by Midhun HP News | Nov 13, 2023 | Latest News, കായികം
ഐസിസി ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് സെമിയിലെ തടസമായി ന്യൂസിലൻഡ് വീണ്ടും എത്തുമ്പോൾ അത്ര എളുമാകില്ല വിജയം. ഗ്രൂപ്പ് ഘട്ടത്തിൽ കിവീസിനെതിരെ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും നോക്കൗട്ട് പോരാട്ടത്തിൽ കിവീസ് വീണ്ടും എതിരാളിയാകുമ്പോൾ വിജയം നേടുക എന്നത് മികച്ച ഫോമിലുള്ള ഇന്ത്യൻ ടീമിന് എളുമാകില്ലെന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് തടയിട്ടത് ന്യൂസിലൻഡായിരുന്നു. ഇത്തവണ 2019ന്റെ ആവർത്തനമാകുമോ അതോ ‘സെമി ശാപം’ അതിജീവിക്കാൻ ഇന്ത്യയ്ക്കാകുമോ എന്നതാണ് ആരാധകരുടെ ആകാംഷ. ഇരു ടീമുകളും മുഖാമുഖമെത്തിയപ്പോൾ വിജയത്തിൽ മുൻതൂക്കം കിവീസിനൊപ്പമാണ്. 10 മത്സരങ്ങളിൽ അഞ്ചു ജയങ്ങൾ ന്യൂസിലൻഡ് നേടിയിട്ടുണ്ട്. ഈ ലോകകപ്പിലടക്കം ഇന്ത്യ ജയിച്ചത് നാലു കളികളിലാണ്.
2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിന് ശേഷം ന്യൂസിലൻഡിനെതിരെ വിജയം നേടാൻ ഇന്ത്യയ്ക്ക് 2023വരെ കാത്തിരിക്കേണ്ടി വന്നു. 2021ൽ യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യയുടെ സെമി സാധ്യതയ്ക്ക് തടയിട്ടതും കിവീസായിരുന്നു. ടി20 ലോകകപ്പിൽ ഇന്ത്യക്ക് ഇതുവരെ കിവീസിനെ മറികടക്കാനായിട്ടില്ല. 2021ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഏറ്റമുട്ടിയപ്പോഴും ഇന്ത്യ കിവീസിന് മുന്നിൽ തോൽവിയുടെ രുചിയറിഞ്ഞു.ദ്വിരാഷ്ട്ര പരമ്പരകളിൽ ഇന്ത്യ പലവട്ടം ന്യൂസിലൻഡിനെതിരെ വിജയം നേടിയിട്ടുണ്ടെങ്കിലും ഐസിസി ടൂർണമെൻറുകളിൽ ഇന്ത്യക്ക് കിവീസിന് മുന്നിൽ കാലിടറുന്ന പതിവ് ഈ ലോകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ രോഹിതിന്റെ നേതൃത്വത്തിൽ ബ്രേക്ക് ചെയ്തെങ്കിലും നോക്കൗട്ടിൽ കിവീസ് കല്ലുകടിയാകുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്.
by Midhun HP News | Nov 13, 2023 | Latest News, കായികം
മുംബൈ: ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. ഗ്രൂപ്പ് മത്സരങ്ങളെല്ലാം പൂര്‍ത്തിയായപ്പോള്‍ ലോക ക്രിക്കറ്റിലെ കരുത്തരായ നാല് ടീമുകള്‍ നോക്കൗട്ട് ഘട്ടത്തില്‍. ഇനി മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. രണ്ട് സെമി പോരാട്ടങ്ങളും ഫൈനലും. ഒന്‍പതില്‍ ഒന്‍പത് വിജയങ്ങളുമായി അപരാജിത സംഘമായി ഇന്ത്യ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തുന്നത്. ഒന്‍പതില്‍ ഏഴ് വീതം ജയങ്ങളാണ് ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകള്‍ക്ക്. നാലാം സ്ഥാനക്കാരായി ന്യൂസിലന്‍ഡും. അവര്‍ക്ക് അഞ്ച് ജയങ്ങള്‍.
ഈ മാസം 15, 16 തീയതികളിലാണ് സെമി പോരാട്ടങ്ങള്‍. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലാണ് ഒന്നാം സെമി. മുംബൈയിലെ വാംഖഡെയിലാണ് ഒന്നാം സെമി. രണ്ടാം സെമിയില്‍ ഓസ്‌ട്രേലിയ- ദക്ഷിണാഫ്രിക്ക പോരാട്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് രണ്ടാം സെമി. ഫൈനല്‍ 19നു അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍.
by Midhun HP News | Nov 12, 2023 | Latest News, കായികം
ഘാന ദേശീയ ടീമിലെ അംഗമായ റാഫേല്‍ ദ്വാമെന (28) മത്സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണു മരിച്ചു. ഘാന ദേശീയ ടീമിന്റെയും അല്‍ബേനിയന്‍ ഒന്നാം ഡിവിഷന്‍ ലീഗ് ടീമായ കെ.എഫ്. ഇഗനാഷ്യയുടെയും സ്‌ട്രൈക്കറാണ് ദ്വെമെന.
അല്‍ബേനിയ ഒന്നാം ഡിവിഷന്‍ ഫുട്‌ബോളിനിടെയാണ് ദാരുണമായ സംഭവം. പാര്‍ട്ടിസാനിക്കെതിരായ മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിലാണ് ദ്വമെന കുഴഞ്ഞുവീണത്. ഉടനെ കളിക്കാരും മെഡിക്കല്‍ ടീമും ഓടിയെത്തി പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
2017ലാണ് ആദ്യമായി ഹൃദ്രോഗ ബാധ ഉണ്ടാവുന്നത്. 2021 ഒക്‌ടോബറിലും ദ്വമെന ഇതുപോലെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണിരുന്നു. ഓസ്ട്രിയന്‍ കപ്പിനിടെയായിരുന്നു സംഭവം. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഡിഫിബ്രിലേറ്റര്‍ ഘടിപ്പിച്ചാണ് പിന്നീട് കളിച്ചത്. ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്നാണ് ഇംഗ്ലീഷ് ക്ലബായ ബ്രൈറ്റണുമായുളള കരാറും യാഥാര്‍ഥ്യമാവാതിരുന്നത്. ഒന്‍പത് ഗോളുകളിച്ച ദ്വെമെനയാണ് ലീഗില്‍ നിലവിലെ ടോപ് സ്‌കോറര്‍.
ഘാന ദേശീയ ടീമിനുവേണ്ടി ഒന്‍പത് മത്സരങ്ങള്‍ കളിച്ചിട്ടുളള ദ്വെമെന സ്‌പെയിനില്‍ ലവെന്റേയ്ക്കും റയല്‍ സാരാഗോസയ്ക്കുംവേണ്ടി കളിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളിലും കളിച്ചിട്ടുണ്ട്. ദ്വെമെനയുടെ മരണത്തെതുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. ഈ ആഴ്ച നടക്കാനിരിക്കുന്ന മറ്റ് മത്സരങ്ങള്‍ മാറ്റിവെയ്ക്കുകയും ചെയ്തു
by Midhun HP News | Nov 11, 2023 | Latest News, കായികം
ബെംഗളൂരു: അപരാജിത മുന്നേറ്റം. അവസാന ലീഗ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ നേരിടാനിറങ്ങുമ്പോള്‍ ഒരു വേവലാതിയുമില്ലാതെ ഇന്ത്യ ഇറങ്ങും. ഈ ലോകകപ്പിലെ അവസാന ലീഗ് പോരാട്ടം ഞായറാഴ്ച ബെംഗളൂരു ചിന്ന സ്വാമി സ്‌റ്റേഡിയത്തില്‍ അരങ്ങേറും. കാര്യങ്ങള്‍ അനുകൂലമായി നില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ബഞ്ചിലെ അംഗങ്ങള്‍ക്ക് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്.
ആറ് ദിവസത്തോളം വിശ്രമിക്കാന്‍ താരങ്ങള്‍ക്ക് അവസരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ ടീമില്‍ അഴിച്ചു പണി നടത്തേണ്ട കാര്യമില്ലെന്നാണ് ദ്രാവിഡിന്റെ തീരുമാനം. ‘പ്ലെയിങ് ഇലവനില്‍ എത്തുന്ന താരങ്ങളെയാണ് കാര്യമായി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ശാരീരികവും മാനസികവുമായി കരുത്ത് അവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ടീമിന്റെ കരുത്ത് ഇപ്പോള്‍ സന്തുലിതമാണ്. മികച്ച നിലയാണ്. അതിനാല്‍ സെമിയും ജയിച്ച് ഫൈനലിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍’. പ്രസിദ്ധ് കൃഷ്ണയ്ക്ക് അവസരം കൊടുക്കുമോ എന്ന ചോദ്യത്തിനും ദ്രാവിഡ് ഉത്തരം പറഞ്ഞത് നിലവിലെ പ്ലെയിങ് ഇലവനിലാണ് കൂടുതല്‍ ശ്രദ്ധ എന്നു മാത്രമാണ്. മറ്റ് കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലെന്നായിരുന്നു ദ്രാവിഡിന്റെ മറുപടി.
by Midhun HP News | Nov 10, 2023 | Latest News, കായികം
അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് അഫ്‌ഗാനിസ്ഥാനെ നേരിടും. അഹമ്മദാബാദിൽ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഇന്ത്യയില്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലൂടെയും ഡിസ്‌നി ഹോട്‌സ്റ്റാറിലൂടെയും മത്സരം ആരാധകര്‍ക്ക് തല്‍സമയം കാണാം. അവസാന മത്സരത്തില്‍ ശ്രീലങ്കയെ ന്യൂസിലൻഡ് തോൽപിച്ചതോടെ സെമി ചിത്രം തെളിഞ്ഞുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന പോരിനിറങ്ങുമ്പോൾ അഫ്‌ഗാനിസ്ഥാന്‍റെ സെമി സാധ്യതകൾ ഒട്ടകത്തെ സൂചിക്കുഴയിലൂടെ കടത്തുന്നതിനെക്കാൾ ദുഷ്കരം.
ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പാകിസ്ഥാനെയും നെതർലൻഡ്സിനെയും തോൽപിക്കുകയും ഓസ്ട്രേലിയയെ വിറപ്പിക്കുകയും ചെയ്ത അഫ്ഗാന് തെംബ ബാവുമയെയും സംഘത്തേയും വീഴ്ത്തുക അസാധ്യമൊന്നുമല്ല. പക്ഷേ സെമിയിലെത്തണമെങ്കിൽ വേണ്ടത് 438 റൺസിന്‍റെ ഹിമാലയന്‍ വിജയമാണെന്നത് സ്വപ്നത്തിനും അപ്പുറമാണ്. റൺമഴ ചൊരിയുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർമാർമാരുടെയും അഫ്‌ഗാൻ സ്പിന്നർമാരുടെയും മാറ്റുരയ്ക്കലാവും അഹമ്മദാബാദിൽ ഇന്ന് നടക്കുക.ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് വേദിയാണെങ്കിലും അഹമ്മദാബാദിൽ റണ്ണെടുക്കുക ദുഷ്‌കരമാണ്.കടുത്ത ചൂടും ഇരു ടീമിനും വെല്ലുവിളിയാവും.
by Midhun HP News | Nov 8, 2023 | Latest News, കായികം
ദുബായ്: ഐസിസി റാങ്കിങില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒന്നാമതെത്തി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങ്ങില്‍ പാകിസ്ഥാന്‍ താരം ബബര്‍ അസമിനെ പിന്തള്ളി ശുഭ്മാന്‍ ഗില്‍ ഒന്നാമതെത്തി. 830 പോയിന്റാണ് ഗില്‍ നേടിയത്. ബൗളിങ്ങില്‍ മുഹമ്മദ് സിറാജാണ് ഒന്നാമത്.
സച്ചിന്‍, ധോനി, വിരാട് കോഹ് ലി എന്നിവരാണ് നേരത്തെ ഐസിസി റാങ്കിങ്ങില്‍ ബാറ്റിങ്ങില്‍ ഒന്നാമതെത്തിയ ഇന്ത്യന്‍ താരങ്ങള്‍. പട്ടികയില്‍ മൂന്നാമത് ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റന്‍ ഡി കോക്ക് ആണ്. വിരാട് കോഹ് ലിയാണ് നാലാമത്.ബാബര്‍ അസമാണ് രണ്ടാം സ്ഥാനത്ത്. 24കാരനായ ഇന്ത്യന്‍ ഓപ്പണര്‍ ഗില്ലിന്റെ ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ പ്രകടനമാണ് നമ്പര്‍ വണ്ണില്‍ എത്തിച്ചത്. ഈവര്‍ഷം 26 ഏകദിനങ്ങളില്‍ നിന്നായി 1149 റണ്‍സാണ് ഗില്‍ അടിച്ചുകൂട്ടിയത്. ഈ വര്‍ഷം ഏകദിനക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ റണ്‍സ് നേടിയ മൂന്ന് താരങ്ങളില്‍ ഒരാളും ഗില്‍ തന്നെ.
ശ്രേയസ് അയ്യര്‍ പതിനെട്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ പാകിസ്ഥാന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 11-ാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ താരം ഇബ്രാഹിം സദ്രാന്‍ ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 12-ാം സ്ഥാനത്തും എത്തി.ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലെ മികച്ച പ്രകടനമാണ് മുഹമ്മദ് സിറാജ് ഏകദിന ബൗളിങ് റാങ്കിങ്ങില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തിച്ചത്. പതിനാറ് റണ്‍സ് വഴങ്ങി മൂന്ന് ലങ്കന്‍ വിക്കറ്റുകള്‍ സിറാജ് നേടിയിരുന്നു
Recent Comments