പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

പൊട്ടിച്ചിരിയും മാഞ്ഞു… നടൻ സലിം കുമാർ വിട വാങ്ങി

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം പരിശോധന തുടരുന്നുണ്ടായിരുന്നു. രാത്രിയോടെയാണ് മരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവിധ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് നടൻ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം കടുത്ത വെല്ലുവിളികൾ നേരിട്ടിരുന്നു.

തനിക്ക് ലിവര്‍ സിറോസിസ് എന്ന രോഗം വന്നത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി കിട്ടിയ അസുഖമായിരുന്നുവെന്നും ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരു ചായ പോലും കുടിക്കാത്ത തന്റെ സഹോദരനും ഇതേ അസുഖമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ വൈദ്യന്മാരുടെ ചികിത്സകൾ തേടേണ്ടി വന്നതും, അത് ആരോഗ്യസ്ഥിതി കൂടുതൽ വഷളാക്കിയതും താരം തന്നെ മുൻപ് പരസ്യമായി വെളിപ്പെടുത്തിയിരുന്നു. ആ കാലഘട്ടത്തിൽ കടുത്ത ഒറ്റപ്പെടലും പ്രതിസന്ധികളും താൻ നേരിട്ടിട്ടുണ്ടെന്നും സലിംകുമാർ നേരത്തെ പങ്കുവെച്ചിരുന്നു.

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ പാക്ക്അപ്പായി

പൊലീസായി പാർവതി തിരുവോത്ത്, ഒപ്പം മാത്യു തോമസും പാർഥിപനും; ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ പാക്ക്അപ്പായി

പാർവതി തിരുവോത്ത് പൊലീസ് ഉദ്യോ​ഗസ്ഥയായി എത്തുന്ന ചിത്രം പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ പാക്ക്അപ്പായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂർണമായും ഇൻവസ്റ്റിഗേറ്റീവ് ഗണത്തിൽപ്പെടുന്ന ചിത്രം ഭർത്താവിന്റെ മരണ ശേഷം ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് പ്രമേയമാക്കുന്നത്.

പാർവതിയ്ക്കൊപ്പം വിജയരാഘവൻ, സായ് കുമാർ, മാത്യു തോമസ്, വിനയ് ഫോർട്ട്, അസീസ് നെടുമങ്ങാട്, സിദ്ദാർഥ് ഭരതൻ, ഉണ്ണി മായ പ്രസാദ്, ജയശ്രീ, നിയാസ് ബക്കർ, സിറാജ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രശസ്ത തമിഴ് നടൻ പാർഥിപനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രചന – പി എസ് സുബ്രഹ്മണ്യം, വിജേഷ് തോട്ടുങ്കൽ, സംഗീതം – മുജീബ് മജീദ്, ഛായാഗ്രഹണം – റോബി രാജ്. എഡിറ്റിങ് – ചമൻ ചാക്കോ, കലാസംവിധാനം – മഹേഷ് മോഹൻ, മേക്കപ്പ് – അമൽ, കോസ്റ്റ്യൂം ഡിസൈൻ -സമീറ സനീഷ്, ലൈൻ പ്രൊഡ്യൂസർ – ദീപക്, പ്രൊഡക്ഷൻ മാനേജർ – എൽദോ ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഫഹദ് (അപ്പു) പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശേരി. ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമ്മാണം. വിതരണം. സെൻട്രൽ പിക്ചേഴ്സ്, പിആർഒ വാഴൂർ ജോസ്.

യൂത്തിന്റെ പൾസറിഞ്ഞ വിപ്ലവകരമായ കലാമുന്നേറ്റം ഡെയിഞ്ചറസ് വൈബ് റിലീസിന് ഒരുങ്ങുന്നു

യൂത്തിന്റെ പൾസറിഞ്ഞ വിപ്ലവകരമായ കലാമുന്നേറ്റം ഡെയിഞ്ചറസ് വൈബ് റിലീസിന് ഒരുങ്ങുന്നു

ഫൈസൽ ഹുസൈൻ കഥ എഴുതി സംവിധാനം ചെയ്യുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ഡെയിഞ്ചറസ് വൈബ്” റിലീസിനൊരുങ്ങുന്നു. അപ്പുണ്ണി ശശിയും ജയരാജ് കോഴിക്കോടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഹിറ്റ് മീഡിയ ക്രിയേറ്റീവ് ഫാക്ടറിയുടെ ബാനറിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

ലഹരി മാഫിയക്കെതിരെ പോലീസ് ഓഫീസർ സഹദേവൻ നടത്തുന്ന പോരാട്ടവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സസ്പെൻസ് ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഫൈസൽ ഹുസൈനും റിയാസ് പെരുമ്പടവുമാണ്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ അൻഷി, പാണാലി ജുനൈസ്, അർഷദ്, ഹരിത്ത് വിജയകൃഷ്ണൻ, ഇന്ദിര കെ.കെ എന്നിവർ ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ അശോകൻ വളയം, അൻസാർ, വിവേക്, സലാം ലെൻസ് വ്യൂ, മുരളി, എട്ടുകാലി മൂസ, അക്കു പുളിക്കൽ, സുഹാസ് ലാംഡ എന്നിവരടങ്ങുന്ന നൂറിലധികം കലാകാരന്മാരും ചിത്രത്തിന്റെ ഭാഗമാകുന്നു.

കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ചിത്രം പിന്നീട് സംസ്ഥാനത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോളേജുകളിലും പ്രത്യേക പ്രദർശനങ്ങളിലേക്കും എത്തും. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസിയാണ്. ചിത്രസംയോജനം നിർവഹിക്കുന്നത് സംവിധായകൻ ഫൈസൽ ഹുസൈൻ. നെവിൽ ജോർജ്ജിൻ്റെ വരികൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് സിമ്പു സുകുമാരൻ ആണ്.

അസോസിയേറ്റ് ക്യാമറയായി ഷബീർ ഖാൻ, സഹസംവിധാനത്തിൽ സഞ്ജു ഫിലിപ്പ്, കലാസംവിധാനത്തിൽ ലോറൻസ് ജോർജ് എന്നിവരും പ്രവർത്തിക്കുന്നു. ഡെയിഞ്ചറസ് വൈബ് ജൂൺ ആദ്യവാരം തിയേറ്ററുകളിൽ എത്തും.

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

‘ദൃശ്യം 3’ കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ആദ്യ ഷോകള്‍ കഴിയുമ്പോഴേക്കും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

എറണാകുളം കവിത തിയേറ്ററില്‍ ആരാധകര്‍ക്കൊപ്പം ചിത്രം കാണാന്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുകയും ചെയ്തു മോഹന്‍ലാല്‍. ചിത്രം കണ്ടു കഴിഞ്ഞപ്പോഴേക്കും കണ്ണീരണിയുന്ന മോഹന്‍ലാലിന്റെ വിഡിയോയും വൈറലായി മാറിയിരുന്നു. പിന്നാലെ ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറയുകയും ചെയ്തു മോഹന്‍ലാല്‍.

‘ദൃശ്യം 3 വളരെയധികം സ്‌നേഹത്തോടെയും, ആവേശത്തോടെയും, നിര്‍മ്മിച്ച സിനിമയാണ്. നിങ്ങളുടെ പ്രതികരണങ്ങളിലൂടെ തിരികെ ലഭിക്കുന്ന ആ സ്‌നേഹം ഹൃദയസ്പര്‍ശിയാണ്. നിങ്ങളുടെ നിരൂപണങ്ങളും, വാക്കുകളും, നിങ്ങള്‍ പങ്കുവച്ച വികാരങ്ങളും ഏതൊരു കണക്കിനേക്കാളും എനിക്ക് വിലപ്പെട്ടതാണ്. സിനിമ കണ്ടതിനും, സിനിമയുടെ ഓരോ നിമിഷവും അനുഭവിച്ചതിനും, ജോര്‍ജുകുട്ടിയെയും കുടുംബത്തെയും സ്വന്തമായി സ്വീകരിച്ചതിനും വളരെ നന്ദി’ എന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ സൂപ്പര്‍ ഹിറ്റ് പരമ്പരയാണ് ദൃശ്യം. ആദ്യ രണ്ട് ഭാഗങ്ങളും വലിയ ഹിറ്റുകളായിരുന്നു. അതുകൊണ്ട് തന്നെ മൂന്നാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. പ്രതീക്ഷിച്ചത് പോലെ തന്നൊരു ചിത്രമാണ് ജീത്തു ഇത്തവണയും ഒരുക്കിയിരിക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

‘ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!’ ‘അതിരടി’യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

‘ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ; പെട്രോൾ വാങ്ങാനുള്ള ആ ഓട്ടമുണ്ടല്ലോ!’ ‘അതിരടി’യിൽ കാമിയോ റോളിലെത്തി ഞെട്ടിച്ച് ഹാഷിർ

റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അതിരടി. മികച്ച അഭിപ്രായങ്ങൾ നേടി ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ഒരു സർപ്രൈസും പ്രേക്ഷകർക്കായി ഒരുക്കിയിട്ടുണ്ടായിരുന്നു.

മഞ്ഞ ബിഎംഡബ്ല്യു കാറിലെത്തിയ ഒരാളെ ചുറ്റിപ്പറ്റിയായിരുന്നു സസ്പെൻസ്. ഇപ്പോഴിതാ ആ സസ്പെൻസ് അതിരടിയുടെ അണിയറപ്രവർത്തകർ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയ റീലുകളിലൂടെയും വാഴ 2 എന്ന ചിത്രത്തിലൂടെയും മലയാളി മനസ് കീഴടക്കിയ ഹാഷിർ ആണ് അതിരടിയിൽ അതിഥി വേഷത്തിലെത്തിയത്.

ഹാഷിറിന്റെ കാമിയോ റോളിന് വൻ കയ്യടിയാണ് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഡെന്നിച്ചൻ എന്ന കഥാപാത്രമായാണ് അതിരടിയിൽ ഹാഷിർ കയ്യടി വാരിക്കൂട്ടിയത്. ഡെന്നിച്ചനും ഉണ്ടെടാ ഈ​ഗോ എന്ന് പറഞ്ഞു കൊണ്ട് ബേസിൽ‌ ജോസഫ് തന്നെയാണ് ഹാഷിറിന്റെ അതിഥി വേഷത്തെക്കുറിച്ച് പുറത്തുവിട്ടത്.’ഹാഷിർ പെട്രോളും വാങ്ങി വന്നേ’, ‘ഒന്ന് തൊട്ട് 100 വരെ എണ്ണിക്കോ… എന്നിട്ടും വന്നിട്ടില്ലെങ്കിൽ തിരിച്ചു എണ്ണിക്കോ’, ‘ഒരു സീൻ ആണെങ്കിൽ എന്താ അത് അങ്ങോട്ട് തൂക്കി’, ‘എവിടെ നോക്കിയാലും നിന്റെ വണ്ടിയാണല്ലോ മച്ചു’, ‘പെട്രോൾ വാങ്ങാൻ ഒരു ഓട്ടം ഉണ്ടല്ലോ…മാസ്റ്റർ പീസ്’ എന്നൊക്കെയാണ് ഹാഷിറിന്റെ വേഷത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ഡോ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 22 ന് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തിയറ്ററുകളിലെത്തും.

‘ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും’; ‘ദൃശ്യം 3’ ഗംഭീരമെന്ന് പ്രേക്ഷകർ

‘ഇങ്ങനെയൊരു ഇന്റർവെൽ ബ്ലോക്ക് പ്രതീക്ഷിച്ചില്ല, ചെറിയ സർപ്രൈസുകളും’; ‘ദൃശ്യം 3’ ഗംഭീരമെന്ന് പ്രേക്ഷകർ

ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലെത്തിയ ‘ദൃശ്യം 3’ യ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം. ചിത്രം ആദ്യ പകുതി പിന്നിടുമ്പോൾ ​ഗംഭീര അഭിപ്രായമാണ് തിയറ്ററുകളിൽ നിന്ന് വരുന്നത്. ആദ്യ പകുതി കൊള്ളാമെന്നും പ്രേക്ഷകരുമായി വൈകാരികമായി കണക്ട് ചെയ്യുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ടെന്നുമാണ് ഭൂരിഭാ​ഗം പേരുടെയും അഭിപ്രായം.

ചെറിയ സർപ്രൈസുകൾ ഒരുക്കിവച്ചത് നന്നായിരുന്നെന്നും പ്രേക്ഷകർ കുറിക്കുന്നു. ഫാമിലി ലൈഫ്, പുതിയ കാരക്ടേഴ്സിന്റെ അവതരണം എല്ലാം നൈസ് ആയി വന്നിട്ട് ഉണ്ട്.. ലാലേട്ടന്റെ കിടിലൻ പെർഫോമൻസ്. എന്നൊക്കെ കുറിക്കുന്നവരും കുറവല്ല.

എന്തായാലും രണ്ടാം പകുതി കൂടി ഇതുപോലെയാണെങ്കിൽ ചിത്രത്തിന്റെ ലെവൽ തന്നെ മാറുമെന്നും ചിലർ പറയുന്നു. അതേസമയം ദൃശ്യം 3 യുടെ ആദ്യ ഷോയ്ക്ക് നടൻ മോഹൻലാലും ഭാര്യ സുചിത്രയും എത്തിയിരുന്നു. എറണാകുളം കവിത തിയറ്ററിലാണ് നടൻ എത്തിയത്. ദൃശ്യം 3 യിലെ മറ്റു പ്രധാന താരങ്ങളായ മീന, എസ്തർ അനിൽ എന്നിവരും മോഹൻലാലിനൊപ്പം സിനിമ കാണാൻ എത്തിയിരുന്നു.

ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 യിലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2013 ലാണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെ ചിത്രമെത്തിയതിൽ ആരാധകരും ഇരട്ടി ആവേശത്തിലാണ്.