സായ് സുദര്‍ശന് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് മുന്നില്‍ 225 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ എ

സായ് സുദര്‍ശന് സെഞ്ച്വറി; ഓസ്‌ട്രേലിയക്ക് മുന്നില്‍ 225 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യ എ

സിഡ്‌നി: ഓസ്‌സ്‌ട്രേലിയ എ ടീമിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 225 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഇന്ത്യ എ. ഒന്നാം ഇന്നിങ്‌സില്‍ 107 റണ്‍സിനു പുറത്തായ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 312 റണ്‍സ് നേടിയാണ് കളിയിലേക്ക് തിരിച്ചെത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 195 റണ്‍സിനു പുറത്തായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി സായ് സുദര്‍ശന്‍ സെഞ്ച്വറി നേടി. ദേവ്ദത്ത് പടിക്കല്‍ 88 റണ്‍സും കണ്ടെത്തി. ഇരുവരുടേയും ബാറ്റിങ് മികവിലാണ് ഇന്ത്യ പ്രതിരോധിക്കാവുന്ന ലക്ഷ്യം മുന്നില്‍ വച്ചത്. ഇഷാന്‍ കിഷന്‍ 32 റണ്‍സ് കണ്ടെത്തി. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല.

ഓസ്‌ട്രേലിയക്കായി ഫെര്‍ഗുസ് ഒ നീല്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി. ടോഡ് മര്‍ഫി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ 6 വിക്കറ്റുകള്‍ വീഴ്ത്തിയ മുകേഷ് കുമാറിന്റെ ബൗളിങാണ് ഓസീസ് സ്‌കോര്‍ ഒന്നാം ഇന്നിങ്‌സില്‍ 200 കടത്താതെ നിര്‍ത്തിയത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് നിതീഷ് കുമാര്‍ റെഡ്ഡിയും സ്വന്തമാക്കി.

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൂര്യകൃഷ്ണ

റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടി സൂര്യകൃഷ്ണ

തിരുവനന്തപുരം റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം 600 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ജില്ലാ സ്പോർട്സ് അക്കാദമിയിലെ സൂര്യകൃഷ്ണ. അവനവൻചേരി ഗവണ്മെന്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

ഇന്ത്യ 462ല്‍ പുറത്ത്; ന്യൂസിലന്‍ഡിന് ജയിക്കാന്‍ 107 റണ്‍സ്

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 107 റണ്‍സ് വിജയ ലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 462 റണ്‍സില്‍ അവസാനിച്ചു. നാലാം ദിനമായ ഇന്ന് ഇന്ത്യയുടെ അവസാന അഞ്ച് വിക്കറ്റുകള്‍ 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ പിഴുത് കിവികള്‍ കളി അനുകൂലമാക്കുകയായിരുന്നു.

ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സ്. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ 402 റണ്‍സ്. 356 റണ്‍സ് ലീഡാണ് ന്യൂസിലന്‍ഡിനു ഒന്നാം ഇന്നിങ്സിലുണ്ടായിരുന്നത്.

രണ്ടാം ഇന്നിങ്‌സില്‍ സര്‍ഫറാസ് ഖാന്‍ (150) സെഞ്ച്വറി നേടി. താരത്തിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി. ഋഷഭ് പന്ത് (99), വിരാട് കോഹ്‌ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കി. യശസ്വി ജയ്‌സ്വാളാണ് (35) തിളങ്ങിയ മറ്റൊരു താരം.

ന്യൂസിലന്‍ഡിനായി മാറ്റ് ഹെന്റി, വില്ല്യം ഓറുര്‍ക്ക് എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകള്‍ എടുത്തു. ടിം സൗത്തി, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മികച്ച രീതിയില്‍ ബാറ്റ് വീശിയ ഋഷഭ് പന്തിന് സെഞ്ച്വറി നഷ്ടമായി. താരത്തെ 99 റണ്‍സില്‍ വില്ല്യം ഓറുര്‍ക്ക് ക്ലീന്‍ ബൗള്‍ഡാക്കി. 9 ഫോറും 5 സിക്‌സും സഹിതമാണ് പന്ത് സെഞ്ച്വറി വക്കില്‍ എത്തിയത്.
ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറാസ് ഖാന്‍ സെഞ്ച്വറി തികച്ചു.

മഴ മാറി കളി പുനരാരംഭിച്ച ശേഷം സര്‍ഫറാസ് 150 റണ്‍സിലെത്തി. പിന്നാലെ താരം മടങ്ങി. 195 പന്തുകള്‍ നേരിട്ട് 18 ഫോറും 3 സിക്സും സഹിതമാണ് താരം കന്നി ടെസ്റ്റ് സെഞ്ച്വറിയുമായി മടങ്ങിയത്. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. വിരാട് കോഹ്ലി (70), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (52) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി ഇന്ത്യന്‍ സ്‌കോറിലേക്ക് മികച്ച സംഭാവന നല്‍കി. യശസ്വി ജയ്സ്വാളും (35) മികച്ച രീതിയില്‍ തന്നെ തുടങ്ങി. എന്നാല്‍ ഇന്നിങ്സ് അധികം നീണ്ടില്ല.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സിനു പുറത്താക്കി കിവികള്‍ 402 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്‍ഡ് മികച്ച സ്‌കോര്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

സര്‍ഫറസിന് കന്നി സെഞ്ച്വറി, അര്‍ധ സെഞ്ച്വറിയുമായി പന്ത്, നില ഭദ്രമാക്കുന്നതിനിടെ വില്ലനായി വീണ്ടും മഴ

സര്‍ഫറസിന് കന്നി സെഞ്ച്വറി, അര്‍ധ സെഞ്ച്വറിയുമായി പന്ത്, നില ഭദ്രമാക്കുന്നതിനിടെ വില്ലനായി വീണ്ടും മഴ

ബംഗളൂരു: ന്യൂസിലന്‍ഡിനെതരായ ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സില്‍ നിലഭദ്രമാക്കി ഇന്ത്യ. നാലാം ദിനമായ ഇന്ന് മത്സരം തുടങ്ങി തന്റെ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി സര്‍ഫറസ് ഖാന്‍. 154 പന്തില്‍ യാരം 125 റണ്‍സ് നേടിയ സര്‍ഫറസും 56 പന്തില്‍ 53 റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. മഴയെ തുടര്‍ന്ന് മത്സരം വീണ്ടും തടസപ്പെട്ടപ്പോള്‍ 344 ന് 3 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. 12 റണ്‍സ് ലീഡാണ് ഇന്ത്യക്കുള്ളത്.

ഇന്നലെ കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇന്ന് മത്സരം തുടങ്ങി അധികം വൈകാതെ തന്നെ സര്‍ഫറസ് ഖാന്‍ സെഞ്ച്വറി തികച്ചു. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടിയിരുന്ന 125 റണ്‍സ് മറികടന്ന് ഇന്ത്യ വന്‍ സ്‌കോറിലേക്ക് കുതിക്കുന്നതിനിടെയാണ് മഴയെത്തിയത്. സര്‍ഫറാസ് തന്റെ കന്നി ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ അര്‍ധസെഞ്ച്വറിയുമായി അതിവേഗത്തില്‍ മുന്നേറുകയാണ് പന്ത്. ഇതുവരും ചേര്‍ന്ന് 20 ഓവറില്‍ 100 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ന്യൂസിലന്‍ഡിന് വേണ്ടി അജാസ് പട്ടേല്‍ രണ്ട് വിക്കറ്റെടുത്തു. ഗ്ലെന്‍ ഫിലിപ്സിന് ഒരു വിക്കറ്റുണ്ട്.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ആരംഭിച്ചത്. സര്‍ഫറാസ് വേഗത്തില്‍ റണ്‍സ് കണ്ടെത്തി സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഇതുവരെ 135 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്സും 15 ഫോറും നേടിയിട്ടുണ്ട്. സര്‍ഫറാസിന് പുറമെ വിരാട് കോഹ് ലി (70), രോഹിത് ശര്‍മ (52), യശസ്വി ജയ്സ്വാള്‍ (35) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നേരത്തെ രോഹിത് ശര്‍മയെ, കിവീസ് സ്പിന്നര്‍ അജാസ് പട്ടേല്‍ ബൗള്‍ഡാക്കി. ജയ്സ്വാളിനെ ബ്ലണ്ടല്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. രചിന്‍ രവീന്ദ്രയുടെ (134) സെഞ്ചുറി കരുത്തില്‍ 402 റണ്‍സാണ് ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്സില്‍ നേടിയത്. ഡെവോണ്‍ കോണ്‍വെ (91), ടിം സൗത്തി (65) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

46ന് മറുപടി 402! കളിയുടെ കടിഞ്ഞാണ്‍ കിവികള്‍ക്ക്

46ന് മറുപടി 402! കളിയുടെ കടിഞ്ഞാണ്‍ കിവികള്‍ക്ക്

ബംഗളൂരു: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 402 റണ്‍സ് കണ്ടെത്തി ന്യൂസിലന്‍ഡ്. രചിന്‍ രവീന്ദ്രയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും ഡെവോണ്‍ കോണ്‍വെ, ടിം സൗത്തി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളും കിവി സ്‌കോറില്‍ നിര്‍ണായകമായി. 356 റണ്‍സിന്റെ മികച്ച ലീഡുമായാണ് അവര്‍ കളം വിട്ടത്.

157 പന്തില്‍ 13 ഫോറും 4 സിക്‌സും സഹിതം 134 റണ്‍സാണ് രചിന്‍ കണ്ടെത്തിയത്. താരത്തിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറി. ഒടുവില്‍ അവസാന വിക്കറ്റായാണ് താരം മടങ്ങിയത്.

ടിം സൗത്തി 73 പന്തില്‍ 5 ഫോറും 4 സിക്‌സും സഹിതം 65 റണ്‍സെടുത്തു രചിന് മികച്ച പിന്തുണ നല്‍കിയത് മികച്ച സ്‌കോറിലേക്ക് കിവികളെ എത്തിക്കുന്നതില്‍ നിര്‍ണായകമായി.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ വെറും 46 റണ്‍സില്‍ പുറത്താക്കി ബാറ്റിങ് തുടങ്ങിയ അവര്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെന്ന നിലയിലാണ് മൂന്നാം ദിനം തുടങ്ങിയത്. തുടക്കത്തില്‍ നാല് വിക്കറ്റുകള്‍ ഇന്ത്യക്ക് വീഴ്ത്താന്‍ സാധിച്ചെങ്കിലും പിന്നീട് സൗത്തിയുമായി ചേര്‍ന്നാണ് രചിന്‍ ടീം സ്‌കോര്‍ 300 കടത്തിയത്.

ഇന്ത്യക്കായി രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. സെഞ്ച്വറിയിലേക്ക് നീങ്ങിയ കോണ്‍വെയെ അശ്വിന്‍ ക്ലീന്‍ ബൗള്‍ഡാക്കി.

മിന്നും തുടക്കം നല്‍കിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്ക്ക് സെഞ്ച്വറി നഷ്ടമായത് മാത്രമാണ് കിവികള്‍ക്ക് രണ്ടാം ദിനത്തില്‍ നിരാശ നല്‍കിയത്. താരം മൂന്ന് സിക്‌സും 11 ഫോറും സഹിതം 91 റണ്‍സുമായി മടങ്ങി.

ക്യാപ്റ്റന്‍ ടോം ലാതമാണ് ആദ്യം പുറത്തായത്. താരം 15 റണ്‍സെടുത്തു. വില്‍ യങ് (33) ആണ് പുറത്തായ മറ്റൊരാള്‍. മൂന്നാം ദിനത്തില്‍ ഡാരില്‍ മിച്ചല്‍ (18), ടോം ബ്ലന്‍ഡല്‍ (5), ഗ്ലെന്‍ ഫിലിപ്സ് (14), മാറ്റ് ഹെന്റി (8), അജാസ് പട്ടേല്‍ (4) എന്നിവരും മടങ്ങി.

ടോസ് കിട്ടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. ഇന്ത്യ 46 റണ്‍സിന് പുറത്തായി. യശസ്വി ജയ്‌സ്വാള്‍(63 പന്തില്‍ 13), ഋഷഭ് പന്ത്(49 പന്തില്‍ 20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നവര്‍. അഞ്ച് വിക്കറ്റ് നേടിയ മാറ്റ് ഹെന്റിയും നാല് വിക്കറ്റ് നേടിയ വില്ല്യം ഓറോക്കുമാണ് ഇന്ത്യയെ തകര്‍ത്തത്.

ഇന്നിങ്‌സ് ആരംഭിച്ച് ഏഴാമത്തെ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ (2)പുറത്തായിന് ശേഷം പിന്നീടെത്തിയ എല്ലാവരുടെയും മോശം പ്രകടനമാണ് കാഴ്ചവെച്ചത്. വിരാട് കോഹ്ലി, സര്‍ഫാറസ് ഖാന്‍, കെഎല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ തുടങ്ങിയവര്‍ പൂജ്യത്തില്‍ മടങ്ങി.

ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ഇന്ത്യക്കായി കുടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമായി കോഹ്‌ലി; മുന്നില്‍ സച്ചിന്‍ മാത്രം

ബംഗളൂരു: ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി. മുന്‍ ഇന്ത്യന്‍ നായകന്‍ ധോനിയെയാണ് കോഹ്‌ലി മറികടന്നത്. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തോടെയാണ് വിരാട് ഈ നേട്ടം കൈവരിച്ചത്. മത്സരത്തില്‍ റണ്‍സ് ഒന്നും നേടാനാവാതെ കോഹ്‌ലി പുറത്തായി.

2004 മുതല്‍ 2019വരെ ഇന്ത്യക്കായി ധോനി 535 മത്സരങ്ങളാണ് കളിച്ചത്. ഇന്ന് ബംഗളൂരുവില്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങിയതോടെ കോഹ്ലി മത്സരങ്ങളുടെ എണ്ണത്തില്‍ ധോനിയെ മറികടന്നു. 2008ല്‍ ശ്രീലങ്കയ്‌ക്കെതിരായ ഏകദിനത്തിലായിരുന്നു വിരാടിന്റെ അരങ്ങേറ്റ മത്സരം. ഇന്ത്യക്കായി ഇതുവരെ 115 ടെസ്റ്റുകളും 295 ഏകദിനങ്ങളും 125 ടി20 മത്സരങ്ങളും കളിച്ച കോഹ്‌ലിയുടെ സമ്പാദ്യം 27,041 റണ്‍സ് ആണ്.

68 ടെസ്റ്റുകള്‍, 95 ഏകദിനങ്ങള്‍, 50 ടി20 മത്സരങ്ങള്‍ ഉള്‍പ്പടെ 213 മത്സരങ്ങളില്‍ ഇന്ത്യയെ വിരാട് നയിച്ചു. 1989 മുതല്‍ 2013 വരെ രാജ്യത്തിനായി 664 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.

സജീവമായി ക്രിക്കറ്റില്‍ തുടരുന്ന സഹതാരങ്ങളായ രോഹിത് ശര്‍മ 486 മത്സരങ്ങളും രവിന്ദ്ര ജഡേജ 346 മത്സരങ്ങളും കളിച്ചിട്ടുണ്ട്. രാജ്യത്തിനുവേണ്ടി കളിച്ചിട്ടുള്ള ടെസ്റ്റുകളുടെ എണ്ണത്തില്‍ കോഹ്ലിയുടെ സ്ഥാനം എട്ടാമതാണ്. സച്ചിന്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്‌കര്‍ എന്നിവര്‍ക്ക് ശേഷം ടെസ്റ്റില്‍ 9000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാകാന്‍ കോഹ്‌ലിക്ക് ഇനി വേണ്ടത് 53 റണ്‍സ് മാത്രമാണ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ഏറ്റവും വേഗത്തില്‍ 27,000 അന്താരാഷ്ട്ര റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടവും കോഹ്ലി കൈവരിച്ചിരുന്നു. സച്ചിന്‍ ഇത്രയും റണ്‍സ് നേടിയത് 623 ഇന്നിംഗ്‌സുകളില്‍ നിന്നായിരുന്നുവെങ്കില്‍ കോഹ് ലിക്ക് വേണ്ടിവന്നത് 594 ഇന്നിങ്‌സ് മാത്രമായിരുന്നു.