‘കോപം’ ലിറിക്കൽ വീഡിയോ പ്രകാശിതമായി

‘കോപം’ ലിറിക്കൽ വീഡിയോ പ്രകാശിതമായി

മലയാളത്തിന്റെ അതുല്യ നടനായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം കോപത്തിന്റെ ലിറിക്കൽ വീഡിയോ ലോഞ്ച് തിരുവനന്തപുരം പ്രസ് ക്ളബ്ബിൽ നടന്ന ചടങ്ങിൽ പ്രകാശിതമായി. ലോഞ്ച് കർമ്മം നിർവ്വഹിച്ചത് നടനും കേരള ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാറായിരുന്നു. തന്റെ പഴയ വീട്ടിൽ സ്വന്തം പെൻഷനെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു സാധുവാണ് ഗണപതി അയ്യർ. ചെറുമകൾ മീനാക്ഷി മാത്രമാണ് സ്വന്തമെന്ന് പറയാനായി അദ്ദേഹത്തിനുള്ളത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട മീനാക്ഷിക്കു വേണ്ടി മാത്രമാണ് അയ്യർ ജീവിക്കുന്നത്. പക്വതയില്ലാത്ത പ്രായത്തിലൂടെ കടന്നുപോകുന്ന മീനാക്ഷിയുടെ വൈവിധ്യ മനോവികാരങ്ങൾക്കനുസരിച്ച് നിലപാട് എടുക്കുന്ന മുത്തച്ഛൻ.

അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെ ഇഴയടുപ്പത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസന്ദർഭങ്ങൾ മുന്നോട്ടു സഞ്ചരിക്കുന്നത്. നെടുമുടി വേണുവിനു പുറമെ മീനാക്ഷിയെ അവതരിപ്പിക്കുന്നത് അഞ്ജലികൃഷ്ണയാണ്. ഒപ്പം ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, പ്രൊഡക്ഷൻ ഡിസൈനർ – ഗോപികണ്ണാ ജി, പ്രൊഡക്ഷൻ കൺട്രോളർ – സുരേഷ്, കല-സംഗീത് (ചിക്കു ), ചമയം – അനിൽ നേമം, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ആക്ഷൻ- ബ്രൂസ്‌ലി രാജേഷ്, കോറിയോഗ്രാഫി – അയ്യപ്പദാസ് , കളറിസ്റ്റ് മഹാദേവൻ, സൗണ്ട് മിക്സ് – അനൂപ് തിലക്, ഓഡിയോ റിലീസ് – എം സി ഓഡിയോസ്, പി ആർ ഓ -അജയ് തുണ്ടത്തിൽ. ചിത്രം ഉടൻ തീയേറ്ററുകളിലെത്തും.

ബറോസ് ഡിസംബറിൽ; മോഹൻലാൽ

ബറോസ് ഡിസംബറിൽ; മോഹൻലാൽ

കാത്തിരിപ്പിന് വിരാമമിട്ട് ബറോസ് ഡിസംബറിൽ റിലീസെന്ന് മോഹൻലാൽ. സിനിമയുടെ പ്രധാനഭാഗം അമേരിക്കയിലെ ലോസാഞ്ചലസിൽ പൂർത്തിയായെന്നും ശേഷിച്ച ജോലികൾ ഹoഗറിയിലെ ബുഡാപെസ്റ്റിൽ പുരോഗമിക്കുകയാണെന്നും പറഞ്ഞു.

രഞ്ജിത്ത് അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല; പിന്തുണച്ച് മന്ത്രി

രഞ്ജിത്ത് അവാര്‍ഡില്‍ ഇടപെട്ടിട്ടില്ല; പിന്തുണച്ച് മന്ത്രി

തിരുവനന്തപുരം: ഇത്തവണത്തെ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് അര്‍ഹതപ്പെട്ടവര്‍ക്കെന്ന് മന്ത്രി സജി ചെറിയാന്‍ നിഷ്പക്ഷമായാണ് ജൂറി പ്രവര്‍ത്തിച്ചത്. ഇതില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് ഒരു റോളുമില്ലെന്ന് മന്ത്രി പറഞ്ഞു.

രഞ്ജിത്ത് ജൂറിയില്‍ അംഗമല്ലെന്നും അദ്ദേഹത്തിന് ജൂറിയിലെ ഒരാളുമായി പോലും സംസാരിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. നടപടി ക്രമങ്ങളിലൂടെയാണ് ജൂറി സിനിമ തെരഞ്ഞെടുത്തത്.

ജൂറിയെ സെലക്ട് ചെയ്തതും രഞ്ജിത്തല്ല. അദ്ദേഹംമാന്യനായ, കേരളം കണ്ട വലിയ ചലച്ചിത്രകാരനായ ഇതിഹാസമാണ്. അദ്ദേഹം ചെയര്‍മാനായ ചലച്ചിത്ര അക്കാദമി ഈ വര്‍ഷം വളരെ ഭംഗിയായാണ് പുരസ്‌കാരം നിര്‍ണയം നടത്തിയത്. അതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് മന്ത്രി പറഞ്ഞു. അവാര്‍ഡ് കിട്ടുമെന്ന് പലരും പ്രതീക്ഷിച്ച് കാണും.

മാറ്റുരച്ചുരച്ച് തങ്കം കണ്ടെത്തിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരാള്‍ക്കും ഒരു പരാതി പോലും ഈ ആവാര്‍ഡ് നിര്‍ണയത്തില്‍ പറയാന്‍ പറ്റില്ല. പുരസ്‌കാര പ്രഖ്യാപനത്തില്‍ അവാര്‍ഡ് നിര്‍ണയസമിതിക്കാണ് ഉത്തരവാദിത്വം. തെളിവുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ക്ക് നിയമപരമായി നീങ്ങാം.

‘ഞാന്‍ പ്രഖ്യാപിച്ച അവാര്‍ഡ് ഞാന്‍ തന്നെ അന്വേഷിക്കണോ?. അങ്ങനെ രാജ്യത്ത് ആര്‍ക്കെല്ലാം എന്തെല്ലാം ഓഡിയോ ക്ലിപ്പുണ്ടാക്കാന്‍ പറ്റും. ഞാന്‍ പ്രഖ്യാപിച്ചതില്‍ ഒരു മാറ്റവുമില്ല’ – സജി ചെറിയാന്‍ പറഞ്ഞു. പുരസ്‌കാര നിര്‍ണയത്തില്‍ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ആരോപണവുമായി സംവിധായകന്‍ വിനയന്‍ രംഗത്ത് എത്തിയിരുന്നു.

ജെസി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടിവി ചന്ദ്രന്

ജെസി ഡാനിയേൽ പുരസ്കാരം സംവിധായകൻ ടിവി ചന്ദ്രന്

തിരുവനന്തപുരം: ജെസി ഡാനിയേൽ പുരസ്കാരം പ്രശസ്ത സംവിധായകൻ ടിവി ചന്ദ്രന്. സിനിമാ മേഖലയിലെ സമ​ഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത ബഹുമതിയാണ് പുരസ്കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം. സാമൂഹിക പ്രതിബദ്ധതയിലൂന്നിയ വിഷയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ മുഴുവൻ.

റിസർവ് ബാങ്കിലെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സിനിമാ മേഖലയിൽ വന്നത്. വിഖ്യാത സംവിധായകൻ പിഎ ബക്കറിന്റെ അസിസ്റ്റന്റായാണ് അദ്ദേഹത്തിന്റെ തുടക്കം. പവിത്രൻ നിർമിച്ചു ബക്കർ സംവിധാനം ചെയ്ത കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിലെ നായകൻ ചന്ദ്രനായിരുന്നു. 1981ല്‍ കൃഷ്ണന്‍ കുട്ടി എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനായത്. ആറ് ദേശീയ പുരസ്കാരങ്ങൾ, പത്ത് സംസ്ഥാന പുരസ്കാരങ്ങൾ അടക്കം നിരവധി അവാർഡുകൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

സമാന്തര സിനിമയുടെ ശക്തമായ സാന്നിധ്യമാണ് ടിവി ചന്ദ്രൻ. പൊന്തൻമാട എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ആലീസിന്റെ അന്വേഷണം, ഹേമാവിൻ കാതലർകൾ, പൊന്തന്‍മാട, ഓര്‍മകള്‍ ഉണ്ടായിരിക്കണം, മങ്കമ്മ, സൂസന്ന, ഡാനി, പാഠം ഒന്ന് ഒരു വിലാപം, ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു എടുത്ത കഥാവശേഷന്‍, ആടും കൂത്ത്, വിലാപങ്ങള്‍ക്കപ്പുറം, ഭൂമി മലയാളം, ശങ്കരനും മോഹനനും, ഭൂമിയുടെ അവകാശികള്‍, മോഹവലയം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

2019ല്‍ പെങ്ങളില എന്ന സിനിമയാണ് അവസാനമായി അദ്ദേഹം സംവിധാനം ചെയ്തത്. എല്ലാ സിനിമകളുടേയും തിരക്കഥയും അദ്ദേഹം തന്നെയായിരുന്നു.

നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; പ്രിയാ വാര്യരും രജിഷയുമടക്കം താരനിര, നൃത്തവുമായി അഹാനയും സംഘവും

നൂറിൻ ഷെരീഫും ഫഹീം സഫറും വിവാഹിതരായി; പ്രിയാ വാര്യരും രജിഷയുമടക്കം താരനിര, നൃത്തവുമായി അഹാനയും സംഘവും

ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ നടി നൂറിൻ ഷെരീഫും നടൻ ഫഹീം സഫറും വിവാഹിതരായി. തിരുവനന്തപുത്ത് അൽ സാജ് കൺവൻഷൻ സെന്ററിൽ ഇന്നലെയാണ് താരവിവാഹം നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമുൾപ്പടെ നിരവധിപ്പേരാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും വൈറലായിക്കഴിഞ്ഞു.

‘രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു’; ഏറെ സന്തോഷമെന്ന് വിന്‍സി അലോഷ്യസ്

‘രേഖ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു’; ഏറെ സന്തോഷമെന്ന് വിന്‍സി അലോഷ്യസ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമെന്ന് നടി വിന്‍സി അലോഷ്യസ്. രേഖ എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. രേഖ എന്ന സിനിമ എങ്ങനെ ആളുകളിലേക്ക് എത്തിക്കുമെന്ന് സങ്കടപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോള്‍ സിനിമ കേരളം മുഴുവന്‍ അറിഞ്ഞതില്‍ സന്തോഷമെന്നും വിന്‍സി അലോഷ്യസ് മാധ്യമങ്ങളോട് പറഞ്ഞു.
സംവിധായകന്‍ ലാല്‍ ജോസിനോട് ഒരുപാട് നന്ദി പറയുന്നു. റിയാലിറ്റി ഷോയിലൂടെ ലാല്‍ജോസ് പിടിച്ചുകയറ്റിയത് കൊണ്ടാണ് ഇവിടെ എത്തിയത്. ഈ അവാര്‍ഡ് ആഗ്രഹിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.