ജ്വാലാ വിദ്യാജ്യോതി സ്ക്കോളർഷിപ്പ് എക്സാം  2025 -26 ന് അപേക്ഷകൾ  ക്ഷണിക്കുന്നു

ജ്വാലാ വിദ്യാജ്യോതി സ്ക്കോളർഷിപ്പ് എക്സാം 2025 -26 ന് അപേക്ഷകൾ ക്ഷണിക്കുന്നു

തിരുവനന്തപുരം ജ്വാല സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ 2025 26 ലേക്കുള്ള ജ്വാല വിദ്യാജ്യോതി സ്കോളർഷിപ്പ് പരീക്ഷയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.

എൽ പി, യുപി, എച്ച്എസ് വിഭാഗങ്ങളിലായി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ നിന്നും ചോദ്യപേപ്പറുകൾ ഉണ്ടായിരിക്കും.

രജിസ്ട്രേഷൻ അവസാന തീയതി നവംബർ 12

കൂടുതൽ വിവരങ്ങൾക്ക്: 9074302265, 9496747218

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും ആചരിച്ചു

ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻചാണ്ടി ജന്മദിനവും നഗരൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് എ എം ആർ ഫസിലുദ്ദീന്റെ നേതൃത്വത്തിൽ മുൻ കെപിസിസി മെമ്പർ എ ഇബ്രാഹിംകുട്ടി, ഡിസിസി മെമ്പർ ജി ഹരികൃഷ്ണൻ നായർ, ഐ എൻ ടി യു സി മണ്ഡലം പ്രസിഡന്റ് സി എസ് ശ്രീകുമാർ എന്നിവർ പുഷ്പാർച്ചന നടത്തി.

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

മെല്‍ബണ്‍: ഓസീസിനെതിരായ രണ്ടാം ടി20 യില്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയിട്ടും ആരാധകരെ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുകയാണ്. 54 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് 5 വിക്കറ്റുകളാണ് നഷ്ടമയത്.

ബാറ്റിങ്ങിനിറങ്ങി 20 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയ്ക്ക നഷ്ടമായി. പിന്നാലെ എത്തിയ സഞ്ജു സാംസണ്‍ നാല് പന്തുകള്‍ നേരിട്ട് രണ്ട് റണ്‍സിന് പുറത്തായി. എല്ലിസിന്റെ പന്തില്‍ എല്‍ബിഡബ്ല്യു ആയാണ് സഞ്ജു പുറത്താകുന്നത്.

23 ന് രണ്ട് എന്ന നിലയിലായ ഇന്ത്യ. 32 ന് 3, 32 ന് 4 എന്നിങ്ങനെ തകര്‍ന്നു. ശുഭ്മാന്‍ ഗില്‍(5), തിലക് വര്‍മ(0), അക്ഷര്‍ പട്ടേല്‍(12) എന്നിവരാണ് പുറത്തായത്. ഹേസല്‍ വുഡിന്റെ പന്തില്‍ ക്യാച്ച് നല്‍കിയാണ് ഇരുവരും പുറത്തായത്. നിലവില്‍ 8 ഓവര്‍ പിന്നിടുമ്പോള്‍ 54 ന് 5 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 17 പന്തില്‍ 41 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, ഹര്‍ഷിത് റാണ 6 പന്തില്‍ 4 എന്നിവരാണ് ക്രീസില്‍.

ടോസ് നേടിയ ഓസ്‌ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ ആദ്യ മത്സരത്തിലെ ടീമിനെ നിലനിര്‍ത്തി. അതേസമയം ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. ജോഷ് ഫിലിപ്പിന് പകരം മാത്യു ഷോര്‍ട്ട് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

മുഴുവന്‍ ജമ്മു കശ്മീരിനെയും ഇന്ത്യയുടെ ഭാഗമാക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ശ്രമിച്ചു, തടഞ്ഞത് നെഹ്‌റു: നരേന്ദ്രമോദി

അഹമ്മദാബാദ്: ജമ്മു കശ്മീരിനെ മുഴുവനായി ഇന്ത്യയുടെ ഭാഗമാക്കാനുള്ള നീക്കം തടഞ്ഞത് പ്രധാനമന്ത്രിയായിരുന്ന ജവാഹര്‍ ലാല്‍ നെഹ്‌റുവായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിനെ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമാക്കാനാണ് രാജ്യത്തിന്റെ ആദ്യ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ശ്രമിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു ഇടപെട്ട് ഈ നീക്കം തടയുകയായിരുന്നുവെന്ന് മോദി ആരോപിച്ചു.

സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മദിനത്തില്‍ രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മറ്റ് നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ചതുപോലെ, മുഴുവന്‍ കശ്മീരിനെയും ഒന്നിപ്പിക്കാന്‍ സര്‍ദാര്‍ പട്ടേല്‍ ആഗ്രഹിച്ചു. എന്നാല്‍ നെഹ്റു അദ്ദേഹത്തിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കുന്നത് തടഞ്ഞു. കശ്മീരിനെ വിഭജിച്ചു, പ്രത്യേക ഭരണഘടനയും പ്രത്യേക പതാകയും നല്‍കി. കോണ്‍ഗ്രസിന്റെ ഈ തെറ്റ് കാരണം രാജ്യം പതിറ്റാണ്ടുകളായി അതിന്റെ പ്രത്യാഘാതം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യാനന്തരം 550-ലധികം നാട്ടുരാജ്യങ്ങള്‍ ഏകീകരിക്കുന്നതില്‍ സര്‍ദാര്‍ പട്ടേല്‍ വഹിച്ച പങ്ക് വളരെ പ്രശംസനീയമാണെന്ന് മോദി പറഞ്ഞു. അസാധ്യമെന്ന് കരുതിയ ദൗത്യമാണ് അദ്ദേഹം സാധ്യമാക്കിയത്. ‘ഏക ഇന്ത്യ, ഉത്കൃഷ്ട ഇന്ത്യ’ എന്ന ആശയം സര്‍ദാര്‍ പട്ടേലിനെ സംബന്ധിച്ചിടത്തോളം, പരമപ്രധാനമായിരുന്നു. ചരിത്രം എഴുതാന്‍ സമയം പാഴാക്കുകയല്ല വേണ്ടത്, പകരം ചരിത്രം സൃഷ്ടിക്കാന്‍ കഠിനാധ്വാനം ചെയ്യുക എന്നതായിരുന്നു പട്ടേലിന്റെ വിശ്വാസമെന്ന് മോദി പറഞ്ഞു.

പ്രസംഗത്തിന് മുമ്പായി, ഗുജറാത്തിലെ നര്‍മ്മദ ജില്ലയിലെ ഏകതാ നഗറിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമയില്‍ നരേന്ദ്ര മോദി പുഷ്പാര്‍ച്ചന നടത്തി. ഇന്ത്യയുടെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം, 2014 മുതല്‍ രാഷ്ട്രീയ ഏകതാ ദിവസ് (ദേശീയ ഐക്യ ദിനം) ആയി ആചരിച്ചു വരുന്നു. രാഷ്ട്രീയ ഏകതാ ദിവസിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചിരുന്നു.

ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതുക്കിയ ശമ്പളം നാളെ മുതല്‍ ലഭിക്കും. ഡിഎ, ഡിആര്‍ എന്നിവ നാല് ശതമാനം കൂട്ടിക്കൊണ്ടുള്ള ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കുമെന്നും ധനവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രഖ്യാപനങ്ങളാണ് ഉത്തരവായി പുറത്തിറക്കിയത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത ഇതോടെ 22 ശതമാനമായി. പെന്‍ഷന്‍ കാരുടെ ഡി ആറിലും സമാനമായ വര്‍ധന ഉണ്ടാകും.

ക്ഷേമ പെഷനുകളുടെ പുതുക്കിയ നിരക്കുകളും നവംബര്‍മാസത്തില്‍ വിതരണം ചെയ്യും. ക്ഷേമ പെന്‍ഷനുകള്‍ രണ്ടായിരം രൂപയാക്കി വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഒരു മാസത്തെ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഓരോരുത്തര്‍ക്കും 3600 രൂപ വീതം ലഭിക്കും. ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

നവംബര്‍ 20 മുതല്‍ പെന്‍ഷന്‍ വിതരണം ആരംഭിക്കും. നവംബര്‍ മാസത്തെ വര്‍ദ്ധിപ്പിച്ച പെന്‍ഷന്‍ തുകയായ 2000 രൂപയോടൊപ്പം നിലവില്‍ ബാക്കിയുള്ള ഒരു ഗഡു കുടിശ്ശിക 1600 രൂപയും ചേര്‍ത്താണ് 3600 രൂപ നല്‍കുന്നത്. ഇതോടെ ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക പൂര്‍ണമായി കൊടുത്തു തീര്‍ക്കുകയാണ്. സംസ്ഥാനത്തെ 62 ലക്ഷം ആളുകളിലേക്കാണ് ഈ പെന്‍ഷന്‍ തുകയെത്തുക. 2000 രൂപയാക്കി വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷന്‍ ഈ മാസം തന്നെ വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനമാണ് നടപ്പിലാക്കുന്നതെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

സീ പ്ലെയിന്‍ ചിറകു വിരിക്കുന്നു; കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് അനുമതി

സീ പ്ലെയിന്‍ ചിറകു വിരിക്കുന്നു; കേരളത്തില്‍ 48 റൂട്ടുകള്‍ക്ക് അനുമതി

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി. സംസ്ഥാനത്ത് 48 റൂട്ടുകള്‍ക്ക് അനുമതി ലഭിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്കാണ് റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്.

സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള കടമ്പകള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് ടൂറിസം മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി അവതരിപ്പിച്ച് കൊണ്ട് കൊച്ചിയില്‍ നിന്നും ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് വിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു. സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കുന്നതിന്റെ ഭാഗമായി അടിസ്ഥാന സൗകര്യം ഒരുക്കുവാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്നും, തുടര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. സീ പ്ലെയിന്‍ പദ്ധതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ഡാമുകളിലുടെയുള്ള സീപ്ലൈന്‍ പദ്ധതി ഭാവി കേരളത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.