മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

മോഹന്‍ലാല്‍ മൂന്നാമതും ‘അമ്മ’ പ്രസിഡന്റ്; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം

കൊച്ചി: നടന്‍ മോഹന്‍ലാലിനെ താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്.

അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു.

ഈ രണ്ടു പദവികളിലേക്കും ഇവർ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്. ജൂണ്‍ 30 നാണ് അമ്മ ജനറല്‍ ബോഡി ചേരുന്നത്. ഒന്നിലേറെ നാമനിര്‍ദേശ പത്രിക ലഭിച്ച സ്ഥാനങ്ങളിലേക്ക് ജനറല്‍ ബോഡിയില്‍ വോട്ടെടുപ്പ് നടക്കും.

‘അപ്പോ തുടങ്ങാം’; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

‘അപ്പോ തുടങ്ങാം’; കൈകൊടുത്ത് ലാലും ശോഭനയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു

ഒന്നര പതിറ്റാണ്ടിനു ശേഷം മലയാളത്തിന്റെ സൂപ്പര്‍ താരജോഡികള്‍ വീണ്ടും ഒന്നിച്ചു. മോഹന്‍ ലാലും ശോഭനയും ഒരുമിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചത്.

പുതിയ ചിത്രത്തിന്റെ പൂജ അടക്കമുള്ള ഷൂട്ടിങ് ലൊക്കേഷനിലെ ചിത്രങ്ങള്‍ നടന്‍ മോഹന്‍ലാല്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. തന്റെ 360-ാമത്തെ ചിത്രമാണിതെന്നും, അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും ഉണ്ടാകണമെന്നും മോഹന്‍ലാല്‍ കുറിച്ചു.

സൗദി വെള്ളയ്ക്ക് എന്ന ചിത്രത്തിന് ശേഷം തരുണ്‍മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എല്‍ 360 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരു നല്‍കിയത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

റിലീസിന് പിന്നാലെ ആടുജീവിതത്തിന്റെ വ്യാജന്‍ പുറത്ത്

ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ആടുജീവിതം ഇന്നലെയാണ് തിയറ്ററില്‍ എത്തിയത്. ബോക്‌സ് ഓഫിസില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആശങ്കയിലാക്കിക്കൊണ്ട് ചിത്രത്തിന്റെ വ്യാജന്‍ ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. ഐപിടിവി എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോ​ഗോയ്ക്കൊപ്പമാണ് വ്യാജപതിപ്പ് എത്തിയത്. കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണ് ഇതെന്ന് റിപ്പോർട്ടുകളുണ്ട്. കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരത്തിൽ പ്രത്യക്ഷപ്പെടാറുണ്ട്.

16 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ആടുജീവിതം തിയറ്ററിലേക്ക് എത്തുന്നത്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യദിനം ചിത്രം കേരളത്തിൽ നിന്നും 4.8 കോടി രൂപയാണ് ചിത്രം വാരിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടിയാണെന്നും റിപ്പോർട്ടുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കർണാടകയിൽ നിന്നും ആദ്യദിനം ഒരുകോടി രൂപ ഗ്രോസ് കലക്‌ഷൻ നേടുന്ന സിനിമയായും ആടുജീവിതം മാറി.

ടൈറ്റാനിക്കിൽ ‘റോസിനെ രക്ഷിച്ച തടിക്കഷണം’; ലേലം ചെയ്തത് 5 കോടിക്ക്

ടൈറ്റാനിക്കിൽ ‘റോസിനെ രക്ഷിച്ച തടിക്കഷണം’; ലേലം ചെയ്തത് 5 കോടിക്ക്

ലോസ് ആഞ്ജലീസ്: ലോകസിനിമ ചരിത്രത്തിൽ ഏക്കാലത്തെയും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ടൈറ്റാനിക്. 1997ൽ ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത ടൈറ്റാനിക്കിലെ ഓരോ രം​ഗങ്ങളും ഇന്നും ചർച്ചാവിഷയമാണ്. ലിയോനാർഡോ ഡികാപ്രിയോയും കേറ്റ് വിൻസ്ലെറ്റും ജാക്കും റോസുമായി നിറഞ്ഞാടിയ ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗങ്ങൾ ഓർമയില്ലാത്തവർ ഉണ്ടാവില്ല.

അനശ്വര പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന്റെ ക്ലൈമാക്സ് രം​ഗത്തിൽ റോസിനെ രക്ഷിച്ചത് ഒരു ‘വാതിൽപ്പലക’യുടെ കഷണമാണ്. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ ജാക്ക് വെള്ളത്തിൽ തണുത്തുറഞ്ഞ്‌ മരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ പലക കഷ്ണം ലേലത്തിൽ വിറ്റു പോയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 7,18,750 ഡോളറിന് (5.99 കോടി രൂപ) ആണ് തടിക്കഷണം ലേലത്തിൽ പോയത്.

‘സിനിമാക്കാര്‍ വിളിച്ചുപോലുമില്ല, സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ട്രോളുകള്‍’

‘സിനിമാക്കാര്‍ വിളിച്ചുപോലുമില്ല, സോഷ്യല്‍മീഡിയയില്‍ ക്രൂരമായ ട്രോളുകള്‍’

ബെംഗളൂരു: സ്‌കൂട്ടര്‍ അപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയിലാണ് താരം. അതിനിടെ താരത്തിന്‍റെ ആശുപത്രി ചികിത്സയ്ക്ക് ധനസഹായം അഭ്യര്‍ഥിച്ച് കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തിയിരുന്നു. എന്നാല്‍ കുടുംബത്തിനെതിരെ ക്രൂരമായ ട്രോളുകളാണ് സോഷ്യമീഡിയയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അരുന്ധതിയുടെ സഹോദരി ആരതി പറഞ്ഞു.

‘വെറ്റിലേറ്ററില്‍ എന്‍റെ സഹോദരി ജീവന് വേണ്ടി പേരാടിക്കൊണ്ടിരിക്കുകയാണ്. അവളുടെ ചികിത്സാ സഹായത്തിന് വേണ്ടി തുടങ്ങിയ ധനസമാഹാര ക്യാമ്പയിന്‍ തട്ടിപ്പാണെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ ഞങ്ങള്‍ക്കെതിരെ നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെടുന്നത്’- ആരതി പറഞ്ഞു.

അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ആശുപത്രി ചെലവും ശസ്ത്രക്രിയയുമായി നല്ലൊരു തുകയാകുമെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹായവും വേണമെന്നും ആരതി പറഞ്ഞു

തമിഴ് സിനിമ-സീരിയല്‍ മേഖലയിലൂടെയാണ് അരുന്ധതി അഭിനയരംഗത്ത് സജീവമാകുന്നത്. എന്നാല്‍ അപകടം സംഭവിച്ചിച്ച് ഇതുവരെ തമിഴ് സിനിമ-സീരിയല്‍ രംഗത്ത് നിന്ന് ഒരാള്‍ പോലും താരത്തിന്‍റെ ആരോഗ്യനില അന്വേഷിച്ച് വിളിച്ചില്ലെന്ന് നടിയും സുഹൃത്തുമായ രമ്യ ജോസഫ് പറഞ്ഞു. അരുന്ധതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞ് നിരവധി സന്ദേശങ്ങള്‍ വരുന്നുണ്ട്. എന്നാല്‍ പലരും താരത്തിന്‍റെ ആരോഗ്യവിവരം അറിയുന്നതിലും മറ്റ് സെലിബ്രിറ്റികളുടെ നമ്പര്‍ തിരക്കാനാണ് വിളിക്കുന്നതെന്നും രമ്യ കുറ്റപ്പെടുത്തി.

കണ്ണഞ്ചിപ്പിക്കും ടീസറുമായി സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’; ഏറ്റെടുത്ത് ആരാധകര്‍

കണ്ണഞ്ചിപ്പിക്കും ടീസറുമായി സൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’; ഏറ്റെടുത്ത് ആരാധകര്‍

സൂര്യ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കങ്കുവ’യുടെ കണ്ണഞ്ചിപ്പിക്കുന്ന ടീസര്‍ പുറത്തിറങ്ങി. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘കങ്കുവ’ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമാണ്. ശിവ സംവിധാനം ചെയ്യുന്ന ചിത്രം പീരിയോഡിക് ത്രീഡി ചിത്രമായാണ് എത്തുന്നത്.

ബോബി ഡിയോളാണ് സിനിമയില്‍ വില്ലനായി എത്തുന്നത്. ബോബി ഡിയോളിന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ് കങ്കുവ. അനിമല്‍ സിനിമയിലെ വില്ലന്‍ വേഷത്തിനു ശേഷം ബോബി ഡിയോളിന്റേതായി റിലീസിനെത്തുന്ന ചിത്രം കൂടിയാണിത്.

1000 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ‘കങ്കുവ’യില്‍ ഒരു യോദ്ധാവായാണ് സൂര്യ എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ഡഢ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ‘കങ്കുവ’യുടെ ബഡ്ജറ്റ് 350 കോടി രൂപയാണ്.38 ഭാഷകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. വിവേകയും മദന്‍ കര്‍ക്കിയും ചേര്‍ന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെഇ ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.