങ്ങിയവയ്ക്കും അപേക്ഷിക്കാം. പ്രവാസികൾക്കും അവസരമുണ്ടെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു.14നു പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി പട്ടികയുടെ പകർപ്പ് അം​ഗീകൃത രാഷ്ട്രീയ പാർട്ടികൾക്കു സൗജന്യമായി നൽകും. 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയാക്കിയവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തുന്നത്.

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

‘പുരുഷ ടീം ഇന്നുവരെ ചെയ്യാത്ത കാര്യം… ആ ഇതിഹാസങ്ങളാണ് വിത്തെറിഞ്ഞത്’

ചെന്നൈ: ഇന്ത്യന്‍ വനിതാ ടീം ഏകദിന ലോകകപ്പ് നേടി ചരിത്രമെഴുതിയ രാത്രിയില്‍ മൈതാനത്ത് നിരവധി ഹൃദ്യമായ രംഗങ്ങളും അരങ്ങേറിയിരുന്നു. അതിലൊന്നു മുന്‍ താരങ്ങളും ഇതിഹാസങ്ങളുമായവരെ ഒപ്പം നിര്‍ത്തി നിലവിലെ ടീമിലെ താരങ്ങള്‍ ലോകകപ്പ് കൈമാറിയതായിരുന്നു ആരാധകരുടെ ശ്രദ്ധേയിലേക്ക് എത്തിയ സവിശേഷ നിമിഷങ്ങള്‍. മുന്‍ ക്യാപ്റ്റന്‍മാരും ഇതിഹാസങ്ങളുമായ മിതാലി രാജ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി അടക്കമുള്ള താരങ്ങള്‍ക്ക് ലോകകപ്പ് ട്രോഫി കൈമാറിയാണ് ഇന്ത്യയുടെ നിലവിലെ താരങ്ങള്‍ കൈയടി നേടിയത്.

അവരുടെ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ആര്‍ അശ്വിന്‍. സ്വന്തം യു ട്യൂബ് ചാനലിലാണ് അശ്വിന്‍ ഇക്കാര്യം എടുത്തു പറഞ്ഞത്. പുരുഷ ടീമിന്റെ ഭാഗത്തു നിന്നു ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു കാര്യമാണിതെന്നും അശ്വിന്‍ ചൂണ്ടിക്കാണിക്കുന്നു.

‘ഇന്ത്യന്‍ ടീമിന് എന്റെ സല്യൂട്ട്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ പുരുഷ ടീം ഇതുവരെ ചെയ്തിട്ടില്ല. മാധ്യമങ്ങള്‍ക്കു മുന്നില്‍ പുരുഷ ടീം വിജയത്തെക്കുറിച്ച് സംസാരിക്കാറുണ്ട്. എന്നാല്‍ കിരീട നേട്ടത്തിന്റെ ക്രഡിറ്റ് മുന്‍ തലമുറയിലെ താരങ്ങള്‍ക്കു നല്‍കുന്നത് ഇതുവരെ കണ്ടിട്ടില്ല. ഞങ്ങളുടെ തലമുറയിലെ ടീമാണ് നിങ്ങളേക്കാള്‍ മികച്ചത് എന്നാണ് എല്ലായ്‌പ്പോഴും പുരുഷ ടീം പറഞ്ഞിട്ടുള്ളത്.’

‘എന്നാല്‍ ഈ വനിതാ ടീമിനെ നിങ്ങള്‍ നോക്കു. അഞ്ജും ചോപ്രയുണ്ട് ഗ്രൗണ്ടില്‍, മിതാലി രാജുണ്ട് ഗ്രൗണ്ടില്‍. മുന്‍ തലമുറ എറിഞ്ഞു മുളപ്പിച്ച വിത്തുകളാണ് ഇന്ന് ലോകകിരീടം എടുത്ത് ഇതിഹാസ താരങ്ങളുടെ കൈകളില്‍ വച്ചു കൊടുത്തത്. അതുകണ്ടപ്പോള്‍ എനിക്കു സന്തോഷം തോന്നി.’

‘ഇന്ന് ഒരൊറ്റ ദിവസം കൊണ്ടല്ല ഈ നേട്ടം. കഴിഞ്ഞ 25 വര്‍ഷമായി പല പല വനിതാ താരങ്ങളും നടത്തിയ നിരന്തര പോരാട്ടത്തിന്റെ ഫലമാണ് ഈ ലോക കിരീടം. ഡയാന എഡുല്‍ജി, സുധ ഷാഹ്‌സ്, അഞ്ജും ചോപ്ര, ജുലന്‍ ഗോസ്വാമി… ആ പട്ടിക നീണ്ടതാണ്’- അശ്വിന്‍ വ്യക്തമാക്കി. ഫൈനലില്‍ 52 റണ്‍സിനു ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക കിരീടം ഉയര്‍ത്തിയത്. 2005, 2017 വര്‍ഷങ്ങളില്‍ ഫൈനലിലെത്തിയ ഇന്ത്യ രണ്ട് തവണയും വീണു പോയിരുന്നു. ഈ നിരാശകളെല്ലാം അവസാനിപ്പിച്ചാണ് 20 വര്‍ഷത്തെ കാത്തിരിപ്പിനു ടീം ഇന്ത്യ വിരാമമിട്ടത്.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. തെങ്കാശി സ്വദേശിയായ ബാലമുരുകനാണ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. ഇയാള്‍ക്കായി പൊലീസ് തൃശൂര്‍ നഗരത്തില്‍ വ്യാപക പരിശോധന നടത്തുന്നു. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുമ്പോള്‍ കറുത്ത ഷര്‍ട്ടും വെളുത്ത മുണ്ടുമായിരുന്നു പ്രതിയുടെ വേഷം. കൊലപാതകം, കവര്‍ച്ച തുടങ്ങി 50ഓളം കേസുകളിലെ പ്രതിയാണ് ബാലമുരുകന്‍.

ഇന്നലെ രാത്രിയാണ് ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. പൊലീസ് നടപടികളുടെ ഭാഗമായി തമിഴ്‌നാട്ടിലെ കോടതിയില്‍ ഹാജരാക്കിയ ശേഷം തിരിച്ച് വിയ്യൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. ഭക്ഷണം കഴിക്കാനായി വിലങ്ങ് അഴിച്ചപ്പോള്‍ പൊലീസ് വാനിന്റെ വിന്‍ഡോയിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. മാസങ്ങള്‍ക്ക് മുന്‍പും ഇയാള്‍ ജയില്‍ ചാടിയിരുന്നു. പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

വര്‍ഷങ്ങളോളം തമിഴ്‌നാട്ടില്‍ ഗുണ്ടാ സംഘത്തലവനായി പ്രവര്‍ത്തിച്ചു. ഇയാള്‍ക്കായി തമിഴ്‌നാട്ടില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെയാണ് ബാലമുരുകന്‍ കേരളത്തിലേക്കു കടന്നത്. മറയൂരിലെ മോഷണത്തിനിടെയാണ് പിടിയിലായത്. തനിക്കെതിരെ സാക്ഷി പറഞ്ഞ സ്ത്രീയെ ക്രൂരമായി വകവരുത്തിയ കേസുമുണ്ട്.

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍

പേട്ട എസ്‌ബിഐ ബാങ്കിന് മുന്നില്‍ കാറിനുള്ളില്‍ ഒരാള്‍ മരിച്ചനിലയില്‍. എസ് എൻ നഗറില്‍ അശ്വതി വീട്ടില്‍ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചത്. എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റില്‍ ഇരിക്കുന്ന നിലയിലാണ് മൃതദേഹം.

വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു. ഉടൻ ജീവനക്കാർ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാ‌ർ പറയുന്നു. എന്നാല്‍ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല.