മഞ്ജു വാര്യരുടെ ‘ഫൂട്ടേജിന്’ എ സർട്ടിഫിക്കറ്റ്

മഞ്ജു വാര്യരുടെ ‘ഫൂട്ടേജിന്’ എ സർട്ടിഫിക്കറ്റ്

മഞ്ജു വാര്യർ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ്. എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ഇപ്പോൾ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയാക്കിയിരിക്കുകയാണ്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചത്.

മനോ​ഹരമായ പോസ്റ്ററിനൊപ്പമാണ് എ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. മരത്തിന്റെ വള്ളിയുടെ രൂപത്തിലാണ് പോസ്റ്ററിൽ എ എഴുതിചേർത്തത്. മഞ്ജുവിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ വിശാഖ് നായരും ഗായത്രി അശോകും പോസ്റ്ററിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ശ്രദ്ധനേടിയിരുന്നു. ത്രില്ലർ ചിത്രമാണ് എന്നാണ് ടീസർ നൽകുന്ന സൂചന. ഓഗസ്റ്റ് 2 നു പുറത്തിറങ്ങുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. കുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിര, മഹേഷിന്റെ പ്രതികാരം എന്നീ ചിത്രങ്ങളുടെ എഡിറ്റർ എന്ന നിലയിൽ പ്രേക്ഷകർക്കു സുപരിചിതനാണ് സൈജു ശ്രീധർ. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

അച്ഛന് പിന്നാലെ അമ്മയെയും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് മീനാക്ഷി; തിരിച്ച് ഫോളോ ചെയ്ത് മഞ്ജുവും

അച്ഛന് പിന്നാലെ അമ്മയെയും ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്ത് മീനാക്ഷി; തിരിച്ച് ഫോളോ ചെയ്ത് മഞ്ജുവും

മഞ്ജു വാര്യരെയും ദിലീപിനേയും പോലെ തന്നെ മലയാളികൾക്ക് ഇഷ്ടമാണ് ഇവരുടെ മകൾ മീനാക്ഷിയെയും. കുട്ടിക്കാലം മുതൽ തന്നെ മീനാക്ഷിയും മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാണ്. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിൽ പരസ്പരം ഫോളോ ചെയ്തിരിക്കുകയാണ് മഞ്ജുവും മീനാക്ഷിയും. ദിലീപിനെയും കാവ്യ മാധവനെയും മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്യുന്നുണ്ട്.

മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞതിന് ശേഷം ദിലീപിനൊപ്പമാണ് മീനാക്ഷിയുടെ ജീവിതം. ദിലീപിനൊപ്പം പൊതുവേദികളിലെത്തുന്ന മീനാക്ഷിയുടെ വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം മീനാക്ഷി എംബിബിഎസ് ബിരുദം നേടിയ വിവരം ദിലീപ് സോഷ്യൽ മീ‍ഡിയയിലൂടെ പങ്കുവച്ചിരുന്നു. താരപുത്രിയുടെ ഡാൻസ് വിഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്.1998 ലാണ് ദിലീപും മഞ്ജു വാര്യരും വിവാഹിതരാകുന്നത്. 2014 ൽ ഇരുവരും ഔദ്യോഗികമായി വിവാഹമോചനം നേടി. അതേസമയം തമിഴ്, മലയാളം സിനിമകളുടെ തിരക്കുകളിലാണിപ്പോൾ മഞ്ജു വാര്യർ. നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ പാർട്ട് 2, ഫൂട്ടേജ് എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രങ്ങ‌ൾ.

നടി മീര നന്ദൻ വിവാഹിതയായി

നടി മീര നന്ദൻ വിവാഹിതയായി

നടി മീര നന്ദൻ വിവാഹിതയായി. ശനിയാഴ്ച ഗുരുവായൂരമ്പലത്തിൽ വച്ചാണ് മീരയും ശ്രീജുവും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങൾ മീര ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസ നേരുന്നത്.

കഴിഞ്ഞ ദിവസം ഹൽദി ചിത്രങ്ങളും മീര പങ്കുവച്ചിരുന്നു. മാട്രിമോണി സൈറ്റിലൂടെയാണ് മീരയും ശ്രീജുവും പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്. അടുത്ത സുഹൃത്തുക്കളായ നസ്രിയ നസിം, ശ്രിന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ മീരയുടെ ഹൽദി ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.

മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

കൊച്ചി: നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്.

അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു.

ഈ രണ്ടു പദവികളിലേക്കും ഇവർ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 നാണ് അമ്മ ജനറല്‍ ബോഡി ചേരുന്നത്. ഒന്നിലേറെ നാമനിര്‍ദേശ പത്രിക ലഭിച്ച സ്ഥാനങ്ങളിലേക്ക് ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ് നടക്കും.

‘അപ്പോ തുടങ്ങാം’; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

‘അപ്പോ തുടങ്ങാം’; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

ഒന്നര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരജോഡികള്‍ വീണ്ടും ഒന്നിച്ചു. മോഹന്‍ ലാലും ശോഭനയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചത്.

പുതിയ ചിത്രത്തിന്റെ പൂജ അടക്കമുള്ള ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. തന്റെ 360-ാമത്തെ ചിത്രമാണിതെന്നും, അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും മോഹന്‍ലാല്‍ കുറിച്ചു.

സൗദി വെള്ളയ്ക്ക് എന്ന ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരു നല്‍കിയത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോ​ഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.

16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും 4.8 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി.