ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കോഫി ടേബിള്‍ ബുക്ക് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങള്‍ അടങ്ങിയ ‘അനന്ത’ കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പ്രകാശനം ചെയ്തു. വ്യാഴാഴ്ച രാജ്ഭവനില്‍ നടന്ന ചടങ്ങിലായിരുന്നു ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തിറക്കിയ കോഫി ടേബിള്‍ ബുക്ക് ‘അനന്ത’യുടെ പ്രകാശനം. പത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് പുസ്തകമെന്ന് ഗവര്‍ണര്‍ ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

“ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എന്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് മനസിലാക്കാന്‍ പുസ്തകം സഹായിച്ചു. പലതവണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെ പ്രധാന ഇടങ്ങളെ കുറിച്ചും മറ്റ് കാര്യങ്ങളെ കുറിച്ചും ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുസ്തകത്തിലൂടെയാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തിലുള്ള വിവരങ്ങള്‍ തിരിച്ചറിയാന്‍ അനന്ത ഒരുപാട് സഹായകരമാണ്”- ഗവര്‍ണര്‍ പറഞ്ഞു.

പുസ്തകത്തിന്റെ രൂപകല്‍പന ആകര്‍ഷകമാണ്. ഉള്ളടക്കത്തിലേക്ക് കടന്നുചെല്ലുന്ന വായനക്കാരന് ആത്മീയ യാത്രയുടെ അനുഭൂതിയും അനന്ത നല്‍കുന്നു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ഇത്തരം ശ്രമങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരിക ആത്മീയ സമ്പന്നതയെ അടയാളപ്പെടുത്തുന്നതാണ് എന്നും ഗവര്‍ണര്‍ പറഞ്ഞു. ചടങ്ങില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സിഇഒ ലക്ഷ്മി മേനോന്‍, റസിഡന്റ് എഡിറ്റര്‍ കേരള കിരണ്‍ പ്രകാശ്, ജനറല്‍ മാനേജര്‍ കേരള – സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍ മേധാവി വിഷ്ണുകുമാര്‍, സീനീയര്‍ മാനേജര്‍ എസ് കൃഷ്ണ ശര്‍മ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (സെയില്‍സ്) നന്ദു കലേഷ്, ചീഫ് മാനേജന്‍ (മാര്‍ക്കറ്റിങ്) എസ് പത്മകുമാര്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം എസ് വിദ്യാനന്ദന്‍, കണ്‍സള്‍ട്ടന്റ് ഹരി പ്രഭാകരന്‍ എന്നിവരും പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

സര്‍ക്കാര്‍ വാഹനങ്ങള്‍ ഇനി KL-90; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര,സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90, KL 90 Dസീരീസിലാണ് സംസ്ഥാന സര്‍ക്കാര്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പ്രോട്ടോക്കോള്‍ വാഹനങ്ങള്‍ എന്നിവക്കായി ചില നമ്പറുകള്‍ പ്രത്യേകമായി മാറ്റിവക്കും.

സംസ്ഥാന സര്‍ക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങള്‍ക്ക് KL-90 അത് കഴിഞ്ഞാല്‍ KL-90D സീരിസിലാണ് രജിസ്‌ട്രേഷന്‍. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും KL 90A, ശേഷം KL 90E രജിസ്‌ട്രേഷന്‍ നമ്പറുകള്‍ നല്‍കും. KL 90B, KL 90F രജിസ്‌ട്രേഷനിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബോര്‍ഡുകള്‍, വിവിധ കോര്‍പ്പറേഷനുകള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് KL 90Cയും ആ സീരീസിലെ രജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ KL 90G സീരീസിലും രജിസ്‌ട്രേഷന്‍ നല്‍കും.

KSRTC ബസുകള്‍ക്കുള്ള KL 15 സീരീസ് തുടരും. മോട്ടോര്‍ വാഹന വകുപ്പ് ചട്ടം ഭേദഗതി ചെയ്താണ് പുതിയ മാറ്റം നടപ്പിലാക്കുക. മുകളില്‍ പറഞ്ഞ വാഹനങ്ങള്‍ ഏതെങ്കിലും കാരണത്താല്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വില്‍ക്കുന്‌പോള്‍ നിര്‍ബന്ധമായും വാഹന രജിസ്‌ട്രേഷന്‍ മാറ്റണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം: കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് ശമനം. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് ഒരു ജില്ലയിലും പ്രത്യേക മ‍ഴ മുന്നറിയിപ്പുകള്‍ നൽകിയിട്ടില്ല. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.

അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് (31/10/2025) ഉച്ചയ്ക്ക് 02.30 വരെ കേരളത്തിലെ തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ) തീരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കർണാടക, ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ, മധ്യ കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്ന സമുദ്ര ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവര്‍ക്ക് പ്രത്യേക ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്ന മുന്നറിയിപ്പുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

ജയം തേടി ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്ക് നേര്‍; രണ്ടാം ടി20 ഇന്ന്

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. മെല്‍ബണില്‍ ഇന്ത്യന്‍ സമയം ഉച്ചക്ക് 1.45നും ഓസ്‌ട്രേലിയന്‍ സമയം രാത്രി 7.15നുമാണ് മത്സരം തുടങ്ങുന്നത്. പരമ്പരയില്‍ കാന്‍ബറയില്‍ നടന്ന ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

പരമ്പരയില്‍ ആദ്യ ജയം തേടിയാണ് ഇരുടീമുകളും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ മികച്ച രിതിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ബാറ്റ് വീശിയത്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയില്ല. അഭിഷേക് ശര്‍മ നേരത്തെ പുറത്തായെങ്കിലും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് മടങ്ങിയെത്തിതിന്റെ സൂചനകള്‍ നല്‍കിയതും ശുഭ്മാന്‍ ഗില്‍ ഓപ്പണറായി തിളങ്ങിയതും ഇന്ത്യക്ക് ആശ്വാസകരമാണ്.

ഏകദിന പരമ്പര കൈവിട്ട ഇന്ത്യന്‍ ടീമിന് ടി20 പരമ്പരയില്‍ വിജയം അനിവാര്യമാണ്. മെല്‍ബണിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുല്‍ദീപിന് പകരം അര്‍ഷ്ദീപ് സിങിന് അവസരം നല്‍കുമോ എന്ന് മാത്രമാണ് കണ്ടറിയേണ്ടത്.

ആഷസ് പരമ്പരക്കുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി പോകുന്നതിനാല്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ ഓസീസിനായി കളിക്കുന്ന അവസന മത്സരമാണിത്. അതുകൊണ്ട് തന്നെ പേസ് നിരയില്‍ ഓസീസ് ഷോണ്‍ ആബട്ടിന് ഇന്ന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. മത്സരത്തിന് മഴ ഭീഷണിയില്ലെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്ട്‌സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാവും. 90000 പേര്‍കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ മത്സരത്തിനുള്ള ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റുപോയിരുന്നു.

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്

സെക്രട്ടേറിയേറ്റിന് മുന്നിലെ ആശ സമരം അവസാനിപ്പിച്ചു; പ്രതിഷേധം ജില്ലാ കേന്ദ്രങ്ങളിലേക്ക്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചു. സമരം ജില്ലകളിലേക്ക് മാറ്റാനാണ് ആലോചന. ഓണറേറിയം 7000 രൂപയില്‍ നിന്ന് 8000 രൂപയാക്കി വര്‍ധിപ്പിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. രാപകല്‍ സമരം 265 ദിവസം പിന്നിടുമ്പോഴാണ് തിരുവനന്തപുരത്തെ സമരം അവസാനിപ്പിക്കുന്നത്.

സെക്രട്ടറേറിയേറ്റിന് മുന്നിലെ സമരം നാളെ അവസാനിപ്പിക്കുമെന്ന് എം എ ബിന്ദു പറഞ്ഞു. ജില്ലകളിലെ സമര രീതി ആലോചിച്ച് നടപ്പാക്കും. ആശ സമരം തുടങ്ങിയതിന്റെ വാര്‍ഷിക ദിനമായ 2026 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് വീണ്ടും തിരിച്ചുവരും. അതൊരു ചരിത്ര ദിനമാണെന്നും ബിന്ദു പ്രതികരിച്ചു. എട്ടു മാസത്തെ സമര ജീവിതം പുതിയ പാഠങ്ങളാണ് നല്‍കിയത് എന്നും ആശ സമരസമിതി ജനറല്‍ സെക്രട്ടറി പറഞ്ഞു.

ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സമര വിജയം ആയിട്ടാണ് ആശമാര്‍ കണക്കാക്കുന്നത്. ഓണറേറിയം 21,000 രൂപയാക്കണമെന്നാവശ്യപ്പെട്ട് ആയിരുന്നു ആശമാരുടെ സമരം തുടങ്ങിയത്. ഇപ്പോഴത്തെ തീരുമാനം സര്‍ക്കാരിന്റെ കടുംപിടിത്തത്തില്‍ നിന്നുള്ള പിന്നോട്ട് പോക്കായാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സമരത്തിന്റെ രീതി മാറ്റണമെന്ന പൊതു ധാരണയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

അതേസമയം, തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായി നേടിയെടുക്കും വരെ സമരം തുടരുമെന്നാണ് ആശ സമരസമിതി ജനറല്‍ സെക്രട്ടറി എം.എ ബിന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്. സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഭൂരിഭാഗവും ന്യായമാണെന്ന് കൂടിയാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ തെളിയുന്നതെന്നും എം എ ബിന്ദു പറയുന്നു.

കേന്ദ്രമാണ് ഓണറേറിയം നല്‍കേണ്ടത് എന്ന കേരള സര്‍ക്കാരിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനങ്ങള്‍. ഓണറേറിയം 1000 രൂപയായി വര്‍ധിപ്പിച്ചതോടെ മുന്‍ വാദം ശരിയല്ലെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആശാ വര്‍ക്കര്‍മാരെ 62 വയസ്സില്‍ പിരിച്ചുവിടുന്ന നടപടി പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചു. 10 വര്‍ഷം പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി 50000 രൂപ നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചു. കേരള സര്‍ക്കാര്‍ മുഴുവന്‍ കുടിശ്ശികയും നല്‍കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ പഠിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതും നേട്ടമാണെന്നും എം എ ബിന്ദു പറഞ്ഞു.

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി & എച്ച്.എസ്.എസ്. സ്കൂളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ കുട്ടികൾ

ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി & എച്ച്.എസ്.എസ്. സ്കൂളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ കുട്ടികൾ

ജില്ലാ ശാസ്ത്രമേളയുടെ ഒന്നാം ദിവസത്തെ മത്സരങ്ങളുടെ ഇതുവരെ അറിഞ്ഞ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് വി & എച്ച്.എസ്.എസ്. സ്കൂളിൽ നിന്ന് സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടിയ ഇനങ്ങളും കുട്ടികളും.

ഹയർസെക്കൻഡറി വിഭാഗം ഐടി മേളയിൽ വെബ് ഡിസൈനിങ് വിസ്മയ്ദേവ് പി സെക്കൻഡ് എ ഗ്രേഡോഡ് കൂടി സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഹയർസെക്കൻഡറി വിഭാഗം ഗണിത മേളയിൽ ജിയോമെട്രിക്കൽ ചാർട്ട് വിഭാഗത്തിൽ നിഹാൽ മുഹമ്മദ് ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ഹൈസ്കൂൾ വിഭാഗം റവന്യൂ ജില്ലാ ശാസ്ത്രോത്സവം സ്റ്റിൽ മോഡൽ ഇനത്തിൽ ഋഷിദേവ് എസ്, വിസ്മയ് വി എന്നിവർ ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് യോഗ്യത നേടി.

ഹയർ സെക്കൻഡറി വിഭാഗം ഗണിത മേളയിൽ നമ്പർ ചാർട്ട് ഇനത്തിൽ സാദിയ സൈദലി ഫസ്റ്റ് എ ഗ്രേഡ് നേടി സംസ്ഥാന ശാസ്ത്രോത്സവത്തിലേക്ക് യോഗ്യത നേടി.

ജില്ലാ ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഇലക്ട്രോണിക്സ് ഇനത്തിൽ 8 A ക്ലാസിലെ ധനഞ്ജയ് ശങ്കർ എ ഗ്രേഡ് നേടി.