കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം 362, ഇടുക്കി 330, വയനാട് 294, ആലപ്പുഴ 241, കാസര്‍ഗോഡ് 198 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 76,043 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,68,223 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,60,318 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7905 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 643 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 78,122 കോവിഡ് കേസുകളില്‍, 8.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 56 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 110 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 542 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 30,685 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 38 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 286 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 39 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5460 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 563, കൊല്ലം 366, പത്തനംതിട്ട 369, ആലപ്പുഴ 375, കോട്ടയം 101, ഇടുക്കി 211, എറണാകുളം 930, തൃശൂര്‍ 145, പാലക്കാട് 358, മലപ്പുറം 395, കോഴിക്കോട് 749, വയനാട് 286, കണ്ണൂര്‍ 467, കാസര്‍ഗോഡ് 145 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 78,122 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,36,928 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,52,62,175), 50.02 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,33,59,562) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,81,056)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7738 പുതിയ രോഗികളില്‍ 6491 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1773 പേര്‍ ഒരു ഡോസ് വാക്‌സിനും 2734 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1984 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 20 മുതല്‍ 26 വരെയുള്ള കാലയളവില്‍, ശരാശരി 78,891 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1497 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 10%, 21%, 13%, 16%, 8% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന് ജാമ്യം അനുവദിച്ചു

മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം. ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.

നേരത്തെ മുംബൈയിലെ പ്രത്യേക കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ബോംബെ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

‘മാതംഗി’ പുരോഗമിക്കുന്നു; ശ്വേതാമേനോൻ നായിക

വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെ.കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ശ്വേതാമേനോൻ നായികാ ചിത്രം ‘മാതംഗി’ കണ്ണൂരിൽ പുരോഗമിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തിൽ ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബ ജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങളാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. ഫാന്റസി ജോണറിലൊരുങ്ങുന്ന പ്രണയചിത്രത്തിൽ, ഇതുവരെ കാണാത്ത മേയ്ക്കോവറിലും ഭാവത്തിലുമാണ് ശ്വേതാമേനോൻ അഭിനയിക്കുന്നത്.

ശ്വേതാമേനോനു പുറമെ വിഹാൻ, റിയാസ്ഖാൻ , കോട്ടയം പ്രദീപ്, കുളപ്പുള്ളി ലീല , ഗീതാ വിജയൻ , സുനിത ധൻരാജ്, രശ്മി ബോബൻ , പ്രിയങ്ക, കെ പി സുരേഷ്കുമാർ , ഗീതാ മാടായിപ്പാറ, മുരളി വായാട്ട് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ബാനർ – വൈറ്റൽ പ്രൊഡക്ഷൻസ്, നിർമ്മാണം – ജെ.കെ നായർ , രചന, സംവിധാനം – ഋഷി പ്രസാദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – സി പി കൃഷ്ണദാസ്, ഛായാഗ്രഹണം – ഉത്പൽ വി നായനാർ, ഗാനരചന – ഋഷി പ്രസാദ്, സംഗീതം – സോമസുന്ദരം, ആലാപനം – കെ എസ് ചിത്ര, സുജാത മോഹൻ, ആക്ഷൻ -അഷ്റഫ് ഗുരുക്കൾ, പ്രൊഡക്ഷൻ കൺട്രോളർ – അരവിന്ദൻ കണ്ണൂർ, പി ആർ ഓ -അജയ് തുണ്ടത്തിൽ. തമിഴിലേക്കും മൊഴിമാറ്റം നടത്തുന്ന ചിത്രത്തിന്റെ നിർണ്ണായകഘട്ടത്തിൽ തമിഴിലെ രണ്ട് പ്രശസ്ത താരങ്ങൾ അതിഥി വേഷത്തിലെത്തുന്നു.

സിപിഎം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു

ആറ്റിങ്ങൽ: സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. പ്രവർത്തകരുടെ വിപ്ലവ മുദ്രാവാക്യം വിളിയോടെ മുതിർന്ന വനിത അംഗവും മുൻ കൗൺസിലറുമായ റ്റി.ആർ.കോമളകുമാരി രക്തപതാക ഉയർത്തി.

നവംബർ 1, 2, 3, 4 തീയതികളിലായി നടക്കുന്ന ഈസ്റ്റ് ലോക്കൽ സമ്മേളനത്തിന് മുന്നോടിയായാണ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ എല്ലാ ബ്രാഞ്ചിലും ഇന്ന് പതാക ദിനം ആചരിച്ചത്. കീഴ്ഘടകങ്ങളിലെ സമ്മേളനത്തിൽ ജനശ്രദ്ധയും സംഘടനാ ശ്രദ്ധയും ഒരുപോലെ നേടാൻ അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന് സാധിച്ചിരുന്നു. എല്ലാ ഘടകങ്ങളിലെ സമ്മേളനങ്ങളും പൂർത്തിയാകുന്നതോടെ പ്രസ്ഥാനം കൂടുതൽ ശക്തിയാർജ്ജിക്കുമെന്നും ഏരിയാ കമ്മിറ്റി അംഗവും, ജനപ്രതിനിധി കൂടിയായ ആർ.എസ്. അനൂപ് അറിയിച്ചു. ബ്രാഞ്ച് സെക്രട്ടറി റ്റി. ദിലീപ് കുമാർ, പ്രവർത്തകരായ ലളിത, ബഷീർ നിസാം, വിവേക്, അരുൺ, മനോജ്, ലാൽ, ദിലീപ്, കരീം തുടങ്ങിയവർ പങ്കെടുത്തു.

ആറ്റിങ്ങൽ നഗരസഭ കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി നഗരശ്രീ ഉത്സവ് 2021 സംഘടിപ്പിച്ചു

ആറ്റിങ്ങൽ: നഗരസഭ കുടുംബശ്രീയും ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി സംഘടിപ്പിച്ച നഗരശ്രീ ഉത്സവ് 2021 ന് ആറ്റിങ്ങലിൽ തുടക്കമായി. നഗരസഭാങ്കണത്തിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഡിഎസ് ചെയർപേഴ്സൺ എ.റീജ സ്വാഗതവും, സെക്രട്ടറി എസ്. വിശ്വനാഥൻ ആമുഖാവതരണവും നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.നജാം, അവനവഞ്ചേരി രാജു, എസ്. ഷീജ, ഗിരിജ ടീച്ചർ, മെമ്പർ സെക്രട്ടറി എസ്.എസ്.മനോജ്, മിഷൻ മാനേജർ സിമിന തുടങ്ങിയവർ സംസാരിച്ചു.

നഗരസഭ കുടുംബശ്രീയുടെ നിലവിലെ ഭരണ സമിതി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ ഫോട്ടോ പ്രാദർശനവും, ട്രാൻസ്ജെൻഡർ വിഭാഗം അംഗങ്ങൾ ഉൾപ്പടെയുള്ള പ്രവർത്തകർ അണിനിരന്ന റാലിയും പരിപാടിയെ ഏറെ വർണ്ണാഭമാക്കി. നഗരശ്രീ ഉത്സവിനോട് അനുബന്ധിച്ച് സംരഭകർക്ക് ലിങ്കേജ് ലോൺ സംവിധാനം ഉൾപ്പടെ വിവിധ ബാങ്കുകളുടെ ലോൺ മേള, കുടുംബശ്രീയുടെ പരിശീലന ക്ലാസിലൂടെ സ്വയം തൊഴിലിന് പ്രാപ്തരായവർക്കുള്ള സർട്ടിഫിക്കറ്റും,ടി എ വിതരണം, വഴിയോര തെരുവ് കച്ചവടക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സംവിധാനം, കുടുംബശ്രീ സംരഭക വിപണനമേള എന്നിവ സംഘടിപ്പിക്കാൻ സാധിച്ചു.

നഗരസഭ കൂടുംബശ്രീയുടെ കീഴിൽ 291 അയൽക്കൂട്ടങ്ങളാണ് പട്ടണത്തിൽ ഉള്ളത്. അതിൽ ട്രാൻസ്ജെൻഡർ, വയോജനം, പിന്നോക്ക വിഭാഗം എന്നിങ്ങനെ പ്രത്യേക പരിഗണന ലഭിക്കേണ്ടവരെ ഉൾപ്പെടുത്തി 3 അനുബന്ധ അയൽക്കൂട്ടളുമുണ്ട്. വിവിധ ബാങ്കുകളുടെ സഹകരണത്തോടെ 3 കോടി 8845255 രൂപയും, സബ്സിഡി ഇനത്തിൽ 9 ലക്ഷത്തി 38293 രൂപയും, കുടുംബശ്രീ അംഗങ്ങൾക്ക് 4790000 രൂപയും ലിങ്കേജ് ലോൺ സംവിധാനത്തിലൂടെ നൽകാൻ സാധിച്ചു. നിലവിലെ സംരഭങ്ങൾ വിപുലീകരിക്കുന്നതിന് സി.ഇ.എഫ് ലോൺ മുഖേന 15 ലക്ഷം രൂപയുടെ സഹായവും ലഭ്യമാക്കി.

കൊവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പ 176 അയൽക്കൂട്ടങ്ങൾക്കായി 15845000 രൂപയും സബ്സിഡി ഇനത്തിൽ 1407814 രൂപയും വിതരണം ചെയ്തു. സംഘകൃഷി പ്രാവർത്തികമാക്കാൻ 1 കോടി 5 ലക്ഷം രൂപയും സബ്സിഡിയായി 2 ലക്ഷം രൂപയും നൽകാൻ കഴിഞ്ഞു. നഗര ഉപജീവന മിഷന്റെ ഭാഗമായി നഗരസഭയിലെ ഓരോ വാർഡിലും 1550000 രൂപയും 177 അയൽക്കൂട്ടങ്ങൾക്ക് 1770000 രൂപയും കൈമാറി. സൗജന്യ നൈപുണ്യ വികസന കോഴ്സ് പൂർത്തിയാക്കിയവർക്ക് ടിഎ ഇനത്തിൽ 112000 രൂപ, സംസ്ഥാന സർക്കാരിന്റെ അഗതിരഹിത കേരളം പദ്ധതിയുടെ ഭാഗമായി അർഹരായ 52 കുടുംബങ്ങൾക്ക് എല്ലാ മാസവും ഭക്ഷ്യകിറ്റ് എന്നിവ വിതരണം ചെയ്യുന്നു. കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യ യോഗാ പരിശീലനം, നഗത്തിലെ ആഭ്യസ്ഥവിദ്യർക്ക് കണക്ടു വർക്ക് പരിശീലനം, വഴിയോര കച്ചവടക്കാരെയും കർഷകരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മാസചന്തകൾ എന്നിവ നടപ്പിലാക്കി. കൂടാതെ ജനകീയ ഹോട്ടലിലൂടെ 20 രൂപ നിരക്കിൽ ഉച്ചഭക്ഷണം നൽകുന്നു. നിലവിൽ കുടുംബശ്രീ അംഗങ്ങളല്ലാത്ത 18 നും 40 നും ഇടയിൽ പ്രായമുളള യുവതികളെ ഉൾപ്പെടുത്തി രൂപീകരിച്ച വാർഡുതല ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം എന്നിവയെല്ലാം ജില്ലയിലെ തന്നെ മാതൃകാ സിഡിഎസ് ആയി ആറ്റിങ്ങലിനെ തിരഞ്ഞെടുക്കാൻ സഹായിച്ചു.