by Midhun HP News | Feb 25, 2025 | Latest News, കായികം, ജില്ലാ വാർത്ത
ദുബായ്: ഏകദിന ക്രിക്കറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു താരത്തെ താന്‍ കണ്ടിട്ടില്ലെന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകനും ഇതിഹാസവുമായ റിക്കി പോണ്ടിങ്. ഏകദിനത്തില്‍ സച്ചിന്‍ നേടിയ റണ്‍സ് മറികടക്കാന്‍ കെല്‍പ്പുള്ള താരം കോഹ്‌ലി തന്നെയാണെന്നു പോണ്ടിങ് ഉറച്ചു വിശ്വസിക്കുന്നു.
കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ കോഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അതിവേഗം 14,000 റണ്‍സ് ഏകദിനത്തില്‍ സ്വന്തമാക്കുന്ന ആദ്യ താരമായി കോഹ്‌ലി മാറി. മാത്രമല്ല 14,000ത്തിനു മുകളില്‍ റണ്‍സ് അടിച്ച മൂന്നാമത്തെ മാത്രം താരമായും കോഹ്‌ലി മാറി. താരത്തിന്റെ ഏകദിന കരിയറിലെ 51ാം സെഞ്ച്വറിയാണ് ദുബായില്‍ പിറന്നത്.
’50 ഓവര്‍ ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയേക്കാള്‍ മികച്ച ഒരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. റണ്‍ വേട്ടയില്‍ അദ്ദേഹം എന്നെ മറികടന്നു. ഇനി രണ്ട് പേര്‍ മാത്രമേ മുന്നിലുള്ളു. ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന റെക്കോര്‍ഡ് അദ്ദേഹം തന്നെ സ്വന്തമാക്കുമെന്നാണ് ഞാന്‍ കരുതുന്നത്.’
‘നിലവില്‍ കോഹ്‌ലി (14085 റണ്‍സ്) ഇപ്പോഴും സച്ചിനെക്കാള്‍ (18426) 4,341 റണ്‍സ് പിന്നിലാണ്. 36 വയസുമുണ്ട്. സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുക എന്ന ചരിത്രമെഴുതാന്‍ പരിമിതമായ സമയം മാത്രമേ താരത്തിനു മുന്നിലുള്ളു. എന്നാല്‍ പോണ്ടിങ് അതു കണക്കാക്കുന്നില്ല. കോഹ്‌ലി വിചാരിച്ചാല്‍ അതു സാധിക്കുമെന്നു തന്നെയാണ് ഇതിഹാസ ഓസീസ് ബാറ്റര്‍ വിശ്വസിക്കുന്നത്.’
‘അദ്ദേഹം ഇപ്പോഴും പൂര്‍ണ ഫിറ്റാണ്. ഇപ്പോഴും അസാധാരണമാം വിധമാണ് കോഹ്‌ലി കഠിനാധ്വാനം ചെയ്യുന്നത്. കണക്ക് നോക്കുമ്പോള്‍ ഞാന്‍ പറയുന്നത് കുറച്ച് അതിശയകരമായി തോന്നാം. ഇത്ര കാലം ഇത്രയും മികവോടെ കളിച്ചിട്ടും വിരാട് സച്ചിനേക്കാള്‍ 4000 റണ്‍സ് പിന്നാലാണ്.’
‘സച്ചിന്‍ എത്ര മികവുള്ള താരമായിരുന്നു എന്നതാണ് ഇത് കാണിക്കുന്നത്. എന്നാല്‍ റണ്‍സ് നേടാനുള്ള ആഗ്രഹം ഉള്ളിടത്തോളം വിരാടിനെപ്പോലുള്ള ഒരാളെ എളുപ്പം ഒഴിവാക്കാന്‍ സാധിക്കില്ല.(സച്ചിന്റെ റെക്കോര്‍ഡ് മറികടക്കുന്നതില്‍).’
പാകിസ്ഥാനെതിരെ കണ്ടത് കോഹ്‌ലിയുടെ ഏറ്റവും മികച്ച ബാറ്റിങുകളില്‍ ഒന്നാണെന്നു പോണ്ടിങ് പറയുന്നു.
‘ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ അദ്ദേഹം പാകിസ്ഥാനെതിരെ ഉരുക്കു പോലെ ഉറപ്പോടെയാണ് നിന്നത്. ദുബായിലെ ആ രാത്രിയില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വ്യത്യാസം കോഹ്‌ലിയായിരുന്നു. അത്തരമൊരു മത്സരം ജയിപ്പിക്കാന്‍ ഉതകുന്ന ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുള്ള ഒരു താരം ബാറ്റിങ് ഓര്‍ഡറില്‍ തുടക്കത്തില്‍ ആവശ്യമാണ്. ദീര്‍ഘനാളായി ഒരു ചാംപ്യന്‍ കളിക്കാരനായി നില്‍ക്കുന്ന കോഹ്‌ലിയെ പോലെ ഒരാള്‍ ആ ജോലി പൂര്‍ത്തിയാക്കേണ്ടത് അയാളുടെ ഉത്തരവാദിത്വം കൂടിയാണ്. കാരണം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അവിശ്വസനീയമായ താരമാണ് അദ്ദേഹം’- പോണ്ടിങ് വാചാലനായി.
by Midhun HP News | Feb 21, 2025 | Latest News, കായികം
അഹമ്മദാബാദ്: രഞ്ജിട്രോഫിയില്‍ കേരളത്തിന് ചരിത്ര നേട്ടം. സെമി ഫൈനലിലെ സൂപ്പര്‍ ക്ലൈമാക്‌സില്‍ ഗുജറാത്തിനെതിരെ ഒന്നാമിന്നിങ്‌സ് നേടിയ കേരളം നടാടെ ഫൈനലില്‍ കടന്നു. ഒന്നാമിന്നിങ്‌സ് ലീഡിന്റെ കരുത്തിലാണ് കേരളത്തിന്റെ മുന്നേറ്റം. അവസാന ദിവസം മൂന്നു വീക്കറ്റുകളും വീഴ്ത്തിയ ആദിത്യ സര്‍വതെയാണ് കേരളത്തെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയത്. രണ്ടു റണ്‍സിന്റെ ലീഡാണ് കേരളം നേടിയത്.
അവസാന വിക്കറ്റില്‍ ഗുജറാത്തിന്റെ അര്‍സന്‍ നാഗ്‍വസ്വല്ലയും പ്രിയജിത് സിങ് ജഡേജയും നടത്തിയ ചെറുത്തു നില്‍പ്പ് കേരളത്തിന്റെ ചരിത്ര ഫൈനലെന്ന സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാകുമോയെന്ന ആശങ്ക ഉയര്‍ത്തിയിരുന്നു. ഗുജറാത്ത് സ്‌കോര്‍ 455 റണ്‍സെടുത്തു നില്‍ക്കെ, 48 പന്തില്‍ 10 റണ്‍സെടുത്ത് പ്രതിരോധക്കോട്ട കെട്ടിയ നാഗ്‍വസ്വല്ലയെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചാണ് ആദിത്യ സര്‍വതെ കേരളത്തിന് ചരിത്ര നേട്ടം നേടിക്കൊടുത്തത്.
കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 457 റൺസിനെതിരെ, ഗുജറാത്ത് 455 റണ്‍സിന് പുറത്തായി. ഇതോടെ ഒന്നാമിന്നിങ്‌സില്‍ കേരളത്തിന് രണ്ടു റണ്‍സിന്റെ നിര്‍ണായക ലീഡ് നേടാനായി. നാലു വിക്കറ്റ് വീതം വീഴ്ത്തിയ ജലജ് സക്‌സേന, ആദിത്യ സര്‍വതെ എന്നിവരുടെ മികവാണ് കേരളത്തിന്റെ സ്വപ്‌നതുല്യ കുതിപ്പില്‍ നിര്‍ണായകമായത്. നിധീഷ്, ബേസില്‍ എന്നിവര്‍ കേരളത്തിനായി ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് ഒന്നാം ഇന്നിങ്‌സ് ലീഡ് നേടുന്ന ടീം ഫൈനലില്‍ ഇടം നേടുമായിരുന്നു. അതു കൊണ്ടു തന്നെ ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. രാവിലെ തന്നെ അര്‍ധ സെഞ്ച്വറി നേടിയ ജയ്മീത് പട്ടേലിനെ പുറത്താക്കി കേരളം പ്രതീക്ഷ സജീവമാക്കി.
177 പന്തില്‍ 79 റണ്‍സെടുത്ത പട്ടേലിനെ ആദിത്യ സര്‍വതെയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ നടത്തിയ മിന്നല്‍ സ്റ്റംപിങ്ങിലൂടെയാണ് പുറത്താക്കിയത്. ഗുജറാത്ത് ടീം സ്‌കോര്‍ 436 ല്‍ നില്‍ക്കെയാണ് ജയ്മീത് പട്ടേല്‍ പുറത്താകുന്നത്.
പിന്നാലെ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ, സിദ്ധാര്‍ഥ് ദേശായിയെയും സര്‍വതെ പുറത്താക്കി. 164 പന്തില്‍ 30 റണ്‍സെടുത്ത ദേശായിയെ സര്‍വതെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ പട്ടേല്‍-ദേശായി സഖ്യം നേടിയ 79 റണ്‍സാണ് ഗുജറാത്തിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. കേരളം ഒന്നാമിന്നിങ്‌സില്‍ 457 റണ്‍സാണ് നേടിയിരുന്നത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് കേരളത്തിന് കൂറ്റന്‍ സ്‌കോര്‍ നേടിക്കൊടുത്തത്. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (69 റണ്‍സ്), സല്‍മാന്‍ നിസാര്‍ (52 റണ്‍സ്) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു.
by Midhun HP News | Feb 20, 2025 | Latest News, കായികം
ദുബായ്: ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു.
ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ അണിനിരത്തിയാണ് ഇറങ്ങുന്നത്. കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലേക്ക് വന്നു. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. മുഹമ്മദ് ഷമി, ഹര്‍ഷിദ് റാണ എന്നിവരാണ് പേസര്‍മാര്‍.
ഇന്ത്യ ഇലവന്‍; രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ്.നിലവിലെ ടി20 ലോക ചാംപ്യന്‍മാരായ ഇന്ത്യ ഏകദിനത്തില്‍ 2011ലെ ലോക കിരീടത്തിനും 2013ലെ ചാംപ്യന്‍സ് ട്രോഫിക്കും ശേഷം മറ്റൊരു ഐസിസി കിരീടം നേടിയിട്ടില്ല. മൂന്നാം ചാംപ്യന്‍സ് ട്രോഫി കിരീടത്തിലൂടെ ആ കുറവ് നികത്തുകയാണ് രോഹിതും സംഘവും ലക്ഷ്യമിടുന്നത്.
ഗ്രൂപ്പ് എയില്‍ ഇന്ത്യ- ബംഗ്ലാദേശ് പോരാട്ടം ഉച്ചയ്ക്ക് 2.30 മുതല്‍ ദുബായിലാണ് അരങ്ങേറുന്നത്. 2017ല്‍ അവസാന നടന്ന ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ ചിരവൈരികളാണ് പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും പരാജയപ്പെട്ടു.
രോഹിത് ശര്‍മയുടെ അവസാന ടൂര്‍ണമെന്റാകും ചാംപ്യന്‍സ് ട്രോഫി എന്നാണ് വിലയിരുത്തപ്പെടുന്നത്. കിരീടം നേടി ക്യാപ്റ്റനു വീരോചിത യാത്രയയപ്പ് നല്‍കാന്‍ സഹ താരങ്ങള്‍ ഉത്സാഹിക്കുമെന്നു ഉറപ്പ്.
by Midhun HP News | Feb 19, 2025 | Latest News, കായികം
ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഇന്ത്യയുടെ 40 വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് യുഎസ്എ. ഐസിസി പുരുഷ ക്രിക്കറ്റ് വേള്‍ഡ് കപ്പ് ലീഗ് 2 ല്‍ ഒമാനെതിരെ നടന്ന മത്സരത്തിലാണ് ടീമിന്റെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത് കുറഞ്ഞ സ്കോര്‍ നേടിയിട്ടും വിജയം പിടിച്ചെടുത്തെന്ന ഇന്ത്യയുടെ റെക്കോര്‍ഡാണ് യുഎസ്എ സ്വന്തമാക്കിയത്.
ആദ്യ ഇന്നിംഗ്‌സില്‍ യുഎസ്എയ്ക്ക് 122 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. പുറത്താകാതെ 47 റണ്‍സ് നേടിയ മിലിന്ദ് കുമാറാണ് അമേരിക്കയുടെ ടോപ് സ്‌കോറര്‍. ആരോണ്‍ ജോണ്‍സും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും 16 റണ്‍സ് വീതം നേടി. ഒമാനുവേണ്ടി ഷക്കീല്‍ അഹമ്മദ് മൂന്ന് വിക്കറ്റ് നേടി.
മത്സരത്തില്‍ യുഎസ്എ ഉയര്‍ത്തിയ 123 റണ്‍സ് പിന്തുടര്‍ന്ന ഒമാന്റേത് മോശം തുടക്കമായിരുന്നു. ക്യാപ്റ്റന്‍ ജതീന്ദര്‍ സിങ് ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ഓപ്പണിങ് താരം അഞ്ച് റണ്‍സ് നേടി മടങ്ങി. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത ഹമ്മദ് മിര്‍സ 29 റണ്‍സ് നേടി, രണ്ടക്കം പിന്നിട്ട ഏക ഒമാന്‍ താരവും ഹമ്മദ് മിര്‍സയായിരുന്നു. വിക്കറ്റുകള്‍ പെട്ടെന്ന് വീണതോടെ 65 റണ്‍സില്‍ ഒമാന്‍ ഓള്‍ ഔട്ടായി.
by Midhun HP News | Feb 18, 2025 | Latest News, കായികം
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം മികച്ച നിലയിൽ. മുഹമ്മദ് അസ്ഹറുദ്ധീൻ സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ കേരളം അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 315 റൺസ് എന്ന നിലയിലാണ്. 173 പന്തിൽ 13 ഫോറുകളടക്കമാണ് അസ്ഹറുദ്ധീൻ സെഞ്ച്വറി നേടിയത്. അസ്ഹറുദ്ധീനൊപ്പം സൽമാൻ നിസാർ 35 റൺസുമായി ക്രീസിലുണ്ട്.
രണ്ടാം ദിനത്തിലെ രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ കേരളത്തിന് നഷ്ടമായിരുന്നു. ഒന്നാം ദിനത്തിലെ സ്കോറായ 206 റൺസിലേക്ക് സ്കോർ ചേർക്കുന്നതിന് മുമ്പായിരുന്നു വിക്കറ്റ് വീണത്. 69 റൺസാണ് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി നേടിയത്. 195 പന്തിൽ എട്ടുഫോറുകൾ നേടി.
ആദ്യ ദിനത്തിൽ ഭേദപ്പെട്ട റൺസ് സ്കോർ ചെയ്യാൻ കഴിഞ്ഞുവെന്നത് പോസിറ്റീവാണ്. ഇന്നലെ അക്ഷയ് ചന്ദ്രന്‍, രോഹൻ കുന്നുമ്മൽ, ജലജ് സക്‌സേന എന്നിവരും 30 റൺസ് വീതം നേടിയിരുന്നു. ഈ മൂന്നുപേരും പുറത്തായി. 10 റണ്‍സെടുത്ത വരുണ്‍ നായനാരുടെ വിക്കറ്റും കേരളത്തിന് നഷ്ടമായി. രണ്ടാം ദിനത്തിൽ റൺ റേറ്റ് ഉയർത്തി സ്കോർ എളുപ്പത്തിൽ 400 കടത്തുകയാവും കേരളത്തിന്റെ ലക്ഷ്യം.
നേരത്തെ ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജമ്മു കശ്മീരിനെതിരെ ക്വാര്‍ട്ടര്‍ മത്സരം കളിച്ച ടീമില്‍ കേരളം രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് ഗ്രൗണ്ടിലിറങ്ങിയത്. ബാറ്റര്‍ ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാര്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ പേസര്‍ ബേസില്‍ തമ്പിക്ക് പകരം അഹമ്മദ് ഇമ്രാനും കേരളത്തിനായി ഇറങ്ങി.
by Midhun HP News | Feb 17, 2025 | Latest News, കായികം
അഹമ്മദാബാദ്: ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി സെമിയില്‍ കേരളം പൊരുതുന്നു. ടോസ് നേടി ബാറ്റിങിനിറങ്ങിയ കേരളം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയില്‍.
മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രന്‍ (30), രോഹന്‍ കുന്നുമ്മല്‍ (30) എന്നിവര്‍ ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 60 റണ്‍സ് ചേര്‍ത്തു. ഇന്ത്യന്‍ താരം രവി ബിഷ്‌ണോയ് ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് തുടരെ രണ്ട് വിക്കറ്റുകള്‍ കൂടി കേരളത്തിനു നഷ്ടമായി. നിലവില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 36 റണ്‍സുമായും ജലജ് സക്‌സേന 18 റണ്‍സുമായും ക്രീസില്‍ തുടരുന്നു. കേരളത്തിനായി വരുണ്‍ നായനാരും അഹമ്മദ് ഇമ്രാനും സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മൂന്നാമായി ക്രീസിലെത്തിയ വരുണിനു പക്ഷേ തിളങ്ങാനായില്ല. താരം 10 റണ്‍സുമായി മടങ്ങി.
Recent Comments