by Midhun HP News | Apr 28, 2025 | Latest News, കേരളം, സിനിമ
തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി.
എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ രൂപവത്കരണവേളയില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1998-ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.
by Midhun HP News | Apr 15, 2025 | Latest News, സിനിമ
48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തുംഎന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മദര്‍ശനി), റീമ കല്ലിങ്കല്‍ (തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.
കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ.ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
അവാര്‍ഡുകള്‍ ഉടന്‍ തന്നെ തിരുവനന്തപുരത്തു വച്ചു വിതരണം ചെയ്യുമെന്നും സംഘാടകര്‍ അറിയിച്ചു.ചലച്ചിത്ര രചനാ രംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ വിജയകൃഷ്ണനാണ് ചലച്ചിത്ര രത്‌നം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്. നടന്‍ ജഗദീഷിനാണ് റൂബി ജൂബിലി അവാര്‍ഡ്. നടി സീമ, ബാബു ആന്റണി, സുഹാസിനി, ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, നിര്‍മ്മാതാവ് ജൂബിലി ജോയ് തോമസ്, സംഘട്ടനസംവിധായകന്‍ ത്യാഗരാജന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭാ പുരസ്‌കാരങ്ങള്‍.
by Midhun HP News | Apr 7, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളത്തിന്റെ പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്റെ കുടുംബ ചിത്രം ഏറ്റെടുത്ത് ആരാധകര്‍. മകനും മകള്‍ക്കും മരുമകള്‍ക്കും കൊച്ചു മകള്‍ക്കുമൊപ്പമുള്ള പ്രിയദര്‍ശന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്.
പ്രിയ ദര്‍ശന്‍ തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. കല്യാണിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തില്‍ മകന്‍ സിദ്ധാര്‍ഥിനെയും കൊച്ചുമകളെയും കാണാം. കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാള്‍.
കല്യാണിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദര്‍ശന്‍ അടിക്കുറിപ്പായി കുറിച്ചത്. ഈ കുടുംബഫോട്ടോയില്‍ പുതിയ അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകര്‍. സിദ്ധാര്‍ഥിന്റെയും മെര്‍ലിന്റെയും മകളാണിത്. ചിത്രം വൈറലായതോടെ മുത്തച്ഛനായ വിവരം അറിഞ്ഞില്ലല്ലോ എന്നാണ് ആരാധകരുടെ കമന്റുകള്‍. ‘പ്രിയദര്‍ശന്‍ മുത്തച്ഛനായെന്നും, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ?’ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകള്‍.
2023ല്‍ ആയിരുന്നു സിദ്ധാര്‍ത്ഥിന്റേയും മെര്‍ലിന്റേയും വിവാഹം. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ് പ്രൊഡ്യൂസറുമാണ് മെര്‍ലിന്‍. ചെന്നൈയിലെ ഫ്‌ലാറ്റില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്യാണിയുമുള്‍പ്പെടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് അന്ന് വിവാഹത്തില്‍ പങ്കെടുത്തത്.
by Midhun HP News | Apr 6, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർത്തെറിഞ്ഞ് കഴിഞ്ഞു. ഇപ്പോഴിതാ ആഗോളതലത്തിൽ 250 കോടി നേടിയിരിക്കുകയാണ് ചിത്രം. മലയാളത്തില്‍ ആദ്യമായി 250 കോടി കളക്ഷന്‍ നേടുന്ന ചിത്രം കൂടിയാണ് എമ്പുരാൻ. റിലീസ് ചെയ്ത് 11 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് പോസ്റ്റർ പങ്കുവെച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.
റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പത്ത് ദിവസം കൊണ്ട് 8.3 കോടി ഗ്രോസ് കളക്ഷൻ ആണ് സിനിമ നോർത്ത് ഇന്ത്യയിൽ നിന്നും നേടിയത്. ഇതോടെ നോർത്തിലെ എക്കാലത്തെയും ഉയർന്ന മലയാളം ഗ്രോസർ ആയി എമ്പുരാൻ മാറി. ഉണ്ണി മുകുന്ദൻ ചിത്രമായ മാർക്കോയെ ആണ് എമ്പുരാൻ പിന്നിലാക്കിയത്.
വിദേശ മാർക്കറ്റുകളിലും വമ്പൻ മുന്നേറ്റമാണ് സിനിമ നടത്തുന്നത്. സൗദി അറേബ്യയിൽ നിന്നും ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് എമ്പുരാൻ. 1 മില്യൺ ഡോളറാണ് സിനിമ ഇതുവരെ സൗദി അറേബ്യയില്‍ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഈ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് എമ്പുരാൻ എന്നാണ് ട്രാക്കേഴ്സിന്‍റെ കണ്ടെത്തല്‍. 82,607 ടിക്കറ്റുകളാണ് ഒൻപതു ദിവസം കൊണ്ട് എമ്പുരാൻ സൗദി അറേബ്യയിൽ വിറ്റത്.ഇൻഡസ്ട്രി ഹിറ്റെന്ന ലേബൽ കഴിഞ്ഞ ദിവസം തന്നെ എമ്പുരാൻ സ്വന്തം പേരിലാക്കിയിരുന്നു.
മഞ്ഞുമ്മൽ ബോയ്സ് 72 ദിവസം കൊണ്ട് നേടിയ 241 കോടി നേട്ടത്തെയാണ് വെറും പത്ത് ദിവസം കൊണ്ട് എമ്പുരാൻ മറികടന്നത്. ചിത്രത്തിന്റെ വൻ വിജയത്തിൽ നിർമാതാക്കൾ പ്രേക്ഷകരോട് നന്ദി അറിയിച്ചു. ‘ഈ നിമിഷം ഞങ്ങൾക്ക് മാത്രമല്ല, തിയേറ്ററുകളിൽ പ്രതിധ്വനിച്ച ഓരോ ഹൃദയമിടിപ്പിനും, ഓരോ സന്തോഷത്തിനും, ഓരോ കണ്ണീരിനും കൂടി അവകാശപ്പെട്ടതാണ്’, എന്നാണ് ആശിർവാദ് സിനിമാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.അതേസമയം ഒരു മൂന്നാം ഭാഗത്തിന്റെ സാധ്യതകൾ ബാക്കിവെച്ചാണ് സിനിമ അവസാനിക്കുന്നത്. വിവാദങ്ങൾക്കിടെ ഒരു മൂന്നാം ഭാഗമുണ്ടാകുമോ എന്ന സംശയം ഉയർന്നിരുന്നുവെങ്കിലും ചിത്രം ഉണ്ടാകുമെന്ന നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഉറപ്പ് വന്നതോടെ ആശങ്കകള്‍ അവസാനിച്ചിരുന്നു. മൂന്നാം ഭാഗത്തിന്‍റെ പേര് ‘അസ്രേല്‍’ എന്നായിരിക്കും എന്ന സൂചനകൾ സംഗീത സംവിധായകൻ ദീപക് ദേവും നൽകിയിട്ടുണ്ട്.
by Midhun HP News | Apr 4, 2025 | Latest News, സിനിമ
ചെന്നൈ: നടൻ രവികുമാർ (75) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. നൂറിലധികം മലയാള സിനിമകളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
1970 കളിലും 80 കളിലും നായക, വില്ലൻ വേഷങ്ങൾ കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്. പ്രശസ്ത സംഗീത സംവിധായകനായ രവീന്ദ്രനാണ് രവികുമാറിനായി സ്ഥിരം ഡബ്ബ് ചെയ്തിരുന്നത്. ശ്രീനിവാസ കല്യാണം (1981), ദശാവതാരം (1976) തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം തമിഴകത്തും ശ്രദ്ധേയനായി. ആറാട്ട്, സിബിഐ 5 എന്നീ സിനിമകളിലാണ് അദ്ദേഹം അവസാനം അഭിനയിച്ചത്.
by Midhun HP News | Mar 31, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
എമ്പുരാൻ വിവാദത്തില്‍ എന്തിനാണ് പൃഥിരാജിനെ കല്ലെറിയുന്നതെന്ന് മാതാവ് മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടുവെന്ന് പറഞ്ഞ് മെഗാസ്റ്റാര്‍ മമ്മൂട്ടി മെസേജ് ചെയ്തപ്പോള്‍ വലിയ സന്തോഷം തോന്നി. വിശ്രമവേളയിലും പിന്തുണ അറിയിച്ച് മമ്മൂട്ടി മെസേജ് ഇട്ടത് ജീവിതത്തില്‍ മറക്കില്ല. പെരുന്നാളായിട്ട് മക്കളും കൊച്ചുമക്കളുമായി ഇരിക്കുന്നതിനിടയിലും മനുഷ്യത്വപരമായി ചിന്തിക്കാന്‍ ആ മനുഷ്യന് തോന്നി. മറ്റാര്‍ക്കും അത് തോന്നിയില്ലെന്നും മറ്റാരും മെസേജ് അയച്ചില്ലെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി. സുകുമാരന്റെ സ്വഭാവമാണ് രാജുവിന്. അവന്‍ എല്ലാം കൃത്യമായി ബോധിപ്പിച്ചിട്ടേ ചെയ്യൂ എന്ന് എനിക്ക് അറിയാം. പൃഥ്വിക്ക് നല്ല വിവരമുണ്ട്. അവനു അറിയാം പ്രതികരിക്കാന്‍. ഇതുവരെ ഒരു സിനിമ സംഘടനകളും ഈ വിഷയത്തില്‍ പ്രതികരിച്ചില്ലല്ലോ.
ഒരു സംഘടനയുടേയും സംഘത്തിന്റേയും പേര് പറഞ്ഞ് പേടിപ്പിക്കേണ്ടതില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആരുമില്ലാത്ത അനാഥാവസ്ഥയിലാണ് മല്ലികാസുകുമാരനും കുടുംബവുമെന്ന് ആരും ധരിക്കരുത്. ഇപ്പോഴത്തെ ഈ പ്രകമ്പനം കൊള്ളിക്കുന്ന രീതിയില്‍ സംസാരിക്കുന്ന ചെറുപ്പക്കാരുടെ നേതാക്കന്മാരുടെ നേതാക്കന്മാര്‍ ജീവിച്ചിരുന്ന കാലത്ത് ഈ ഭൂമിയിലുള്ളതാണ് മല്ലികാ സുകുമാരന്‍. അതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് സംസാരിക്കുക.
തിരക്കഥ എല്ലാവരും കണ്ടതാണെന്നും സീന്‍ നമ്പര്‍ ഒന്ന് മുതല്‍ പല ആവര്‍ത്തി വായിച്ചതിന് ശേഷമാണ് ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതെന്നും അവര്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ ഡ്രാഫ്റ്റ് പൃഥിരാജിനും ഇന്ദ്രജിത്തിനും അയച്ചിരുന്നു. കുറിപ്പിടാന്‍ പോകുന്നുവെന്ന് ഇരുവരോടും പറഞ്ഞു. അവര്‍ എതിര്‍പ്പ് പറഞ്ഞില്ല. പൃഥിരാജ് ചതിയനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞിട്ടില്ലല്ലോയെന്നും മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
Recent Comments