‘ഇവിടെ എന്തും പോകും..,’ 66-ാം വയസ്സിലും 26കാരന്റെ മെയ്‌വഴക്കം; മോഹൻലാലിന്റെ ബി​ഗ് സീക്രട്ട് ‘4D’ ഫോർമുല

‘ഇവിടെ എന്തും പോകും..,’ 66-ാം വയസ്സിലും 26കാരന്റെ മെയ്‌വഴക്കം; മോഹൻലാലിന്റെ ബി​ഗ് സീക്രട്ട് ‘4D’ ഫോർമുല

ഏത് കഥാപാത്രവും അഭിനയ മികവു കൊണ്ട് അതിന്റെ പൂർണതയിൽ എത്തിക്കുന്ന മോഹൻലാൽ എന്ന നടൻ ഇന്നും ഒരു വിസ്മയമാണ്. കഥയ്ക്കൊപ്പം പ്രക്ഷകരെ പിടിച്ചിരുത്തുന്ന മെയ്‌വഴക്കം. തിരക്കിനിടയിലും ഫിറ്റ്നസിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള അദ്ദേഹത്തിന്റെ താൽപര്യവും പരിശ്രമവും പുതുതലമുറയ്ക്കും പാഠമാക്കാവുന്നതാണെന്ന് അദ്ദേഹത്തിന്റെ ട്രെയിനർ ആയിരുന്ന പോൾസൺ ജെയ്സൺ പറയുന്നു. 66-ാം വയസ്സിലേക്ക് കടക്കുമ്പോഴും 26കാരന്റെ മെയ്‌വഴക്കത്തോടെ വെള്ളിത്തിര ഭരിക്കുന്ന മോഹൻലാലിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്.

വിട്ടുവീഴ്ച ചെയ്യാത്ത ‘4D’ ഫോർമുല
ചിട്ട‌യായ ജീവിതശൈലിയും കഠിന വർക്ക്ഔട്ടുമാണ് മോഹൻലാലിന്റെ ഊർജത്തിനും യൗവനത്തിനും പിന്നിൽ. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് ‘4D’ ഫോർമുല ആണെന്നും പോൾസൺ ജെയ്‌സൺ ഒരു അഭിമുഖത്തിൽ പറയുന്നു. തീരുമാനം (Decision), ദൃഢനിശ്ചയം (Determination), അച്ചടക്കം (Discipline), നിര്‍വ്വഹണം (Delivery) എന്നിവയാണ് പോൾസൺ ചൂണ്ടിക്കാട്ടിയ ആ നാല് ഘടകങ്ങൾ.

രാത്രി 10 മണിക്ക് ഷൂട്ടിങ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തന്റെ കോർ കണ്ടീഷനിങ് വ്യായാമങ്ങളും ഫിറ്റ്നസ് റൂട്ടീനും പൂർത്തിയാക്കാൻ സമയം കണ്ടെത്താൻ അദ്ദേഹം ശ്രമിക്കാറുണ്ടെന്ന് മരക്കാർ, ദൃശ്യം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി അദ്ദേഹത്തെ ട്രെയിൻ ചെയ്ത പ്രമുഖ ഫിറ്റ്നസ് ഇൻസ്ട്രക്ടർ ഐനസ് ആന്റണി പറയുന്നു. ഒന്നര മണിക്കൂറോളം നീളുന്നതാണ്‌ പൊതുവേ അദ്ദേഹത്തിന്റെ വര്‍ക്ക്‌ഔട്ട്‌ സെഷനുകളെന്നും ഐനസ് കൂട്ടിച്ചേര്‍ക്കുന്നു.

വർക്ക്ഔട്ട് പ്രധാന്യം

റസിസ്റ്റന്‍സ്‌ ട്രെയ്‌നിങ്ങും ബാറ്റിൽ റോപ്പുകളും ബെഞ്ച്‌ പ്രസും ഓവര്‍ഹെഡ്‌ പ്രസും ലെഗ് ഡേ റൂട്ടീനുകളും ഹെവി വെയ്റ്റ് ലിഫ്റ്റിങ്ങുമെല്ലാം മോഹന്‍ലാല്‍ തന്റെ വ്യായാമ ശീലങ്ങളില്‍ ഉള്‍പ്പെടുത്താറുണ്ട്‌. ഇത് അദ്ദേഹത്തിന്റെ മെയ്‌ വഴക്കവും സ്റ്റാമിനയും വർധിപ്പിക്കാൻ സഹായിക്കുന്നു. വർക്ക്ഔട്ട് ചെയ്യുന്ന വീഡിയോകൾ അദ്ദേഹം തന്നെ തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇതു മാത്രമല്ല, തായ്‌ക്കോണ്ടയില്‍ ഓണററി ബ്ലാക്ക്‌ ബെല്‍റ്റുള്ള താരം ബോക്‌സിങ്‌ ഉള്‍പ്പെടെയുള്ള മാര്‍ഷ്യല്‍ ആര്‍ട്‌സ്‌ ഇനങ്ങളും പരിശീലിക്കാറുണ്ട്.

യോ​ഗയും ആയുർവേദവും‌‌

ശരീരത്തിന്‌ നവയൗവനം പ്രദാനം ചെയ്യാന്‍ സഹായിക്കുന്ന ആയുര്‍വേദ റീജുവനേഷന്‍ തെറാപ്പികളും മോഹന്‍ലാല്‍ ഇടയ്‌ക്ക്‌ പരീക്ഷിച്ചിട്ടുണ്ട്‌. മാനസികാരോഗ്യം നിലനിര്‍ത്താന്‍ യോഗയും പരിശീലിക്കുന്നുണ്ട്. വ്യായാമത്തിനൊപ്പം മികച്ച ഭക്ഷണരീതികളും മോഹന്‍ലാലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക്‌ വഹിക്കുന്നുണ്ട്‌. ഭക്ഷണം എപ്പോഴും ആസ്വദിച്ച്‌ കഴിക്കാറുള്ള ലാലേട്ടന്‍ മികച്ചൊരു പാചകക്കാരന്‍ കൂടിയാണ്‌.

ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

ഗോവിന്ദരാജയുടെ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മുഖം, തിളങ്ങി നോവയും

‘നായ അല്ല സിമ്പ… അവനെ അങ്ങനെ വിളിച്ചാൽ മതി…’ മോഹിനിയാട്ടം സിനിമയിൽ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ​ഗോവിന്ദരാജ എന്ന കഥാപാത്രം പറയുന്ന ഡയലോ​ഗാണിത്. സകല ദുഷ്ടത്തരവും ഉടായിപ്പുമായി നടക്കുന്ന ​ഗോവിന്ദരാജയ്ക്ക് ജീവിതത്തിൽ സ്നേഹമുള്ള ഒരേ ഒരാളാണ് സിമ്പ.

സ്വന്തം ഭാര്യയോട് പോലും കാണിക്കാത്ത കരുതലും സ്നേഹവും അയാൾ സിമ്പയോട് കാണിക്കുന്നുണ്ട്. അതേ സ്നേഹം ഒരല്പം പോലും കുറയാതെ സിമ്പയ്ക്ക് തിരിച്ചുമുണ്ട്. ‘എന്നാടാ… നിനക്ക് വിശക്കുന്നുണ്ടോ?. സിമ്പാ ബിസ്കറ്റ് തീർന്നു പോയെടാ. ഞാൻ രാവിലെ വാങ്ങിയിട്ട് വരാം’. ​സിമ്പയും ​ഗോവിന്ദരാജയും തമ്മിലുള്ള അവസാന കൂടിക്കാഴ്ച നടക്കുന്നത് ഇങ്ങനെയാണ്.

‘സിമ്പയ്ക്ക് എന്താണ് ബിസ്കറ്റ് വാങ്ങി വയ്ക്കാതിരുന്നത് ?’. എന്ന് ഭാര്യയോട് ​ഗോവിന്ദൻ ചോദിക്കുമ്പോൾ അത് മറന്നു പോയെന്ന ഭാര്യയുടെ മറുപടിയിൽ തന്നെ ​ഗോവിന്ദന്റെ മുഖഭാവം മാറുന്നത് കാണാം. മാത്രമല്ല സിമ്പയും ​ഗോവിന്ദനും തമ്മിൽ എത്രത്തോളം അടുപ്പമുണ്ടെന്ന് പിന്നീടുള്ള രം​ഗങ്ങളിൽ വ്യക്തവുമാണ്. ​

ഗോവിന്ദനെ കാണാതാകുമ്പോൾ ശശിയുടെ വീടിനടുത്ത് നിന്ന് സിമ്പ കുരയ്ക്കുന്നുണ്ട്. ക്ലൈമാക്സ് വരെ സിമ്പയുടെ സാന്നിധ്യവുമുണ്ട് മോഹിനിയാട്ടത്തിൽ. മനുഷ്യരേക്കാൾ എന്ത് കൊണ്ടും വിശ്വസിക്കാൻ പറ്റുന്നത് നായയെ ആയതു കൊണ്ടാണ് സിമ്പയോട് ​ഗോവിന്ദൻ ഇത്രയും അടുപ്പം പുലർത്തുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. അതേസമയം ജിജേഷ് എസ് എന്ന ഡോ​ഗ് ട്രെയ്നറുടെ നോവ എന്ന് പേരുള്ള ബീ​ഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയാണ് മോഹിനിയാട്ടത്തിൽ അഭിനയിച്ചിരിക്കുന്നത്.

എക്കോ ഉൾപ്പെടെയുള്ള സിനിമകളിൽ നായകളെ പരിശീലിപ്പിച്ചതും ജിജേഷ് ആയിരുന്നു. അതേസമയം തിയറ്ററിലും ഒടിടിയിലും വൻ സ്വീകാര്യതയാണ് മോഹിനിയാട്ടത്തിന് ലഭിച്ചത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, കലാരഞ്ജിനി, നന്ദു പൊതുവാൾ, ബേബി ജീൻ തുടങ്ങി വൻ താരനിരയാണ് മോഹിനിയാട്ടത്തിൽ അണിനിരന്നത്.

‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

‘ദൃശ്യം ആദ്യ ഭാഗത്തില്‍ എനിക്ക് തെറ്റു പറ്റി, സിനിമ കണ്ടപ്പോഴാണ് മനസിലായത്; വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തി ജീത്തു ജോസഫ്

മലയാള സിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നാണ് ദൃഷ്യം. 2013 ല്‍ പുറത്തിറങ്ങിയ സിനിമ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല വിദേശ ഭാഷകളിലും റീമേക്ക് ചെയ്യപ്പെട്ടു. ആദ്യ ഭാഗത്തിന് തുടര്‍ച്ചകളുമുണ്ടായി. ഇപ്പോഴിതാ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാ ലോകവും ആരാധകരും. മെയ് 21 ന് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തും.

13 വര്‍ഷങ്ങള്‍ക്ക് മുമ്പ് ദൃശ്യം എന്ന ചിത്രത്തിലേക്ക് എത്താന്‍ തനിക്ക് പ്രചോദനമായി മാറിയ സംഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ആശിര്‍വാദ് സിനിമാസിന്റെ യൂട്യൂബ് ചാനലില്‍, ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ആ കഥ പങ്കുവച്ചത്. ഒപ്പം ദൃശ്യം ചെയ്ത സമയത്ത് തനിക്ക് പറ്റിയൊരു തെറ്റിനെക്കുറിച്ചും ജീത്തു സംസാരിക്കുന്നുണ്ട്.

‘എനിക്ക് ഈ ആശയം കിട്ടിയത് തന്നെ രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിന്നാണ്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തമ്മിലുണ്ടായ ഒരു ഇഷ്യൂ. അത് പിന്നെ ഒരു പൊലീസ് കേസ് ആവുന്നു. അത് ചര്‍ച്ചയായ സമയത്ത് ഒരു വ്യക്തി എന്നോട് പറഞ്ഞ ഒരു ഡയലോഗ് ഉണ്ട്. രണ്ട് കുടുംബങ്ങളുടെ ഭാഗത്തും ശരിയുമുണ്ട് തെറ്റുമുണ്ട് എന്ന്. ആരുടെ കൂടെ നില്‍ക്കും എന്നതാണ് കണ്‍ഫ്യൂഷന്‍. ആ പുള്ളിക്ക് രണ്ട് കുടുംബങ്ങളെയും അറിയാമായിരുന്നു” ജീത്തു പറയുന്നു.

”അന്ന് ഞാന്‍ സിനിമയില്‍ വന്നിട്ടില്ല. 2000 ലെ കാര്യമാണ് പറയുന്നത്. തിയറ്ററില്‍ ഇങ്ങനെയൊരു അവസ്ഥ വന്നാല്‍ പ്രേക്ഷകര്‍ ആരുടെ കൂടെ നില്‍ക്കുമെന്ന സംശയം ഉണ്ടായിരുന്നു. അവരുടെ മനസ് അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് ചാടില്ലേ. അങ്ങനെയുള്ള ആലോചനയില്‍ നിന്ന് ഉരുത്തിരിഞ്ഞു വന്നതാണ് ദൃശ്യം” എന്നാണ് ജീത്തു ദൃശ്യത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നത്. പിന്നാലെ ദൃശ്യത്തില്‍ തനിക്ക് സംഭവിച്ചൊരു തെറ്റിനെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.

”സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തെറ്റിപ്പോയെന്ന് മനസിലായി. കാരണം ആ ബാലന്‍സിംഗ് വന്നില്ല. എല്ലാവരും ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കൂടെയാണ്. ശരിക്കും ആലോചിച്ചാല്‍ ഗീത പ്രഭാകറിനെ കുറ്റം പറയാന്‍ പറ്റുമോ? സ്വന്തം മകന്‍ മിസ്സിംഗ് ആയി. അതിന്റെ സത്യം കണ്ടെത്താനായി ഇറങ്ങിത്തിരിച്ചു. ഇപ്പുറത്ത് നിന്ന് നോക്കുമ്പോള്‍ ജോര്‍ജുകുട്ടി കാര്യങ്ങളെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടുപോവുകയാണ്, അവര്‍ക്ക് സഹിക്കുമോ? മകന്‍ അമ്മയോട് കുറ്റം ഏറ്റുപറഞ്ഞിട്ടില്ല. അതുകൊണ്ട് അത് വിശ്വസിക്കാന്‍ ഇപ്പോഴും അവര്‍ തയ്യാറല്ല. സത്യം അതാണെന്ന് അമ്മയ്ക്ക് അറിയില്ല. മറുവശത്ത് സ്വയരക്ഷയുടെ ഭാഗമായി സംഭവിച്ചൊരു തെറ്റാണ്. പൊലീസില്‍ പോകാനും പറ്റില്ല. അമ്മ ഐജിയാണ്, അതിനാല്‍ നീതി കിട്ടില്ല. രണ്ടു പേരുടെ ഭാഗത്തും തെറ്റും ശരിയുമുണ്ട്. ഇതായിരുന്നു ദൃശ്യം എന്ന സിനിമ ഉണ്ടാകാനുള്ള എന്റെ ആദ്യ ചിന്ത” എന്നും അദ്ദേഹം പറയുന്നു.

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘റിയയ്ക്ക് ഡെലൂലു പോലുള്ള കഥാപാത്രങ്ങളെ ചേരൂ, മേക്കോവറും അത്ര പോരാ!’; ‘അതിരടി’യിലെ നടിയുടെ കഥാപാത്രത്തിന് വിമർശനം

‘സർവ്വം മായ’ എന്ന ചിത്രത്തിൽ ഡെലൂലുവായെത്തി മലയാളികളുടെ ഒന്നടങ്കം മനം കവർന്ന നടിയാണ് റിയ ഷിബു. ‘ഡെലൂലു’ എന്ന ക്യൂട്ട് യക്ഷി കഥാപാത്രം യുവപ്രേക്ഷകർക്കിടയിൽ വലിയ ഹിറ്റായി മാറിയിരുന്നു. മലയാളികൾ കണ്ടു ശീലിച്ച യക്ഷി കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായ അവതരണമായിരുന്നു ഡെലൂലുവിനെ ശ്രദ്ധേയമാക്കിയത്.

മനുഷ്യരെ ഭയപ്പെടുത്തുന്നതിന് പകരം മനുഷ്യരെ കാണുമ്പോൾ പേടിക്കുകയും, ഡിപി മാറ്റുകയും, ഓൺലൈനായി വസ്ത്രങ്ങൾ ഓർഡർ ചെയ്യുന്നതുമൊക്കെയായി ഒരു ‘സാധാരണ പ്രേതം’ പോലെ അവതരിപ്പിച്ച കഥാപാത്രം വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം പിടിച്ചത്.

അതുകൊണ്ടുതന്നെ റിയ നായികയായെത്തുന്ന അടുത്ത ചിത്രത്തിനായി വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘അതിരടി’ റിലീസായതിന് പിന്നാലെ റിയയുടെ പ്രകടനത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.

ചിത്രത്തിൽ ‘സ്വാതി’ എന്ന കഥാപാത്രത്തെയാണ് റിയ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ കഥാപാത്രത്തിന്റെ അവതരണവും അഭിനയ ശൈലിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ‘ലീഡ് റോളിലെത്തിയ രണ്ടാം ചിത്രത്തിൽ തന്നെ അഭിനയത്തിൽ ഇനിയും വളരെയധികം മെച്ചപ്പെടാനുണ്ടെന്ന് തെളിഞ്ഞു’, ‘പാവ റോൾ, അതിനേക്കാൾ പാവ അഭിനയവും’- എന്നൊക്കെയാണ് ചിലർ കുറിച്ചിരിക്കുന്നത്.

സ്‌ക്രീനിൽ എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ കൺഫ്യൂഷനായി നിൽക്കുന്ന പോലെ തോന്നി വേറെ ചിലർ കുറിച്ചിരിക്കുന്നത്. അതേസമയം ‘ഡെലൂലു’ പോലുള്ള കംഫർട്ട് സോണിലുള്ള കഥാപാത്രങ്ങളിലാണ് റിയ കൂടുതൽ തിളങ്ങുന്നതെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. അഭിനയത്തിന് പുറമെ റിയയുടെ ഹെയർ സ്റ്റൈലും സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് കാരണമായിട്ടുണ്ട്.

‘സർവ്വം മായ’യിലെ ലുക്ക് തന്നെയായിരുന്നു താരത്തിന് കൂടുതൽ ചേരുന്നതെന്നാണ് നിരവധി പ്രേക്ഷകരുടെ അഭിപ്രായം. പുതിയ ചിത്രത്തിലെ മേക്കോവറിനും കഥാപാത്രത്തിന്റെ അവതരണത്തിനും ചില വിമർശനങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ മറുവശത്ത്, ഒരു നടിയുടെ കരിയറിലെ തുടക്ക കാലത്ത് ഇത്തരം പരീക്ഷണങ്ങൾ സ്വാഭാവികമാണെന്നും ഒറ്റ സിനിമയുടെ അടിസ്ഥാനത്തിൽ താരത്തെ വിലയിരുത്തരുതെന്ന് പറയുന്നവരുമുണ്ട്.അതേസമയം സർവ്വം മായ റിലീസ് ചെയ്യുന്നതിന് മുൻപാണ് റിയയെ അതിരടിയിലേക്ക് കാസ്റ്റ് ചെയ്യുന്നതെന്ന് നടൻ ബേസിൽ ജോസഫ് അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സർവ്വം മായയിൽ ഒരു ചെറിയ വേഷമാണ് ചെയ്തത് എന്നാണ് റിയ തങ്ങളോട് പറഞ്ഞതെന്നും ബേസിൽ വെളിപ്പെടുത്തിയിരുന്നു. അതേസമയം മെയ് 14 ന് റിലീസ് ചെയ്ത അതിരടി 50 കോടിയിലേക്ക് കുതിക്കുകയാണ്.

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! ‘അതിരടി’ 50 കോടിയിലേക്ക്

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! ‘അതിരടി’ 50 കോടിയിലേക്ക്

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’ 50 കോടിയിലേക്ക്. ആഗോള ബോക്സ് ഓഫീസില്‍ 49 കോടി രൂപയാണ് ‘അതിരടി’ ഇതുവരെ നേടിയിരിക്കുന്നത്. മെയ് 14 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 26 കോടിയും വിദേശ മാര്‍ക്കറ്റില്‍ 23 കോടിയുമാണ് ചിത്രം നേടിയത് എന്ന് ട്രാക്കർമാരായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. തിങ്കഴാഴ്ച മാത്രം നാല് കോടിയോളം ചിത്രം നേടിയെന്നാണ് സാക്നില്‍ക്കിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം കഴിഞ്ഞ ദിവസം ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ലോഞ്ച് ചെന്നൈയിൽ വച്ച് നടന്നിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പിൻ്റെ ലോഞ്ച് ചെന്നൈയിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് ഔദ്യോഗികമായി നിർവഹിച്ചത്. ബേസിൽ ജോസഫും സഹ താരങ്ങളും ഉൾപ്പെടെ ഒട്ടേറെ പേർ ചടങ്ങിൽ പങ്കെടുത്തു. മെയ് 22 നാണ് ചിത്രത്തിൻ്റെ തമിഴ് പതിപ്പ് തമിഴ്നാട്ടിൽ റിലീസിന് എത്തുന്നത്.

ഈ വർഷം ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും വലിയ മൂന്നാമത്തെ ആഗോള ഓപ്പണിങ് ആണ് അതിരടി നേടിയത്. ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശനം തുടരുന്നത്.

ആദ്യാവസാനം പ്രേക്ഷകരെ ചിരിയും ആക്ഷനും കൊണ്ട് ആവേശം കൊള്ളിക്കുന്ന ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവൽ ചിത്രമാണ് അതിരടി. യുവ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ചിത്രം, കുടുംബ പ്രേക്ഷകരെയും ആകർഷിച്ചു കൊണ്ടാണ് കുതിക്കുന്നത്.

ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ടൊവിനോ തോമസ്, ഷാൻ റഹ്മാൻ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിൻ്റെ പ്രധാന ആകർഷണം. ഡോ അനന്തു എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഡോ അനന്തു എസും, ബേസിൽ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് ചിത്രം നിർമിച്ചത്.

നവാഗതനായ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്തത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ. വിഷ്ണു അഗസ്ത്യ, ദർശന രാജേന്ദ്രൻ, ജിയോ ബേബി, വിനീത് തട്ടിൽ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്. റിയ ഷിബു, സറിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു’

‘അതിരടിയിൽ ടൊവിനോയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് മറ്റൊരു നടനെ; പിന്നീട് കഥ റീവർക്ക് ചെയ്തു’

‘അതിരടി’യിൽ വില്ലൻ കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത് ടൊവിനോയെ ആയിരുന്നില്ലെന്ന് നടൻ ബേസിൽ ജോസഫ്. ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റ് കുറച്ചു കൂടി റീവർക്ക് ചെയ്തുവെന്നും ബേസിൽ പറഞ്ഞു. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബേസിൽ.

“ആദ്യം സിനിമയിൽ വില്ലൻ കാരക്ടറിലേക്ക് വേറെ ഒരാളെ ആയിരുന്നു കാസ്റ്റ് ചെയ്തിരുന്നത്. പിന്നെ നമ്മൾ ഒരു പോയിന്റ് എത്തിയപ്പോൾ എന്തുകൊണ്ട് ഈ വേഷം ടൊവിനോ ചെയ്തൂടാ. അവൻ ചെയ്‌താൽ രസമായിരിക്കില്ലേ എന്ന് തോന്നി. അവൻ ഇതുപോലെ ഒരു ടൈപ്പ് ഓഫ് കാരക്ടർ ചെയ്തിട്ടില്ല. അപ്പോൾ അവനെ കൊണ്ടുവന്നു.

അപ്പോൾ ആ കാരക്ടറിന് വേണ്ടി സ്ക്രിപ്റ്റിൽ കുറച്ചു കൂടെ റീവർക്ക് ചെയ്തു. അവനെ കൊണ്ടുവരുമ്പോൾ നമ്മൾ അതിനുള്ള ജസ്റ്റിസ് ചെയ്യണമല്ലോ. നമ്മളെ വിശ്വസിച്ച് ഒരാൾ വരുകയാണ്. അതുമാത്രമല്ല ടൊവിനോയെ പോലൊരു സ്റ്റാർ ആണ് വില്ലൻ റോൾ ചെയ്യാൻ വരുന്നത്. അപ്പോൾ വെറുതെ ഒരു കാസ്റ്റിങ് ആയിട്ട് മാത്രം നമ്മൾ അതിനെ ദുരുപയോ​ഗം ചെയ്യാൻ പാടില്ല.

അതുകൊണ്ട് അവനും കൂടെ വേണ്ടി കുറച്ചു കൂടെ നന്നായി എഴുതി. അങ്ങനെ മെല്ലെ മെല്ലെ വലുതായി വന്നതാണ്. അതൊരു ഭയങ്കര ഓർഗാനിക് ആയിട്ടുള്ള ഒരു പ്രോസസ് ആണ്”.- ബേസിൽ പറഞ്ഞു.

നവാ​ഗതനായ അരുൺ അനിരുദ്ധൻ ആണ് അതിരടി സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.