മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

മോഹന്‍ലാലിന്റെ ലഫ്. കേണല്‍ പദവി തിരികെയെടുക്കണം, കോടതിയെ സമീപിക്കുമെന്ന് ബിജെപി നേതാവ്

കൊച്ചി: മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം സി രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ല. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബിജെപി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് രാഷ്ട്രീയ പ്രേരിതമാണ്. ആരെയൊക്കെയോ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണുണ്ടായിരിക്കുന്നത്. ഇന്ത്യാ ഗവണ്‍മെന്റിനെ അവമതിക്കുന്ന രീതിയിലുള്ള സിനിമയെടുത്തപ്പോള്‍ അതൊന്നും മോഹന്‍ലാല്‍ അറിയാതെ ചെയ്തു എന്ന് വിശ്വസിക്കുന്നില്ല. തിരക്കഥ വായിക്കാതെ സിനിമയില്‍ അഭിനയിക്കില്ലല്ലോ. മോഹല്‍ലാലിനെതിരെ കേസിന് പോകുമെന്നും സി രഘുനാഥ് പറഞ്ഞു

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സീനുകളാണ് വിവാദമായിരിക്കുന്നത്. നായകന്‍ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. എംപുരാന്‍ സിനിമയുടെ സംവിധായകന്‍ പൃഥ്വിരാജിനെതിരെ പ്രതീഷ് വിശ്വനാഥ്, അഡ്വ. കൃഷ്ണരാജ്, ലസിത പാലക്കല്‍ തുടങ്ങിയവര്‍ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരുന്നു.

റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്‌സോഫീസില്‍നിന്ന് 100 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ചിത്രം, ആഗോള ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കലക്ഷന്‍ നേടിയ മലയാള ചിത്രമെന്ന റെക്കോഡും സ്വന്തമാക്കി. 65 കോടി രൂപയിലേറെയാണ് ആദ്യദിന കളക്ഷന്‍. കേരളത്തിലും ഏറ്റവും വലിയ ഓപണിങ് കലക്ഷന്‍ എമ്പുരാന് തന്നെയാണ്. തമിഴ് സൂപ്പര്‍ താരം വിജയ് യുടെ ‘ലിയോ’ നേടിയ 12 കോടി മറികടന്ന്, 15 കോടിയിലാണ് ആദ്യ ദിന കളക്ഷനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച് ഡി; ചോര്‍ന്നത് എവിടെ നിന്ന്? പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച് ഡി; ചോര്‍ന്നത് എവിടെ നിന്ന്? പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

കൊച്ചി: മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രമായ എമ്പുരാന്റെ വ്യാജ പതിപ്പുകള്‍ ഫുള്‍ എച്ച്ഡി നിലവാരത്തിലുള്ളതെന്ന് കണ്ടെത്തല്‍. ചിത്രം തിയറ്ററുകളില്‍ നിന്നു പകര്‍ത്തിയതാകാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ചിത്രത്തിന്റെ മലയാളം, ഹിന്ദി, തമിഴ് പതിപ്പുകളാണു ചോര്‍ന്നത്. റിലീസ് ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന വെബ്‌സൈറ്റുകളിലെല്ലാം ഇതേ പ്രിന്റ് തന്നെയാണു അപ്ലോഡ് ചെയ്തിട്ടുള്ളത്.

തിയറ്ററുകളില്‍ നിന്നു പകര്‍ത്തുന്ന പതിപ്പുകള്‍ക്കു സാധാരണഗതിയില്‍ ദൃശ്യശബ്ദ നിലവാരം കുറവായിരിക്കും. ചിത്രം ചോര്‍ന്നതു തിയറ്ററുകളില്‍ നിന്നല്ലെങ്കില്‍ പിന്നെ എവിടെ നിന്ന് എന്ന ചോദ്യം സിനിമാ മേഖലയില്‍ നിന്നു തന്നെ ഉയരുന്നുണ്ട്. ചിത്രം വ്യാഴാഴ്ച തിയറ്ററുകളില്‍ റിലീസ് ചെയ്തു 10 മണിക്കൂറിനുള്ളിലാണു ടെലഗ്രാമിലും വെബ്‌സൈറ്റുകളിലും വ്യാജ പതിപ്പ് എത്തിയത്.

എന്നാല്‍ ഇത് സംബന്ധിച്ച പരാതി ലഭിച്ചിട്ടില്ലെന്നാണ് കൊച്ചി സൈബര്‍ പൊലീസ് പറയുന്നത്. പരാതി കിട്ടിയാല്‍ അന്വേഷണം ആരംഭിക്കുമെന്നും വെബ്‌സൈറ്റുകളില്‍ നിന്നു ചിത്രം നീക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രഫഷനല്‍ എത്തിക്കല്‍ ഹാക്കര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നു കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കു കര്‍ശനമായ നിയമനടപടി നേരിടേണ്ടി വരുമെന്നും അസോസിയേഷന്‍ മുന്നറിയിപ്പു നല്‍കി.

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

എംപുരാന്‍ കൊടിയേറ്റം; ആഘോഷമാക്കി ആരാധകര്‍, കേരളത്തില്‍ മാത്രം 750 സ്‌ക്രീനുകള്‍

കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമം, മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എംപുരാന്‍ റിലീസ് ആഘോഷമാക്കി മലയാളികള്‍. കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോളതലത്തില്‍ റിലീസ് ചെയ്യുന്ന എംപുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിന് ആരംഭിച്ചു. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തിയിട്ടുണ്ടായിരുന്നു. വന്‍ വിജയം നേടിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസ് ഉള്‍പ്പെടെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് കനത്ത സുരക്ഷ.

റിലീസിന് മുന്‍പ് തന്നെ റെക്കോര്‍ഡ് സൃഷ്ടിച്ച എംപുരാന്‍ മലയാളത്തിലെ ആദ്യ ദിന കളക്ഷനിൽ ആദ്യ 50 കോടി നേടുന്ന ചിത്രമായി മാറി. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം.

ഖുറേഷി അബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കേന്ദ്ര കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മലയാളം മുതല്‍ ഹോളിവുഡ് വരെയുള്ള താരങ്ങള്‍ അണിനിരക്കുന്നുണ്ട്.

2019ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എംപുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എംപുരാന്‍.

ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്ളിന്നിന്റെ സാന്നിധ്യമാണ് ഇതില്‍ പ്രധാനം. ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ അയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ആറ്റിങ്ങലിലെ വിവിധ തീയേറ്ററുകളിലും ഫാൻസ്‌ ഷോ ഉണ്ടായിരുന്നു. വാദ്യഘോഷങ്ങളുടെ അകമ്പടിയോടു കൂടിയാണ് ഷോ ആരംഭിച്ചത്. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും വരുന്നത്

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

എംപുരാനിൽ മോഹൻലാലിനൊപ്പം മമ്മൂട്ടിയുണ്ടോ? സത്യാവസ്ഥ പറഞ്ഞ് മല്ലിക സുകുമാരൻ

റിലീസിന് മുൻപ് തന്നെ അഡ്വാൻസ് ബുക്കിങ്ങിന്റെ കാര്യത്തിൽ മലയാളികളെ ഞെട്ടിച്ച് മുന്നേറുകയാണ് മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തുന്ന എംപുരാൻ. ഹോളിവുഡിൽ നിന്നുൾപ്പെടെ വൻ താരനിരയാണ് സിനിമയുടെ ഭാഗമാകുന്നത്. ഇതിന് പുറമെ ചിത്രത്തിലെ കാമിയോ റോളുകളിൽ മലയാളത്തിലെയും മറ്റ് ഭാഷകളിലെയും പല സൂപ്പർ താരങ്ങളുടെയും പേര് സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു പേര് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയുടേതാണ്. ഇപ്പോഴിതാ എംപുരാനിൽ മമ്മൂട്ടിയുണ്ടാകുമെന്ന സൂചന നൽകിയിരിക്കുകയാണ് മല്ലിക സുകുമാരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലിക സുകുമാരൻ ഇക്കാര്യം പങ്കുവച്ചത്.

“എംപുരാന്റെ കാര്യമെടുക്കുമ്പോൾ, മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്നു എന്ന് പറയുന്നത് തന്നെ വലിയൊരു വാർത്തയാണ്. അത് പൃഥിരാജ് സംവിധാനം ചെയ്യുന്നു. പൃഥ്വിരാജിന് നന്നായിട്ട് അത്യാവശ്യം പടം ചെയ്യാനൊക്കെ അറിയാം, അല്ലെങ്കിൽ കഴിവുണ്ടെന്ന് രണ്ട് പടം കഴിഞ്ഞതോടെ ഏറെക്കുറേ കുറച്ചു പേർക്കെങ്കിലും അറിയാമെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. മമ്മൂട്ടി പിന്നെ എപ്പോഴും പൃഥ്വിയെ കുറിച്ച് നല്ലത് മാത്രമാണ് പറയുക.

മോനെ പറ്റിയും, മോന്റെ കഴിവുകളെ പറ്റിയുമൊക്കെ. ഒരു പടം മമ്മൂട്ടിയുടെ വരുന്നുണ്ട്, വരുന്നുണ്ട് എന്ന് അവന്‍ കൂടെക്കൂടെ പറയുന്നുണ്ട്. മമ്മൂക്കയ്ക്ക് ഇഷ്ടമുള്ള ഒരു സബ്ജക്ട് കൂടി വരട്ടെ അമ്മേ ശരിയായിട്ട് എന്നൊക്കെ പറയുന്നുണ്ട്. മലയാള സിനിമാ ചരിത്രത്തിന്റെ സുവര്‍ണ ലിപികളാല്‍ എഴുതപ്പെടേണ്ട രണ്ട് വ്യക്തികളാണ് മമ്മൂട്ടിയും മോഹന്‍ലാലും. അവരെ രണ്ട് പേരെയും വെച്ച് എന്റെ മകന്‍ ഒരു പടം സംവിധാനം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് അഭിമാനവും സന്തോഷവുമൊക്കെയാണ്,” മല്ലിക പറഞ്ഞു.

എംപുരാനില്‍ മമ്മൂട്ടിയുടെ കാമിയോ റോള്‍ ഉണ്ടാകുമെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തെ കുറിച്ച് അണിയറ പ്രവര്‍ത്തകരൊന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. അതേസമയം മമ്മൂട്ടിയുടെ അതിഥി വേഷത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മോഹൻലാലും സംസാരിച്ചിരുന്നു. ‘അദ്ദേഹമാണെങ്കിൽ മുഖം ഞങ്ങൾ കാണിക്കുമായിരുന്നു. ഞങ്ങൾ എന്തിന് അത് മറച്ചുവെക്കണം. അദ്ദേഹമല്ല, അത് മറ്റൊരു നടനാണ്,’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി.

‘സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, സാന്നിധ്യം കഥയിലുടനീളം കാണാം’

‘സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, സാന്നിധ്യം കഥയിലുടനീളം കാണാം’

സ്റ്റീഫന്‍ നെടുമ്പള്ളി സൂര്യനെ പോലെ, ചൂടും വെളിച്ചവും സൂര്യന്റെ സാന്നിധ്യം നമ്മളെ എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നു. ലൂസിഫറില്‍ 40 മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലിനെ സിനിമയിലുടനീളം അടയാളപ്പെടുത്തുന്നത് ആ കഥാപാത്രത്തിന്റെ പ്രഭാവലയമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി. ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്‍ റിലീസിന് ഒരുങ്ങുന്നതിനിടെ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുരളി ഗോപി സിനിമയെയും ഭാവി പ്രതീക്ഷകളെയും കുറിച്ച് സംസാരിക്കുന്നത്.

സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന് കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് നല്‍കുകയും എന്നാല്‍ സിനിമയിലുടനീളം സാന്നിധ്യം അറിയിക്കുകും ചെയ്യുന്നുണ്ട്. സിനിമയുടെ കേന്ദ്ര ബിന്ദുവാണ് സ്റ്റീഫന്‍ നെടുമ്പള്ളി. സുര്യനെ പോലൊരു കഥാപാത്രം അതിനെ ചുറ്റിത്തിരിയുന്ന ഗ്രഹങ്ങളെ പോലെയാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍. സുര്യന്റെ വെളിച്ചം, ചൂട്, അതുണ്ടാക്കുന്ന വിയര്‍പ്പ് എന്നിവ പോലെയാണ് സ്റ്റീഫന്‍ എന്ന കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് എന്നും മുരളി ഗോപി ചൂണ്ടിക്കാട്ടുന്നു.

ഇരുണ്ട ഭൂതകാലമുള്ള കഥാപാത്രങ്ങള്‍ നിരവധി സിനിമകളില്‍ ഉണ്ടായിട്ടുണ്ട്. അതിന് സമാനം തന്നെയാണ് സ്റ്റീഫന്‍ നെടുമ്പുള്ളിയും. ഈ ഫോര്‍മുല പിന്‍തുടരുന്നതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല. ആള്‍ട്ടര്‍ ഈഗോ എന്ന ഈ പ്രമേയത്തിന് കാലങ്ങളോളം പഴക്കമുണ്ട്. എന്നാല്‍ അവിടെ ഇപ്പോഴും സാധ്യതകള്‍ നിലനില്‍ക്കുന്നു. സ്റ്റീഫന്‍ നെടുമ്പള്ളി – ഖുറേഷി അബ്‌റാം രണ്ടുപേരും ശക്തരാണ്. എന്നാല്‍ രണ്ടുപേരുടെയും അധികാര ഘടനകള്‍ വ്യത്യാസമുണ്ടെന്നും മുരളി ഗോപി പറയുന്നു.

വിന്റേജ് മോഹന്‍ലാല്‍ സിനിമകളുടെ സിനിമാറ്റിക് അനുഭവങ്ങള്‍ സൃഷ്ടിക്കാന്‍ വേണ്ടിയാണ് ലൂസിഫറില്‍ മുന്‍ ഹിറ്റുകളുടെ റഫറന്‍സ് ഉള്‍പ്പെടുത്തിയത്. 1987 ല്‍ പുറത്തിറങ്ങിയ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയിലെ നാര്‍കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്, എന്ന ഹിറ്റ് ഡയലോഗ് ലൂസിഫറില്‍ ഉപയോഗിച്ചത് ബോധപൂര്‍വമായിരുന്നു.

അതേസമയം, സിനിമ എഴുതുന്ന സമയത്ത് മനസില്‍ വന്ന ചില സാഹചര്യങ്ങളും ആശങ്കളും മാത്രമാണ് കേരളത്തിലെ മയക്കുമരുന്ന് വ്യാപനം ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും നിലവിലെ വാര്‍ത്തകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി മുരളി ഗോപി പറയുന്നു.

‘എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്…’; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

‘എംപുരാനിൽ ഫഹദ് ഉണ്ട്, ടോം ക്രൂസ് ഉണ്ട്…’; ഒടുവിൽ ആരാധകരുടെ ചോദ്യത്തിനുള്ള ഉത്തരവുമായി പൃഥ്വിരാജ്

എംപുരാൻ പ്രഖ്യാപനം മുതൽ തന്നെ ഉയരുന്ന ചോദ്യമാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ ഉണ്ടോ എന്നത്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകൾ പുറത്തുവരുമ്പോഴും ആരാധകർ ഈ ചോദ്യത്തിൽ തന്നെ നിന്നു കറങ്ങി. കഴി‍ഞ്ഞ മാസം സയ്ദിനും രം​ഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഒരു ഫോട്ടോ മോഹൻലാൽ പങ്കുവച്ചിരുന്നു. ഇതോടെ ഫഹദ് ചിത്രത്തിലുണ്ടെന്ന് തന്നെ ആരാധകർ ഉറപ്പിച്ചു.

ഏറ്റവുമൊടുവിൽ എംപുരാൻ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ ചുവന്ന ഡ്രാ​ഗൺ ചിഹ്നമുള്ള വസ്ത്രം ധരിച്ച് പിന്‍തിരിഞ്ഞ് നില്‍ക്കുന്ന വില്ലനെ കാണിച്ചിരുന്നു. ആ നടന് ഫഹദിന്റെ ലുക്ക് ഉണ്ടെന്നും വില്ലൻ ഫഹദ് തന്നെയാണെന്നും സോഷ്യൽ മീ‍ഡിയയിൽ വീണ്ടും ചർച്ചകൾ നിറഞ്ഞു. ഇപ്പോഴിതാ എംപുരാനിൽ ഫ​ഹദ് ഉണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് പൃഥ്വിരാജ്. പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

“ഉണ്ട്, ഫഹദ് ഫാസിലും ടോം ക്രൂസും റോബർട്ട് ഡി നീറോ പോലും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.”- തമാശയായി പൃഥ്വിരാജ് പറഞ്ഞു. “ഇല്ല, ഷാനു (ഫഹദ്) സിനിമയിലില്ല, ടോം ക്രൂസും ഇല്ല. എംപുരാന്റെ കാസ്റ്റിങ് തുടങ്ങിയപ്പോൾ നമുക്കൊരു വിഷ് ലിസ്റ്റ് ഉണ്ടായിരുന്നു. നമ്മൾ അനന്തമായി ചിന്തിക്കുമല്ലോ.

തുടക്കത്തിൽ, എനിക്ക് ചില വലിയ പേരുകൾ മനസ്സിൽ ഉണ്ടായിരുന്നു. അമേരിക്കൻ, ബ്രിട്ടീഷ്, ചൈനീസ് സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള പ്രശസ്തരായ അഭിനേതാക്കളുമായി ബന്ധപ്പെടാൻ എനിക്ക് കഴിഞ്ഞു,” പൃഥ്വിരാജ് പറഞ്ഞു.

“ഞാന്‍ ബന്ധപ്പെട്ട 10 ല്‍ ഒമ്പത് പേരുമായി എനിക്ക് സൂം കോളിലെങ്കിലും സംസാരിക്കാനായി. എന്നെ ഞെട്ടിച്ചു കാണ്ട് ഒരു ഇന്ത്യന്‍ സിനിമയില്‍ സഹകരിക്കാനുള്ള അവരുടെ താത്പര്യം അവര്‍ അറിയിച്ചു.‌ അവിടെയാണ് ഏജന്റുമാര്‍ എത്തുന്നത്. അവരുടെ ജോലി ആക്ടേഴ്‌സിന് മാക്സിമം പണം വാങ്ങിച്ചു കൊടുക്കുക എന്നതാണ്.

എന്നാല്‍ നമ്മളെ പോലുള്ള മലയാളം സിനിമ ഇന്‍ഡസ്ട്രിയില്‍ അത്രയും വലിയ തുക ചെലവഴിക്കുക എളുപ്പമല്ല. ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുണ്ടെന്ന് എനിക്ക് വ്യക്തമായിട്ട് അറിയാം”. – പൃഥ്വിരാജ് വ്യക്തമാക്കി. മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്ക് പുറമേ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, മഞ്ജു വാര്യർ എന്നിവരും ചിത്രത്തിലുണ്ട്. മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുക.