by Midhun HP News | Aug 7, 2025 | Latest News, ദേശീയ വാർത്ത, സിനിമ
തെന്നിന്ത്യയുടെ സൂപ്പർ സ്റ്റാർ ആണ് രജനികാന്ത്. ഇന്നും തലൈവരുടെ സ്വാഗിനും സ്റ്റൈലിനുമൊന്നും പകരം വയ്ക്കാൻ മറ്റൊരു നടൻ ഇല്ല. കെ ബാലചന്ദർ സംവിധാനം ചെയ്ത് 1975 ഓഗസ്റ്റ് 15 ന് റിലീസ് ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയായിരുന്നു സ്റ്റൈൽ മന്നന്റെ സിനിമ അരങ്ങേറ്റം. പിന്നീടിങ്ങോട്ട് രജനിയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ദളപതി, അണ്ണാമലൈ, ബാഷ, പടയപ്പ, ചന്ദ്രമുഖി, എന്തിരൻ, ജയിലർ, വേട്ടയ്യൻ തുടങ്ങി എണ്ണിയാൽ തീരാത്തത്ര ഹിറ്റുകളിലൂടെ രജനികാന്ത് തമിഴകത്ത് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ചു. തന്റെ ട്രേഡ്‌മാർക്ക് അഭിനയരീതികൾ കൊണ്ടും സ്റ്റൈലിഷ് സ്റ്റേറ്റ്‌മെന്റും കൊണ്ടും രജനികാന്ത് സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ തുടങ്ങിയിട്ട് 50 വർഷം തികയുകയാണ്.
സിനിമയിലെ രജനികാന്തിന്റെ 50 വർഷങ്ങൾ ആഘോഷമാക്കുകയാണ് ആരാധകരും. രജനികാന്തിനോടുള്ള ആരാധനയുടെ ഭാഗമായി തമിഴ്നാട്ടിൽ അദ്ദേഹത്തിന്റെ പേരിൽ ക്ഷേത്രം പോലും നിർമിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ ക്ഷേത്രത്തിൽ നിന്നുള്ള ഒരു വിശേഷമാണ് പുറത്തുവന്നിരിക്കുന്നത്. മധുരയിലെ രജനികാന്തിന്റെ പേരിലുള്ള ക്ഷേത്രമായ അരുൾമിഗു ശ്രീ രജനി ക്ഷേത്രത്തിൽ അദ്ദേഹത്തിന്റെ 5,500-ലധികം ഫോട്ടോഗ്രാഫുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് കാർത്തിക് എന്ന ആരാധകൻ.
രജനികാന്തിന്റെ സിനിമകളിൽ നിന്നുള്ള ഫോട്ടോകളും ഇവിടെ കാണാം. വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ ക്ഷേത്രത്തിൽ 300 കിലോഗ്രാം ഭാരം വരുന്ന രജനികാന്തിന്റെ ഒരു വിഗ്രഹവുമുണ്ട്. രജനികാന്തിന്റെ അഭിനയത്തിലെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, നടനെ ദൈവമായി കണ്ടാണ് കാർത്തിക്കും കുടുംബവും വ്യാഴാഴ്ച ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ആഘോഷങ്ങളും നടത്തിയത്. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ സൂപ്പർ ഹിറ്റുകളായ ഒട്ടേറെ സിനിമകളാണ് അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് രജനികാന്തിന്റേതായി റിലീസിനൊരുങ്ങുന്ന സിനിമ. ഈ മാസം 14 നാണ് ചിത്രം തിയറ്ററുകളിലെത്തുക. വൻ താരനിര അണിനിരക്കുന്ന കൂലിയും ബോക്സോഫീസിൽ വൻ വിജയമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
by Midhun HP News | Aug 7, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
കൊച്ചി: അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്നും രംഗങ്ങൾ പ്രചരിപ്പിച്ചുവെന്നുമുള്ള കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. നിയമപരമായി തന്നെ താൻ മുന്നോട്ട് പോകുമെന്ന് ശ്വേത കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
എഫ്ഐആർ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേത കോടതിയിൽ ഹർജിയിൽ നൽകിയിരിക്കുന്നത്. അമ്മയിലെ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ ഈ പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്വേത ഹർജിയിൽ പറയുന്നു. ഇന്ന് ഉച്ചയോടെ ഹർജി പരിഗണിക്കും. ഇന്നലെ എറണാകുളം സിജെഎം കോടതിയാണ് ശ്വേതയ്ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്.
തുടർന്ന് എറണാകുളം സെന്‍ട്രൽ പൊലീസ് ഐടി നിയമത്തിലെ 67 (എ), അനാശാസ്യ പ്രവർത്തന നിരോധന നിയമത്തിലെ 5, 3 വകുപ്പുകൾ പ്രകാരവും എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇത് റദ്ദാക്കണമെന്നാണ് ശ്വേതയുടെ ആവശ്യം. താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോൻ മത്സരിക്കുന്നുണ്ട്.
ഈ മാസം 15നാണ് തെരഞ്ഞെടുപ്പ്. ഇതിനോട് അനുബന്ധിച്ചാണോ ശ്വേതയ്ക്കെതിരെ കേസ് തുടങ്ങിയ സംശയങ്ങൾ ചലച്ചിത്ര മേഖലയിൽ നിന്നു തന്നെ ഉയർന്നിരുന്നു. ശ്വേതയെ പിന്തുണച്ച് താരങ്ങളടക്കം രംഗത്തെത്തുകയും ചെയ്തിരുന്നു.
by Midhun HP News | Aug 2, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്‍റെ അപ്രതീക്ഷിത വിയോഗത്തിന്‍റെ ഞെട്ടലിലാണ് മലയാള സിനിമാലോകം, ഒപ്പം പ്രേക്ഷകരും. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളില്‍ വീണ്ടും സജീവമായി വരികയായിരുന്ന അദ്ദേഹം ഒരു സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് മരണം.
നടന്‍ കലാഭവന്‍ നവാസ് അഭിനയിച്ചുകൊണ്ടിരിക്കുന്ന പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. മുറിയിൽ മരിച്ചു കിടക്കുന്നതായി റൂം ബോയ് ആണ് കണ്ടത്. പൊലീസ് എത്തി മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഹൃദയാഘാതമാണ് നവാസിന്‍റെ മരണകാരണമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മിമിക്രി കലാകാരനുമായ കെ എസ് പ്രസാദ് പറഞ്ഞു.
അഭിനയിച്ചുകൊണ്ടിരുന്ന പ്രകമ്പനം എന്ന ചിത്രത്തിന്‍റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഹോട്ടല്‍ മുറി വെക്കേറ്റ് ചെയ്യാനായാണ് നവാസ് എത്തിയതെന്നാണ് വിവരം. എന്നാല്‍ ഏറെ നേരമായിട്ടും ആളെ കാണാത്തതിനാല്‍ റൂം ബോയ് അന്വേഷിച്ച് ചെയ്യപ്പോഴാണ് നവാസിനെ മരിച്ച നിലയില്‍ കണ്ടത്. ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി വരികയായിരുന്നു നവാസ്. മലയാളത്തിലെ നിരവധി നടന്മാരെപ്പോലെ മിമിക്രി വേദിയിലൂടെയാണ് നവാസിന്‍റെയും കലാജീവിതത്തിന്‍റെ തുടക്കം.
1995 ല്‍ പുറത്തിറങ്ങിയ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. മിമിക്രി കലാകാരന്മാരുടെ ജീവിതം പശ്ചാത്തലമാക്കുന്ന മിമിക്സ് ആക്ഷന്‍ 500 എന്ന ചിത്രവും അതേ വര്‍ഷം എത്തി. ഹിറ്റ്ലര്‍ ബ്രദേഴ്സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, മാട്ടുപ്പെട്ടി മച്ചാന്‍, ചന്ദാമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിലെ റോളുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഡിറ്റക്റ്റീവ് ഉജ്ജ്വലന്‍ ആണ് അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. താരസംഘടന അമ്മയുടെ അടുത്തിടെ നടന്ന ജനറല്‍ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതിനാല്‍ത്തന്നെ പ്രിയ സഹപ്രവര്‍ത്തകന്‍റെ ആകസ്മിക നിര്യാണത്തിന്‍റെ ഞെട്ടലിലാണ് സിനിമാലോകം.
by Midhun HP News | May 29, 2025 | Latest News, കേരളം, സിനിമ
കഴിഞ്ഞ ദിവസമാണ് നടൻ ഉണ്ണി മുകുന്ദനെതിരെ പിആർഒ വിപിൻ കുമാർ പരാതിയുമായി രംഗത്തെത്തിയത്. ടൊവിനോ നായകനായെത്തിയ നരിവേട്ട സിനിമയെ അഭിനന്ദിച്ച് പോസ്റ്റ് പങ്കുവച്ചതാണ് ഉണ്ണി മുകുന്ദനെ
ചൊടിപ്പിച്ചത് എന്നായിരുന്നു വിപിന്റെ ആരോപണം. ഇതിന് വിശദീകരണവുമായി ഉണ്ണി മുകുന്ദൻ രംഗത്തെത്തുകയും ചെയ്തു. ടൊവിനോയുമായി തന്നെ തെറ്റിക്കാനാണ് വിപിന്റെ ശ്രമമെന്നും ഉണ്ണി പറഞ്ഞിരുന്നു.
ഇപ്പോഴിതാ വിവാദങ്ങൾ നിലനിൽക്കെ ടൊവിനോയുമായുള്ള വാട്സ്ആപ് ചാറ്റ് പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ഉണ്ണി ചാറ്റ് പങ്കുവച്ചത്. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും സ്റ്റിക്കർ പരസ്പരം അയച്ച ചാറ്റിന്റെ സ്ക്രീൻഷോട്ടാണ് ഉണ്ണി മുകുന്ദൻ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്. ഷോലെ എന്ന സിനിമയിലെ തീം സോങിനൊപ്പമാണ് ഉണ്ണി ചാറ്റ് ഷെയർ ചെയ്തത്.
സ്ക്രീൻഷോട്ടിൽ ടൊവിനോ വോയ്‌സ് മെസേജ് അയച്ചിരിക്കുന്നത് കാണാം. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തുവന്ന ‘ബസൂക്ക’യിലെ ഒരു സ്റ്റിക്കർ ആണ് ഉണ്ണി മറുപടി ആയി അയച്ചിരിക്കുന്നത്. മോഹൻലാലിന്റെ പുഞ്ചിരി തൂകുന്ന ചിത്രം ടൊവിനോ മറുപടിയായി അയച്ചപ്പോൾ മോഹൻലാലിന്റെ തന്നെ ചിത്രമുള്ള ഒരു സ്റ്റിക്കറാണ് ഉണ്ണിയും തിരിച്ചയച്ചത്.സിനിമയിൽ പരസ്പരം സൗഹൃദം കാത്തു സൂക്ഷിക്കുന്നവരാണ് ടൊവിനോയും ഉണ്ണിയും. ‘മാർക്കോ’ സിനിമയുടെ റിലീസ് ദിവസത്തെ ആഘോഷത്തിൽ ടൊവിനോയും ഉണ്ണിക്കൊപ്പം സന്തോഷം പങ്കുവയ്ക്കാൻ എത്തിയിരുന്നു. അതേസമയം വിപിൻ കുമാറിന്റെ പരാതിക്ക് പിന്നാലെ ഉണ്ണി മുകുന്ദന് പിന്തുണയുമായി താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു.
by Midhun HP News | May 17, 2025 | Latest News, ജില്ലാ വാർത്ത, സിനിമ
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ ‘തുടരും’. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. റിലീസായി ആഴ്ചകൾ കഴിയുമ്പോഴും ടിക്കറ്റ് വില്പനയിൽ തുടരും മുന്നിലാണ്.
പുറത്തിറങ്ങി ഇരുപത്തി രണ്ടാം ദിവസമായ ഇന്നലെ 4.11K ടിക്കറ്റുകളാണ് തുടരും ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒപ്പമുള്ള മറ്റു മലയാള സിനിമകളേക്കാൾ ഉയർന്ന ടിക്കറ്റ് വില്പനയാണിത്. 4.17 മില്യൺ ടിക്കറ്റുകളാണ് തുടരും ഇതുവരെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. 4.2 മില്യൺ ടിക്കറ്റ് വിറ്റ് ഒന്നാം സ്ഥാനത്തുള്ള മഞ്ഞുമ്മൽ ബോയ്‌സിനെ തുടരും ഉടൻ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. റിപ്പോർട്ടുകൾ പ്രകാരം സിനിമ ഇതുവരെ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 210.75 കോടിയാണ്. ഇതിൽ കേരളത്തിൽ നിന്ന് മാത്രം സിനിമ 103 കോടിയാണ് നേടിയത്.
ഇതോടെ കേരളത്തിൽ നിന്ന് ഒരു സിനിമ ആദ്യമായി 100 കോടി കടന്നെന്ന റെക്കോർഡും മോഹൻലാൽ സ്വന്തം പേരിലാക്കി, ഒപ്പം 2018 നെ പിന്നിലാക്കി ഇൻഡസ്ട്രി ഹിറ്റെന്ന ടാഗും.തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്.
നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജി കുമാർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്‌സ് ബിജോയ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത്ത്, ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.
by Midhun HP News | Apr 28, 2025 | Latest News, കേരളം, സിനിമ
തിരുവനന്തപുരം: ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വഴുതക്കാട് ഉദാരശിരോമണി റോഡിലെ വസതിയായ പിറവിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദരോഗ ചികിത്സയിലായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നതപുരസ്‌കാരമായ ജെസി ഡാനിയേല്‍ അവാര്‍ഡ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയിരുന്നു. അതായിരുന്നു ഷാജി എന്‍ കരുണിന്റെ അവസാന പൊതുപരിപാടി.
എഴുപതോളം ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും 31 പുരസ്‌കാരങ്ങള്‍ നേടുകയുംചെയ്ത ‘പിറവി’, കാന്‍ ചലച്ചിത്രമേളയില്‍ പാംദോറിന് നാമനിര്‍ദേശംചെയ്യപ്പെട്ട ‘സ്വം’, കാനില്‍ ഔദ്യോഗികവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ‘വാനപ്രസ്ഥം’ തുടങ്ങിയ ചിത്രങ്ങളിലൂടെ അന്തര്‍ദേശീയതലത്തില്‍ മലയാളസിനിമയ്ക്ക് അഭിമാനകരമായ അംഗീകാരങ്ങള്‍ നേടിതന്നു. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്.
മമ്മൂട്ടിയെ നായകനാക്കി 2009ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്ക് എന്ന ചിത്രം ഏഴുവീതം ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടി. കലാസാംസ്‌കാരിക രംഗത്തെ സംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്ര അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്’, പത്മശ്രീ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
1952-ല്‍ കൊല്ലം ജില്ലയില്‍ ജനിച്ച ഷാജി എന്‍ കരുണ്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍നിന്ന് ബിരുദവും 1974-ല്‍ പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമയും നേടി. 1975-ല്‍ കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ രൂപവത്കരണവേളയില്‍ ആസൂത്രണത്തില്‍ മുഖ്യപങ്കുവഹിച്ചു. 1998-ല്‍ രൂപംകൊണ്ട കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാനായിരുന്നു. നിലവില്‍ കെഎസ്എഫ്ഡിസി ചെയര്‍മാനാണ്.
Recent Comments