by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് പ്രസിഡൻ്റുമായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ ഇന്ദിരാജി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നായി ഇന്ത്യയെ മാറ്റിയെടുത്ത ഇന്ദിരാ ഗാന്ധി എന്നും ജനമസുകളിൽ മരണമില്ലാത്ത ഓർമ്മയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം ബി. മനോഹരൻ നേതാക്കളായ മാടൻവിള നൗഷാദ്, എസ്.ജി അനിൽകുമാർ, എ.കെ ശോഭന ദേവൻ, എം. ഷാബുജാൻ, രാജൻ കൃഷ്ണപുരം, അഴൂർ രാജു, സന്തോഷ് അഴൂർ തുടങ്ങിയവർ പങ്കെടുത്തു. അഴൂർ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം അവസാന റൗണ്ടിൽ. കേരളപ്പിറവി ദിനത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരങ്ങൾ പ്രഖ്യാപിക്കും.
മികച്ച നടനാകാനുള്ള മത്സരത്തിൽ മമ്മൂട്ടിയും വിജയരാഘവനും ആസിഫ് അലിയും ഉണ്ട്.’ഭ്രമയുഗ’ത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെ വീണ്ടും സംസ്ഥാന പുരസ്കാരത്തിനരികെ എത്തിച്ചിരിക്കുന്നത്. ‘കിഷ്‌കിന്ധാകാണ്ഡ’ത്തിലെ വിമുക്തഭടൻ അപ്പുപിള്ളയെ അവതരിച്ച വിജയരാഘവന്റെ പ്രകടനം ജൂറിയെ ഞെട്ടിച്ചുവെന്നാണ് വിവരം. മറവി രോഗമുള്ള, അതി സങ്കീർണത നിറഞ്ഞ കഥാപാത്രത്തെ അനായാസമായാണ് വിജയരാഘവൻ അവതരിപ്പിച്ചത്.
‘ലെവൽ ക്രോസ്’, ‘കിഷ്‌കിന്ധാകാണ്ഡം’ എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനമാണ് ആസിഫ് അലിയെ ഫൈനൽ റൗണ്ടിൽ എത്തിച്ചത്. മമ്മൂട്ടി മികച്ച നടനുള്ള പുരസ്കാരത്തിന് അർഹനായാൽ, വിജയരാഘവന് സഹനടൻ അല്ലെങ്കിൽ പ്രത്യേക ജൂറി പുരസ്കാരം എന്ന വിധത്തിലേക്ക് കാര്യങ്ങൾ എത്തിയേക്കും.
ടൊവീനോ തോമസ് (എ.ആർ.എം), ഫഹദ് ഫാസിൽ (ആവേശം) നസ്ലിൻ (പ്രേമലു) എന്നിവരും മികച്ച അഭിനേതാക്കളുടെ ഫൈനൽ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അഭിനേത്രിക്കു വേണ്ടിയുള്ള മത്സരത്തിൽ കാൻ ചലച്ചിത്രമേളയിൽ മികവുകാട്ടിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ലെ (പ്രഭയായ് നിനച്ചതെല്ലാം) കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ഫൈനൽ റൗണ്ടിലെത്തി. അനശ്വര രാജൻ (രേഖാചിത്രം),ജ്യോതിർമയി (ബോഗെയ്ൻ വില്ല),ഫാത്തിമ ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) സുരഭി ലക്ഷ്മി (എ.ആർ.എം) എന്നിവരുമുണ്ട്.
മികച്ച ചിത്രം, ജനപ്രിയ ചിത്രം എന്നീ പുരസ്കാരങ്ങൾക്കായി മഞ്ഞുമ്മൽ ബോയ്സ്, ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, പ്രേമലു, ഫെമിനിച്ചി ഫാത്തിമ, വിക്ടോറിയ, എ.ആർ.എം എന്നീ ചിത്രങ്ങളുണ്ട്. നവാഗത സംവിധാനത്തിനുള്ള മത്സരത്തിന് മോഹൻലാൽ സംവിധാന ചെയ്ത ബറോസ് ഉൾപ്പെടെ പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകനായി ഫൈനൽ റൗണ്ടിൽ ഏഴുപേർ എത്തിയെന്നാണ് വിവരം. പ്രാഥമിക ജൂറി വിലയിരുത്തിയശേഷം തിരഞ്ഞെടുത്ത 38 ചിത്രങ്ങളാണ്, നടൻ പ്രകാശ് രാജ് അദ്ധ്യക്ഷനായ അന്തിമ ജൂറി പരിഗണിക്കുന്നത്. നാളെ രാവിലെയോടെ പുരസ്കാര നിർണ്ണയം പൂർത്തിയാകും.


by Midhun HP News | Oct 31, 2025 | Latest News, കേരളം
കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കാൻ കോണ്‍ഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തില്‍ ഷാഫി പറമ്പില്‍ എംപി സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പേരാമ്പ്ര സംഘര്‍ഷത്തില്‍ തന്നെ മര്‍ദിച്ചത് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുള്‍പ്പെടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സര്‍വീസില്‍നിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.
വിഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കാണിച്ചു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തില്‍ ഡിജിപിക്ക് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നല്‍കിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ ആരോപിച്ചിരുന്നു.അതിനിടെ, പേരാമ്പ്ര സംഘര്‍ഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ വ്യാജവ്യാര്‍ത്തകള്‍ നല്‍കിയവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് വടകര കണ്‍ട്രോള്‍ റൂം സിഐ അഭിലാഷ് ഡേവിഡ് അറിയിച്ചിരുന്നു. ആരോണം ഉന്നയിച്ച എംപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കില്ല. അഭിലാഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന ഷാഫിയുടെ ആരോപണം ഉപയോഗിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഈ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുകയെന്നാണ് അഭിലാഷിന്റെ നിലപാട്.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
സൈബർ സാമ്പത്തിക കുറ്റവാളികളെ കുരുക്കാൻ സൈ-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പോലീസ് തിരച്ചിലിൽ 263 പേരെ അറസ്റ്റ് ചെയ്തു. 382 കേസുകളെടുത്തു. 125 പേർ നിരീക്ഷണത്തിലുണ്ടെന്നും എഡിജിപി എസ് ശ്രീജിത്ത് അറിയിച്ചു.
വ്യാഴാഴ്ച പുലർച്ചെ ആറു മുതൽ കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും വ്യാപകമായ റെയ്‌ഡാണ് നടന്നത്. കേരള പോലീസ് സൈബർ ഓപ്പറേഷൻസിന്റെ റെയ്‌ഞ്ച് ഡി ഐ ജിമാരുടെയും ജില്ലാ പോലീസ് മേധാവിയുടെയും മേൽനോട്ടത്തിലായിരുന്നു ഇത്. രാജ്യവ്യാപകമായി സൈബർ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പങ്കാളികളായി തട്ടിപ്പ് നടത്തിയെടുത്ത പണം, ചെക്കുകൾ ഉപയോഗിച്ചും എ ടി എം വഴിയും പിൻവലിച്ച് അനധികൃതമായി സാമ്പത്തിക നേട്ടം ഉണ്ടാക്കിയവരെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകി കമ്മിഷൻ കൈപ്പറ്റിയവരെയുമാണ് അറസ്റ്റ് ചെയ്തത്.
സംശയാസ്പദമായി ചെക്കുകൾ ഉപയോഗിച്ച് പണം പിൻവലിച്ച 2683 പേരുടെയും എ ടി എം വഴി പിൻവലിച്ച 361 പേരുടെയും അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയ 665 പേരുടെയും വിവരങ്ങൾ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽനിന്നു ലഭിച്ചതാണ് അന്വേഷണത്തിലേക്ക് വഴിതെളിച്ചത്. വിശദമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് പ്രതികളെ പോലീസ് കുരുക്കിയത്.
പലതരത്തിലുള്ള കേസുകളിലാണ് പിടിവീണത്. ട്രേഡിങ് തട്ടിപ്പ്, സാമൂഹികമാധ്യമങ്ങളിൽ അടക്കം പരസ്യം നൽകിയുള്ള തട്ടിപ്പ്, ലോൺ തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ്, ഓൺലൈൻ ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് തുടങ്ങിയവയിൽ ഏർപ്പെട്ടിരുന്നവരാണ് ഏറെയും പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധന തുടരും.


by Midhun HP News | Oct 31, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: അൽപശി ഉത്സവത്തിന് ഭക്തിനിര്‍ഭരമായ ആറാട്ട് ചടങ്ങോടെ കൊടിയിറങ്ങി. പദ്മനാഭ സ്വാമിക്ഷേത്രത്തിലെ ആറാട്ട് റൺവേയിലൂടെ കടന്നുപോയതിന് പിന്നാലെ തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളും പുനരാരംഭിച്ചു. പതിറ്റാണ്ടുകളായി വിമാനത്താവളത്തിൻ്റെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാന്‍ വിമാനത്താവളത്തിൻ്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകള്‍ ക്രമീകരിക്കുകയും ചെയ്യാറുണ്ട്. ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്‍റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ അല്‍പശി ആറാട്ടിനും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം നിശ്ചിത സമയത്തേക്ക് അടച്ചിടുന്നത്. അല്പശി ഉത്സവത്തിന്‍റെ ഭാഗമായി ശ്രീപദ്മനാഭസ്വാമിയെയും ഉപദേവന്‍മാരെയും ശംഖുമുഖം കടലില്‍ ആറാടിച്ച ശേഷം നടത്തിയ ഘോഷയാത്ര തിരികെ ക്ഷേത്രത്തില്‍ എത്തിയതോടെയാണ് പത്തു ദിവസം നീണ്ടു നിന്ന അല്‍പശി ഉത്സവത്തിന് സമാപനമായത്. വൈകിട്ട് നാലരയോടെ മതിലകത്ത് വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചു. ശ്രീ പദ്മനാഭ സ്വാമി, നരസിംഹമൂര്‍ത്തി, തിരുവാമ്പാടി ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടയിലൂടെ എഴുന്നള്ളിച്ചു. പൊലീസ് ആചാരപരമായ വരവേല്‍പ് നല്‍കി.
ക്ഷേത്ര സ്ഥാനി മൂലം തിരുനാള്‍ രാമവര്‍മ അകമ്പടി സേവിച്ചു. ആറാട്ടുഘോഷയാത്ര കടന്നുപോയ വീഥിക്കിരുവശവും ഭക്തര്‍ തടിച്ചുകൂടി ശ്രീപദ്മനാഭസ്വാമി വണങ്ങി. വള്ളക്കടവില്‍ നിന്നും വൈകിട്ട് നാലേ മുക്കാലോടെ വിമാനത്താവളത്തിന് അകത്തു കൂടിയാണ് ഘോഷയാത്ര കടന്നുപോയത്.
ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനായി വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖത്തെ കല്‍മണ്ഡപത്തില്‍ ഇറക്കിവച്ച വാഹനങ്ങളില്‍ നിന്ന് വിഗ്രഹങ്ങള്‍ മണല്‍തിട്ടയിലെ പ്രത്യേകം തയ്യാറാക്കിയ വെള്ളിതാലത്തിലേക്ക് മാറ്റി. തുടര്‍ന്ന് ആറാട്ട് ചടങ്ങുകള്‍ക്ക് ക്ഷേത്രതന്ത്രി മുഖ്യകാര്‍മ്മികത്വം വഹിച്ചു. മൂന്നുതവണ വിഗ്രഹങ്ങള്‍ സമുദ്രത്തില്‍ ആറാടിച്ചു.
സമുദ്രതീര്‍ത്ഥാഭിഷേകവും മഞ്ഞള്‍പ്പൊടി കൊണ്ടുള്ള അഭിഷേകവും പൂജയും കഴിഞ്ഞ് പ്രസാദം വിതരണം ചെയ്തു. ആറാട്ടെഴുന്നള്ളത്ത് ക്ഷേത്രത്തില്‍ തിരിച്ചെത്തിയതോടെയാണ് അല്പശി ഉത്സവം സമാപിച്ചത്.
1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിരതിരുനാളിന്‍റെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.
അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്‍റെ ആറാട്ട് എഴുന്നള്ളത്തിനായി നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു. ആ പാതയുണ്ടായിരുന്നയിടത്താണ് പിന്നീട് വിമാനത്താവളത്തിൻ്റെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭന്‍റെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ കേന്ദ്രസർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.


by Midhun HP News | Oct 31, 2025 | Latest News, കേരളം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 880 രൂപയാണ് കൂടിയത്. 89,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 110 രൂപയാണ് കൂടിയത്. 11,245 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഒരിടവേളയ്ക്ക് ശേഷം 28നാണ് സ്വര്‍ണവില ആദ്യമായി 90,000ല്‍ താഴെയെത്തിയത്. പിന്നീട് കൂടിയും കുറഞ്ഞും നിന്ന വില വീണ്ടും 90,000 ത്തിനരികെ എത്തിയിരിക്കുകയാണ്.കഴിഞ്ഞ പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്.
അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.


Recent Comments