by Midhun HP News | Nov 3, 2025 | Latest News, കേരളം
തൃശൂര്‍: കാർഷിക സർവകലാശാലയിലെ ഫീസ് കുറച്ചു. ഫീസ് വർധനവിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധങ്ങളെത്തുടർന്നാണ് സർവകലാശാല എക്സിക്യൂട്ടീവ് യോഗം ഫീസ് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ തീരുമാനം പ്രകാരം ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്‌ഡി കോഴ്സുകളിലുടനീളം ഫീസ് കാര്യമായ തോതില്‍ കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഡിഗ്രി കോഴ്സിന് ഓരോ സെമസ്റ്ററിനും 24,000 രൂപയായിരിക്കും പുതുക്കിയ ഫീസ്. നേരത്തെ ഇത് 48,000 രൂപയാക്കി വർധിപ്പിച്ചിരുന്നതാണ്. ബിരുദാനന്തര ബിരുദ (പിജി) കോഴ്സുകളുടെ സെമസ്റ്റർ ഫീസ് 29,000 രൂപയായി നിശ്ചയിച്ചു. മുമ്പ് ഇത് 49,500 രൂപയാക്കിയിരുന്നതാണ്. പിഎച്ച്‌ഡി കോഴ്സുകള്‍ക്ക് 30,000 രൂപയായിരിക്കും പുതുക്കിയ സെമസ്റ്റർ ഫീസ്. നേരത്തെ 49,900 രൂപയായിരുന്നു.മുമ്പ് ബിരുദത്തിന് 16,265 രൂപ, പിജിക്ക് 23,655 രൂപ, പിഎച്ച്‌ഡിക്ക് 25,875 രൂപ എന്നിങ്ങനെയായിരുന്നു സെമസ്റ്റർ ഫീസ്. ഈ ഫീസ് പെട്ടെന്നു വർധിപ്പിക്കുകയായിരുന്നു. ബിരുദ കോഴ്സുകളുടെ വർധനയില്‍ 50 ശതമാനവും പിജി കോഴ്സുകളുടെ വർധനയില്‍ 40 ശതമാനവും കുറയ്ക്കാനാണ് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്.


by Midhun HP News | Nov 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിലെ മൂന്നാംവാർഡിലെ വെള്ളരിക്കുന്ന് റോഡ് കോൺക്രീറ്റ് ചെയ്യുന്നതിന്‍റെ നിർമാണോദ്ഘാടനം മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നിർവഹിച്ചു. വാർഡ് കൗൺസിലർ ദീപ രാജേഷ് അദ്ധ്യക്ഷയായ ചടങ്ങിൽ ജില്ല ജനറൽ സെക്രട്ടറി രാജേഷ് മാധവൻ, മണ്ഡലം ജന: സെക്രട്ടറി ജീവൻലിൽ, വൈസ് പ്രസിഡൻ്റ് ശിവദാസൻ എന്നിവർ സംസാരിച്ചു.
രാജ്യസഭാംഗം പി.ടി.ഉഷ, അനുവദിച്ച 18 ലക്ഷം രൂപ ചിലവിലാണ് റോഡിന്‍റെ കോൺക്രീറ്റ് ആരംഭിക്കുന്നത്.
ജനങ്ങളോട് ഉത്തരവാദിത്തമുള്ള ജനപ്രതിനിധികളിലൂടെ മാത്രമേ യഥാർത്ഥ വികസനം സാധ്യമാകൂ എന്ന് വി.മുരളീധരൻ പറഞ്ഞു. ഒരു രാജ്യം അഭിവൃദ്ധിപ്പെടാൻ, അടിസ്ഥാന സൗകര്യവികസനം അത്യന്താപേക്ഷിതമാണ്.
ഈ കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ് കേന്ദ്രസര്‍ക്കാരിന്‍റെ നയരൂപീകരണം.
കേന്ദ്രപദ്ധതികളാണ് കേരളത്തിന്‍റെ വികസനത്തിലും പ്രധാന റോള്‍ വഹിച്ചിട്ടുള്ളത്. കേരളത്തിൽ ഫ്ലക്സ് വികസനം മാത്രമാണ് കാണുന്നത്. വഴിവക്കിൽ ബോർഡ് വക്കാൻ ആരെക്കൊണ്ടും സാധിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
കോവിഡ് കാലത്തും തുടര്‍ന്നും രാജ്യത്തെ എണ്‍പതു കോടി മനുഷ്യര്‍ക്ക് ഭക്ഷ്യധാന്യം എത്തിച്ചു നല്‍കിയത് നരേന്ദ്രമോദിയുടെ നയമാണ്. ദാരിദ്ര്യത്തെ പോലും സിനിമാതാരങ്ങളെ വിളിച്ചുവരുത്തി പ്രചാരവേലക്ക് ഉപയോഗിക്കുകയാണ് പിണറായി വിജയൻ. പട്ടിണപോലും ആഘോഷിക്കുന്നവരോട് സഹതാപം മാത്രമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


by Midhun HP News | Nov 3, 2025 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ: ആറ്റിങ്ങൽ കച്ചേരി നടയിൽ പഴയ ഇരുനില മന്ദിരം ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിൽ ആണ്. മന്ദിരം വിണ്ടുകീറി റോഡിലേയ്ക്ക് തള്ളി നിൽക്കുകയാണ് ഇപ്പോൾ. പോലീസ് ആ വഴിയുള്ള ഗതാഗതം നിയന്ത്രിച്ചു വരുന്നു. കച്ചേരി നടയിലെ പഴയ ബാബു സ്റ്റോർ ആണ് തകർന്നു കൊണ്ടിരിക്കുന്നത്.


by Midhun HP News | Nov 3, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: ഐസിസി ഏകദിന ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത് വമ്പന്‍ പാരിതോഷികങ്ങള്‍. ചാംപ്യന്‍മാരായ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) 51 കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയാണ് അവാര്‍ഡ് തുക പ്രഖ്യാപിച്ചത്.
ലോക കിരീടത്തോടൊപ്പം ചാംപ്യന്മാരായ ഇന്ത്യന്‍ ടീമിന് 39.78 കോടിയുടെ (4.48 മില്യണ്‍ യുഎസ് ഡോളര്‍) പ്രൈസ് മണിയും ഐസിസി സമ്മാനിച്ചിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രൈസ് മണിയാണ് ഇന്ത്യയ്ക്ക് ലഭിച്ചത്. കഴിഞ്ഞ പുരുഷ ലോകകപ്പിലെ വിജയിച്ച ടീമിന് 35.51 കോടി രൂപയാണ് നല്‍കിയത്.
വിജയികളായ ഇന്ത്യന്‍ ടീമിന് ആകെ 123 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക. 2022-ലെ ടൂര്‍ണമെന്റിന് നല്‍കിയ സമ്മാനത്തുകയേക്കാള്‍ 297 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. പുരുഷ-വനിതാ ടീമുകളുടെ സമ്മാനത്തുക തുല്യമായി നല്‍കാന്‍ ഐസിസി തീരുമാനിച്ചതോടെയാണ് വന്‍ വര്‍ധനയുണ്ടായത്.
ഫൈനലിൽ പരാജയപ്പെട്ട് രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്ക് 19.88 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. സെമി ഫൈനലില്‍ തോറ്റ ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനും 9.94 കോടി രൂപവീതവും ലഭിക്കും. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് വിജയത്തിന് അടുത്തെത്തി 9 റണ്‍സ് തോല്‍വി വഴങ്ങിയെങ്കിലും ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ബിസിസിഐ 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.


by Midhun HP News | Nov 3, 2025 | Latest News, കേരളം
തൃശൂർ: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിയ്ക്ക് തൃശൂരിലാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുക. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള അവാർഡ് നിർണയ സമിതിയാണ് പുരസ്കാരങ്ങൾ നിർണയിക്കുന്നത്.
മികച്ച നടനുള്ള പുരസ്കാരത്തിന് അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റി ആയുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനവുമായി ആസിഫ് അലിയും മികച്ച നടനുള്ള അവാർഡിനായി മത്സരരംഗത്തുണ്ട്. പ്രാഥമിക ജൂറി കണ്ട് വിലയിരുത്തിയ ശേഷം തെരഞ്ഞെടുത്ത 38 ചിത്രങ്ങളാണ് പുരസ്കാരങ്ങൾക്കായി ജൂറിയുടെ പരിഗണനയിലുള്ളത്.
നവാഗത സംവിധായകനുള്ള പുരസ്‌കാരത്തിനായി മോഹന്‍ലാലും മത്സരിക്കുന്നുണ്ട്. കനി കുസൃതി, ദിവ്യപ്രഭ, ഷംല ഹംസ എന്നിവരാണ് മികച്ച നടിക്ക് വേണ്ടി മത്സരിക്കുന്നത്. അനശ്വര രാജന്‍, ജ്യോതിര്‍മയി, സുരഭി ലക്ഷ്മി തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.
by Midhun HP News | Nov 3, 2025 | Latest News, കായികം
ഒടുവില്‍ കാത്തു കാത്തിരുന്ന ആ സ്വപ്‌നം സഫലമായി. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വനിതാ ടീം ഏകദിന ലോക ചാംപ്യന്‍മാരെന്ന അനുപമ നേട്ടം കൈയെത്തിപ്പിടിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു വീഴ്ത്തിയാണ് ഹര്‍മന്‍പ്രീത് കൗറും പോരാളികളും ലോകത്തിന്റെ നെറുകയില്‍ എത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. പ്രോട്ടീസ് വനിതകളുടെ പോരാട്ടം 45.3 ഓവറില്‍ 246 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ജയവും കിരീടവും സ്വന്തമാക്കിയത്. 2005ലും 2017ലും ഫൈനലിലെത്തിയ ഇന്ത്യക്ക് രണ്ട് തവണയും കിരീടം കൈവിടേണ്ടി വന്നു. ഇത്തവണ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ വീഴ്ത്തി ഫൈനലിലെത്തിയ ഇന്ത്യ ദക്ഷിണാഫ്രിക്കുയെ വെല്ലുവിളി അതിജീവിച്ചാണ് ചരിത്ര നേട്ടത്തിലെത്തിയത്.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്കായി ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ട് സെഞ്ച്വറി നേടി. താരം 98 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 101 റണ്‍സെടുത്തു ഇന്ത്യക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തി.
ഒരു ഭാഗത്ത് താരം നിന്നപ്പോഴും മറുഭാഗത്ത് ഇന്ത്യ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി. 9.3 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് ബൗളിങില്‍ തിളങ്ങിയത്. ബാറ്റിങില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ഓള്‍ റൗണ്ട് മികവാണ് ഫൈനലില്‍ പുറത്തെടുത്തത്. ഇന്ത്യയുടെ ടോപ് സ്‌കോററായി മാറിയ ഷഫാലി വര്‍മയും ബൗളിങില്‍ മാന്ത്രികത പുറത്തെടുത്തു. നിര്‍ണായക ഘട്ടത്തില്‍ താരം രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
35 റണ്‍സെടുത്ത അന്നേരി ഡെറക്‌സന്‍, 25 റണ്‍സെടുത്ത സന്‍ ലൂസ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് താരങ്ങള്‍. അപകടകാരിയായ നദീന്‍ ക്ലാര്‍കിനേയും ഇന്ത്യ സമര്‍ഥമായി പൂട്ടി. താരം 18 റണ്‍സുമായി മടങ്ങി.
ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പ്രോട്ടീസ് വനിതകള്‍ക്കായി മികച്ച തുടക്കമാണ് ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും തസ്മിന്‍ ബ്രിറ്റ്സും ചേര്‍ന്നു നല്‍കിയത്. സഖ്യം 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. പത്താം ഓവറിലെ മൂന്നാം പന്തില്‍ ബ്രിറ്റ്സിനെ ഇന്ത്യ റണ്ണൗട്ടാക്കിയാണ് ബ്രേക്ക് ത്രൂ സ്വന്തമാക്കിയത്. താരത്തെ അമന്‍ജോത് കൗറാണ് റണ്ണൗട്ടാക്കിയത്.
പിന്നാലെ വന്ന അനിക് ബോഷിനു അധികം ആയുസുണ്ടായില്ല. താരം പൂജ്യത്തിനു പുറത്തായി. ശ്രീ ചരണിയാണ് ബോഷിനെ ക്രീസില്‍ നിലയുറപ്പിക്കും മുന്‍പ് മടക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ഓപ്പണര്‍ ഷഫാലി വര്‍മ, ദീപ്തി ശര്‍മ എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിക്കുന്നതില്‍ മുന്നില്‍ നിന്നു. സ്മൃതി മന്ധാന, റിച്ച ഘോഷ് എന്നിവരും നിര്‍ണായക സംഭാവന നല്‍കി. ടോസ് നേടി ദക്ഷിണാഫ്രിക്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴയെ തുടര്‍ന്നു വൈകിയാണ് മത്സരം തുടങ്ങിയത്.
ഓപ്പണര്‍ ഷഫാലി വര്‍മ നിര്‍ണായക പോരാട്ടത്തില്‍ ഫോമിലേക്ക് ഉയര്‍ന്നത് ഇന്ത്യക്ക് കരുത്തായി. താരത്തിനു അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി. 78 പന്തില്‍ 7 ഫോറും രണ്ട് സിക്സും സഹിതം ഷഫാലി 87 റണ്‍സുമായി മടങ്ങി.
ദീപ്തി ശര്‍മ 3 ഫോറും ഒരു സിക്സും സഹിതം 58 പന്തില്‍ 58 റണ്‍സെടുത്തു. താരം പുറത്താകാതെ നിന്നു. റിച്ച ഘോഷ് 24 പന്തില്‍ 2 സിക്സും 3 ഫോറും സഹിതം 34 റണ്‍സ് സ്വന്തമാക്കി. ഇരുവരും ചേര്‍ന്ന സഖ്യമാണ് ഇന്ത്യന്‍ സ്‌കോര്‍ 300നു അടുത്തെത്തിച്ചത്. അവസാന പന്തില്‍ രണ്ടാം റണ്ണിനോടി രാധ യാദവ് റണ്ണൗട്ടായതോടെ ഇന്ത്യന്‍ ഇന്നിങ്സിനു തിരശ്ശീല വീണു.
ഇന്ത്യക്ക് ഓപ്പണര്‍ സ്മൃതി മന്ധാനയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. താരം 58 പന്തില്‍ 8 ഫോറുകള്‍ സഹിതം 45 റണ്‍സെടുത്തു. സെമിയില്‍ സെഞ്ച്വറിയുമായി തിളങ്ങിയ ജെമിമ റോഡ്രിഗ്സ് മൂന്നാം വിക്കറ്റായി പുറത്തായി. താരം 24 റണ്‍സെടുത്തു. നാലാം വിക്കറ്റായി മടങ്ങിയത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. 20 റണ്‍സാണ് ഹര്‍മന്‍ നേടിയത്.
ആദ്യം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി മികച്ച തുടക്കമാണ് സ്മൃതി- ഷഫാലി സഖ്യം നല്‍കിയത്. അതിവേഗം റണ്‍സ് സ്‌കോര്‍ ചെയ്ത സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയ ശേഷമാണ് പിരിഞ്ഞത്. സ്‌കോര്‍ 104ല്‍ നില്‍ക്കെയാണ് സ്മൃതിയുടെ മടക്കം.
ദക്ഷിണാഫ്രിക്കയ്ക്കായി അയബോംഗ ഖക 3 വിക്കറ്റുകള്‍ വീഴ്ത്തി. നോന്‍കുലുലേക മ്ലാബ, നദീന്‍ ഡി ക്ലാര്‍ക് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
Recent Comments