by Midhun HP News | Nov 24, 2025 | Latest News, ദേശീയ വാർത്ത, സിനിമ
കുട്ടിക്കാലം മുതലേ സിനിമയില്‍ അഭിനയിക്കുക എന്നത് ധര്‍മേന്ദ്രയുടെ സ്വപ്‌നമായിരുന്നു. അതിനായി ഇറങ്ങിത്തിരിക്കാനുള്ള ആത്മവിശ്വാസം കിട്ടുന്നത് ഫിലിം ഫെയര്‍ നടത്തിയ നാഷണല്‍ ന്യൂ ടാലന്റ് കോണ്ടസ്റ്റില്‍ വിജയിക്കുന്നതോടെയാണ്. പിന്നാലെ ധരം ബോംബെയ്ക്ക് വണ്ടി കയറി, പണത്തിന് പകരം സ്വപ്‌നങ്ങള്‍ നിറച്ചൊരു പെട്ടിയുമായി.
1960 ല്‍ പുറത്തിറങ്ങിയ ദില്‍ ഭി തേര ഹം ഭി തേര ആയിരുന്നു ആദ്യ സിനിമ. ബല്‍രാജ് സാഹ്നി, കുംകും, ഉഷ കിരണ്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ ഒപ്പമഭിനയിച്ചിരുന്നവര്‍. തന്റെ ആദ്യ സിനിമയ്ക്ക് ധര്‍മേന്ദ്രയ്ക്ക് പ്രതിഫലമായി കിട്ടിയത് വെറും 51 രൂപയായിരുന്നു. മൂന്ന് നിര്‍മാതാക്കള്‍ 17 രൂപ വച്ചിട്ടായിരുന്നു ആ തുകയിലെത്തിച്ചത്.
ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ചില സിനിമകളില്‍ സപ്പോര്‍ട്ടിങ് വേഷങ്ങളില്‍ അഭിനയിച്ചു. 1965 ല്‍ പുറത്തിറങ്ങിയ ഹഖീഖത്ത് ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ വന്ന ഫൂല്‍ ഓര്‍ പത്തര്‍ വലിയ വിജയമാതോടെ ധര്‍മേന്ദ്രയും താരമായി മാറി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഏഴുപതുകളുടെ അവസാനത്തോടെ ബോളിവുഡിലെ മുന്‍നിര നായകനായി ധര്‍മേന്ദ്ര മാറി.
തുടക്കകാലത്ത് റൊമാന്റിക് വേഷങ്ങളായിരുന്നു ചെയ്തിരുന്നതിലധികവും. 80 കളോടെ അദ്ദേഹം ആക്ഷന്‍ ചിത്രങ്ങളിലേക്ക് തിരിഞ്ഞു. ഇതോടെ ബോളിവുഡിന്റെ ഹീ-മാന്‍ ഉദയം കൊണ്ടു. ഷോലെയില്‍ അഭിനയിക്കാന്‍ ബച്ചനേക്കാളും പ്രതിഫലം വാങ്ങിയിരുന്ന ധര്‍മേന്ദ്ര. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ സമ്മാനിച്ച നായകന്‍ എന്ന റെക്കോര്‍ഡ് ഇന്നും ധര്‍മേന്ദ്രയുടെ പേരിലാണ്. തന്റെ സമകാലികനായ അമിതാഭ് ബച്ചന്‍ 57 ഉം രാജേഷ്ഖന്ന 42 ഉം, ഷാരൂഖ് ഖാന്‍ 35 ഉം സല്‍മാന്‍ 38 ഉം ഹിറ്റുകള്‍ ഹിറ്റുകള്‍ നല്‍കിയപ്പോള്‍ ധര്‍മേന്ദ്ര തന്റെ ഏഴ് പതിറ്റാണ്ടോളം വരുന്ന കരിയറില്‍ നല്‍കിയത് 75 ഹിറ്റുകളാണ്. ഇനിയൊരിക്കലും ആ റെക്കോര്‍ഡ് മറി കടക്കപ്പെടുമെന്ന് തോന്നുന്നില്ല.
വിജയത്തിലെന്നത് പോലെ തന്നെ പരാജയത്തിലും ധര്‍മേന്ദ്ര മുന്നിലുണ്ടെന്നതും വസ്തുതയാണ്. 150 സിനിമകളാണ് ധര്‍മേന്ദ്രയുടേതായി വന്ന് പരാജയപ്പെട്ടത്. ഈ പട്ടികയില്‍ മുമ്പിലുള്ളത് മിഥുന്‍ ചക്രവര്‍ത്തി മാത്രമാണ്. ബോളിവുഡിലെ സൂപ്പര്‍ സ്റ്റാര്‍ എന്ന വിളിപ്പേര് ഒരിക്കലും ധര്‍മേന്ദ്രയെ തേടിയെത്താതിരുന്നതിന് ഒരു കാരണം ഈ കണക്കായിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യധാര സിനിമകളേക്കാള്‍ ബി ഗ്രേഡ് സിനിമകള്‍ ചെയ്തതും തിരിച്ചടിയായി.
സ്‌ക്രീനില്‍ തീപ്പൊരി നായകന്‍ മാത്രമായിരുന്നില്ല ധര്‍മേന്ദ്ര. തന്റെ അഭിനയമികവ് തെളിയിക്കുന്ന ഒരുപിടി സിനിമകളും അദ്ദേഹം നല്‍കിയിട്ടുണ്ട്. ആക്ഷന് പുറമെ കോമഡിയും ഇമോഷണല്‍ കഥാപാത്രങ്ങളുമെല്ലാം അദ്ദേഹം ചെയ്തിട്ടുണ്ട്. പ്രേക്ഷകരുടെ കയ്യടിയും നിരൂപകരുടെ പ്രശംസയും നേടിയെങ്കിലും ഒരിക്കലും ധര്‍മേന്ദ്രയെ തേടി പുരസ്‌കാരങ്ങളൊന്നും എത്തിയിരുന്നില്ല. നാല് തവണയാണ് ഫിലിം ഫെയറിന്റെ മികച്ച നടനായുള്ള നോമിനേഷനില്‍ ധരം വന്നു പോയത്.
മികച്ച നടനുള്ള പുരസ്‌കാരം തന്നോട് അകലം പാലിക്കുന്നതിനെക്കുറിച്ച് മുമ്പൊരിക്കല്‍ വിങ്ങലോടെ ധര്‍മേന്ദ്ര സംസാരിച്ചിരുന്നു. ‘ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട് 37 വര്‍ഷമായി. എല്ലാവര്‍ഷവും ഞാന്‍ പുതിയ സ്യൂട്ട് തുന്നിക്കും. മാച്ചിങ് ടൈ തെരഞ്ഞെടുക്കും. എനിക്ക് ഒരു അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയോടെ. പക്ഷെ ഒരിക്കലും അതുണ്ടായില്ല. എന്റെ സില്‍വര്‍ ജൂബിലിയും ഗോള്‍ഡന്‍ ജൂബിലിലുമൊക്കെ വന്നു പോയി. കുറച്ച് വര്‍ഷം കഴിഞ്ഞതോടെ ഞാനും പ്രതീക്ഷ കൈവിട്ടു. ഇനി മുതല്‍ അവാര്‍ഡ് ഷോകളില്‍ നിക്കറും ബനിയനും ധരിച്ച് വരണമെന്നാണ് ചിന്തിച്ചിരുന്നത്” എന്നാണ് ധര്‍മ്മേന്ദ്ര പറഞ്ഞത്.
എനിക്ക് എന്തുകൊണ്ട് അവര്‍ഡ് കിട്ടിയില്ലെന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഫൂല്‍ ഓര്‍ പത്തര്‍, ചുപ്‌കെ ചുപ്‌കെ, പ്രതിഗ്യ, ഷോലെ, നയ സമാന തുടങ്ങിയ പല സിനിമകള്‍ക്കും ഞാന്‍ അവാര്‍ഡിന് അര്‍ഹനായിരുന്നുവെന്ന് അദ്ദേഹം മറ്റൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. തന്നേപ്പോലെ, തന്റെ മക്കള്‍ക്കും ഒരിക്കലും അവാര്‍ഡും അംഗീകാരവും ലഭിക്കാത്തതിനെക്കുറിച്ചും ധര്‍മ്മേന്ദ്ര സംസാരിച്ചിട്ടുണ്ട്.
സിനിമയായിരുന്നു ധര്‍മേന്ദ്രയുടെ ജീവവായു. അതുകൊണ്ട് ഇടവേളകളില്‍ നിന്നും അദ്ദേഹം സിനിമയിലേക്ക് തിരികെ വന്നു കൊണ്ടേയിരുന്നു. മക്കളായ സണ്ണിയും ബോബിയുമെല്ലാം തന്നോളം വളരുകയും താരങ്ങളായി മാറുകയും ചെയ്തതോടെ ക്യാരക്ടര്‍ റോളുകളിലേക്ക് ചുവടുമാറുന്നുണ്ട് ധര്‍മേന്ദ്ര. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹറിന്റെ റോക്കി ഓര്‍ റാണി കി പ്രേം കഹാനിയിലൂടെയാണ് അദ്ദേഹം തിരികെ വരുന്നത്. പിന്നാലെ തേരി ബാത്തോം മേം ഐസ ഉല്‍ജാ ജിയയിലും അഭിനയിച്ചു. മരിക്കുന്നതിന് തൊട്ട് മുമ്പായി അഭിനയിച്ച ഇക്കിസ് ഡിസംബറിലില്‍ റിലീസിന് തയ്യാറെടുക്കുകയാണ്. സിനിമയെ സ്‌നേഹിച്ച്, സിനിമയില്‍ ജീവിച്ച് മരിച്ച ധര്‍മേന്ദ്രയ്ക്ക് വിട.
by Midhun HP News | Nov 7, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വാക്കിന്റെ ഉപയോഗം വർധിക്കുന്നതിന് മുൻപേ ആ സ്ഥാനത്തേക്ക്, കാലങ്ങൾക്ക് മുൻപേ എത്തിയ നടൻ. ടെക്നോളജി വികസിക്കാത്ത കാലത്ത് തമിഴ് സിനിമകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച ഒരു ഫിലിം മേക്കർ. ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പണ്ടേ നമുക്ക് കാട്ടി തന്ന തിരക്കഥാകൃത്ത്. എത്ര പറഞ്ഞാലും തീരാത്ത അത്ര വിശേഷണങ്ങൾ നമുക്ക് ചാർത്തി നൽകാവാകുന്ന ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം കമൽഹാസൻ.
ആറാം വയസിൽ കളത്തൂർ കണ്ണമ്മ എന്ന ചിത്രത്തിലൂടെയാണ് കമൽഹാസൻ ചലച്ചിത്ര രംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിലൂടെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി നടൻ നേടി. കമൽഹാസന്റെ അരങ്ങേറ്റം തന്നെ ഹിസ്റ്റോറിക്കലാണെന്ന് ചുരുക്കം. അവിടെന്ന് അങ്ങോട്ട് പലവിധ റോളുകളിലൂടെ അദ്ദേഹം നമുക്ക് മുന്നിലേക്ക് എത്തി. കലാമൂല്യള്ള സിനിമകൾ കൊമേഷ്യൽ പടങ്ങൾ അങ്ങനെ വ്യത്യസ്തമായ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച അദ്ദേഹം തന്റെ സിനിമാ യാത്ര തുടർന്നു.ആ കരിയറിൽ ഉടനീളം ധാരാളം അവാർഡുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. മികച്ച നടനുള്ള 4 ദേശീയ അവാർഡുകൾ, 11 സംസ്ഥാന പുരസ്കാരങ്ങൾ. 20 ഫിലിം ഫെയര്‍ അവാർഡുകൾ. സിനിമയിലെ സംഭാവനകള്‍ക്ക് കലൈമാമണി, പത്മശ്രീ, പദ്മഭൂഷണ്‍ തുടങ്ങി എണ്ണമറ്റ പുരസ്‌ക്കാരങ്ങള്‍, കൂടാതെ 2016ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഷെവലിയര്‍ ബഹുമതി നല്‍കി നൽകി അദ്ദേഹത്തെ ആദരിച്ചു. ബാലതാരത്തിൽ നിന്ന് സകലകലാവല്ലഭനിലേക്കും അവിടെ നിന്ന് ആണ്ടവരിലേക്കും പിന്നെ ഉലകനായകനിലേക്കും എത്തിയ കമൽഹാസന്റെ അത്യുജ്ജലമായ കരിയർ എന്നും സിനിമാ ലോകത്തിൽ എക്കാലവും ഒരു ഇൻസ്പറേഷനാണ്.
സിനിമ വെറും വിനോദം മാത്രമല്ലെന്നും, അത് ജീവിതത്തെ, സമൂഹത്തെ, നമ്മുടെ മനസ്സുകളെ സ്പർശിക്കേണ്ട ഒന്നാണെന്ന് തന്റെ സിനിമകളിലൂടെ കമൽ ഹാസൻ നമ്മെ പഠിപ്പിക്കുന്നുണ്ട്. ഹേ റാം, വീരുമാണ്ടി, തേവർ മകൻ, വിക്രം, നായകൻ, മഹാനദി, ആളവന്താൻ അങ്ങനെ എണ്ണം പറഞ്ഞ സിനിമകൾ. അതിൽ ഹേ റാം കാലത്തിന് മുൻപേ സഞ്ചരിച്ച ഒരു കലാസൃഷ്ടിയാണ്.
ഇന്ത്യാ വിഭജനത്തിന്റെയും വർഗ്ഗീയലഹളകളുടെയും ഗാന്ധിവധത്തിന്റെയും മറ്റും പശ്ചാത്തലത്തിൽ ഒരുങ്ങിയ ഹേ റാം, ആർഎസ്എസ് എങ്ങനെയാണ് രാജ്യത്ത് വർഗീയ വിഷത്തിന്റെ വിത്തുകൾ പാകിയത് എന്ന് പറഞ്ഞുവെയ്ക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ ഇരുണ്ട വശങ്ങൾ തുറന്ന് കാണിച്ച ഈ സിനിമ ഇറങ്ങിയത് 2000ത്തിലാണ് എന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. സിനിമയുടെ കഥാപശ്ചാത്തലം മാത്രമേ പഴയത് ആകുന്നുള്ളൂ. അതിൽ പറയുന്ന രാഷ്ട്രീയം ഇന്നും നമ്മുടെ ഇന്ത്യായുടെ രാഷ്ട്രീയ കാലാവസ്ഥയിൽ പ്രസക്തമാണ്.
തന്റെ നിലപാടുകൾ വിളിച്ച് പറയാൻ ഒരുകാലത്തും കമൽഹാസൻ മടി കാണിച്ചിട്ടില്ല. മനുഷ്യത്വം, കമ്മ്യൂണിസം, ഗാന്ധിസം, നിരീശ്വരവാദം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ തിരക്കഥകളിൽ നിറഞ്ഞ് നിന്നിരുന്നു. അനീതിക്കെതിരെ എല്ലാ കാലത്തും ഉയരുന്ന ശബ്ദമായി കമൽ ഹാസൻ മാറിയിട്ടുണ്ട്. ഏത് കഥാപാത്രവും അങ്ങേയറ്റം പെർഫെക്ഷനോടെ പ്രേക്ഷരിലേക്ക് എത്തിക്കുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ആ നാട്ട്യവൈഭവം ഇന്ത്യൻ സിനിമ ഇനിയുമേറെ കാണാൻ ഇരിക്കുന്നതേയുള്ളൂ.


by Midhun HP News | Nov 6, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ ഡീയസ് ഈറെ എന്ന ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഇതിനോടകം ചിത്രം 50 കോടി കളക്ഷനാണ് ബോക്സോഫീസിൽ നിന്ന് നേടിയത്. റിലീസ് ചെയ്ത് ഏഴാം ദിവസമാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. ഇതോടെ പ്രണവിന്റെ കരിയറിലെ മൂന്നാമത്തെ 50 കോടി പടമായി മാറി ഡീയസ് ഈറെ.
ഇതിന് മുൻപ് പ്രണവ് നായകനായെത്തിയ ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നീ ചിത്രങ്ങളും 50 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. എന്നാൽ പ്രണവിന് മുൻപ് ഹാട്രിക് 50 കോടി സ്വന്തമാക്കിയ ഒരാൾ കൂടിയുണ്ട്, സാക്ഷാൽ മോഹൻലാൽ തന്നെ. ഈ വർഷമിറങ്ങിയ മൂന്ന് സിനിമകളും 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയാണ് മോഹൻലാൽ ചരിത്രമെഴുതിയത്.
അതിൽ ഒരു ഇൻഡസ്ട്രിയൽ ഹിറ്റും ഉൾപ്പെടുന്നുണ്ട്. 260 കോടിയോളം നേടി എംപുരാൻ റെക്കോർഡ് ഇട്ടപ്പോൾ തുടരും കേരളത്തിൽ നിന്ന് മാത്രമായി 100 കോടി നേടി ഇൻഡസ്ട്രിയിൽ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഈ രണ്ട് സിനിമകളുടെയും വിജയം ഹൃദയപൂർവത്തിലൂടെയും മോഹൻലാൽ ആവർത്തിച്ചു. വെറുമൊരു ഫാമിലി സിനിമയിലൂടെ മാത്രം 75 കോടിയാണ് മോഹൻലാൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ അച്ഛന് പിന്നാലെ മകനും കൂടി ഈ വിജയം സ്വന്തമാക്കിയതോടെ ആരാധകരും ആവേശത്തിമർപ്പിലാണ്. വർഷത്തിൽ ഒരു സിനിമ മാത്രം കമ്മിറ്റ് ചെയ്യുന്ന പ്രണവ് ഓരോ തവണയും സിനിമാ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം, ഡീയസ് ഈറേ ആദ്യ ദിനം 5 കോടിക്ക് അടുത്ത് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.
സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 4.50 കോടി കളക്ഷൻ സിനിമ ഇന്ത്യയിൽ നിന്ന് നേടിയിട്ടുണ്ട്. പ്രീമിയർ ഷോകളിൽ നിന്ന് മാത്രം സിനിമയ്ക്ക് 80 ലക്ഷത്തിലധികം നേടാനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ പ്രണവിന്റെ പ്രകടനത്തിന് നിറയെ കയ്യടികളാണ് ലഭിക്കുന്നത്. ഭ്രമയുഗം എന്ന സൂപ്പർ ഹിറ്റിന് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറെ.


by Midhun HP News | Oct 30, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാലും സിനിമയിലെത്തുകയാണ്. അച്ഛന്റേയും സഹോദരന്റേയും പാതയിലൂടെ വിസ്മയ സിനിമയിലേക്ക് വരുന്നത് തുടക്കം എന്ന ചിത്രത്തിലൂടെയാണ്. ജൂഡ് ആന്റണി ഒരുക്കുന്ന സിനിമയുടെ പൂജ ഇന്നാണ് നടന്നത്. മകളുടെ സിനിമയുടെ തുടക്കത്തിന് സാക്ഷിയാകാന്‍ മോഹന്‍ലാല്‍ കുടുംബ സമേതമാണ് എത്തിയത്.
തുടക്കത്തിന്റെ പൂജ ചടങ്ങില്‍ നിന്നുള്ള സുചിത്ര മോഹന്‍ലാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. അവതാരകയായ മീരയുടെ ചോദ്യത്തിന് സുചിത്ര നല്‍കിയ രസികന്‍ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ”ലോകം കണ്ട ഏറ്റവും വലിയ നടന്റെ ഭാര്യയാണ്. ഇപ്പോള്‍ വിസ്മയ മോഹന്‍ലാലിന്റെ അമ്മയായി നില്‍ക്കുന്നു. ലാല്‍ സാറിന്റെ ഭാര്യയെന്ന നിലയില്‍ എന്ത് ഉപദേശമാണ് വിസ്മയയ്ക്ക് നല്‍കാനുള്ളത്” എന്നായിരുന്നു മീരയുടെ ചോദ്യം.
”ചേട്ടന്റെ ഭാര്യയെന്നതിനേക്കാള്‍ മായയുടെ അമ്മ എന്ന നിലയിലല്ലേ എനിക്ക് ഉപദേശം നല്‍കാന്‍ സാധിക്കുകയുള്ളൂ. പറയാനുള്ളത് എല്ലാം ഞാന്‍ ആദ്യമേ അവളോട് പറഞ്ഞിട്ടുണ്ട്” എന്നായിരുന്നു സുചിത്രയുടെ മറുപടി. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. മീരയ്ക്കുള്ള സുചിത്രയുടെ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. മീര എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.
അതേസമയം മകളുടെ സിനിമാ അരങ്ങേറ്റം തനിക്ക് വളരെ അഭിമാനം തോന്നുന്ന നിമിഷമാണെന്നാണ് സുചിത്ര പറയുന്നത്. ”ഇവിടെ നില്‍ക്കുമ്പോള്‍ എനിക്ക് വര്‍ഷങ്ങള്‍ക്ക് മുന്നേയുള്ള ഒരു ഫ്‌ലാഷ് ബാക്ക് സീനാണ് ഓര്‍മ വരുന്നത്. അപ്പുവും മായയും വളരെ ചെറുതായിരിക്കുമ്പോള്‍ വീട്ടില്‍ ഒരു ഹോം ഫിലിം ചെയ്തിരുന്നു ആന്‍ഗിറി മായ. അതില്‍ അപ്പു സംവിധായകനും നടനുമാണ്, മായ മെയിന്‍ ക്യാരക്ടര്‍ ചെയ്യും. ഞാന്‍ ക്യാമറയുടെ പിന്നില്‍ ആയിരുന്നു.
അന്ന് ഞാന്‍ ഒട്ടും വിചാരിച്ചില്ല രണ്ടു പിള്ളേരും സിനിമയിലേക്ക് എത്തുമെന്ന്.?’ സുചിത്ര പറയുന്നു. ഈ കൊല്ലം തന്നെ ഞങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്. ചേട്ടന് ദാദ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു, അപ്പുവിന്റെ ഡീയസ് ഈറെ റീലീസ് ആണ് എന്നും സുചിത്ര ചൂണ്ടിക്കാണിക്കുന്നുണ്ട്.


by Midhun HP News | Oct 27, 2025 | Latest News, സിനിമ
ഡോണ്‍ പാലത്തറയുടെ ചിത്രത്തില്‍ പാര്‍വതി തിരുവോത്തും ദിലീഷ് പോത്തനും. ഡോണ്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പാര്‍വതിയും ദിലീഷുമെത്തുന്നത്. ജോമോന്‍ ജേക്കബ് ആണ് സിനിമയുടെ നിര്‍മാണം. നവംബര്‍ അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും.
അലക്‌സ് ജോസഫാണ് സിനിമയുടെ ഛായാഗ്രഹണം. ഡോണിന്റെ 1956 മധ്യതിരുവിതാംകൂര്‍ എന്ന സിനിമയുടെ ഛായാഗ്രഹണവും അലക്‌സ് ആയിരുന്നു. 2023 ല്‍ പുറത്തിറങ്ങിയ ഫാമിലിയ്ക്ക് ശേഷം ഡോണ്‍ പാലത്തറ ഒരുക്കുന്ന ചിത്രമാണിത്. പാര്‍വതിയ്ക്ക് ദിലീഷ് പോത്തനുമൊപ്പം രാജേഷ് മാധവന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
മലയാളത്തില്‍ പാര്‍വതിയുടേതായി ഒടുവിലെത്തിയ സിനിമ ഉള്ളൊഴുക്കാണ്. ഉര്‍വശിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണങ്ങളാണ് ഉള്ളൊഴുക്കും പാര്‍വതിയുടെ പ്രകടനവും നേടിയത്. അതേസമയം, ഹൃത്വിക് റോഷന്‍ നിര്‍മിക്കുന്ന വെബ് സീരീസിന്റെ തിരക്കുകളിലാണ് പാര്‍വതി ഇപ്പോള്‍. ആമസോണ്‍ പ്രൈമിനായി ഒരുക്കുന്ന സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ സബ ആസാദ്, സൃഷ്ടി ശ്രീവാത്സവ, അലയ എഫ്, രമ ശര്‍മ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അജിത്പാല്‍ സിങ് ആണ് സീരിസിന്റെ സംവിധാനം. മുംബൈയില്‍ നടക്കുന്ന കഥയാണ് സീരീസ് പറയുന്നത്.


by Midhun HP News | Oct 24, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
തെന്നിന്ത്യൻ സിനിമയിൽ ലോക ചാപ്റ്റർ 1 ചന്ദ്ര ഉണ്ടാക്കിയ ഓളം അത്ര ചെറുതല്ല. ചിത്രത്തിന്റെ ഒടിടി റിലീസിനായുള്ള കാത്തിരിപ്പിലായിരുന്നു മലയാള സിനിമാ പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒക്ടോബർ 31 മുതൽ ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഏഴ് ഭാഷകളിലാകും ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാളി എന്നീ ഭാഷകളിൽ ചിത്രം പ്രേക്ഷകരിലേക്കെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തത് ഡൊമിനിക് അരുണ്‍ ആണ്. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിൽ നായികയായെത്തിയത്.
നസ്‌ലിന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ശരത് സഭ, നിഷാന്ത് സാഗര്‍, വിജയരാഘവന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തിയിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഫാന്റസി സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’. രണ്ടാം ഭാഗമായ ‘ലോക: ചാപ്റ്റര്‍ 2’ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകന്‍. ചാത്തന്റെ കഥയാണ് രണ്ടാം ഭാഗം പറയുക. മലയാളത്തിലെ ആദ്യ 300 കോടി ചിത്രവും ‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’ ആണ്.


Recent Comments